ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

2020 ഡിസംബര്‍ 19 1442 ജുമാദല്‍ അവ്വല്‍ 04

ഇതിഹാസങ്ങള്‍, വേദങ്ങള്‍, ഭാഗവതം, ഗീത, രാമായണം എല്ലാം നന്നായി പഠിച്ചിട്ടുള്ള മുത്തുസ്വാമിയോട് ഹിന്ദുമതാചാര, വിശ്വാസങ്ങളെക്കുറിച്ച് എന്തു ചോദിച്ചാലും തൃപ്തികരമായ മറുപടി ലഭിക്കും. പുരാണങ്ങളും ചരിത്രങ്ങളും കേള്‍ക്കുന്നതും പഠിക്കുന്നതും എനിക്ക് വളരെ ഇഷ്ടമുള്ളതാണ്. എത്രസമയം വേണമെങ്കിലും കേട്ടിരിക്കും.

എന്റെ സംശയങ്ങളും ചോദ്യങ്ങളും തിരിച്ചുകിട്ടിയ ഉത്തരങ്ങളും അറിവുകളും അപ്പോള്‍ തന്നെ ഞാന്‍ എഴുതിവെച്ചിരുന്നു. ചില ചോദ്യങ്ങളും ഉത്തരങ്ങളും കാണുക:

ചോദ്യം: 'സ്വാമീ, ഈശ്വരന്‍ (ദൈവം) ഉണ്ടോ? ആരുടെ രൂപമാണ്.'

ഉത്തരം: 'ഈശ്വരന്‍ - ദൈവം ഉണ്ട്.'

വിശദീകരണം: 'ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നീ മൂന്ന് അതിശക്തിയുള്ള ദേവന്മാരുടെ സൃഷ്ടിയും സംരക്ഷണം സംഹാരവുമായിട്ടാണ് ഈ മഹാപ്രപഞ്ചം നിലകൊള്ളുന്നത്.

1. ബ്രഹ്മാവ്: സര്‍വതും സൃഷ്ടിക്കുന്നു (സ്രഷ്ടാവ്).

2. മഹാവിഷ്ണു: എല്ലാം സംരക്ഷിച്ചു നിലനിര്‍ത്തുന്നു (സംരക്ഷകന്‍).

3. മഹാദേവന്‍: സംഹരിക്കുന്നു. (ആവശ്യമില്ലാത്തവ നശിപ്പിക്കുന്നു).

4. മഹാവിഷ്ണു: ഒരു രൂപത്തില്‍നിന്നും അപ്രതീക്ഷിതമായി മറ്റു പലരൂപങ്ങളിലും പ്രപഞ്ചനിലനില്‍പിനു വേണ്ടി അവതരിക്കുന്നു. തല്‍ഫലമായി ശ്രീ അയ്യപ്പസ്വാമി, ശ്രീ മുരുകസ്വാമി, ശ്രീ ഗണപതി സ്വാമി, പാര്‍വതി ദേവി എന്നിവരും പ്രപഞ്ചനിലനില്‍പിനായി സൂര്യദേവന്‍, ചന്ദ്രദേവന്‍, അഗ്നിദേവന്‍, വായുപുത്രന്‍, ശ്രീരാമസ്വാമി, സീതാദേവി ഇങ്ങനെ ദേവീദേവന്മാരുടെ ഒരു ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്ന ഫലമായിട്ടാണ് പ്രപഞ്ചം നിലനില്‍ക്കുന്നത്.'

ചോദ്യം : 'ഈശ്വരന്‍ എന്നത് ഏകനാമമാണല്ലേ? മുകളില്‍ പറഞ്ഞതില്‍ ആരാണ് ആ ഈശ്വരന്‍?'

ഉത്തരം: 'മുകളില്‍ പറഞ്ഞ ത്രിമൂര്‍ത്തികളും മറ്റു ദേവീദേവന്മാരും ഒന്നായി ലയിക്കുന്നതാണ് ഈശ്വരന്‍. പ്രത്യേകമായി ഒരു ഈശ്വരന്‍ ഇല്ല.'

'തൃപ്തികരമായ' ഉത്തരം ലഭിച്ചപ്പോള്‍ ഞാന്‍ സന്തുഷ്ടനായി. ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് ലഭിച്ച അറിവുകള്‍ വളരെ സന്തോഷവും കുളിര്‍മയും ലഭിക്കുന്നതായിരുന്നു: 'പ്രപഞ്ചത്തിലുള്ള സര്‍വജീവജാലങ്ങളോടും കാരുണ്യവും സ്‌നേഹവും ദയയും കാണിക്കുക, ഒരു ഉറുമ്പിനെപോലും നോവിക്കുകയോ കൊല്ലുകയോ അരുത്. സമസൃഷ്ടികളായ മനുഷ്യരെ പരസ്പരം സ്‌നേഹിക്കുകയും സഹായിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക. തന്റെ അയല്‍ക്കാരനെ താനായിത്തന്നെ കാണുകയും സ്‌നേഹിക്കുകയും ചെയ്യുക.' അങ്ങനെ ഹൈന്ദവ ദര്‍ശനങ്ങളും സംസ്‌കാരവും ഈ മഹാപ്രപഞ്ചത്തിലെ നിലനില്‍പും ഈശ്വരവിശ്വാസവും ആചാരനുഷ്ഠാനങ്ങളും മനുഷ്യനിലനില്‍പിന്റെ ആണിക്കല്ലുമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു, വിശ്വസിച്ചു.

പത്തുവര്‍ഷം മുമ്പുവരെയും എന്റെ ഗ്രാമത്തില്‍ വൃശ്ചികമാസം (നോമ്പുകാലം) 1ാം തീയതി മുതല്‍ 30 ദിവസം മുറ്റത്ത് പന്തലിട്ട് സന്ധ്യമുതല്‍ വെളുക്കുവോളം ഭജന (ആരാധന) നടത്തുമായിരുന്നു. ഇപ്പോഴും ഭാഗികമായി ഉണ്ട്. ഈ വേദിയില്‍ ഒരുസംഘ ഭക്തിഗാനം ആലപിക്കാറുണ്ട്.

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു,

അവന്‍ കരുണാമയനായ്, കാവല്‍ വിളക്കായ് കരളിലിരിക്കുന്നു.

സര്‍വവ്യാപിയായ ഈശ്വരന്‍ എല്ലായിടത്തും ഉണ്ടെന്നാണല്ലോ ഈ ഭക്തിഗാനത്തിന്റെ ഉള്ളടക്കം. എനിക്ക് മുത്തുസ്വാമിയുടെ ഈശ്വരനെക്കുറിച്ചുള്ള വിശദീകരണത്തില്‍ ചെറിയൊരതൃപ്തി ശേഷിച്ചു. സര്‍വദേവീദേവന്മാരുടെയും ഒന്നായിട്ടുള്ള ലയനമാണ് ഈശ്വരന്‍. എന്നാല്‍ ഈശ്വരന് ഏതിനോടെങ്കിലും സാദൃശ്യമുള്ളതായോ, രൂപമുള്ളതായോ കണ്ടെത്താനാവുന്നില്ല. എന്നാല്‍ ലോകമെമ്പാടുമുള്ള ഭക്തജനങ്ങള്‍ കൈകൂപ്പിനിന്നു പ്രാര്‍ഥിക്കുകയും സങ്കടങ്ങള്‍ പറയുകയും ചെയ്യുന്ന ദേവീദേവന്മാര്‍ അരൂപിയായ ഈശ്വരന്‍ ആണെന്നു അടിയുറച്ചു വിശ്വസിക്കാന്‍ കഴിയുമോ? മുത്തുസ്വാമി വിവരിച്ചു തന്ന ഒരു സംഭവത്തെക്കുറിച്ച് ഞാന്‍ തല പുകഞ്ഞു ചിന്തിച്ചു.

(തുടരും)