ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി
ഡോ.യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി
2026 ജൂൺ 06, 1447 ദുൽഹിജ്ജ 21

കുഞ്ഞുമക്കളുടെ ആദ്യ വിദ്യാലയം വീടാണെന്ന് നമ്മൾ പറയാറുണ്ടല്ലോ. ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങൾ പലതും വീട്ടിൽനിന്നാണ് കുട്ടികൾ മനസ്സിലാക്കുന്നത്. കാഴ്ചയിലൂടെയും കേൾവിയിലൂടെയും അനുഭവങ്ങളിലൂടെയും അതിനെല്ലാമപ്പുറം അവർക്ക് തോന്നുന്ന സംശയങ്ങൾ നമ്മളോട് ചോദിക്കുന്നതിലൂടെയുമൊക്കെയാണ് അവർ ഒരുപാട് കര്യങ്ങൾ പഠിക്കുന്നത്.
മാതാപിതാക്കൾ തുറന്ന പുസ്തകങ്ങളാവുക
കുട്ടികൾ അവരുടെ ചുറ്റുപാടുകൾക്കനുസരിച്ച് പലവിധ സംശയങ്ങളും നമ്മളോട് ചോദിക്കാറുണ്ട്. നമ്മൾ കൊടുക്കുന്ന മറുപടികളിലൂടെ അവർ അവരുടെ അറിവുകൾ വളർത്തിയെടുക്കുകയും ചെയ്യുന്നു. എന്നാൽ ലൈംഗിക വിഷയങ്ങൾ പരാമർശിക്കേണ്ടിവരുന്ന സംശയങ്ങൾ കുട്ടികൾ ചോദിക്കുമ്പോൾ രക്ഷിതാക്കൾ അതിനുനേരെ കണ്ണടക്കുകയാണ് പതിവ്.
പലപ്പോഴും തെറ്റായ ഉത്തരങ്ങൾ നൽകുകയോ ചോദ്യത്തിൽനിന്നും അവരെ പിന്തിരിപ്പിക്കുകയോ കളിയാക്കുകയോ ഒക്കെയാണ് പലരും ചെയ്യുക. മിക്ക കുട്ടികളിൽനിന്നും ഇത്തരത്തിൽ ഏറ്റവും ആദ്യമായി രക്ഷിതാക്കളോട് ഉന്നയിക്കുന്ന സംശയമാണ് ‘ഞാൻ എങ്ങനെ ഉണ്ടായി’ എന്നത്. ഉമ്മ ഹോസ്പിറ്റലിൽ പോയാൽ വീണ്ടുമൊരു കുട്ടിയെ കിട്ടുമോ എന്നും ചുറ്റുപാടും കാണുന്ന പൂച്ച, പട്ടി തുടങ്ങിയ ജീവജാലങ്ങളുടെ കുട്ടികൾ എങ്ങനെയാണ് വയറ്റിൽനിന്നും പുറത്ത് വരുന്നത് എന്നും കുട്ടികൾ ചോദിക്കാറുണ്ട്.
ഇത്തരം സംശയങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നത് അവർ അതിനെക്കുറിച്ച് അറിയാൻ സമയമായി എന്നതാണ് സൂചിപ്പിക്കുന്നത്. അവരുടെ പ്രായത്തിനനുസരിച്ച് അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ ഇത്തരം സംശയങ്ങൾ നമ്മൾ ദൂരീകരിച്ച് കൊടുക്കുകയാണെങ്കിൽ ശരിയായ അറിവോടെയും കാഴ്ചപ്പാടുകളോടെയും അവർ വളർന്നുവരും.
എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ അവരിൽനിന്നും ഒളിച്ചോടുകയാണെങ്കിൽ കുട്ടികൾ അത് തിരിച്ചറിയുകയും പിന്നീട് അത്തരത്തിലുള്ള സംശയങ്ങളോ മാതാപിതാക്കളെ അനിവാര്യമായും അറിയിക്കേണ്ട സംശയങ്ങളോ അവരുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ അത് പ്രകടിപ്പിക്കാൻ അവർ മടിക്കും. അവർക്ക് നിർബന്ധമായും ഉത്തരം കിട്ടേണ്ട ചോദ്യം ചോദിക്കാതിരിക്കും. അത് ഒരുവേള ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് മക്കളെ നയിച്ചേക്കാം.
അറിവില്ലായ്മയും തെറ്റായ അറിവുകളും ഒരുപോലെ വില്ലൻ
മക്കൾക്ക് മാതാപിതാക്കളോട് തുറന്നു സംസാരിക്കാനുള്ള അവസരങ്ങൾ നഷ്ടമാവുമ്പോൾ പ്രധാനമായും രണ്ട് അപകടങ്ങളാണ് അവിടെ സംഭവിക്കുന്നത്.
ഒന്നാമതായി, അവർ വളരുന്നതിനനുസരിച്ച് അവരിലെ സംശയങ്ങൾ വളർന്നുകൊണ്ടിരിക്കുകയും വീട്ടിൽനിന്നും ഉത്തരം കിട്ടാത്ത പല സംശയങ്ങളും അവരെ മറ്റുപല അന്വേഷണങ്ങളിലേക്കും എത്തിക്കുകയും ചെയ്യും. ഒരു പക്ഷേ, അതുവഴി അവർ തെറ്റായ പല കാര്യങ്ങളും മനസ്സിലാക്കാനും ഇടയുണ്ട്.
ആധുനിക കാലഘട്ടത്തിൽ അറിവുകൾ തേടാൻ ഒരുപാട് അവസരങ്ങൾ അവർക്കു മുന്നിലൂണ്ടെങ്കിലും അവയുടെ ആധികാരികത പരിശോധിക്കുവാനോ ശരിതെറ്റുകൾ മനസ്സിലാക്കുവാനോ അവർക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. അതുപോലെ തന്നെയാണ് കൂട്ടുകെട്ടുകളിലൂടെയുള്ള അറിവുകളുടെ കാര്യവും. ബാല്യത്തിൽനിന്ന് കൗമാരത്തിലേക്ക് കടക്കുന്നതോടുകൂടി കുട്ടികൾ പരസ്പരം ഇത്തരം വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയും പലപ്പോഴും ഈ സംസാരങ്ങളിലൂടെ അവർ പല കാര്യങ്ങളും തെറ്റായി മനസ്സിലാക്കാൻ കാരണമാവുകയും ചെയ്യുന്നു.
കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നു
ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവംമൂലം സംഭവിക്കുന്ന മറ്റൊരു അപകടകരമായ കാര്യമാണ് കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നു എന്നത്. ലിംഗ-പ്രായഭേദമന്യെ ലൈംഗിക ചൂഷണങ്ങൾക്കിരയാക്കപ്പെടുന്ന ഒരു സാമൂഹികാ ന്തരീക്ഷത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്.
മറ്റൊരു വ്യക്തി തന്നോട് സംസാരിക്കുന്നതിലും പെരുമാറുന്നതിലും അസ്വാഭാവികമായ വല്ലതുമുണ്ടോ എന്ന് തിരിച്ചറിയാനുള്ള അറിവും അത്തരത്തിൽ വല്ലതും കുട്ടികൾ നേരിട്ടു കഴിഞ്ഞാൽ അത് യാതൊരു ഭയമോ മടിയോ കൂടാതെ തുറന്നു പറയാൻ മാത്രമുള്ള അടുപ്പവും വിശ്വാസവും കുട്ടികൾക്ക് മാതാപിതാക്കളോട് ഉണ്ടാവുകയും ചെയ്യേണ്ടത് അനിവാര്യമാണ്. കാരണം ഇത്തരത്തിൽ ചൂഷണം ചെയ്യുന്ന ആളുകളുടെ പ്രധാന ആയുധം കുട്ടികൾക്ക് ഇതിനെ കുറിച്ച് ധാരണയില്ല എന്നതാണ്. ഇതൊക്കെ സ്വാഭാവികമാണെന്നു തെറ്റിദ്ധരിപ്പിക്കുകയും ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്നോ മറ്റോ ഭീഷണിപ്പടുത്തുകയും ചെയ്യും.
ഗുഡ് ടച്ച് & ബാഡ് ടച്ച്
ഈ രണ്ട് വാചകങ്ങൾ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റും നമ്മൾ കേൾക്കാറുണ്ട്. കുട്ടികളെ നിർബന്ധമായും പഠിപ്പിച്ചുകൊടുക്കേണ്ട ഒരു അടിസ്ഥാന കാര്യമാണ് ഇത്. ഒരു കുട്ടിക്ക് തന്റെ ശരീരത്തിലെ മുഴുവൻ അവയവങ്ങളെ കുറിച്ചും ധാരണയുണ്ടായിരിക്കുകയും അവയിൽ സ്വകാര്യത നിലനിർത്തേണ്ട ഭാഗങ്ങളെ പ്രത്യേകം തിരിച്ചറിയുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത അവർക്ക് ബോധ്യപ്പെടുത്തി ക്കൊടുക്കുകയും ചെയ്യേണ്ടതുണ്ട്.
ചുണ്ട്, നെഞ്ച്, രണ്ട് കാലുകൾക്കിടയിലുള്ള ഭാഗങ്ങൾ, നിതംബം തുടങ്ങിയ ഭാഗങ്ങളിൽ അന്യരായ ആളുകൾ അനാവശ്യമായി സ്പർശിക്കുന്നതാണ് ‘ബാഡ് ടച്ച്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ സംശയാസ്പദമായ പെരുമാറ്റം ആരിൽനിന്നെങ്കിലും ഉണ്ടായിക്കഴിഞ്ഞാൽ ഉടനെ അതിന് വിസമ്മതിക്കുകയും ആ വ്യക്തിയിൽനിന്നും സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറുകയും തനിക്കുണ്ടായ അനുഭവം ഭയമോ മടിയോ കൂടാതെ ഏറ്റവും വിശ്വസ്തരായവരോട് പറയുകയും ചെയ്യണമെന്ന അടിസ്ഥാനമായ അറിവ് നമ്മുടെ കുട്ടികൾക്കുണ്ടായിരിക്കണം.
അതുപോലെ തന്നെ ഏറ്റവും മാന്യമായ ഇടപെടലുകളിലൂടെ ഉണ്ടായേക്കാവുന്ന ഷെയ്ക് ഹാന്റ് പോലെയുള്ള സ്പർശനമാണ് ‘ഗുഡ് ടച്ച്’ കൊണ്ട് ഉദ്ദേശിക്കുന്നത്. ചിത്രങ്ങളുടെയോ മറ്റോ സഹായത്താൽ ഇവ രണ്ടും കുട്ടികൾക്ക് വേർതിരിച്ച് പഠിപ്പിച്ചുകൊടുക്കുകയും അതിലുടെ ആളുകളുടെ പെരുമാറ്റങ്ങളെ സ്വയം വിലയിരുത്താനുള്ള പ്രാപ്തി അവരിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

