വിലാപങ്ങള്‍ക്കൊടുവില്‍

ഫൈസല്‍ അനന്തപുരി, ജാമിഅ അല്‍ഹിന്ദ്

2019 ആഗസ്ത് 17 1440 ദുല്‍ഹിജ്ജ 16

സുഹൃത്തിന്റെ ആവശ്യപ്രകാരമാണ് ആ വെള്ളിയാഴ്ച ഖുത്വുബക്കായി മലപ്പുറം ജില്ലയിലെ ചെറിയൊരു ടൗണിലെ പള്ളിയിലെത്തിയത്. നിര്‍മാണത്തില്‍ ലാളിത്യം പുലര്‍ത്തിയ പള്ളി. തുടക്കത്തില്‍ തന്നെ നിറഞ്ഞ സദസ്സ്. ജുമുഅക്ക് ശേഷം ഭക്ഷണം കഴിച്ച് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്ന വഴിയാണ് ഞാന്‍ ആ വ്യക്തിയെ കണ്ടത്. നാല്‍പതിലേക്കെത്തിയ അരോഗദൃഢഗാത്രനായ ഒരു മാന്യദേഹം.  മന്ദഹാസത്തോടെ അയാള്‍ സലാം പറഞ്ഞു. ഞാന്‍ സലാം മടക്കിയ ഉടന്‍ അയാള്‍ ചോദിച്ചു: ''ജാമിഅയിലാണോ? എന്താണ് നിങ്ങളുടെ പേര്?''

ഞാന്‍ എന്നെ പരിചയപ്പെടുത്തി. തുടര്‍ന്ന് അയാള്‍ പറഞ്ഞു: ''തിരക്കില്ലെങ്കില്‍ എനിക്ക് താങ്കളോട് കുറച്ച് സംസാരിക്കണമായിരുന്നു.''

അദ്ദേഹത്തിന്റെ മുഖഭാവം കണ്ടപ്പോള്‍ ആവശ്യം നിരസിക്കാന്‍ എനിക്ക് തോന്നിയില്ല.

''നമുക്ക് പള്ളിയിലേക്ക് പോകാം'' -ഞാന്‍ പറഞ്ഞു.

ഞങ്ങള്‍ പള്ളിയിലേക്ക് നടന്നു. മുസ്വല്ലയില്‍ എനിക്കഭിമുഖമായി അദ്ദേഹം ഇരുന്നു. അദ്ദേഹം പതിഞ്ഞ സ്വരത്തില്‍ പറയാന്‍ തുടങ്ങി. ''എന്റെ പേര്... ആയുര്‍വേദ ഡോക്ടറാണ്. ഇന്ന് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിനമാണ്.''

''എന്താണ് ഇന്നത്തെ പ്രത്യേകത?'' ഞാന്‍ ചോദിച്ചു.

''ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ ആദ്യമായി നമസ്‌കരിക്കുന്നത് ഇന്നാണ്!''

''ഒരു വര്‍ഷത്തിന് ശേഷമോ?'' ഞാന്‍ ചോദിച്ചു.

ഒരു നിശ്വാസമുതിര്‍ത്തുകൊണ്ട് അദ്ദേഹം തുടര്‍ന്നു: ''അതെ! ഒരു വര്‍ഷം മുമ്പു വരെ എന്റെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. മതവിധികള്‍ യഥാവിധി പാലിക്കുന്നതായിരുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങിയ കുടുംബം. നല്ല ശമ്പളം. നല്ല ജീവിത സാഹചര്യങ്ങള്‍. ശമ്പളത്തിലെ വര്‍ധനവിനനുസരിച്ച് മെച്ചപ്പെട്ട സാഹചര്യങ്ങളിലേക്ക് മാറാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. ആ ദിവസം ഡ്യൂട്ടി കഴിഞ്ഞ് പതിവു പോലെ ഞാന്‍ വീട്ടിലേക്കെത്തി. ഉച്ചയ്ക്കു ശേഷം ഭാര്യയും മക്കളും ഉറങ്ങുന്ന സമയമായതിനാല്‍ ഞാന്‍ അവരെ ശല്യം ചെയ്യാന്‍ ഉദ്ദേശിച്ചില്ല. എന്റെ റൂമിലേക്ക് ചെന്ന് കുളിച്ച് വൃത്തിയായ ശേഷം കുറച്ച് ഇ-മെയിലുകള്‍ക്ക് ഞാന്‍ മറുപടി അയച്ചു. അത്യാവശ്യമായി ചില ഫോണ്‍കോളുകള്‍ നടത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ മുറിയില്‍ നിന്നും മക്കളുടെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. ഞാന്‍ അവരുടെ മുറിയിലേക്ക് കടന്നു. ഭാര്യയുടെ ഇരു പാര്‍ശ്വങ്ങളിലുമായി അവര്‍ എന്തൊക്കെയോ ചെയ്തുകൂട്ടുന്നുണ്ട്. എങ്കിലും അവള്‍ നിശ്ചലയായി കിടക്കുകയാണ്. എനിക്ക് എന്തോ പന്തികേട് തോന്നി. ഞാന്‍ അവളുടെ അടുക്കലേക്ക് ചെന്നിരുന്നു. ഞാന്‍ അവളെ വിളിച്ച് നോക്കി. പക്ഷേ മറുപടിയൊന്നും ലഭിച്ചില്ല. അവളുടെ കൈയിലെ പള്‍സ് പരിശോധിച്ചപ്പോള്‍ എന്റെ സിരകള്‍ മരവിച്ചു പോയി. തളര്‍ന്നുപോയ ഞാന്‍ ഈസി ചെയറിലേക്ക് ചാഞ്ഞു വീണു. എന്റെ ലോകം പൊടുന്നനെ ഇടുങ്ങിയതായി അനുഭവപ്പെട്ടു. എന്റെ മുന്നിലെ ദൃശ്യങ്ങള്‍ ശ്ലഥചിത്രങ്ങളായി രൂപാന്തരപ്പെട്ടു. മക്കള്‍ എന്റെ സമീപത്തുനിന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...''

കണ്ഠമിടറിയ അദ്ദേഹം ഒരല്‍പ സമയം സംസാരം നിര്‍ത്തി. കണ്ണുകള്‍ തുടച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു: ''പിന്നീട് എന്റെ ജീവിതം ആകെ താറുമാറായി. ജോലിയില്‍ നിന്നും ഞാന്‍ നീണ്ട അവധിയില്‍ പ്രവേശിച്ചു. എന്റെ മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചത് ഉമ്മയും സഹോദരനുമായിരുന്നു. അതിനിടയില്‍ എന്നില്‍നിന്നും എന്റെ ഊമാന്‍ ചോര്‍ന്നുപോയി. മതപരമായ വിഷയങ്ങള്‍ ശ്രദ്ധിച്ചിരുന്ന ഞാന്‍ അവയെ പാടെ അവഗണിക്കാന്‍ തുടങ്ങി. വെള്ളിയാഴ്ച ജുമുഅക്ക് പോലും ഞാന്‍ പള്ളിയില്‍ പോകാതെയായി. എന്റെ സഹോദരന്‍ എന്നെ പള്ളിയിലേക്ക് ക്ഷണിക്കും. പക്ഷേ ഞാന്‍ ഒരിക്കലും പോകാന്‍ കൂട്ടാക്കിയില്ല. എന്നില്‍നിന്ന് എന്റെ പ്രിയതമയെ വേര്‍പെടുത്തിയതിലുള്ള ദുഃഖവും അമര്‍ഷവും എന്നെ ഒരു നിഷേധിയാക്കി മാറ്റി, ഞാന്‍പോലുമറിയാതെ. ഈ നില തുടര്‍ന്നുകൊണ്ടേയിരുന്നു. ഇന്നേ ദിവസം വരെ...''

''ഇന്ന് പിന്നെ എന്താണ് സംഭവിച്ചത്?'' കഥ ഒരു വഴിത്തിരിവിലെത്തിയ പോലെ അനുഭവപ്പെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു.

അദ്ദേഹം വീണ്ടും തുടര്‍ന്നു: ''ഇന്ന് എന്റെ സഹോദരന്‍ തികഞ്ഞ ശാഠ്യത്തിലായിരുന്നു. 'ഒരു വര്‍ഷമായി ഞാന്‍ നിന്നെ നിന്റെ പഴയ അവസ്ഥയിലേക്ക് മടങ്ങാന്‍ ക്ഷണിക്കുന്നു. ഇനിയും ഈ നില തുടരുകയാണെങ്കില്‍ എന്റെ യാതൊരു സഹായവും ഇനി മുതല്‍ പ്രതീക്ഷിക്കരുത് എന്നൊക്കെ  പറഞ്ഞപ്പോള്‍ മനമില്ലാ മനസ്സോടെ ഇന്ന് ഞാന്‍ പള്ളിയില്‍ വന്നു. ഞാന്‍ അറിഞ്ഞിരുന്നില്ല ഇതൊരു മാറ്റത്തിന്റെ ദിനമാകുമെന്ന്. സഹോദരനെ പിണക്കാതിരിക്കാന്‍ വേണ്ടി മാത്രം ഉദ്ദേശിച്ചാണ് ഇന്ന് പള്ളിയില്‍ വന്നത്.എന്നാല്‍ ഇന്ന് നിങ്ങള്‍ മിമ്പറില്‍നിന്നു പറഞ്ഞ ചില കാര്യങ്ങള്‍ എന്നെ വീണ്ടുവിചാരത്തിലേക്ക് നയിച്ചിരിക്കുന്നു.''

ഞാന്‍ അമ്പരന്നു പോയി: ''എന്റെ വാക്കുകളോ?''

''അതെ, താങ്കള്‍ ഇന്ന് പ്രവാചക പത്‌നിയായ ഖദീജ(റ)യുടെ ചരിത്രം വിവരിച്ചുവല്ലോ. അതില്‍നിന്നും എനിക്ക് ചിന്തിക്കുവാന്‍ ഏറെ കാര്യങ്ങള്‍ ലഭിച്ചു.''

പ്രവാചക പത്‌നിയുടെ വിയോഗം അതില്‍ അദ്ദേഹം അനുഭവിച്ച സങ്കടം, വിശ്വാസം മറുകെ പിടിച്ചും പ്രബോധനമാര്‍ഗത്തില്‍ മുന്നേറിയുമുള്ള ജീവിതം എന്നിവയെല്ലാം ഞാന്‍ വിശദീകരിച്ചിരുന്നു.

അദ്ദേഹം തുടര്‍ന്നു: ''നബി ﷺ യുടെ എല്ലാമെല്ലാമായിരുന്നു ഭാര്യ ഖദീജ(റ) എന്ന് നിങ്ങള്‍ പറഞ്ഞല്ലോ. ഇരുപത്തിയഞ്ച് കൊല്ലക്കാലം പ്രവാചകന്റെ ദാമ്പത്യജീവിതത്തെ തരളിതമാക്കിയത് ആ മഹതിയായിരുന്നു. പ്രവാചകന്റെ ജീവിതത്തില്‍ ഖദീജ(റ) കേവലമൊരു ഭാര്യയായിരുന്നില്ല. ഹിറാ ഗുഹയില്‍ നിന്നും ഭയവിഹ്വലനായെത്തിയ പ്രവാചകനെ ധൈര്യം പകര്‍ന്ന് ആശ്വസിപ്പിച്ചവര്‍. പ്രവാചകനില്‍ ആദ്യമായി വിശ്വസിച്ചവര്‍, പ്രവാചകനെ സംരക്ഷണമൊരുക്കിയവര്‍, സമൂഹം കളവാക്കിയപ്പോള്‍ കൂടെ നിന്നവര്‍, എല്ലാവരും കല്ലെറിഞ്ഞപ്പോള്‍ ചേര്‍ത്തുപിടിച്ചവര്‍... അതായിരുന്നു ഖദീജ(റ). ഇക്കാര്യം നബി ﷺ  തന്നെ എടുത്തു പറഞ്ഞിട്ടുണ്ട്. ഇതെല്ലാം താങ്കള്‍ ഇന്ന് വിശദീകരിച്ചു.

ആ പ്രിയ പത്‌നിയെ നഷ്ടപ്പെട്ടപ്പോള്‍ പ്രവാചകന് എന്തായിരിക്കും അനുഭവപ്പെട്ടിരിക്കുക? അദ്ദേഹം  തന്റെ ദൗത്യത്തില്‍ നിന്നും പിന്തിരിഞ്ഞോടിയില്ല. വിശ്വാസം വലിച്ചെറിഞ്ഞില്ല. പ്രബോധന മാര്‍ഗത്തില്‍ അദ്ദേഹം ശക്തമായി മുന്നേറി. അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയ ഒരു ദൈവിക സമ്മാനത്തെപ്പറ്റി താങ്കള്‍ പറഞ്ഞു. മിഅ്‌റാജിന്റെ രാത്രിയില്‍ ഏഴാനാകാശത്തിനപ്പുറത്തു വെച്ച് അല്ലാഹു നല്‍കിയ സമ്മാനം. അതെ, അഞ്ചുനേരത്തെ നമസ്‌കാരം! ഏത് പ്രതിസന്ധിയുടെ സന്ദര്‍ഭത്തിലും ക്വിബ്‌ലയിലേക്ക് തിരിഞ്ഞുനിന്ന് 'അല്ലാഹു അക്ബര്‍' എന്ന് പറഞ്ഞ് നെഞ്ചില്‍ കൈവച്ച് നമസ്‌കരിക്കുകയും അതില്‍ ആത്മസംതൃപ്തി കണ്ടെത്തുകയും ചെയ്യുന്ന നബി ﷺ യെ താങ്കള്‍ പരിചയപ്പെടുത്തി. ആ രംഗം എന്റെ മനസ്സില്‍ വല്ലാതെ പതിഞ്ഞുപോയി. ഞാനെന്തിന് നിഷേധിയായി ജീവിക്കുന്നു എന്ന ചോദ്യം എന്റെ മനസ്സില്‍ ഉദിച്ചിരിക്കുന്നു. അതെ, ഞാന്‍ എന്റെ ജീവിതത്തെ മാറ്റിയെഴുതാന്‍ തീരുമാനിച്ചിരിക്കുന്നു. എനിക്കിനി ഒരു സത്യവിശ്വാസിയായി ജീവിക്കണം. അതില്‍ ഞാന്‍ താങ്കളോട് കടപ്പെട്ടിരിക്കുന്നു...'' ഇത്രയും പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു.

''സഹോദരാ, നന്ദി പറയേണ്ടത് അല്ലാഹുവിനോട്. അവനാണ് ഹിദായത്ത് നല്‍കുന്നവന്‍. അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക'' അദ്ദേഹത്തെ ചേര്‍ത്ത് പിടിക്കുമ്പോള്‍ അറിയാതെ എന്റ കണ്ണുകളും നിറഞ്ഞുപോയിരുന്നു.