മൗലവി അബ്ദുല്ല അറക്കല്‍

റഹ്മത്തുല്ല അറക്കല്‍

2019 ജൂണ്‍ 22 1440 ശവ്വാല്‍ 19

കണ്ണൂര്‍: തൗഹീദീ പ്രബോധനത്തിലും 45 വര്‍ഷത്തിലധികം അറബി അധ്യാപന വൃത്തിയിലും നിലകൊണ്ട അബ്ദുല്ല മൗലവി അറക്കല്‍ (77) ഇക്കഴിഞ്ഞ റമദാന്‍ 24ന് രാവിലെ നമ്മെ വിട്ടുപിരിഞ്ഞു. ആറ് മാസത്തിലധികമായി ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശയ്യാവലംബിയായിരുന്നു.

കണ്ണൂര്‍ സിറ്റിയിലും പരിസരത്തും തനതായ ഇസ്‌ലാമിനെ പ്രചരിപ്പിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ച വ്യക്തിയാണ് മൗലവി. 'അത്തൗഹീദ്' എന്ന ഈടുറ്റ ഗ്രന്ഥത്തിന്റെ രചയിതാവായ പള്ളിയത്ത് അബ്ദുല്‍ ക്വാദിര്‍ മൗലവിയുടെ നിര്യാണത്തോടെ(1945) പ്രദേശത്ത് താല്‍ക്കാലികമായി നിന്നുപോയ ആദര്‍ശ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത് 1970 കളില്‍ കേരള നദ്‌വതുല്‍ മുജാഹിദീന്റെ കണ്ണൂര്‍ ശാഖ നിലവില്‍ വന്നതോടെയായിരുന്നു. സി. എച്ച് അബ്ദുര്‍റഹ്മാന്‍ മൗലവി(കടവത്തൂര്‍)യുടെ ക്വുര്‍ആന്‍ ക്ലാസിന്റെ സംഘാടകരില്‍ പ്രധാനിയായിരുന്നു മൗലവി.

ആദര്‍ശ രംഗത്തെ വഴികാട്ടിയും പിതൃവ്യനുമായ കെ. ഉമര്‍ മൗലവിയുടെ പ്രേരണയാല്‍, സ്‌കൂള്‍ വിദ്യാഭ്യാസത്തെ തുടര്‍ന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക്കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയതിന് ശേഷം  1965ലാണ് തലശ്ശേരി മുബാറക് ഹൈസ്‌കൂളില്‍ അറബിക് അധ്യാപകനായി കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി മൗലവി എത്തുന്നത്. അതിന് മുമ്പ് തിരൂര്‍ക്കാട് എ. എം. ഹൈസ്‌കൂളില്‍ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിയുടെ സഹഅധ്യാപകനായി കുറച്ചുകാലം സേവനം ചെയ്തിട്ടുണ്ട്. ഗവ: കണ്ണൂര്‍ സിറ്റി ഹൈസ്‌കൂള്‍ അധ്യാപകനായാണ് കണ്ണൂര്‍ സിറ്റിയിലെത്തുന്നത്. അതിന് മുമ്പ് കക്കാട് പുഴാതി ഗവ: ഹൈസ്‌കൂളിലും ജോലി ചെയ്തിട്ടുണ്ട്. 1981ല്‍ കണ്ണൂര്‍ കസാനകോട്ടയില്‍ പാര്‍സി ബംഗ്‌ളാവിന് സമിപം വീട് വെച്ചു താമസമാക്കി.

കോഴിക്കോട്ടെ വലിയ ഖാദി സിറ്റിയിലെ ഒരു ജാറം ഉദ്ഘാടനം ചെയ്യാന്‍ വന്നതും അത് ചോദ്യം ചെയ്ത് മൗലവി  കത്തയക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. കെ. ഉമര്‍ മൗലവി ഈ വിഷയം ഏറ്റെടുക്കുകയും ഒരുപാട് ലക്കങ്ങളിലായി 'വലിയ ഖാദി വലിയശിര്‍ക്ക് പ്രചരിപ്പിക്കുന്നു' എന്ന തലക്കെട്ടില്‍ ഖാദിയുടെ പിഴച്ച വാദങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട് 'സല്‍സബീലി'ല്‍ ലേഖനംപ്രസിദ്ധീകരിക്കുകയുമുണ്ടായി.

1992ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഇസ്വ്‌ലാഹിയ്യ അറബിക്കോളേജ് പ്രിന്‍സിപ്പാളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.എ.ടി.എഫിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. സ്വദേശത്തും വിദേശത്തുമായി നൂറുകണക്കിന് ശിഷ്യന്മാരുണ്ട്.

വെളിയങ്കോട് സ്വദേശികളായ കടമ്പാളത്ത് മുഹമ്മദുണ്ണിയുടെയും അറക്കല്‍ മര്‍യമിന്റെയും പുത്രനായി 1942ന് വെളിയങ്കോട്ട് ജനിച്ചു. 1945ല്‍ കുടുംബസമേതം തിരൂര്‍ക്കാട്ടേക്ക് മാറിത്താമസിച്ച കെ. ഉമര്‍ മൗലവിയുടെ താല്‍പര്യപ്രകാരം ജ്യേഷ്ഠനും അബ്ദുല്ല മൗലവിയുടെ പിതാവുമായ മുഹമ്മദുണ്ണിയും കുടുംബവും 1960 ല്‍ വെളിയങ്കോട്ട് നിന്ന് തിരൂര്‍ക്കാട്ടേക്ക് താമസം മാറ്റി.

പരേതനായ മുഹമ്മദ് നദ്‌വി (തിരൂര്‍ക്കാട്), ആമിന (വെളിയങ്കോട്), പരേതയായ നഫീസ (തിരൂര്‍ക്കാട്), ആയിഷ (തിരൂര്‍ക്കാട്), പരേതനായ ഇബ്‌റാഹീം അറക്കല്‍ (തിരൂര്‍ക്കാട്), മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമര്‍ അറക്കല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ഭാര്യ: മോങ്ങം സ്വദേശിനി സുലൈഖ ചേനാട്ടു കുഴിയില്‍ (റിട്ട: അറബി അധ്യാപിക). മക്കള്‍: റഹ്മതുല്ല, മുനീറ (പരപ്പനങ്ങാടി), ഇസ്മതുല്ല, സിബ്ഗതുല്ല (ഷാര്‍ജ), നിഅ്മതുല്ല (ദുബൈ). അബ്ദുശ്ശുകൂര്‍ ചാലിലകത്ത് (പരപ്പനങ്ങാടി) ജാമാതാവാണ്. റഷീദ.എ.കെ(കടലുണ്ടി), ഹഫ്‌സിദ സി.എച്ച്  (കൂത്തുപറമ്പ്), ജാസ്മിന്‍ (ചാലാട്), സുഹൈല ഉബൈദ് (കസാനകോട്ട) മരുമക്കളാണ്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറതും മര്‍ഹമതും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍