വസ്ത്രം മറയ്ക്കാനുള്ളതാണ്, മറക്കാനുള്ളതല്ല

ഷജീന സ്വലാഹിയ്യ

2026 ആഗസ്റ്റ് 29, 1448 റബീഉൽ അവ്വൽ 16

പല സ്ത്രീകളുടെയും ഉറക്കിൽനിന്ന് എഴുന്നേറ്റതു മുതലുള്ള ചിന്ത ഇന്നു പുറത്തു പോകുമ്പോൾ ആളുകൾ എന്നിൽ ആകൃഷ്ടരാകാൻ എങ്ങനെയൊക്കെ ശരീരത്തെ മോഡി പിടിപ്പിക്കണം എന്നതാണ്. സമ്പന്നർ അതിനായി ബ്യൂട്ടിപാർലറിൽ പോകുന്നു. സാധാരണക്കാർ സ്വയം മുഖകാന്തി വർധിപ്പിക്കാനുള്ള വഴികൾ തേടുന്നു. ഓരോ ദിവസവും ധരിക്കുന്ന വസ്ത്രത്തിന്റെ നിറത്തിനനുസരിച്ചുള്ള ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നു. അല്ലാതെ പുറത്തിറങ്ങുന്നത് പലർക്കും ഓർക്കാൻ പോലും കഴിയാത്ത കാര്യമാണ്.

ഒരു മുസ്‌ലിം സ്ത്രീയും ഇങ്ങനെയായിക്കൂടാ. പരപുരുഷന്മാരെ ആകർഷിക്കുന്ന വിധത്തിൽ ശരീര സൗന്ദര്യം പ്രകടിപ്പിക്കുവാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. മുഖകാന്തിയും അംഗലാവണ്യവുമല്ല; മനസ്സിന്റെ സൗന്ദര്യമാണ് ഒരു വ്യക്തിയെ ഉത്തമനാക്കുന്നത്. ധർമനിഷ്ഠ (തക്വ്‌വ) പാലിച്ചുള്ള ജീവിതത്തെക്കാൾ മനുഷ്യനെ മനോഹരമാക്കുന്ന ഒന്നുമില്ല. അല്ലാഹു പറയുന്നു: “തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു’’ (ക്വുർആൻ 49:13).

നബിﷺ പറഞ്ഞു: “നിശ്ചയം, അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ സമ്പത്തുകളിലേക്കോ അല്ല നോക്കുന്നത്; എന്നാൽ അവൻ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവൃത്തികളിലേക്കുമാണ്’ (മുസ്‌ലിം). ചിന്താഗതികളും പ്രവർത്തനങ്ങളും മോശമാണെങ്കിൽ ബാഹ്യസൗന്ദര്യംകൊണ്ട് എന്തു കാര്യം?

വൃത്തിയില്ലാതെയും നല്ല വസ്ത്രം ഉണ്ടായിട്ടും അത് ധരിക്കാതെയും നടക്കാൻ ഇസ്‌ലാം അനുശാസിക്കുന്നില്ല. ഇമാം മുസ്‌ലിം റിപ്പോട്ട് ചെയ്യുന്ന ഒരു ഹദീസിൽ നമുക്കു കാണാം: “തീർച്ചയായും അല്ലാഹു ഭംഗിയുള്ളവനാണ്, അവൻ ഭംഗി ഇഷ്ടപ്പെടുന്നു.’’ എന്നാൽ അഹങ്കാര പ്രകടനമോ അമിതമായ അലങ്കാരമോ പാടില്ല. വൃത്തി വേണം. മാന്യമായ രീതിയിൽ വസ്ത്രം ധരിക്കണം.

അല്ലാഹു സ്ത്രീകളോട് പ്രത്യേകം ഉണർത്തുന്നുണ്ട്; ദൃഷ്ടി താഴ്ത്തുവാനും ലജ്ജയും മാന്യതയും കാത്തുസൂക്ഷിക്കുവാനും (ക്വുർആൻ 24:31).

അതെ, അല്ലാഹുവിന്റെ കൽപനകൾ അനുസരിച്ചുകൊണ്ടുള്ള ജീവിതമാണ്, നല്ല സ്വഭാവമാണ് ഏറ്റവും വലിയ സൗന്ദര്യം. മുഖപ്രസന്നത, കരുണ, വിനയം, ക്ഷമ, സ്‌നേഹം...ഇതൊക്കെയാണ് ഒരു വ്യക്തിയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നത്. ഒരു മനുഷ്യനെക്കുറിച്ച് ആളുകൾ പലപ്പോഴും അവന്റെ വസ്ത്രധാരണം നോക്കിയാണ് വിലയിരുത്തുക എന്നത് ഇതിനോടൊപ്പം കൂട്ടിവായിക്കുക.

“ആദം സന്തതികളേ, നിങ്ങൾക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങൾ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാര വസ്ത്രവും നൽകിയിരിക്കുന്നു...’’

(ക്വുർആൻ 7:26). ദൈവബോധവും ധാർമികതയും ജീവിച്ചിരിപ്പുണ്ടെന്ന് സമൂഹത്തോട് നിശ്ശബ്ദമായി പ്രഖ്യാപിക്കലും മാന്യതയുടെ അടയാളവുമാണ് ഇസ്‌ലാമിക വസ്ത്രധാരണ രീതി.

ഫാഷൻ ഭ്രമം പിടികൂടിയും മോഡലുകളുടെ അടിമകളായും ട്രെന്റുകൾ മാറുന്നതനുസരിച്ച് വസ്ത്രങ്ങൾ വാങ്ങിക്കൂട്ടാൻ വ്യഗ്രത കാണിക്കുന്ന, എന്നാൽ അതിനുള്ള വരുമാനമില്ലാത്ത ചിലരുണ്ട്. അസാൻമാർഗിക പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടാണെങ്കിലും അവർ അതിനുള്ള പണം കണ്ടെത്തും!

ഇസ്‌ലാമിക വസ്ത്രധാരണരീതി മനുഷ്യനെ ഫാഷന്റെ അടിമയാക്കുന്നില്ല; അൽപവസ്ത്രം ധരിക്കലാണ് പരിഷ്‌കാരമെന്നു പഠിപ്പിക്കുന്നില്ല. വസ്ത്രം ധരിക്കുന്നതിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം നഗ്നത മറയ്ക്കലാണ്. മറച്ചാലും മുഴച്ചുകാണുന്നതും നിഴലിച്ചുകാണുന്നതുമായ വസ്ത്രം ധരിക്കുന്നത് വസ്ത്രം ധരിക്കുന്നതിന്റെ ലക്ഷ്യത്തിനെതിരാണ്. സ്ത്രീകളും പുരുഷന്മാരും പാലിക്കേണ്ട ഇസ്‌ലാമിക നിയമങ്ങളാണ് ഇതെല്ലാം.