സകാത്ത്, നിക്ഷേപം: സംശയ നിവാരണം

പി.എന്‍ അബ്ദുര്‍റഹ്മാന്‍

2020 മെയ് 16 1441 റമദാന്‍ 23

ഭാര്യയുടെ  സ്വര്‍ണത്തിന്റെ സകാത്ത് ഭര്‍ത്താവിന് നല്‍കാമോ?

ഈ ചോദ്യത്തിന് രണ്ടു തലങ്ങളുണ്ട്. ഒന്ന്, ഒരു ഭാര്യക്ക് തന്റെ സകാത്ത്, സകാത്തിന് അര്‍ഹനായ ഭര്‍ത്താവിന് നല്‍കിയാല്‍ അത് വീടുമോ? മറ്റൊന്ന്, ഭാര്യ നല്‍കേണ്ടതായ സകാത്ത് ഭര്‍ത്താവ് നിര്‍വഹിച്ചാല്‍ അത് വീടുമോ?

ആദ്യത്തെ ചോദ്യം ഭാര്യക്ക് തന്റെ സകാത്ത്, സകാത്തിന് അവകാശിയായ തന്റെ ഭര്‍ത്താവിന് നല്‍കാമോ എന്നതാണ്. ഭര്‍ത്താവ് അവകാശിയാണ് എങ്കില്‍ തീര്‍ച്ചയായും നല്‍കാം എന്നതാണ് അതിനുള്ള മറുപടി. പക്ഷേ, ഇവിടെ നാം ശ്രദ്ധിക്കേണ്ടത് നല്‍കുക എന്ന പ്രക്രിയ അവിടെ നടക്കണം എന്നതാണ്.

കാരണം പലപ്പോഴും ആളുകള്‍ ഈ ചോദ്യം ചോദിക്കാറുള്ളത്; സാധാരണ ഭാര്യയുടെ സകാത്ത് ഭര്‍ത്താവാണ് നല്‍കി വരാറുള്ളത്. ഇപ്പോള്‍ ഭര്‍ത്താവ് അല്‍പം പ്രയാസത്തിലാണ്. അപ്പോള്‍ ആ സകാത്ത് ഭര്‍ത്താവിന് നല്‍കി എന്ന് കണക്കാക്കി ആ ബാധ്യത ഒഴിവാക്കുക എന്ന അര്‍ഥത്തിലാണ്. ഭര്‍ത്താവിന് ആ പണം യഥാര്‍ഥത്തില്‍ നല്‍കുന്നില്ല. അത് പാടില്ല. ഭാര്യ തന്റെ സകാത്ത്, സാമ്പത്തികമായി പ്രയാസപ്പെടുന്ന തന്റെ ഭര്‍ത്താവിന് നല്‍കുന്നുവെങ്കില്‍ നല്‍കുക എന്ന പ്രക്രിയ അവിടെ യഥാര്‍ഥത്തില്‍ നടക്കേണ്ടതുണ്ട്.

ഇനി ഭാര്യയുടെ സകാത്ത് (അവകാശിയാണ് എങ്കില്‍) ഭര്‍ത്താവിന് നല്‍കാം എന്നതിനുള്ള തെളിവ് നോക്കാം:

അബൂസഈദ് അല്‍ ഖുദ്‌രി(റ) നിവേദനം: ''നബി ﷺ  സ്ത്രീകളോട് ദാനധര്‍മം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അബ്ദുല്ലാഹ്ബ്ന്‍ മസ്ഊദ്(റ) വിന്റെ ഭാര്യ സൈനബ്(റ) നബി ﷺ യുടെ അരികില്‍ വന്നുകൊണ്ടു പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ ഇന്ന് ദാനധര്‍മം കല്‍പിച്ചുവല്ലോ. എന്റെ കയ്യില്‍ എന്റെ കുറച്ച് ആഭരണങ്ങളുണ്ട്. അത് ഞാന്‍ ദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.' അപ്പോള്‍ ഇബ്‌നു മസ്ഊദ്(റ) താനും തന്റെ മക്കളുമാണ് അതിനേറ്റവും അര്‍ഹര്‍ എന്ന് വാദിച്ചു. അപ്പോള്‍ നബി ﷺ  പറഞ്ഞു: 'ഇബ്‌നു മസ്ഊദ് പറഞ്ഞത് സത്യമാണ്. നിന്റെ ഭര്‍ത്താവും മക്കളുമാണ് നിന്റെ ദാനധര്‍മം സ്വീകരിക്കുന്നവരില്‍ വച്ചേറ്റവും അര്‍ഹര്‍.'' (സ്വഹീഹുല്‍ ബുഖാരി: 1462, സ്വഹീഹ് മുസ്‌ലിം: 1000).

ഇവിടെ തന്റെ സാമ്പത്തികമായ പ്രയാസം കാരണത്താല്‍ ഭാര്യയുടെ ദാനത്തിന് ഏറ്റവും അര്‍ഹന്‍ താന്‍ തന്നെയാണ് എന്ന ഇബ്‌നു മസ്ഊദ്(റ)വിന്റെ വാദത്തെ നബി ﷺ  ശരിവെച്ചത് കാണാം. നിര്‍ബന്ധമായ ദാനധര്‍മങ്ങളോ ഐഛികമായ ദാനധര്‍മങ്ങളോ എന്നിങ്ങനെ അതില്‍ വ്യത്യാസമില്ല. ഹദീഥിന്റെ പൊരുള്‍ നോക്കുമ്പോള്‍ ഐഛികമായ ദാനധര്‍മമായിരിക്കാം ഇവിടെ പ്രതിപാദിക്കപ്പെട്ട വിഷയമെങ്കിലും അവ പരസ്പരം നബി ﷺ  വേര്‍തിരിച്ചിട്ടില്ല. അതുകൊണ്ട് എല്ലാതരം ദാനധര്‍മങ്ങള്‍ക്കും ബാധകമാകും വിധം ആയിത്തന്നെ ഈ നിയമം നിലനില്‍ക്കുന്നു. മാത്രമല്ല ഭര്‍ത്താവിന് സകാത്ത് നല്‍കിയാല്‍ വീടില്ല എന്ന് മറ്റെവിടെയും പറഞ്ഞിട്ടുമില്ല. സകാത്താണ് നല്‍കുന്നത് എങ്കില്‍ ഭര്‍ത്താവ് സകാത്തിന് അര്‍ഹനായിരിക്കണം എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്.

രണ്ടാമത്തെ വിഷയം; ഭാര്യ നല്‍കേണ്ടതായ സകാത്ത് ഭര്‍ത്താവ് നല്‍കിയാല്‍ അത് വീടുമോ എന്നതാണ്.

സകാത്ത് ഓരോ വ്യക്തിക്കും ബാധകമാകുന്ന ഒന്നാണ്. ആരുടെ മേലാണോ അത് ബാധകമാകുന്നത് അവരാണ് അനുഷ്ഠിക്കാന്‍ ബാധ്യസ്ഥര്‍. എന്നാല്‍ ഭാര്യയുടെ അറിവോടെ ആ ബാധ്യത ഭര്‍ത്താവ് ഏറ്റെടുത്ത് നിര്‍വഹിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഭര്‍ത്താവ് അപ്രകാരം ചെയ്യാന്‍ ബാധ്യസ്ഥനാണ് എന്ന് പറയാന്‍ കഴിയുകയില്ല. സകാത്ത് 'തൗകീല്‍' അഥവാ മറ്റൊരാളെ ഏല്‍പിക്കല്‍ അനുവദനീയമായ ഒരു ഇബാദത്ത് ആയതുകൊണ്ടുതന്നെ ഭാര്യയുടെ ബാധ്യത വേണമെങ്കില്‍ ഭര്‍ത്താവിന് ഏറ്റെടുത്ത് അത് നിര്‍വഹിക്കാന്‍ അവരെ സഹായിക്കാം. ഏതായാലും സ്ത്രീകള്‍ക്ക്  അധികവും ആഭരണങ്ങളുടെയും മറ്റുമൊക്കെ സകാത്താണ് കൂടുതല്‍ ബാധ്യതയായി ഉണ്ടാകാറ്. അതിന്റെ നിസ്വാബ് എത്തിയിട്ടുണ്ടോ, എത്രയാണ് അതിന്റെ സകാത്ത് കൊടുക്കേണ്ടത് തുടങ്ങിയ കാര്യങ്ങളൊക്കെ കണക്കാക്കാന്‍ ഭര്‍ത്താക്കന്മാര്‍ അവരെ സഹായിക്കണം. നേരത്തെ സൂചിപ്പിച്ചത് പോലെ അവരുടെ അറിവോടെ അവരുടെ ബാധ്യത നിറവേറ്റിക്കൊടുക്കുകയുമാകാം.

ഭാര്യയുടെ സ്വര്‍ണം 85 ഗ്രാമില്‍ അധികമുണ്ട്. ചെറിയ പെണ്‍മക്കളുടെ സ്വര്‍ണം കൂടി ചേര്‍ത്ത് മൊത്തം സ്വര്‍ണത്തിന്റെ തൂക്കം കണക്കാക്കിയല്ലേ സകാത്ത് കൊടുക്കേണ്ടത്? മക്കളുടെ സ്വര്‍ണം 85 ഗ്രാമില്ലാത്തത് കൊണ്ട് അത് ഒഴിവാക്കി ഭാര്യയുടെ മാത്രം കൂട്ടിയാല്‍ മതി എന്ന് ഒരാള്‍ പറഞ്ഞു. ഒന്ന് വിശദീകരിക്കാമോ?

സകാത്ത് ഓരോ വ്യക്തിയുടെയും ധനത്തിലാണ് ബാധകമാകുന്നത്. ഒരു കുടുംബത്തിന്റെ മൊത്തം ധനത്തില്‍ എന്ന അര്‍ഥത്തിലല്ല. അതുകൊണ്ടുതന്നെ ഭാര്യയുടെ സ്വര്‍ണം വേറെയും മകളുടെ സ്വര്‍ണം വേറെയുമായി പരിഗണിച്ചാല്‍ മതി. ഇനി മകളുടെ കൈവശമുള്ള ആഭരണങ്ങളും ഉമ്മയുടെതാണ്, മകള്‍ക്ക് ധരിക്കാന്‍ കൊടുക്കുക മാത്രമെ ചെയ്തിട്ടുള്ളൂ എങ്കില്‍ അവിടെ ഉമ്മ തന്റെ സ്വര്‍ണത്തോടൊപ്പം ആ സ്വര്‍ണവും കൂട്ടി സകാത്ത് കണക്കാക്കണം.

ഒരാള്‍ ഭൂമി വാങ്ങി. വില്‍ക്കണോ വില്‍ക്കണ്ടേ എന്ന് ഉറപ്പിച്ചിട്ടില്ല. ആ ഭൂമിക്ക് സകാത്ത് കൊടുക്കണോ?

അടിസ്ഥാനപരമായി ഭൂമി സകാത്ത് ബാധകമാകുന്ന ഇനങ്ങളില്‍ ഒന്നല്ല. അത് കച്ചവടവസ്തു ആകുമ്പോള്‍ മാത്രമാണ് അതിന് സകാത്ത് ബാധകമായി വരുന്നത്. അതുകൊണ്ടുതന്നെ വില്‍ക്കാന്‍ ഒരാള്‍ തീരുമാനം എടുത്തിട്ടില്ലാത്ത ഭൂമിക്ക് സകാത്ത് ഇല്ല. വില്‍പനക്ക് ഉള്ളതാണ് എന്ന് തീരുമാനിച്ചാല്‍ ഓരോ വര്‍ഷത്തെ സകാത്ത് കണക്കാക്കുമ്പോഴും അതിന്റെ ആ സമയത്തെ വില പരിഗണിച്ച് 2.5% സകാത്തായി നല്‍കണം. ഇനി വില്‍ക്കാന്‍ തീരുമാനിച്ചിട്ടും നിയമപ്രശ്‌നങ്ങള്‍ കൊണ്ടോ മറ്റോ വില്‍പന നടക്കാതെ കെട്ടിക്കിടക്കുകയാണ് എങ്കില്‍ അതിനും സകാത്ത് നല്‍കേണ്ടതില്ല. വില്‍ക്കപ്പെടുന്ന വര്‍ഷം മാത്രം നല്‍കിയാല്‍ മതി.

മേല്‍ ചോദിച്ച ചോദ്യത്തിന് സമാനമായ ചോദ്യം ശൈഖ് ഇബ്‌നു ഉസൈമീന്‍(റഹ്)യോട് ചോദിക്കപ്പെട്ടു: 'ഒരാളുടെ കൈവശം ഭൂമിയുണ്ട്. അദ്ദേഹത്തിനാകട്ടെ ഒരു കൃത്യമായ തീരുമാനം അതിന്റെ കാര്യത്തിലില്ല. അത് വില്‍ക്കണോ അതല്ല ഉപയോഗിക്കണോ, വാടകക്ക് കൊടുക്കണോ, അവിടെ താമസിക്കണോ...  ഇതില്‍ എന്താണ് വേണ്ടത് എന്ന് അദ്ദേഹത്തിനറിയില്ല. ഹൗല്‍ തികയുമ്പോള്‍ ആ ഭൂമിക്ക് അദ്ദേഹം സകാത്ത് കൊടുക്കണോ?

അദ്ദേഹം നല്‍കിയ മറുപടി: 'അത് വില്‍പനക്ക് ഉള്ളതാണ് എന്ന് ഉറച്ച തീരുമാനം ഇല്ലാത്തിടത്തോളം ആ ഭൂമിക്ക് സകാത്ത് ബാധകമല്ല. എന്താണ് ചെയ്യേണ്ടത് കൃത്യമായ തീരുമാനം ഇല്ലാതെ അദ്ദേഹം സംശയത്തിലായതുകൊണ്ട് അതിന് സകാത്ത് ബാധകമാകുന്നില്ല. ഇനി നൂറില്‍ ഒരംശം അദ്ദേഹം (അത് വില്‍ക്കണോ വേണ്ടയോ) എന്ന് അദ്ദേഹം സംശയത്തിലാണ് എന്നുവന്നാല്‍ പോലും അതിന് സകാത്ത് ബാധകമാകുകയില്ല.'

ഇവിടെ നാം മനസ്സിലാക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉദ്ദേശ ലക്ഷ്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു എന്നതാണ്. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് വില്‍പന ഉദ്ദേശിക്കുന്ന വില്‍പന വസ്തുവാണ് എന്ന് അറിയാമെങ്കില്‍ അതിന്റെ സകാത്ത് കൊടുക്കണം. അല്ല അക്കാര്യം ഒന്നും തീരുമാനിച്ചിട്ടില്ല എങ്കില്‍ സകാത്ത് ബാധകമാകുന്നുമില്ല.

അതോടൊപ്പം നാം മനസ്സിലാക്കേണ്ടത്; ഭൂമി വെറുതെ പാഴാക്കിയിടാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല, പ്രത്യേകിച്ചും കൃഷിഭൂമി. തനിക്കും സമൂഹത്തിനും ഉപകരിക്കുന്ന രൂപത്തില്‍ അത് അവര്‍ ഉല്‍പന്നക്ഷമമാക്കണം. അല്ലാത്തപക്ഷം നാളെ അല്ലാഹുവിന്റെ മുന്നില്‍ മറുപടി പറയേണ്ടി വരും.

ഒരു കുറിയില്‍ ഇതുവരെ അടച്ചിട്ടുള്ള നിക്ഷേപവും എന്റെ കൈവശമുള്ള തുകയും, പി.എഫിലെ തുകയും ഒക്കെ ചേര്‍ത്ത് അവയുടെ കണക്കുകൂട്ടിയപ്പോള്‍ ഏകദേശം 6500 രൂപ സകാത്തായി നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഇപ്പോള്‍ ലോക്ക് ഡൗണ്‍ സമയമാണ്. എന്റെ കൈവശം ആകെ ചെലവിനുള്ള 13000 രൂപയേ ഉള്ളൂ. എന്റെ സകാത്ത് ഇപ്പോള്‍ തന്നെ കൊടുക്കണോ അതോ പിന്നെ കൊടുത്താല്‍ മതിയോ? സകാത്തിന്റെ പണം നല്‍കിയാലും ഒരു മാസം ചെലവിനുള്ളത് തികയും.

ഒരാള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനായിത്തീരുകയും അത് നിര്‍വഹിക്കാന്‍ സാധിക്കുന്ന വ്യക്തിയായിരിക്കുകയും ചെയ്താല്‍ അത് ഉടനെ നല്‍കല്‍ നിര്‍ബന്ധമാണ്. ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ വൈകിപ്പിക്കല്‍ അനുവദനീയമാകുന്നുള്ളൂ.

അതുകൊണ്ടുതന്നെ താങ്കളെ സംബന്ധിച്ചിടത്തോളം ഈ സമയത്ത് സകാത്ത് നല്‍കുന്നത് താങ്കളുടെ പ്രാഥമിക ചെലവിനുള്ള പണം കണ്ടെത്താന്‍ സാധിക്കാതെ പ്രയാസപ്പെടുന്ന ഒരു സാഹചര്യം ഉണ്ടാക്കുമെങ്കില്‍, നല്‍കാന്‍ കഴിയുന്ന ഒരു സമയത്തേക്ക് അത് മാറ്റിവെക്കാം. പക്ഷേ, ഇത്ര തുക സകാത്ത് ഇനത്തില്‍ ഞാന്‍ നല്‍കാന്‍ ഉണ്ട് എന്നത് കൃത്യമായി രേഖപ്പെടുത്തി വെക്കുകയോ, ഉമ്മയോടോ ഭാര്യയോടോ ഒക്കെ പറഞ്ഞുവെക്കുകയോ ചെയ്യണം. കാരണം നാളെ നമുക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് നിര്‍ഹിക്കപ്പെടാതെ പോകാന്‍ പാടില്ല.

ഇനി താങ്കള്‍ സൂചിപ്പിച്ച പോലെ സകാത്തിന്റെ പണം ഇപ്പോള്‍ തന്നെ നല്‍കാന്‍ സാധിക്കും, അത് നല്‍കിയാലും തന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള പണം കയ്യില്‍ ബാക്കിയാകും എന്നാണെങ്കില്‍ ഇപ്പോള്‍ തന്നെ നല്‍കുകയാണ് വേണ്ടത്. അതുകൊണ്ടു നിങ്ങള്‍ ബുദ്ധിമുട്ടേണ്ട ഒരു സാഹചര്യം ഉണ്ടാകുമെങ്കില്‍ സാധിക്കുന്ന ഒരു സമയത്തേക്ക് നീട്ടിവെക്കുകയും ചെയ്യാം. അഥവാ ഈ വിഷയത്തില്‍ നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത് നമുക്ക് കൃത്യമായ ഒരു കാരണമുണ്ടെങ്കിലല്ലാതെ നല്‍കാനുള്ള സകാത്ത് നീട്ടിവെക്കാന്‍ പാടില്ല എന്നാണ്.

ഇമാം നവവി(റ) പറയുന്നു: 'ഇമാം മാലിക്(റഹ്)  ഇമാം അഹ്മദ്(റഹ്) തുടങ്ങി ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം ഒരാളുടെമേല്‍ സകാത്ത് എപ്പോഴാണോ നിര്‍ബന്ധമായിത്തീരുന്നത്, അയാള്‍ അത് നല്‍കാന്‍ പ്രാപ്തനാണ് എങ്കില്‍ അത് ഉടന്‍ നല്‍കല്‍ നിര്‍ബന്ധമാണ്. അത് വൈകിപ്പിക്കല്‍ അനുവദനീയമല്ല. കാരണം അല്ലാഹു പറയുന്നു: 'നിങ്ങള്‍ സകാത്ത് നല്‍കുക.' കല്‍പനകള്‍ അടിസ്ഥാനപരമായി കാലതാമസമില്ലാതെ നിറവേറ്റപ്പെടണം എന്നതാണ് തത്ത്വം.'

അതുകൊണ്ട് താങ്കളുടെ അവസ്ഥ പരിഗണിച്ച് താങ്കള്‍ക്ക് ഉചിതമായ നിലപാട് കൈക്കൊള്ളാം. അല്ലാഹു അനുഗ്രഹിക്കട്ടെ.