ചേര്‍ന്ന് നില്‍ക്കുക; ചെറുത്ത് തോല്‍പിക്കുക

ടി.കെ.അശ്‌റഫ്

2020 ജനുവരി 04 1441 ജുമാദല്‍ അവ്വല്‍ 09

'പൗരത്വ ഭേദഗതി ബില്ല് ആര്‍ക്കെതിരെയാണ്?' ഈ ചോദ്യത്തിന് പലവിധ ഉത്തരങ്ങളാണ് പലരും നല്‍കിക്കൊണ്ടിരിക്കുന്നത്! ആദ്യത്തെ ഉത്തരം അത് മുസ്‌ലിം സമുദായത്തിന് എതിരെയാണ് എന്നതാണ്. ചിലര്‍ പറയുന്നത് ഭരണഘടനക്കെതിരെ എന്നാണ്. മറ്റു ചിലര്‍ പറയുന്നത് രാജ്യത്തിനെതിരാണ് എന്നാണ്. വെറെ ചിലര്‍ പറയുന്നത് 'നാനാത്വത്തില്‍ ഏകത്വം' എന്ന, ഇന്ത്യാരാജ്യം മുന്നോട്ടു വെക്കുന്ന മൗലികമായ മുദ്രാവാക്യത്തിനെതിരാണ് എന്നാണ്. മറ്റു ചിലര്‍ പറഞ്ഞു വരുന്നത് മതേതരത്വത്തിനെതിരാണ് എന്നാണ്. എല്ലാവരും ഏകസ്വരത്തില്‍ പറയുന്നത് ലോകരാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയ കാര്യം എന്നുമാണ്.

ഈ പറഞ്ഞതെല്ലാം ശരിയാണ്. ഇത് മുസ്‌ലിംകള്‍ക്കെതിരാണ്, ഭരണഘടനക്കെതിരാണ്,  രാജ്യത്തിനെതിരാണ്, നാനാത്വത്തില്‍ ഏകത്വം എന്നതിന് എതിരാണ്, മതേതരത്വത്തിനെതിരാണ്,  ജനാധിപത്യത്തിനെതിരാണ്, മാനവസൗഹാര്‍ദത്തിനെതിരാണ്. ഇന്ത്യക്കാരുടെ സമാധാനജീവിതത്തിനെതിരാണ്, ഇത് ലോകത്തിനു മുമ്പില്‍ ഇന്ത്യയെ അപമാനിക്കുന്ന ഒരു ബില്ല് തന്നെയാണ്.

മതങ്ങള്‍ തമ്മിലുള്ള മൈത്രിക്കെതിരാണ് എന്ന് പറയുന്നതാണ് കൂടുതല്‍ ഈ വിഷയത്തിന്റെ ആഴങ്ങളിലേക്ക് കടന്നുപോകുവാന്‍ പര്യാപ്തമാവുക എന്നാണ് എനിക്ക് തോന്നുന്നത്. സ്വതന്ത്ര ഇന്ത്യ എന്ന് പറയുന്നത്, എത്രയോ വര്‍ഷങ്ങളായി സമാധാനത്തോടും സൗഹാര്‍ദത്തോടും കൂടി നിലനില്‍ക്കുന്ന ഒരു രാജ്യമാണ്. സ്വതന്ത്ര ഇന്ത്യ രൂപപ്പെട്ടത് മുതല്‍ പല രാഷ്ട്രങ്ങളും വ്യക്തികളും ഇന്ത്യ താമസിയാതെ തകര്‍ന്നുപോകും എന്ന് സ്വപ്‌നം കണ്ടിട്ടുണ്ട്; വിളിച്ചു പറഞ്ഞിട്ടുണ്ട്. കാരണം ബഹുമതങ്ങളാണ് ഇവിടെ. വ്യത്യസ്ത സംസ്‌കാരങ്ങളുള്ള ജനവിഭാഗങ്ങളാണിവിടെ. ഇന്ത്യയുടെ ഭൂമിശാസ്ത്രത്തിന് എത്രമാത്രം വൈവിധ്യമുണ്ടോ അതിലേറെ വൈവിധ്യമുണ്ട് ജനങ്ങള്‍ക്കും അവരുടെ വേഷങ്ങള്‍ക്കും ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും. അത്‌കൊണ്ടു തന്നെ ഇത്തരം വൈവിധ്യങ്ങളുള്ള ഒരു രാജ്യത്തിന് സമാധാനത്തോടെ അധിക കാലം നിലനില്‍ക്കാനാകില്ല എന്ന് പലരും പ്രവചിച്ചു. പക്ഷേ, പ്രതിസന്ധികളുടെ തീക്കാറ്റുകളെ രാജ്യം അതിജീവിച്ചു. ഇന്ത്യ അതിന്റെ മാനവസൗഹാര്‍ദവും സാഹോദര്യവും എല്ലാ അര്‍ഥത്തിലും ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് എല്ലാ പ്രതിസന്ധികളുടെ മലമടക്കുകളും കയറിക്കൊണ്ടാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് പൗരത്വ ബില്‍ കടന്നുവന്നിരിക്കുന്നത്. അതിന്ന് മനുഷ്യര്‍ക്കിടയില്‍ വിള്ളലുണ്ടാക്കുന്നു എന്നതാണ് അതിന്റെ ഏറ്റവും സുപ്രധാനമായ ഒരു അപകടമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

ഇന്ത്യ സ്വതന്ത്രമായപ്പോള്‍ പാകിസ്ഥാന്‍, ഇന്ത്യ എന്നിങ്ങനെ രണ്ട് രാജ്യങ്ങളായി വിഭജിക്കുകയുണ്ടായി. ആ വിഭജനം ഭൂമിശാസ്ത്രപരമായ വിഭജനമായിരുന്നു. ഭൂമിശാസ്ത്ര വിഭജനത്തെക്കാള്‍ വലിയ വിഭജനമാണ്.

മനുഷ്യമനസ്സുകളില്‍ ഉണ്ടാകുന്ന വിഭജനമാണ് ഏറ്റവും മാരകമായ വിഭജനം. അതിനുള്ള വഴിമരുന്നാണ് ഇപ്പോള്‍ സര്‍ക്കരിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായിരിക്കുന്നത് എന്നാണ് ഏറ്റവും ഖേദകരമായ കാര്യം. നമ്മുടെ മുറ്റത്ത് അയല്‍വീടുകളിലെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നു. അതില്‍ എല്ലാ ജാതി മത വിഭാഗങ്ങളില്‍ പെട്ട മക്കളുമുണ്ട്. അവര്‍ക്ക് തമ്മില്‍ വൈര്യമില്ല, അവര്‍ക്ക് വിദ്വേഷമില്ല. ഒന്ന് ജോസഫിന്റെ മകനാണെങ്കില്‍ മറ്റൊന്ന് രാമന്റെ മകനാണ്. മറ്റൊന്ന് മുഹമ്മദിന്റെ മകനാണ്. അവര്‍ അവിടെ പന്ത് കളിച്ചുകൊണ്ടിരിക്കുന്നു, ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നു. ഒന്നിച്ച് സ്‌കൂളിലേക്ക് പോകുന്നു.

അങ്ങാടികളില്‍ എല്ലാ മതത്തില്‍ പെട്ടവരും മതമില്ലാത്തവരും കച്ചവടം ചെയ്യുന്നു. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇത് ആരുടെ കടയാണ് എന്ന് ആരും അന്വേഷിക്കാറില്ല. ഇങ്ങനെ ഒരുമയില്‍ കഴിയുന്ന ജനങ്ങളുള്ള രാജ്യത്ത് മതത്തിന്റെ പേരില്‍ അവര്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുന്ന ഒരു വിഷമാണ് യഥാര്‍ഥത്തില്‍ ഇന്ത്യയാവുന്ന കടലില്‍ പൗരത്വ ഭേദഗതി ബില്ലിലൂടെ കലക്കിയിരിക്കുന്നത്. ഇത് ഹൈന്ദവരെയും  ക്രൈസ്തവരെയും മുസ്‌ലിംകളെയും മതവിശ്വാസികളല്ലാത്തവരുടെയും  വിഷയമാണ്; ഇത് മുസ്‌ലിംകളുടെ മാത്രം വിഷയമല്ല. ഇന്ത്യയെ സ്‌നേഹിക്കുന്ന ഓരോരുത്തരുടെയും വിഷയമാണ്. കാരണം ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖത്തില്‍ ആര്‍ട്ടിക്കിള്‍ 14ല്‍ പറഞ്ഞ സമത്വമെന്ന ആശയത്തിന്ന് എതിരെയുള്ള നിയമമാണ്.

ഇന്ന് മുസ്‌ലിംകളെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ വരും കാലങ്ങൡ അത് ക്രൈസ്തവരെയും പിന്നെ ബൗദ്ധര്‍, സിക്ക്, ജൈനര്‍, പാഴ്‌സികള്‍ എന്നിവര്‍ക്കെതിരെയുെമാക്കെയാകാം. അവസാനം ഹൈന്ദവര്‍ക്കിടയിലെ അവര്‍ണര്‍ക്കെതിരിലുമാകും. സമഗ്ര സവര്‍ണാധികാരം വരുന്നതുവരെ ഈ ശുദ്ധീകരണ പ്രക്രിയ തുടര്‍ന്നേക്കാം.

എല്ലാ മതക്കാരെയും മതമില്ലാത്തവരെയും തുല്യ പരിഗണന നല്‍കി ഒരു നൂലില്‍ ചേര്‍ത്തുകെട്ടിക്കൊണ്ടാണ് ഇന്ത്യയെന്ന രാജ്യം മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ആ ചരടാണ് കൊത്തിയറുക്കുന്നത്. ആ ചരട് കൊത്തിയറുക്കുമ്പോള്‍ ആദ്യമായി ഉതിര്‍ന്നു പോകുന്നത് മുസ്‌ലിംകളാണ് എന്നാണ് പുതിയ നിയമങ്ങള്‍ സൂചിപ്പിക്കുന്നത്. അത് ഒന്നില്‍ നില്‍ക്കില്ല. പല മുത്തുകളും കൊഴിയും.

അതിനാല്‍ തന്നെ ആ ചരട് അറ്റുപോയിക്കൂടാ. ഇത് ഇന്ത്യാ രാജ്യത്തെ ആസകലം ബാധിക്കുന്ന പ്രശ്‌നമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് രാജ്യത്ത് സമാധാനവും സ്വസ്ഥതയും ആഗ്രഹിക്കുന്നവരെല്ലാം തന്നെ ഈ ബില്ലിനെതിരില്‍ രംഗത്തുവരേണ്ടതുണ്ട്. ഇന്ത്യ മുസ്‌ലിംകളുടെതല്ല, ഹിന്ദുവിന്റെതല്ല, ക്രിസ്ത്യാനികളുടെതല്ല, ഇന്ത്യക്കാരുടെതാണ് എന്ന തിരിച്ചറിവിലാണ് നാം മുന്നോട്ടു പോകേണ്ടത്.

ഇന്ത്യക്ക് വെള്ളക്കാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കാന്‍ വേണ്ടി പണിയെടുത്തവരില്‍, അതിനുവേണ്ടി ജീവന്‍ ത്യജിച്ചവരില്‍ എല്ലാ മതവിഭാഗക്കാരുമുണ്ട്. 'ജാലിയന്‍ വാലാബാഗ്' സംഭവത്തിന്റെ സ്മരണാര്‍ഥം  കൊത്തിവച്ചിരിക്കുന്ന ശിലാഫലകത്തില്‍ നോക്കിയാല്‍ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കും.

അത് കൊണ്ടു തന്നെ ഇന്ത്യ ഇന്ത്യക്കാരുടെതാണ്. അത് ഇന്ത്യക്കാരായ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് എന്ന യാഥാര്‍ഥ്യത്തെ അംഗീകരിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകുവാന്‍ സാധിക്കേണ്ടതുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഒറ്റക്കെട്ടായിത്തന്നെ നടത്തേണ്ടതുണ്ട്.

അതിനേറ്റവും നല്ല മാതൃക പാര്‍ലമെന്റിന്റെ ഇരു സഭകള്‍ തന്നെയാണ്. ഇരു സഭകളില്‍നിന്നുമാണ് ആദ്യമായി ഇതിനെതിരിലുള്ള പ്രതിഷേധ സ്വരം രാജ്യം കേട്ടത്. പ്രതിപക്ഷം ന്യൂനപക്ഷമായിട്ടും ആ ബില്ലിനെതിരില്‍ വളരെ ശക്തമായ രീതിയില്‍ പ്രതികരിക്കാന്‍ അവര്‍ക്ക് സാധിച്ചു. ആഭ്യന്തരമന്ത്രി തടസ്സമുണ്ടാക്കാന്‍ ശ്രമിച്ചിട്ടും ധീരമായി പ്രതിപക്ഷ അംഗങ്ങള്‍ പറയാനുള്ളത് പറഞ്ഞു. അത് സാധിച്ചത് സത്യത്തിന്റെ ബലം കൊണ്ടായിരുന്നു. ഇന്ത്യക്കുവേണ്ടിയാണ് വാദിക്കുന്നത് എന്നത് കൊണ്ടായിരുന്നു.

പ്രതിപക്ഷ കക്ഷികള്‍ കാണിച്ച ഐക്യവും യോജിപ്പും രാജ്യത്ത് എവിടെ നടക്കുന്ന  പ്രതിഷേധസമരങ്ങളിലും പ്രകടമാകേണ്ടതുണ്ട്. ഒറ്റക്ക് ചേരിതിരിഞ്ഞുകൊണ്ട് ഓരോ സമുദായക്കാര്‍ പ്രത്യേകമായി സംഘടിക്കുകയല്ല വേണ്ടത്.