കൗമാരക്കാരെ മനസ്സിലാക്കുക

ആഷിഖ.എ.വി, നടുവട്ടം

2026 മെയ് 30, 1447 ദുൽഹിജ്ജ 14

പുതിയ ചിന്തകളും സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ കൗമാര കാലം എത്ര സുന്ദരമാണ്! പൂവിടാൻ തുടങ്ങുന്ന കൊമ്പുപോലെ മനസ്സും ശരീരവും പുതുമയിലേക്ക് വിരിയുന്നു. ബാല്യത്തിന്റെ നിറങ്ങളും യൗവനത്തിന്റെ സ്വപ്നങ്ങളും കൈകോർക്കുന്ന കൗമാരത്തിൽ ജീവിതം വർണങ്ങളണിയുന്നു. വസന്ത കാലത്ത് ചിലപ്പോൾ കാറ്റും മഴയും ഉണ്ടാകാറില്ലേ, അതുപോലെ വെല്ലുവിളികളും ഉണ്ടാകും. ഇന്ന് സമൂഹത്തിൽ കൗമാരക്കാരെ കുറിച്ചുള്ള ആക്ഷേപം കൂടുതലാണ്. അവരുടെ പെരുമാറ്റം, വേഷധാരണം, സംസാരശൈലി, സുഹൃദ് ബന്ധം, ന്യൂജൻ ആശയങ്ങൾ എന്നിവയെ കുറിച്ച് മുതിർന്നവർ പരാതിപ്പെടുന്നു. കൗമാരക്കാരെ കുറ്റപ്പെടുത്താൻ എളുപ്പമാണ്, എന്നാൽ അവരെ മനസ്സിലാക്കാനാണ് പ്രയാസം.

ഈ പ്രായക്കാരുടെ ജീവിതത്തിൽ മാതാപിതാക്കൾക്ക് വളരെ വലിയ പങ്കുണ്ട്. കുട്ടികൾക്ക് സ്‌നേഹവും സുരക്ഷയും പരിഗണനയും ആവശ്യമാണ്. എന്നാൽ പലപ്പോഴും മാതാപിതാക്കളിൽ അത് കർശനമായ നിയന്ത്രണമായി മാറുന്നു. കുട്ടികളിൽ സംഭവിക്കുന്ന അബദ്ധങ്ങളിൽ എടുത്തുചാടി ശകാരിക്കുക യും അടിക്കുകയുമാണ് മിക്ക രക്ഷിതാക്കളും ചെയ്യാറുള്ളത്. അവർ ചെയ്യേണ്ടത് തെറ്റു സംഭവിച്ചതിന്റെ കാരണങ്ങളും സാഹചര്യവും മനസ്സിലാക്കുകയാണ്. മക്കളോട് ഉള്ളുതുറന്ന് സംസാരിക്കാൻ സമയം കണ്ടെത്തണം. ഞങ്ങൾ നിന്റെ കൂടെയുണ്ട് എന്നൊരു ബോധം കുട്ടിക്ക് നൽകാൻ കഴിയുമ്പോഴാണ് ഒരാൾ മികച്ച രക്ഷിതാവായി മാറുന്നത്. അപ്പോഴാണ് കുട്ടികൾക്ക് സുരക്ഷിതത്വ ബോധമുണ്ടാവുക.

അധ്യാപകർ തങ്ങളുടെ മുമ്പിലിരിക്കുന്ന കൗമാരക്കാരായ വിദ്യാർഥികളെ അപമാനിക്കാതെയും മറ്റുള്ളവരുമായി താരതമ്യം ചെയ്ത് കൊച്ചാക്കാതെയും പ്രോത്സാഹിപ്പിച്ച് മുന്നോട്ട് നയിക്കുകയാണെങ്കിൽ കുട്ടികൾ അനുസരണയുള്ളവരും സന്തുഷ്ടരുമായി മാറും.

സോഷ്യൽ മീഡിയയുടെ സ്വാധീനം പുതിയ അറിവുകളും സൗഹൃദങ്ങളും വളർത്തുന്നതോടൊപ്പം പ്രശ്‌നങ്ങളിലേക്ക് എടുത്തുചാടാനും കാരണമാകുന്നുണ്ട്. ലൈക്കുകളെയും ഫോളോവേഴ്‌സിനെയും കാത്തിരിക്കുന്ന കൗമാരക്കാരെ അടച്ചാക്ഷേപിക്കരുത്, സോഷ്യൽ മീഡിയ തെറ്റാണെന്ന് പറഞ്ഞാൽ അവർ അംഗീകരിക്കാൻ പോകുന്നില്ല. ഉത്തരവാദിത്തത്തോടെ, തിന്മകളിൽ ചെന്നുചാടാതെ ഉപയോഗിക്കാൻ പറയുകയാണ് വേണ്ടത്.

കൂട്ടുകാരില്ലാത്ത ഒരു ലോകം ചിന്തിക്കാൻ പോലും കഴിയാത്ത തലമുറയാണ് ഇന്നുള്ളത്. കൂട്ടുകാർ അവരുടെ ജീവിതത്തിന്റെ നിറങ്ങളാണ്. എന്നാൽ നല്ല കൂട്ടുകാർ ജീവിതത്തെ പ്രകാശിപ്പിക്കുമ്പോൾ തെറ്റായ കൂട്ടുകാർ വെളിച്ചം കെടുത്തിയേക്കാം. അതുകൊണ്ട് നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കാനും ചീത്ത കൂട്ടുകെട്ടിൽ അകപ്പെടാതിരിക്കാനും ഉപദേശിക്കുക. ചീത്ത കൂട്ടുകെട്ടിന്റെ ദുരന്തഫലങ്ങൾ എത്രയോ പറഞ്ഞുകൊടുക്കാൻ നമുക്ക് കഴിയുമല്ലോ.

പ്രത്യേക ബന്ധങ്ങളോടുള്ള ആകർഷണങ്ങളും ഈയൊരു ഘട്ടത്തിൽ ഉണ്ടാകുന്നു. ആരുടെയെങ്കിലും പ്രത്യേകമായ കരുതലും ശ്രദ്ധയും പ്രണയമെന്ന വികാരത്തിലേക്ക് എത്തിക്കും. സ്ത്രീ-പുരുഷ ബന്ധങ്ങളിലെ ഇസ്‌ലാമിക അതിർവരമ്പുകളും അത് ലംഘിച്ചിലുണ്ടാകുന്ന ഇഹപര നഷ്ടങ്ങളും അവരെ ബോധ്യപ്പെടുത്തുക തന്നെ വേണം. അതുപോലെ ബന്ധങ്ങളിലെ ചെറിയ മാറ്റങ്ങൾ പോലും മനസ്സിൽ സ്വാധീനം ചെലുത്തും. സുഹൃത്തുക്കളിൽനിന്നുമുള്ള ചെറിയ അവഗണന ആഴത്തിലുള്ള വിഷമം ഉണ്ടാക്കിയേക്കാം. അവരുടെ മനസ്സ് പ്രശ്‌നങ്ങളാൽ നിറഞ്ഞതല്ല, മറിച്ച് മനോഹരമായ ലോകമാണ്. ശരിയായ മാർഗനിർദേശങ്ങളും കരുതലും ലഭിക്കുമ്പോൾ അവർ മികച്ച പൗരന്മാരും നല്ല വിശ്വാസികളു മായി മാറും.