നിഷിദ്ധങ്ങളെ സൂക്ഷിക്കുക

ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ(റഹി)

2019 നവംബര്‍ 02 1441 റബിഉല്‍ അവ്വല്‍ 03

(പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍: 6)

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ 'റഫ്ഉല്‍ മലാം' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം | വിവ.: ശമീര്‍ മദീനി )

ശിക്ഷയെ സംബന്ധിച്ച് ഖണ്ഡിതമായ തെളിവില്ല എന്നത് ശിക്ഷയില്ല എന്നതിനുള്ള രേഖയാണെന്ന് പറയാനൊക്കുകയില്ല. മുസ്വ്ഹഫിലുള്ളതിനെക്കാള്‍ അധികരിച്ചുവന്ന മുതവാത്തിറല്ലാത്ത ക്വിറാഅത്തുകളുടെ കാര്യത്തിലേതുപോലെ. തെളിവ് സ്ഥിരപ്പെട്ടില്ല എന്നുള്ളതുകൊണ്ട് ഒരു ആശയം ഇല്ല എന്നുവരുന്നില്ല. ഏതെങ്കിലും ഒരു വൈജ്ഞാനിക കാര്യം ഖണ്ഡിതമായ തെളിവ് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ പേരില്‍ ശക്തമായി നിഷേധിക്കുന്ന രീതി ചില വചന ശാസ്ത്ര (ഇല്‍മുല്‍ കലാം) വിഭാഗക്കാരുടെ രീതി പോലെ വ്യക്തമായ അബദ്ധമാണ്. എന്നാല്‍ ഒരു കാര്യം ഉണ്ടെന്നത് അതിനുള്ള തെളിവിനെ താല്‍പര്യപ്പെടുന്നുണ്ട് എന്നത് നാം മനസ്സിലാക്കിയാല്‍ പ്രസ്തുത തെളിവില്ലാത്തതിനാല്‍ അനുബന്ധമായ ആ കാര്യം ഇല്ലായെന്ന് നാം ഉറപ്പിക്കും.

അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ മതവും റിപ്പോര്‍ട്ടുചെയ്യാവുന്ന വിധം അതിനാവശ്യമായ ഘടകങ്ങളും സൗകര്യങ്ങളും യഥേഷ്ടമുണ്ടായിരുന്നു എന്നത് നമുക്ക് ബോധ്യമുള്ള സംഗതിയാണ്. മറ്റുള്ളവരിലേക്ക് കൈമാറല്‍ അനിവാര്യമായ ഏതെങ്കിലും ഒരു കാര്യം മറച്ചുവെക്കുകയെന്നത് ഈ സമുദായത്തെ സംബന്ധിച്ചിടത്തോളം ഉണ്ടാകുവാന്‍ പാടുള്ളതല്ല. അതിനാല്‍ അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരത്തിനു പുറമെ ആറാമതൊരു നിര്‍ബന്ധ നമസ്‌കാരമോ ക്വുര്‍ആനിലെ 114 അധ്യായങ്ങള്‍ക്കു പുറമെ വേറെ ഏതെങ്കിലും ഒരു അധ്യായമോ ഉദ്ധരിക്കപ്പെടാത്തിടത്തോളം അങ്ങനെയൊന്നില്ല എന്ന് നമുക്ക് ദൃഢമായ അറിവു നല്‍കുന്നുണ്ട്.

എന്നാല്‍ ശിക്ഷയെ സംബന്ധിച്ചു പറയുന്ന കാര്യം ഇപ്പറഞ്ഞ രൂപത്തിലല്ല. ഏതെങ്കിലും ഒരു കാര്യം ചെയ്താലുള്ള ശിക്ഷയെ പറ്റി പറയുന്ന ഹദീഥ് 'മുതവാത്തിറായി' ഉദ്ധരിക്കപ്പെടണമെന്ന് നിര്‍ബന്ധമില്ല; പ്രസ്തുത പ്രവര്‍ത്തിയുടെ മതവിധിയെ അറിയിക്കുന്ന റിപ്പോര്‍ട്ടുകളും മുതവാത്തിറാകണമെന്ന് നിര്‍ബന്ധമില്ലാത്തത് പോലെ തന്നെ. ശിക്ഷയെ സംബന്ധിച്ച് താക്കീത് ഉള്‍ക്കൊള്ളുന്ന ഹദീഥുകളുടെ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കല്‍ അനിവാര്യമാണ്. അതായത്, ആ കാര്യം ചെയ്യുന്നയാള്‍ക്ക് പ്രസ്തുത ശിക്ഷകൊണ്ട് താക്കീതു നല്‍കപ്പെടണം. എന്നാല്‍ ആ ശിക്ഷ അയാള്‍ക്ക് ഏല്‍ക്കേണ്ടി വരുമോ എന്നത് ചില നിബന്ധനകളുടെ (ശുറൂത്വ്)യും ചില തടസ്സങ്ങളുടെ(മവാനിഅ്)യും അടിസ്ഥാനത്തിലാണ് പറയേണ്ടത്. ഈ തത്ത്വം ചില ഉദാഹരണങ്ങളിലൂടെ വ്യക്തമാകുന്നതാണ്.

നബി ﷺ  പലിശയുമായി ബന്ധപ്പെട്ട് ഇപ്രകാരം പറഞ്ഞതായി സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്: ''പലിശ തിന്നുന്നവനെയും അത് തീറ്റുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു'' (മുസ്‌ലിം).

അപ്രകാരം തന്നെ ഒരു 'സ്വാഅ്' നല്ല കാരക്കയ്ക്ക് പകരം രണ്ട് 'സ്വാഅ്' താഴ്ന്ന കാരക്ക റൊക്കമായി വിറ്റയാളോട് 'ഹാവൂ! തനിപ്പലിശ' എന്നും നബി ﷺ  പറഞ്ഞത് സ്ഥിരപ്പെട്ടിട്ടുണ്ട് (ബുഖാരി).

ഗോതമ്പ് ഗോതമ്പുമായി കച്ചവടം ചെയ്യുമ്പോഴും തുല്യമായതല്ലായെങ്കില്‍ പലിശയാകുമെന്നും ഹദീഥില്‍ വന്നിട്ടുണ്ട് (ബുഖാരി, മുസ്‌ലിം).

ഈ ഹദീഥുകള്‍ അറിയിക്കുന്നത് രണ്ടുതരം പലിശകളും മേല്‍പറയപ്പെട്ട ഹദീഥിന്റെ താല്‍പര്യത്തില്‍ വരുമെന്നാണ്. അഥവാ മിച്ചപ്പലിശ(രിബല്‍ ഫദ്ല്‍)യും അവധിപ്പലിശ(രിബന്നസീഅ)യും. എന്നാല്‍ 'പലിശ അവധിപ്പലിശയിലാണ്' എന്ന പ്രവാചക വചനം ലഭിച്ചവരാകട്ടെ, രണ്ടു സ്വാഇനു പകരമായി ഒരു സ്വാഅ് റൊക്കമായി കച്ചവടം ചെയ്യുന്നത് അനുവദനീയമാണെന്ന് മനസ്സിലാക്കി; ഇബ്‌നു അബ്ബാസ്(റ)വും അദേഹത്തിന്റെ ശിക്ഷ്യന്മാരും മനസ്സിലാക്കിയതുപോലെ- അതായത്, അബൂശ്ശഅ്ഥാഅ്(റ), അത്വാഅ്(റ), ത്വാവൂസ്(റ), സഈദുബ്‌നു ജുബൈര്‍(റ), ഇക്‌രിമ(റ) മുതലായ മക്കയിലെ പണ്ഡിതന്മാര്‍. അവരാകട്ടെ അറിവുകൊണ്ടും കര്‍മംകൊണ്ടും ഈ ഉമ്മത്തിലെ ശ്രേഷ്ഠരായ വ്യക്തിത്വങ്ങളാണ്താനും. ഇവരില്‍ ആരെയെങ്കിലും ഒരാളെ സംബന്ധിച്ചോ, അതല്ലെങ്കില്‍ അവരെ പിന്‍പറ്റിക്കൊണ്ട് പറഞ്ഞ ആരെയെങ്കിലും സംബന്ധിച്ചോ പലിശ തിന്നുന്നവര്‍ക്കുള്ള ശാപം ഇവര്‍ക്കും ബാധിക്കുമെന്ന് ഒരു മുസ്‌ലിമിന് പറയാന്‍ പാടുള്ളതല്ല. എന്തു കൊണ്ടെന്നാല്‍ അവര്‍ അപ്രകാരം പറഞ്ഞത് മൊത്തത്തില്‍ വ്യാഖ്യാനത്തിന് സാധ്യതയുള്ള ഒരു വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാലവര്‍ ആക്ഷേപാര്‍ഹരല്ല. മാത്രവുമല്ല ഇബ്‌നു അബ്ബാസും(റ) തന്റെ ചില ശിഷ്യന്മാരും ഈ അഭിപ്രായത്തില്‍ നിന്ന് മടങ്ങിയതായും പറയപ്പെടുന്നുണ്ട്. എന്നാല്‍ ആ അഭിപ്രായത്തില്‍ നിന്നും മടങ്ങാത്തവരെ സംബന്ധിച്ചടത്തോളം അവര്‍ക്ക് ഈ വിഷയത്തിലുള്ള ഹദീഥ് ലഭിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ ഒഴികഴിവുള്ളവരാണ്.

അപ്രകാരം തന്നെ മദീനക്കാരായ ചില മഹത്തുക്കളില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന ഗുദമൈഥുനത്തെ സംബന്ധിച്ചുള്ള അഭിപ്രായം; നബി ﷺ  പറഞ്ഞതായി അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീഥുമായി ബന്ധപ്പെട്ടുത്തികൊണ്ട്. നബി ﷺ  പറഞ്ഞു: ''ആരെങ്കിലും തന്റെ ഇണയുമായി പിന്‍ദ്വാരത്തിലൂടെ ബന്ധപ്പെട്ടാല്‍ അയാള്‍ മുഹമ്മദ് നബിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ അവിശ്വസിച്ചിരിക്കുന്നു'' (അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ, നസാഇ). ഇന്നയിന്ന ആളുകളൊക്കെ മുഹമ്മദ് നബി ﷺ ക്ക് ഇറക്കപ്പെട്ടതില്‍ അവിശ്വസിച്ചവരാണ് എന്ന് പറയാന്‍ ഒരു സത്യവിശ്വാസി ധൈര്യപ്പെടുമോ?

അപ്രകാരം തന്നെ മദ്യത്തിന്റെ വിഷയത്തില്‍ പത്ത് വിഭാഗം ആളുകളെ നബി ﷺ  ശപിച്ചതായി സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്. അതായത്, മദ്യമുണ്ടാക്കുന്നവരെയും മദ്യം ഉണ്ടാക്കിക്കുന്നവരെയും അത് കുടിക്കുന്നവരെയും തുടങ്ങി അത് ചുമന്നുകൊണ്ടുപോകുന്നവരെയും, ആര്‍ക്ക് വേണ്ടിയാണോ കൊണ്ടുപോകുന്നത് അവരെയും അത് കഴിപ്പിക്കുന്നവരെയും വില്‍ക്കുന്നവരെയും അതിന്റെ സമ്പാദ്യം ഭക്ഷിക്കുന്നവരെയുമൊക്കെപ്പറ്റി പറയുന്ന ഹദീഥ് (തിര്‍മിദി, ഇബ്‌നുമാജ) മുതലായവര്‍ ഉദ്ധരിച്ചത്. ശൈഖ് അല്‍ബാനി സ്വഹീഹെന്ന് സ്ഥിരീകരിച്ചു 'ഗായത്തുല്‍ മറാം' പേജ്: 60)

'ലഹരിയുണ്ടാക്കുന്ന എല്ലാ പാനീയങ്ങളും മദ്യമാണ്' എന്നും 'ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യമാണ്' (ബുഖാരി, മുസലിം) എന്നും നബി ﷺ  പറഞ്ഞതായി വ്യത്യസ്ത വഴികളിലൂടെ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്.

മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും ഇടയില്‍വെച്ച് നബി  ﷺ യുടെ മിമ്പറില്‍ നിന്നുകൊണ്ട് ഉമര്‍(റ) പ്രസംഗിച്ചു: ''മദ്യമെന്നത് ബുദ്ധിയെ മറക്കുന്നതാണ്. മദ്യം നിഷിദ്ധമാണെന്ന് അല്ലാഹു വിധി അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ അവതരണ കാരണം ആളുകള്‍ മദീനയില്‍ മദ്യപിച്ചിരുന്നു എന്നതാണ്.'' മൂപ്പെത്താത്ത കാരക്കകൊണ്ട് അവരുണ്ടാക്കിയിരുന്ന പ്രത്യേകതരം മദ്യമായിരുന്നു (ഫര്‍ഖ്). മുന്തിരിയുടെ കള്ള് അവരുടെ പക്കലുണ്ടായിരുന്നില്ല. എന്നാല്‍ കൂഫക്കാരായ ചില മഹത്തുക്കള്‍ വിശ്വസിച്ചിരുന്നത് മദ്യം (ഖംറ്) എന്നത് മുന്തിരിക്കള്ള് മാത്രമാണ് എന്നാണ്. മുന്തിരിയുടെയും ഈത്തപ്പഴത്തിന്റെതുമല്ലാത്ത വീഞ്ഞുകള്‍ ലഹരിയുണ്ടാക്കാത്തത്ര അളവില്‍ ഉപയോഗിക്കുന്നത് നിഷിദ്ധമല്ലെന്നു കരുതുകയും അനുവദനീയമെന്ന് അവര്‍ കരുതിയത് കുടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ ആ മഹാന്മാരെ കുറിച്ച്, ഹദീഥില്‍ വന്ന താക്കീതുകളും ആക്ഷേപങ്ങളും അവര്‍ക്കും ബാധകമാണെന്ന് പറയാന്‍ പറ്റുകയില്ല. കാരണം, അവരുടേതായി മറ്റ് പല തടസ്സങ്ങളും (മവാനിഅ്) ഉള്ളതിനാലും അപ്രകാരം പറയാന്‍ പറ്റില്ല. അവര്‍ കുടിച്ച പാനിയം ഹദീഥിലൂടെ ശപിക്കപ്പെട്ട പാനീയമായിരുന്നില്ല എന്നും പറയാന്‍ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ വ്യാപകാര്‍ഥത്തിലുള്ള പ്രസ്തുത പദത്തില്‍ അതൊക്കെ ഉള്‍പെടുന്നതാണ്.

മാത്രമല്ല, നബി ﷺ  മദ്യം വില്‍ക്കുന്നവരെയും ശപിച്ചിട്ടുണ്ട്. ചില സ്വഹാബിമാരാകട്ടെ മദ്യം വിറ്റിട്ടുമുണ്ട്. അങ്ങനെ ആ വിവരം ഉമര്‍(റ) അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:

''അവര്‍ക്കറിഞ്ഞുകൂടേ ജൂതന്മാരെക്കുറിച്ച് നബി ﷺ  പറഞ്ഞത്? 'ജൂതന്മാരെ അല്ലാഹു ശപിക്കട്ടെ! അവര്‍ക്ക് ശവത്തിന്റെയും പന്നിയുടെയും കൊഴുപ്പ് നിഷിദ്ധമായിരുന്നു. എന്നാല്‍ അവരത് ഉണ്ടാക്കി വില്‍ക്കുകയും അതിലൂടെ കിട്ടിയ വരുമാനം ഭക്ഷിക്കുകയും ചെയ്തു.''

മദ്യവില്‍പന നിഷിദ്ധമാണെന്നത് അദ്ദേഹത്തിനറിഞ്ഞുകൂടായിരുന്നു. എന്നാല്‍ ആ അറിവില്ലായ്മ പ്രസ്തുത കുറ്റത്തിന്റെ പ്രതിഫലത്തെ കുറിച്ച് വിശദമാക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞില്ല. പ്രത്യുത താനടക്കമുള്ള എല്ലാവരും അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് വേണ്ടി ആ അറിവ് ലഭിച്ചപ്പോള്‍ അദ്ദേഹം സംസാരിക്കുകയാണുണ്ടായത്.