ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

2020 ഡിസംബര്‍ 26 1442 ജുമാദല്‍ അവ്വല്‍ 11

(ഭാഗം 2)

ദുര്‍വാസാവ് എന്നൊരു മഹര്‍ഷിയുണ്ട്. അദ്ദേഹം വളരെ കോപിഷ്ഠനാണ്, ധൃതിക്കാരനാണ്. ഒരിക്കല്‍ ഈ മഹര്‍ഷി ബ്രഹ്മാവിനെ നേരില്‍കണ്ടു ഏതോ വരം ചോദിക്കുവാന്‍ സ്വര്‍ഗലോകത്തു ചെന്നു. ബ്രഹ്മദേവന്‍ തപസ്സിലായിരുന്നതിനാല്‍ ദുര്‍വാസാവിന്റെ ആഗമനം ശ്രദ്ധിച്ചില്ല. കുറെനേരം കാത്തുനിന്നിട്ടും ബ്രഹ്മാവ് പരിഗണിക്കാതിരുന്നപ്പോള്‍ ദുര്‍വാസാവ് കോപിഷ്ഠനായി ബ്രഹ്മാവിനെ ശപിക്കുകയാണ്- അതും കൊടു ശാപം! 'എന്റെ ആഗമനം ഇതുവരെ ശ്രദ്ധിക്കാതിരുന്ന താങ്കളെ നാം ശപിക്കുന്നു. ഭൂമിലോകത്ത് ഒരിടത്തും താങ്കളെ വച്ച് ആരാധിക്കാന്‍ ക്ഷേത്രങ്ങല്‍ ഉണ്ടാകാതെ പോകട്ടെ.' ശാപം ഫലിച്ചോ എന്ന് എനിക്കറിയില്ല. ഭൂമിയില്‍ എവിടെയെങ്കിലും ബ്രഹ്മക്ഷേത്രം ഉണ്ടോ എന്ന് അന്വേഷിച്ചിട്ടില്ല. ഈ സംഭവം നടന്നതാണെങ്കില്‍ ഇവിടെ ആരാണ് ശക്തന്‍? സ്രഷ്ടാവോ സൃഷ്ടിയോ?

ശ്രീകൃഷ്ണന്‍ ഭക്തര്‍ക്ക് ഭഗവാനാണ്, ആരാധ്യനാണ്. എന്നാല്‍ ആ 'ഭഗവാന്റെ' അന്ത്യത്തെക്കുറിച്ചുള്ള  വിവരങ്ങള്‍ അറിയുമ്പോള്‍ സംശയമുണ്ടാവുക സ്വാഭാവികം.

ശ്രീകൃഷ്ണന്‍ മരത്തിന്റെ മുകളില്‍ കാല്‍ ചലിപ്പിച്ചുകൊണ്ടിരുന്നു. പച്ചിലകള്‍ക്കുള്ളില്‍ ഏതോ പക്ഷിയാണെന്നു കരുതി കാട്ടാളന്‍ (ആദിവാസി) അമ്പ് എയ്തുവിട്ടു. 'ഭഗവാന്റെ' പെരുവിരലില്‍ അമ്പ് തറച്ചു, അങ്ങനെ മൃത്യു വരിച്ചു.

ഇത് സംഭവിച്ചതാണെങ്കില്‍ ആരാണ് ശക്തന്‍? ദൈവമോ, സൃഷ്ടിയായ മനുഷ്യനോ? സംഹാരമൂര്‍ത്തിയായ മഹാദേവനെ (ശിവന്‍) ഭസ്മാസുരന്‍ എന്ന ഭക്തന്‍ കാലങ്ങളോളം തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുവിച്ചു. എന്തു വരദാനമാണ് വേണ്ടതെന്ന് ചോദിച്ചു കൊള്ളുക.

ഭസ്മാസുരന്‍ ചോദിച്ചത് ഞാന്‍ തൊടുന്നതെന്നും ഭസ്മമായിപ്പോകണം എന്ന വരമായിരുന്നു. 'ഭഗവാന്‍' വരാന്‍ പോകുന്ന അപകടങ്ങള്‍ ഗ്രഹിക്കാതെ വരം നല്‍കുന്നു. ഇരുവരും പിരിയും മുമ്പ് ഭസ്മാസുരന്‍ ചിന്തിച്ചു. ഭഗവാന്‍ വരദാനം നല്‍കിയിട്ടുണ്ടോ? ഒന്നു പരീക്ഷിച്ച് ഉറപ്പു വരുത്താം. ഭഗവാനില്‍ തന്നെ സ്പര്‍ശിച്ചു നോക്കാനായി അടുത്തു ചെന്നപ്പോള്‍ 'ഭഗവാന്‍' അതാ ജീവരക്ഷാര്‍ഥം ഓടി രക്ഷപ്പെടുന്നു! ഇവിടെ ഭഗവാനോ, സൃഷ്ടിയോ ആരാണു ശക്തന്‍?

ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ (പ്രപഞ്ച നിലനില്‍പിന്റെ ശക്തമായ മര്‍മങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നവര്‍) എന്നീ ത്രിമൂര്‍ത്തികള്‍ സംഭവിക്കാന്‍ പോകുന്ന വിപത്തുകള്‍ മുന്‍കൂട്ടി അറിയുന്നതിനോ സ്വയം രക്ഷപ്പെടുന്നതിനോ പ്രാപ്തരല്ലെന്നും എന്നാല്‍ അവരില്‍ കൂടുതല്‍ ശക്തരായിട്ടുള്ളത് സൃഷ്ടികളാണെന്നും വിശ്വസിക്കേണ്ടി വരുമ്പോള്‍ ശക്തനായ മറ്റൊരു ഈശ്വരനെ അന്വേഷിക്കേണ്ടതുണ്ടോ?

ഞാന്‍ കേരളത്തിലെയും ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെയും പല ക്ഷേത്രങ്ങളിലും പോയി ഈശ്വരാരാധനകള്‍ മനസ്സിലാക്കിയിട്ടുണ്ട്. ചില ക്ഷേത്രങ്ങളില്‍ ദേവന് (പ്രതിഷ്ഠ) അടുത്തുനിന്ന് ദര്‍ശിക്കണമെങ്കില്‍ 100 മുതല്‍ 500 വരെ രൂപ ഫീസ് കൊടുക്കേണ്ടിവരും. ഓരോ ദേശത്തും ദേശത്തിന്റെ പേരോടുകൂടിയ ദേവീദേവന്മാര്‍, പല രൂപത്തിലും ഭാവത്തിലും! ചില പ്രതിഷ്ഠകള്‍ ദര്‍ശിക്കുമ്പോള്‍ ഉള്ളില്‍ ഭയം തോന്നും. നാക്ക് പുറത്തേക്ക് നീട്ടിയിട്ട,് രക്തം തുളുമ്പും പോലെ കണ്ണ് തുറിച്ചത്. ചില പ്രതിഷ്ഠകളെ കഴുത്തില്‍ മനുഷ്യന്റെ തലയോട്ടികള്‍ കോര്‍ത്ത മാലയണിഞ്ഞും കൈയില്‍ വാള്‍ ഉയര്‍ത്തിപ്പിടിച്ചും കാണാം!

ചില ക്ഷേത്രങ്ങളില്‍ ആന, കാള, പശു, ഗരുഡന്‍, മയില്‍ തുടങ്ങിയ പ്രതിഷ്ഠകളും ഈശ്വരസ്ഥാനത്തു കാണാം. അതേപോലെ അത്ഭുതമായ ജാലവിദ്യകള്‍ കാണിക്കുന്ന മനുഷ്യരും പാട്ടുകാരും സിനിമാ നടന്‍-നടിമാരുമൊക്കെ പൂജിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു.

ഒരു ദേശത്തുള്ള ആരാധനാമൂര്‍ത്തിക്ക് അടുത്ത ദേശത്തോ, അടുത്ത ഗ്രാമത്തിലോ യാതൊരു പ്രസക്തിയുമില്ല. അവിടെ വേറെ ദൈവസങ്കല്‍പം.

ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള ദേവീദേവന്മാരെക്കുറിച്ച് എനിക്ക് അവിശ്വാസമോ അഭിപ്രായ വ്യത്യാസമോ ഇല്ലായിരുന്നു. പക്ഷേ, സര്‍വവ്യാപിയായ ഈശ്വരന്റെ സ്ഥാനത്ത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നു മാത്രം.

വിഷപ്പാമ്പും ഞാനും

ഏതൊന്നില്‍നിന്നും മനുഷ്യര്‍ പേടിയും ഉപദ്രവവും ഉണ്ടാകുമെന്ന് ഭയപ്പെടുന്നുവോ, ആയതിന് ആരാധനമൂര്‍ത്തിയെ നിശ്ചയിക്കുന്ന ഒരു ബലഹീനത മനുഷ്യരില്‍ ഉണ്ടായിട്ടുള്ളതായി മനസ്സിലാക്കാം. എന്റെ അനുഭവത്തിലുള്ള ഒരു സംഭവം സാക്ഷി. ഞങ്ങളുടെ ഊരില്‍ അഞ്ചുപേര്‍ വിഷസര്‍പ്പത്തിന്റെ കടിയേറ്റു മരിച്ചിട്ടുള്ളത് നേരിട്ടു കണ്ടിട്ടുണ്ട്. എനിക്ക് 15-17 വയസ്സ് പ്രായമുള്ളപ്പോള്‍ ഉപജീവനത്തിനായി വനത്തില്‍ പോയപ്പോള്‍ രണ്ടു തവണ വിഷപ്പാമ്പ് എന്നെ കടിച്ചിട്ടുണ്ട്. രണ്ടാം തവണ മരണത്തെ മുഖാമുഖം കണ്ടിരുന്നു. ഇന്നത്തെപ്പോലെ വിദഗ്ധ ചികിത്സയൊന്നും അന്നില്ലായിരുന്നു. ഊരു ചികിത്സ ഫലിക്കാതെ വന്നപ്പോള്‍ നാട്ടിന്‍പുറത്തുള്ള നാട്ടു വിഷചികിത്സാവൈദ്യന്റെ വീട്ടില്‍ ചുമന്നു കൊണ്ടുപോയി രണ്ടാഴ്ച ചികിത്സിച്ചു സുഖപ്പെടുത്തി.

എന്നാല്‍ നാട്ടുവൈദ്യന്റെ മുന്നറിയിപ്പ്; 20 വയസ്സിനുള്ളില്‍ ഒരു വിഷസര്‍പ്പത്തിന്റെ കടിയേറ്റ് മരിക്കും. സൂക്ഷിച്ചുകൊള്ളുക!

ഈ മുന്നറിയിപ്പില്‍ മാതാപിതാക്കളും സഹോദരങ്ങളും സങ്കടത്തിലായി. മാതാവിന്റെ കണ്ണീരും തേങ്ങലും കൂടി കണ്ടപ്പോള്‍ ഞാന്‍ അസ്വസ്ഥനായി. നോക്കുന്നതും കേള്‍ക്കുന്നതും കാണുന്നതും എല്ലാം പാമ്പ് എന്ന തോന്നല്‍. ദിവസങ്ങള്‍ കഴിയുംതോറും മരണം അടുത്തുവരികയായെന്ന ചിന്താഭാരവുമായി ഒരു യാത്ര പോയി. ബസ്സ് ഇറങ്ങിയ സ്റ്റാന്റില്‍ അനേകം ഫോട്ടോകള്‍ നിരത്തിവച്ചു വില്‍പന നടത്തുന്നു.

ഞാന്‍ ഫോട്ടോകളിലെല്ലാം ഒന്നു കണ്ണോടിച്ചു. ഒരുഫോട്ടോ കണ്ടപ്പോള്‍ ഉള്ള് ഒന്നു ഞെട്ടി. പത്തി വിടര്‍ത്തി കഴുത്തില്‍ ചുറ്റി നിവര്‍ന്നുനില്‍ക്കുന്ന വിഷസര്‍പ്പം! നെഞ്ചകം പടപടാ അടിക്കുകയാണ്. അധികം ചിന്തിച്ചില്ല. 30 രൂപ കൊടുത്തു ആ ഫോട്ടോ വാങ്ങി. ഇവനെന്റെ കൊലയാളിയാണ്. ഇവനെ ഭയന്നിട്ടു കാര്യമില്ല. ഇവനെ സ്‌നേഹിച്ചു പ്രീതിപ്പെടുത്തി പൂജിക്കാം. അപ്പോള്‍ സര്‍പ്പം ചുറ്റിക്കിടക്കുന്ന 'ഭഗവാനെ' കുറിച്ചുപോലും ചിന്തിച്ചില്ല.

ഫോട്ടോ വീട്ടില്‍ കൊണ്ടുവന്നു, പ്രത്യേക വിളക്കും ഉണ്ടാക്കി. വിളക്കും വിലകൂടിയ സുഗന്ധങ്ങളും പാലും പഴങ്ങളും വച്ച് ദിവസവും സന്ധ്യക്കും വെളുപ്പിനും മുടങ്ങാതെ പൂജയും ആരാധനയും തുടങ്ങി. കുടുംബക്ഷേത്ര സ്വാമിയുടെ (അമ്മാവന്‍) നിര്‍ദേശപ്രകാരം വെള്ളിയാഴ്ച ദിവസങ്ങളില്‍ സര്‍പ്പത്തിനായി ഓരോ കോഴിമുട്ടയും മുകള്‍ഭാഗം പൊട്ടിച്ചുവയ്ക്കുമായിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോയി.

25 വയസ്സായപ്പോള്‍ ദുരന്തം ഒഴിവായതായി വിശ്വസിച്ചു. ഒരിക്കല്‍  വീടിനുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ വീട്ടുകാര്‍ തല്ലിക്കൊന്നു. വിവരമറിഞ്ഞെത്തിയ ഞാന്‍ വീട്ടുകാരോട് എതിര്‍ക്കുകയും വളരെ ദുഃഖഭാരത്തോടുകൂടി ചത്തപാമ്പിനെ പാലില്‍ കുളിപ്പിച്ചു, തുളസിപ്പൂവിലും ഇലയിലും പൊതിഞ്ഞു മറവ് ചെയ്തു.

ഈ സമയം, മുമ്പ് ആരാധിച്ചും പൂജിച്ചും വിശ്വസിച്ചിരുന്ന സകല മലദൈവങ്ങളെയും മൂര്‍ത്തികളെയും ഉപേക്ഷിച്ച് തികഞ്ഞ ഒരു ശിവഭക്തനായി ഞാന്‍ മാറി. കാണുന്നതും ചെയ്യുന്നതും സത്യങ്ങളാണെന്നു വിശ്വസിക്കുകയല്ലാതെ മറ്റു വഴികളില്ലല്ലോ! സത്യങ്ങളും അസത്യങ്ങളും വേര്‍തിരിക്കാനുള്ള വിദ്യാഭ്യാസമോ, അറിവോ, പാണ്ഡിത്യമോ ഇല്ലായിരുന്നു.

കുറുമ്പന്റെ പിന്‍തലമുറയില്‍പ്പെട്ട കുറുമ്പന്‍മൂഴി ഊരുഗ്രമാത്തിലുള്ള ഊരുവാസികള്‍ കൈമാറി വരുന്ന ഒരു വിശ്വാസ, ആചാരം കൂടി സൂചിപ്പിക്കേണ്ടതുണ്ട്.

പരമ്പരാഗത വിശ്വാസം

പരമ്പരാഗത വിശ്വാസം അപ്പടി പറയുകയാണ്: 99 മലകള്‍ കൂടിച്ചേര്‍ന്നതാണ് ശബരിമല. ഒന്നാമത്തെ മലയാണ് തലപ്പാറമല. ശബരിമലയില്‍ ശ്രീഅയ്യപ്പസ്വാമി കുടികൊള്ളുന്ന കാലം മുതല്‍ 99 മലമൂപ്പന്മാരില്‍ ഒന്നാം മല തലപ്പാറ മലമൂപ്പനും ശ്രീ അയ്യപ്പസ്വാമിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.

വിശ്വാസപരമായ ആചാരാനുഷ്ഠാനം ഒരിക്കലും മുറിഞ്ഞുപോകാത്ത കണ്ണിയായി ബന്ധപ്പെട്ടു കിടക്കുന്നു.

1. തലപ്പാറമല - മലദേവന്‍ - വീരകേളന്‍ വില്ലാളി (മുനി)

2. ഉടുമ്പാറമല - മലദേവന്‍ - കുഞ്ഞനന്തമുനി (ഋഷി)

3. കൊട്ടതട്ടിമല - മലദേവന്‍ - കൊച്ചുകുഞ്ഞു കുറുപ്പുനി (ഋഷി)

4. തേവര്‍ മല - മലദേവന്‍ - തേവര്‍ മുനി (ഋഷി)

5. നമ്പന്‍മ്പറ മല - മലദേവന്‍ - നമ്പന്‍ മുനി (ഋഷി)

6. നീലിമല - നിലിദേവിയമ്മ.

7. ശബരിമല - ശ്രീ അയ്യപ്പസ്വാമി.

എന്നിങ്ങനെ 99 മലകളും മലദേവന്മാരും കണ്ണികളായി നിലകൊള്ളുന്ന ആചാരാനുഷ്ഠാനങ്ങള്‍ നിലനിന്നുവരുന്നതായി മനസ്സിലാക്കാവുന്നതാണ്.

ഒന്നാം മലയുടെ അധിപന്‍ വില്ലാളി വീരന്‍ കേളന്റെ പിന്‍തലമുറയില്‍പ്പെട്ട കുറുമ്പനും പത്‌നി ചക്കിയും. 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് (1865ല്‍) പമ്പാനദിയുടെ തീരത്ത് ആറും തോടും സന്ധിക്കുന്ന സ്ഥലത്ത് താമസിച്ചതിന്റെ പിന്‍തുടര്‍ച്ചയാണ് കുറുമ്പന്‍ മൂഴി എന്ന എന്റെ ഊര്.

കുറുമ്പന്റെ പിന്‍തലമുറയില്‍പ്പെട്ട പിന്‍ഗാമികള്‍:

1. രാമനപ്പന്‍ - കൊച്ചുവേലന്‍ വിളിപ്പേര്.

2. രാമന്‍ കേളന്‍.

3. രാമന്‍ രാഘവന്‍.

4. രാമന്‍ തങ്കപ്പന്‍ (സ്വന്തം അമ്മാവന്‍).

5. രാമന്‍ ഗോപാലന്‍ (സ്വന്തം അമ്മാവന്‍).  

ഈ മലവില്ലാളി മൂപ്പന്മാരുമായി ഞാന്‍ ഇടപഴകി ജീവിച്ചിട്ടുണ്ട്.

ഇവര്‍ ശബരിമല ശ്രീ അയ്യപ്പസ്വാമിയുമായി കണ്ണികളായി തുടര്‍ന്നുപോരുന്ന പൂര്‍വചരിത്രം കൂടി മനസ്സിലാക്കിയെങ്കിലേ ഈ വിഷയം പൂര്‍ണമാവുകയുള്ളൂ.

പന്തളം രാജകൊട്ടാരത്തില്‍ വളര്‍ന്ന ശ്രീ അയ്യപ്പസ്വാമിയെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ ഉടയാഭരണങ്ങള്‍ വാങ്ങി സ്ഥാനാരോഹണം ചെയ്യുന്നതിന് രാജരാജവര്‍മ തമ്പുരാന്‍ മുഹൂര്‍ത്തം കുറിച്ചു കാത്തിരിക്കുമ്പോള്‍ ശ്രീ അയ്യപ്പസ്വാമി രാജാവിനെ (പിതാവ്) തന്റെ ആഗ്രഹം അറിയിക്കുന്നു:

'പിതാവേ, എന്റെ നിയോഗം രാജ്യഭരണമല്ല; വനവാസമാണ്. എന്നെ ശബരിമലയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിച്ചാലും.'

12 വയസ്സുള്ള ബാലനായ അയ്യപ്പസ്വാമിയെ ഘോരവനത്തിലേക്ക് ഒറ്റക്ക് അയക്കുന്നതെങ്ങനെ? രാജാവ് ധര്‍മസങ്കടത്തിലായിരിക്കുമ്പോള്‍ ഒരു രാത്രി മലദേവന്മാരെ (മൂപ്പര്‍) രാജാവിന് സ്വപ്‌ന ദര്‍ശനമുണ്ടായി. വനാന്തരങ്ങളില്‍ വസിക്കുന്ന മലമൂപ്പന്മാരെ രാജകൊട്ടാരത്തില്‍ കൊണ്ടുവരാന്‍ രാജകല്‍പന ഉണ്ടായി. പടയാളികള്‍ വനാന്തരങ്ങളില്‍ ചെന്ന് മലമൂപ്പന്മാരെ രാജകല്‍പന അറിയിക്കുന്നു. വിവരമറിഞ്ഞ മലമൂപ്പന്മാര്‍ ഒന്നാം മലയായ തലപ്പാറമല ദേവന്‍ വില്ലാളി വീരകേളന്റെ നേതൃത്വത്തില്‍ പന്തളം രാജകൊട്ടാരത്തില്‍ രാജാവിനെ മുഖം കാണിച്ചു.

ശ്രീ അയ്യപ്പസ്വാമിയുടെ വനയാത്രയില്‍ തുണയായിരിക്കുവാന്‍ തലപ്പാറമല മൂപ്പനോട് രാജാവ് കല്‍പിക്കുകയും രാജമുദ്രയുള്ള അരമണി, ശംഖ്, ഓട്ടുമണി, ഉടവാള്‍, അരപ്പട്ട, തലപ്പാവ് എന്നിവ മൂപ്പനു നല്‍കി രാജാവ് അനുഗ്രഹിച്ച് അയക്കുകയും ചെയ്തു.

ശ്രീ അയ്യപ്പനുമായുള്ള വനയാത്രാമധെ്യ തലപ്പാറ മലയില്‍ എത്തിയ സന്ധ്യാസന്ദര്‍ഭത്തില്‍ മൂപ്പന്മാര്‍ കാട്ടുകല്ലുകള്‍കൊണ്ട് വൃത്തത്തില്‍ ഒരു കോട്ട നിര്‍മിച്ചു. കാട്ടിലകള്‍ വിരിച്ച് മെത്തയുണ്ടാക്കി. അയ്യപ്പസ്വാമി കോട്ടയില്‍ നിദ്രകൊള്ളുന്നു. കോട്ടക്കു സമീപം ആഴി (തീ) കത്തിച്ച് ദീപമുണ്ടാക്കി മൂപ്പനും അനുയായികളും അയ്യപ്പ സ്തുതി ഗാനങ്ങളും ശരണമന്ത്രങ്ങളുമായി കഴിഞ്ഞു.

പുലര്‍ച്ചെ യാത്രതുടര്‍ന്ന് ശബരിമലയിലെത്തി. അവിടെയുണ്ടായിരുന്ന മഹാവിഷ്ണു വിഗ്രഹത്തില്‍ അയ്യപ്പസ്വാമി വലയം പ്രാപിച്ചു കുടികൊള്ളുന്നു.

മലമൂപ്പന്‍ വീരകേളന്റെ പത്‌നി നീലിയമ്മയെ ശബരിമലയുടെ അടുത്ത നീലിമലയില്‍ അയ്യപ്പസ്വാമിക്ക് തുണയായി കുടിയിരുത്തിയതായും പൂര്‍വികര്‍ വിശ്വസിച്ചും ആചരിച്ചും പോരുന്നു. ഈ മല ഇന്നും നീലിമല എന്ന് വിളിക്കപ്പെടുന്നു.

രാജാവ് ദുഃഖിതനായി കഴിയുമ്പോള്‍ ശ്രീ അയ്യപ്പന്‍ രാജകൊട്ടാരത്തില്‍ രാജാവിനു മുമ്പില്‍ പ്രത്യക്ഷപ്പെട്ട് ആശ്വസിപ്പിക്കുന്നു: 'എന്റെ നിയോഗം വനവാസവും ഭക്തരെ അനുഗ്രഹിക്കലും മഹഷി എന്ന ദുര്‍ദേവതയെ നിഗ്രഹിക്കലുമാണ്. അധര്‍മത്തെ  നിഗ്രഹിച്ച് ധര്‍മം നിലനിര്‍ത്താന്‍ നിയോഗിതനായ എനിക്ക് രാജഭരണം അനിവാര്യമല്ല. തിരുമനസ്സ് എന്നെ രാജാവായി അഭിഷേകം ചെയ്യുന്നതിന് വേണ്ടി പൂര്‍ത്തീകരിച്ച തിരുവാഭരണങ്ങളും ഉടയാടകളും വര്‍ഷത്തില്‍ ഒരിക്കല്‍ ശബരിമലയില്‍ കൊണ്ടുവരുകയും തിരുവാഭരണ വസ്ത്രങ്ങളണിഞ്ഞ് മകര സംക്രമദിവസങ്ങളില്‍ എന്നെ അങ്ങേക്ക് ദര്‍ശിക്കുകയും ചെയ്യാവുന്നതാണ്.'

പ്രഥമ തിരുവാഭരണ യാത്രയ്ക്ക് മുമ്പായി രാജാവിന് സ്വപ്‌ന ദര്‍ശനമുണ്ടായി: 'വനയാത്രയില്‍ എനിക്ക് തുണയായി സേവ ചെയ്ത തലപ്പാറമല വില്ലാളി മലദേവനെ അങ്ങയെപ്പോലെ പിതാവിന്റെ സ്ഥാനത്ത് ഞാന്‍ ആദരിക്കുന്നതിനാല്‍ തലപ്പാറമല മൂപ്പനും മാളികപ്പുറത്ത് ദേവിക്കും തിരുവാഭരണങ്ങള്‍ നിവേദിക്കേണ്ടതാണ്.'

സ്വപ്‌നദര്‍ശനം രാജാവ് നടപ്പിലാക്കുന്നു. എല്ലാ വര്‍ഷവും വൃശ്ചികം ഒന്നുമുതല്‍ ശബരിമല ഉത്സവകാലം രണ്ടുമാസത്തേക്ക് ആരംഭിക്കും. ജനുവരി 12ന് പന്തളം കൊട്ടാരത്തില്‍നിന്നും മൂന്ന് തിരുവാഭരണ പേടകങ്ങളും തലയില്‍ ചുമന്ന് ശരണമന്ത്രങ്ങളുമായി നിയമ സംരക്ഷണത്തില്‍ ഒരു സംഘം അയ്യപ്പഭക്തര്‍ ശബരിമലക്ക് പുറപ്പെടും.

13ാം തീയതി പ്ലാപ്പള്ളി എന്ന സ്ഥലത്ത് കാലങ്ങള്‍ക്കുമുമ്പ് നിലനിന്നുവരുന്ന തലപ്പാറ കോട്ടയില്‍ തിരുവാഭരണ ഘോഷയാത്രയെത്തും. ഈ സന്ദര്‍ഭത്തിനുവേണ്ടി ദിവസങ്ങളോളം വ്രതശുദ്ധിയായും  ശരണമന്ത്രങ്ങളുമായി പ്രതീക്ഷിച്ചു നില്‍ക്കുന്ന  തലപ്പാറ മലമൂപ്പനും അനുയായികളും ആനന്ദനിര്‍വൃതിയില്‍ പുളകമണിയും. തിരുവാഭരണ പേടകങ്ങള്‍ കൊച്ചുവേലന്‍ ഏറ്റുവാങ്ങി പ്രത്യേകം തയ്യാറാക്കിയ വിരിപ്പില്‍ ഇറക്കിവച്ചു പൂജാകര്‍മങ്ങള്‍ ചെയ്യും. പന്തളത്തുനിന്നും തിരുവാഭരണത്തെ അനുഗമിക്കുന്ന രാജാവിനെ കൊച്ചുവേലന്‍ വണങ്ങി വെറ്റില, അടക്ക ദക്ഷിണ കൊടുക്കും. രാജാവ് വേലനെ അനുഗ്രഹിച്ച് ഒരു പണക്കിഴി സമ്മാനിച്ചു പരസ്പരം ആലിംഗനം ചെയ്ത് യാത്ര തിരിക്കും.

ശ്രീ അയ്യപ്പ സംഭവങ്ങളും ആചാരാനുഷ്ഠാന വിശ്വാസങ്ങളും പൂര്‍വികര്‍ വിശ്വസിച്ചും അനുഷ്ഠിച്ചും പോരുന്നവ പിന്‍പറ്റി ആദരിച്ചു, വിശ്വസിച്ചു പോരുന്ന തിരിച്ചറിവുകള്‍ മാത്രമെ എനിക്കുള്ളൂ. മറിച്ചെന്തെങ്കിലും ബോധ്യപ്പെടുത്താന്‍ എന്റെ പക്കല്‍ തെളിവുകളൊന്നുമില്ല.

തലപ്പാറമല വില്ലാളി കൊച്ചുവേലന്മാരുടെ പരമ്പര

പ്രാരംഭം മുതല്‍ ഈ പരമ്പര മരുമക്കള്‍ (അനന്തരവന്‍) മരുമക്കത്തായം അനുസരിച്ചു കൈമാറുന്നു.  പത്തുപതിനഞ്ച് വര്‍ഷം തല്‍സ്ഥാനത്ത് തുടരുന്നവര്‍ മരണപ്പെടുന്നതിനുമുമ്പ് അടുത്ത പിന്‍ഗാമിയെ ആചാരാനുഷ്ഠാനങ്ങളും മന്ത്രങ്ങളും ക്രിയകളുമെല്ലാം പഠിപ്പിച്ച് സ്ഥാനാരോഹണം ചെയ്യിക്കും. പിന്‍ഗാമി നാല്‍പതുവയസ്സിന് മുകളിലെത്തിയ ആളായിരിക്കണം.      

അടുത്ത പിന്‍ഗാമി ഞാനായിരുന്നതിനാല്‍ മാതുലനോടു ചേര്‍ന്ന് കര്‍മ, ക്രിയാചാരങ്ങള്‍ പഠിച്ചു തുടങ്ങി.

'അയ്യപ്പാ ദൈവമേ, ശരണമെന്റയ്യപ്പാ

അയ്യനല്ലാതൊരു ദൈവമില്ലയ്യപ്പാ

ശരണം വിളിച്ചാല്‍ മരണം ഇല്ലയ്യാ...'

ഇങ്ങനെ ശരണമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് കന്നിയായും പിന്നീട് തുടര്‍ച്ചയായും ശബരിമലക്ഷേത്ര ദര്‍ശനം നടത്തി. തുടര്‍ന്ന് പടയനി, ഭജന, തീര്‍പ്പ്, ഒഴിപ്പിക്കല്‍, മന്ത്രവാദം, പ്രശ്‌നപരിഹാരക്രിയ തുടങ്ങി പല കര്‍മങ്ങളും അമ്മാവനോടൊപ്പം ചെയ്തുപോന്നു. ചെയ്യുന്ന ഓരോ ചടങ്ങും ഈശ്വരനിയോഗമോ, മനുഷ്യന്റെ പ്രീതിക്കുവേണ്ടിയോ? മദ്യത്തിന്റെ സാന്നിധ്യത്തില്‍ പ്രീതിപ്പെടുകയും പ്രശ്‌നങ്ങള്‍ പരിഹരിച്ചുതരുന്നവരുമായി കരുതപ്പെടുന്ന ആരാധനമൂര്‍ത്തികള്‍ ശക്തരോ? ഓരോ കര്‍മാരാധന കഴിയുമ്പോഴും ഒന്നിനുപുറകെ ഒന്നായി സംശയങ്ങള്‍ മനസ്സില്‍ മുളച്ചുവരികയാണ്.

സംശയങ്ങള്‍ക്ക് ശക്തി പകരുന്ന, ബലപ്പെടുന്ന ഒരു സംഭവം ഈ കാലയളവില്‍ പ്രത്യക്ഷപ്പെട്ടു.

ഞങ്ങളുടെ ഊരു ഗ്രാമത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരമുള്ള, 20 കുടുംബങ്ങള്‍ മാത്രമുള്ള വനത്തിനുള്ളില്‍ മറ്റൊരു ഊര് ഗ്രാമം. തുള്ളിക്കളിച്ച് പ്രസന്നവതിയായി വീട്ടുജോലികള്‍ ചെയ്തു കൊണ്ടിരുന്ന 13 വയസ്സ് പ്രായമുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടി പൊടുന്നനെ നിശ്ശബ്ദയായി. മറ്റാരുടെയും മുഖത്തു നോക്കാതെ, ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ തലകുനിച്ച് ഒരേ ഇരുപ്പ്. കുട്ടിയുടെ മാതാപിതാക്കള്‍ കൊച്ചുവേലന്റെ അടുത്തു വന്നു.  രോഗവിവരങ്ങള്‍ പറഞ്ഞു.

പിറ്റേദിവസം ബാധ ഒഴിപ്പിക്കല്‍ കര്‍മ്മത്തിനായി അമ്മാവനോടൊപ്പം ഞാനും ഒരു സുഹൃത്തും കൂടി ആ വീട്ടിലെത്തി. പടയനിക്കുള്ള നിവേദ്യങ്ങള്‍ (മദ്യം, കരിക്ക്, സാമ്പ്രാണി തുടങ്ങിആവശ്യമുള്ളതെല്ലാം) വീട്ടുകാര്‍ കരുതിയിട്ടുണ്ട്. ചെന്ന ഉടന്‍തന്നെ വില്ലാളിവീരന്‍ കൊച്ചുവേലന്‍ (അമ്മാവന്‍) വാറ്റുചാരായം നാടന്‍ ഫ്രഷ് ഒരു ഗ്ലാസ്സ് അകത്താക്കി. ഞാനും സുഹൃത്തും ആവശ്യത്തിന് അകത്താക്കി.

നേരം ഇരുട്ടി. വേലന്‍ പൂജ ആരംഭിച്ചു. മുറ്റത്ത് പ്രത്യേകസ്ഥലത്ത് പൂജാവസ്തുക്കള്‍ നിരത്തി. ഞാനും സുഹൃത്തും അല്‍പം ദൂരെ മാറി ഒരു മരച്ചുവട്ടില്‍ ഇരുന്നു. വേലന്‍ എണ്ണത്തിരി കത്തിച്ച് ഒരു തേങ്ങയുടെ മുകളില്‍വച്ച് ഒരു കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് മലദൈവങ്ങളുടെ പേരുകള്‍ വിളിച്ച് ഉറഞ്ഞു തുള്ളാന്‍ തുടങ്ങി.

'തലപ്പാറമല, ഉടുമ്പാറമല, കൊട്ടതട്ടിമല, നത്തക്കാമല, നമ്പന്‍മല, നീലമല, 99 മല, വില്ലാളി വീരന്മാരേ! മുണ്ടന്‍, കേളന്‍, കൊമരന്‍, കുറുമ്പന്‍, കൊച്ചൂഞ്ഞ്, അറുകൊല പിതൃക്കന്മാരേ! ആറ്റുപിശാച്, തോട്ടുപിശാച്, കാട്ടുപിശാച്, മാടന്‍, മര്‍ദ, ആണ്‍പിശാച്, പെണ്‍പിശാച്, രക്തയക്ഷി... ആരാണ് പെണ്‍കിടാത്തിയില്‍ പ്രവേശിച്ചിരിക്കുന്നത് പറ, പറ, പറ...'

ചോദ്യം പെണ്ണിനോട്: 'ഹും പറ, ങേ.. നീ പറയില്ലല്ലേ? ങും, നിന്നേക്കൊണ്ടു ഞാന്‍ പറയിപ്പിക്കും' - തുള്ളി അട്ടഹസിക്കുകയാണ് വേലന്‍.

ഈ സമയത്താണ് മദ്യലഹരിയില്‍ എന്റെ അടുത്തിരുന്ന കൂട്ടുകാരന്‍ ആ 'കുരുത്തക്കേട്' കാട്ടിയത്! (തുടരും)