നോമ്പ്, സകാത്ത്: സംശയ നിവാരണം

പി.എന്‍ അബ്ദുര്‍റഹ്മാന്‍

2020 മെയ് 09 1441 റമദാന്‍ 16

നോമ്പും ഫിദ്‌യയും

റമദാനിലെ നോമ്പ് നോല്‍ക്കാന്‍  സാധിക്കാത്ത ആളുകള്‍ക്ക് ഫിദ്‌യ ആയി അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ തന്നെ കൊടുക്കേണ്ടതുണ്ടോ? പഞ്ചസാര, തേങ്ങ, ഭക്ഷ്യ എണ്ണകള്‍ എന്നിവ കൊടുക്കാന്‍ പറ്റുമോ? സാധുക്കള്‍ക്ക് ആവശ്യത്തിന് റേഷന്‍വഴി ലഭിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ള സാധനങ്ങള്‍ വാങ്ങാന്‍ അവര്‍ക്ക് സാമ്പത്തികമായി കഴിവുമില്ല. ഈ സാഹചര്യത്തില്‍ എന്താണ് ഉചിതം?

നാട്ടിലെ ആളുകള്‍ ഭക്ഷിക്കുന്നതായ ഭക്ഷ്യവിഭവങ്ങള്‍ എന്തും നല്‍കാം. അര സ്വാഅ് അഥവാ ഏകദേശം ഒന്നേകാല്‍ കിലോ എന്നതാണ് ഒരു നോമ്പിന് നല്‍കേണ്ടത് എന്നതാണ് പ്രബലമായ അഭിപ്രായം. പാകം ചെയ്ത് നല്‍കുകയാണ് എങ്കില്‍ ഒരു നേരം ഒരാള്‍ ഭക്ഷിക്കുന്ന ഭക്ഷണം നല്‍കിയാല്‍ മതി. അരി തന്നെ ആകണം എന്ന് നിബന്ധനയില്ല. നല്‍കുന്നവന്  സാധിക്കുന്നതും ആ നാട്ടിലെ ആളുകള്‍ ഭക്ഷിക്കുന്നതായ ഭക്ഷ്യവസ്തുവും ആകണം എന്ന് മാത്രമേയുള്ളൂ.

വിശുദ്ധ ക്വുര്‍ആനില്‍ നോമ്പിന് ബദല്‍ ഭക്ഷണം പറഞ്ഞിടത്ത് 'ഒരു മിസ്‌കീനിന് ഭക്ഷണം ഫിദ്‌യയായി നല്‍കുക' (അല്‍ബക്വറ:184) എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഇനം പറഞ്ഞിട്ടില്ല.

മാത്രമല്ല അരി മാത്രമായാല്‍ ഒരാളുടെ ഒരു നേരത്തെ ഭക്ഷണമാകില്ലല്ലോ. അതിനാല്‍ പാവപ്പെട്ടയാള്‍ക്ക് വെറും അരി മാത്രമായി നല്‍കാതെ അയാള്‍ക്ക് ഉപകരിക്കുന്ന ഭക്ഷ്യ ഇനങ്ങളാക്കി നല്‍കുകയാണ് ഉചിതം എന്നുപോലും പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പാവപ്പെട്ടവര്‍ക്ക് ഉപകരിക്കുന്ന, അവര്‍ക്ക് ആവശ്യമുള്ള ഇനങ്ങള്‍ നിങ്ങള്‍ കണ്ടറിഞ്ഞു നല്‍കുന്നുവെങ്കില്‍ അതൊരു നല്ല കാര്യമാണ്. അല്ലാഹു സ്വീകരിക്കട്ടെ.

സ്വര്‍ണത്തിന്റെ സകാത്ത്

2015 ശവ്വാല്‍ 8 നാണ് എന്റെ വിവാഹം കഴിഞ്ഞത്. ആ സമയത്ത് ഭാര്യയുടെ ഉപ്പ കൊടുത്തതും മഹറും ഉള്‍പ്പെടെ 27 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഭാര്യയുടെ കയ്യില്‍ ഉണ്ടായിരുന്നു. സാമ്പത്തിക പ്രയാസം കാരണം അതാത് വര്‍ഷം സകാത്ത് കൊടുക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ വീടു നിര്‍മാണത്തിനു വേണ്ടി 17 പവന്‍ വിറ്റു. വീടു പണി നടക്കാനുണ്ട്.

വിവാഹ ശേഷം സകാത്തിന്റെ വര്‍ഷം പൂര്‍ത്തിയാക്കുന്നത് മുതല്‍  വില്‍പന നടത്തിയത് വരെയുള്ള  വര്‍ഷങ്ങളിലെ സകാത്ത് കൊടുക്കാന്‍ ഞാന്‍ ബാധ്യസ്ഥന്‍ അല്ലേ? എത്ര വിതമാണ് ഞാന്‍ സകാത്ത് കൊടുക്കേണ്ടത്?

2015ലെ ശവ്വാല്‍ മാസത്തിലാണല്ലോ സ്വര്‍ണം താങ്കളുടെ ഭാര്യയുടെ കൈവശം വന്നത്. അന്നു മുതല്‍ അതിന്റെ 'ഹൗല്‍' ആരംഭിച്ചു. ശേഷമുള്ള ഓരോ ശവ്വാല്‍ 8 വന്നപ്പോഴും അതിന്റെ രണ്ടര ശതമാനം സകാത്ത് ബാധകമായിത്തീര്‍ന്നു. സ്വര്‍ണം താങ്കളുടെ ഭാര്യയുടേതാകയാല്‍ അവര്‍ക്കാണ് അത് നല്‍കേണ്ട ബാധ്യത. അവരുടെ അറിവോടെ വേണമെങ്കില്‍ ആ ബാധ്യത താങ്കള്‍ക്ക് ഏറ്റെടുക്കാം എന്ന് മാത്രം. സ്വര്‍ണത്തിന്റെ സകാത്ത് പണമായിത്തന്നെ നല്‍കണം എന്നില്ല; സ്വര്‍ണമായി നല്‍കിയാലും മതിയായിരുന്നു. ആ നിലയ്ക്ക് വൈകിപ്പിച്ചത് ശരിയല്ല, അല്ലാഹു പൊറുത്ത് തരട്ടെ.

27 പവന്‍ സ്വര്‍ണത്തിന്റെ സകാത്ത് ഗ്രാമില്‍ 2.5% കണക്കാക്കിയാല്‍  5.4 ഗ്രാം സ്വര്‍ണമോ തുല്യമായ വിലയോ ആണ് നല്‍കേണ്ടത്. അതുകൊണ്ടുതന്നെ കഴിഞ്ഞുപോയ നാല് വര്‍ഷങ്ങളുടെ സകാത്ത് കണക്കാക്കി നല്‍കണം. ഈ വര്‍ഷം ശവ്വാല്‍ 8 വരുമ്പോള്‍ ശേഷിക്കുന്ന സ്വര്‍ണത്തിന് വീണ്ടും സകാത്ത് ബാധകമാകും. അല്ലാഹു അനുഗ്രഹിക്കട്ടെ.

വീട് നിര്‍മിക്കാന്‍ താങ്കള്‍ ആ സ്വര്‍ണം വിറ്റ് കിട്ടിയ പണം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സകാത്ത് ബാധകമാകുകയില്ല. അല്ലാത്ത പക്ഷം വിറ്റ് പണമായി കൈവശം വച്ചാലും അതില്‍ സകാത്ത് ബാധകമായികൊണ്ടിരിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നല്‍കുന്ന ധനം താങ്കളുടെ ധനത്തില്‍ നിന്നും യാതൊരു കുറവും ഉണ്ടാക്കുകയില്ല, താങ്കള്‍ അറിയുന്നതോ അറിയാത്തതോ ആയ അനേകം മാര്‍ഗങ്ങളിലൂടെ താങ്കള്‍ക്ക് അല്ലാഹു വര്‍ധനവ് നല്‍കും. അത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.

കടമുള്ളവന്റെ സകാത്ത്

ഞങ്ങള്‍ ഒരു വീട് വാങ്ങിച്ചു. 60 ലക്ഷം രൂപ കടമുണ്ട്. 30 ലക്ഷം വീട് ഞങ്ങള്‍ക്ക് വിറ്റയാള്‍ക്കും 30 ലക്ഷം മറ്റൊരാള്‍ക്കും കൊടുക്കണം. ഞങ്ങളുടെ കയ്യില്‍ ഇപ്പോള്‍ 14 ലക്ഷം രൂപയുണ്ട്. ആ കടത്തിലേക്ക് കൊടുക്കാന്‍ കരുതിയ പണമാണ്. ഞങ്ങള്‍ അതിനു സകാത്ത് കൊടുക്കേണ്ടതുണ്ടോ?

താങ്കളുടെ കൈവശമുള്ള പണത്തിന് സകാത്ത് ബാധകമാകാനുള്ള സമയമെത്തിയാല്‍ അതിന്റെ സകാത്ത് കൊടുക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാകും. കടം ഉണ്ടെങ്കില്‍ സകാത്ത് കണക്കുകൂട്ടുന്നതിന് മുന്‍പായി ആ കടം കൊടുത്ത് വീട്ടുന്ന പക്ഷം ആ പണത്തിന്റെ സകാത്ത് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാകില്ല.

ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ) പറഞ്ഞു: 'ഇത് നിങ്ങളുടെ സകാത്ത് കണക്കാക്കുന്ന മാസമാണ്. ആര്‍ക്കെങ്കിലും കടം ഉണ്ടെങ്കില്‍ അവന്‍ ആ കടം കൊടുത്ത് വീട്ടട്ടെ. ശേഷം എത്ര പണം കൈവശമുണ്ട് എന്നത് കണക്കാക്കി അതിന്റെ സകാത്ത് നല്‍കാന്‍ വേണ്ടി.'  

അഥവാ കടം വീട്ടുന്നുണ്ടെങ്കില്‍ സകാത്ത് കണക്കാക്കുന്നതിന് മുമ്പ് കൊടുക്കണം. എങ്കിലേ അത് സകാത്തില്‍ നിന്നും ഒഴിവാകൂ. ഇനി കടം ഇപ്പോള്‍ കൊടുക്കുന്നില്ല; പിന്നീട് നല്‍കാനാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ കൈവശമുള്ള ധനത്തിന്റെ സകാത്ത് കൊടുക്കണം. കടമാകട്ടെ  ഇപ്പോള്‍ തിരികെ കൊടുക്കുന്നുമില്ല, സകാത്താകട്ടെ നല്‍കുന്നുമില്ല എന്ന അവസ്ഥ ഉണ്ടാകുകയില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ. താങ്കള്‍ക്ക് അല്ലാഹു ഖൈറും ബര്‍ക്കത്തും ചൊരിയട്ടെ.

സ്‌കോളര്‍ഷിപ്പും സകാത്തും

ഞാന്‍ ഒരു വിദ്യാര്‍ഥിയാണ്. എനിക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്. ഒന്ന് എന്റെ ഉപ്പ ഫീസിനും മറ്റു ചെലവിനുമായി നല്‍കുന്ന പണം വരുന്ന അക്കൗണ്ട്. അതില്‍ എന്റെ കൈവശം 10000 രൂപയുണ്ട്. രണ്ടാമത്തെ അക്കൗണ്ട് സ്‌കോളര്‍ഷിപ് കിട്ടുന്ന അക്കൗണ്ടാണ്. അതില്‍ എന്റെ കൈവശം 40000 രൂപയും ഉണ്ട്. അപ്പോള്‍ ഞാന്‍ ആകെയുള്ള 50000 രൂപക്ക് സകാത്ത് കൊടുക്കണമോ? സ്‌കോളര്‍ഷിപ് കിട്ടുന്ന തുക സകാത്തില്‍ നിന്നും ഒഴിവാകുമോ? എനിക്ക് മറ്റു വരുമാനങ്ങള്‍ ഇല്ലാത്തത് കൊണ്ട് സകാത്ത് ഒഴിവാകുമോ? ഇനി നല്‍കണമെങ്കില്‍ രണ്ടര ശതമാനത്തില്‍ കൂടുതല്‍ നല്‍കാമോ?

സകാത്തിനെക്കുറിച്ച് അറിയാനും അത് നല്‍കാനുമുള്ള താങ്കളുടെ താല്‍പര്യത്തിനും അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. വിശ്വാസിയായ ഒരാളുടെമേല്‍ സകാത്ത് ബാധകമാകാന്‍ രണ്ടു കാര്യങ്ങള്‍ ബാധകമാണ്. ഒന്ന് അയാളുടെ കൈവശം സകാത്ത് ബാധകമാകാനുള്ള പരിധി അഥവാ നിസ്വാബ് ഉണ്ടായിരിക്കണം. അതായത് 595 ഗ്രാം വെള്ളിക്ക് തത്തുല്യമായ കറന്‍സിയോ കച്ചവട വസ്തുവോ ഒരാളുടെ പക്കല്‍ ഉണ്ടെങ്കില്‍ അയാളുടെ കയ്യില്‍ നിസ്വാബ് എത്തി.

രണ്ടാമത്തെ നിബന്ധന ആ നിസ്വാബിന് ഒരു ഹിജ്‌റ വര്‍ഷക്കാലം 'ഹൗല്‍' തികയണം. അതായത് നിസ്വാബ് അഥവാ സകാത്ത് ബാധകമാകാനുള്ള ബേസിക് ബാലന്‍സില്‍ നിന്നും താഴെപ്പോകാതെ ഒരു ഹിജ്‌റ വര്‍ഷക്കാലം പൂര്‍ത്തിയാകുന്നപക്ഷം ആ സമയത്ത് തന്റെ കൈവശമുള്ള ടോട്ടല്‍ കറന്‍സി, കച്ചവടവസ്തുക്കള്‍ എന്നിവ കൂട്ടി അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാകും.

അതുകൊണ്ട് താങ്കളുടെ കൈവശം 24000ല്‍ കുറയാത്ത ബേസിക് ബാലന്‍സ് ഒരു ഹിജ്‌റ വര്‍ഷക്കാലം ഉണ്ടാകുമെങ്കില്‍ താങ്കളും ഓരോ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കയ്യിലുള്ള ടോട്ടല്‍ കറന്‍സിയുടെ രണ്ടര ശതമാനം സകാത്തായി കൊടുക്കണം. അത് സ്‌കോളര്‍ഷിപ്പ് ആയി ലഭിക്കുന്ന ധനമാണെങ്കിലും ശരി.

രണ്ടര ശതമാനത്തില്‍ കൂടുതല്‍ കൊടുക്കാമോ എന്ന് താങ്കള്‍ ചോദിച്ചു. കൂടുതല്‍ എത്ര വേണമെങ്കിലും താങ്കള്‍ക്ക് കൊടുക്കാം. അത് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ദാനമായി പരിഗണിക്കപ്പെടും. കുറയാന്‍ പാടില്ല എന്നേയുള്ളൂ. നന്നായി പഠിക്കാനും ഈ ഉമ്മത്തിനും സമൂഹത്തിനും ഉപകരിക്കുന്ന ഒരു നല്ല സത്യവിശ്വാസിയായി വളരാനും റബ്ബ് താങ്കള്‍ക്ക് തൗഫീക്വ് നല്‍കട്ടെ.