തോറ്റുപോകുന്ന മരുമക്കൾ
ജസ്ന മൊയ്ദീൻ
2026 സെപ്തംബർ 26, 1448 റബീഉൽ ആഖിർ 15

പല വീടുകളിലും എത്ര ശ്രമിച്ചിട്ടും ഭർത്താവിന്റെ മാതാപിതാക്കളുമായി ഒത്തുപോകാൻ കഴിയാത്ത ചില മരുമക്കളുണ്ട്. എല്ലാ ബന്ധങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. അതിനെയെല്ലാം വലിയ പ്രശ്നമാക്കി മാറ്റുന്നതാണ് കുഴപ്പം. പ്രത്യേകിച്ച് പ്രായമായ മാതാപിതാക്കളോടൊപ്പം ജീവിക്കുമ്പോൾ, അവരുടെ പ്രായവും ജീവിതാനുഭവങ്ങളും സ്വഭാവത്തിലെ ചില പരിമിതികളും മനസ്സിലാക്കി പെരുമാറാൻ കഴിഞ്ഞാൽ പല പ്രശ്നങ്ങളും അവിടെത്തന്നെ അവസാനിക്കും.
വാർധക്യത്തിലെത്തിയ ഒരാളുടെ സ്വഭാവം, ചിന്താരീതി, ശീലങ്ങൾ എന്നിവ മാറ്റിയെടുക്കുക എന്നത് അത്ര സുസാധ്യമല്ല. അവർ വളർന്നുവന്ന കാലവും വർത്തമാനകാലവും ഒന്നല്ല. അവരുടെ ചില വാക്കുകൾ നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ ആയിരിക്കണമെന്നില്ല. ചില ഇടപെടലുകൾ പോലും അവരുടെ തലമുറയുടെ സ്വാഭാവികമായ രീതിയായിരിക്കാം. അതിനെയെല്ലാം വ്യക്തിപരമായ അപമാനിക്കലായി കാണുകയും ഓരോ വാക്കിനും നോക്കിനും മറുപടി പറയുകയും ചെറിയ കാര്യങ്ങളെ വലിയ വിഷയങ്ങ ളാക്കുകയും ചെയ്താൽ സമാധാനത്തോടെ ജീവിക്കാൻ കഴിയാതെ വരും. പലപ്പോഴും പ്രശ്നങ്ങൾ വലുതാകുന്നത് നമ്മുടെ പ്രതികരണം കൊണ്ടായിരിക്കും.
ഭർത്താവിന്റെ ഉമ്മയുടെ, നമുക്ക് ഇഷ്ടപ്പെടാത്ത ചെറിയൊരു പ്രതികരണം ദിവസങ്ങളോളം മനസ്സിൽ സൂക്ഷിക്കുക, അതിനെക്കുറിച്ച് ഭർത്താവിനോട് ആവർത്തിച്ചു പരാതിപ്പെടുക, ബന്ധുക്കളോടു പറയുക, പഴയ സംഭവങ്ങൾ വീണ്ടും വീണ്ടും എടുത്തുപറയുക... ഇതൊക്കെ ഒടുവിൽ ബന്ധം തന്നെ ശിഥിലമാകാൻ കാരണമായേക്കാം.
ഒത്തുപോകുക എന്നത് എല്ലാ കാര്യത്തിലും സമ്മതിക്കുക എന്നതല്ല. ബഹുമാനം നൽകുക എന്നത് സ്വന്തം അഭിപ്രായം ഉപേക്ഷിക്കുക എന്നുമല്ല. ചില കാര്യങ്ങൾ വിട്ടുകൊടുക്കുന്നത് തോൽവിയല്ല; ബന്ധത്തെ ജയിപ്പിക്കാനുള്ള പക്വതയാണ്. അതേസമയം, മരുമകൾക്ക് നേരെ നടക്കുന്ന എല്ലാ അനീതിയും ‘അമ്മായിയമ്മയല്ലേ’ എന്നു പറഞ്ഞ് സഹിക്കണമെന്നുമല്ല. അതിരുകൾ ലംഘിക്കുന്ന പെരുമാറ്റമുണ്ടെങ്കിൽ മാന്യമായി പരിഹരിക്കുകതന്നെ വേണം. എന്നാൽ നിസ്സാരമായ സ്വഭാവവ്യത്യാസങ്ങളെ പോലും പോരാട്ടത്തിനുള്ള കാരണമാക്കി മാറ്റുന്നത് ആരുടെയും വിജയമല്ല.
നാളെ ഈ മരുമകൾ തന്നെ ഒരു അമ്മായിയുമ്മയാകും. അന്നു തന്റെ മരുമകൾ തന്റെ പ്രായവും അനുഭവങ്ങളും മനസ്സിലാക്കി ക്ഷമിക്കണമെന്ന് അവൾ ആഗ്രഹിക്കും. അതുകൊണ്ട് ഇന്നു കാണിക്കുന്ന വിട്ടുവീഴ്ച നാളെ തനിക്കും ലഭിക്കേണ്ടതാണെന്ന് ഓർക്കുക.
വീട്ടിൽ സമാധാനം വേണമെങ്കിൽ, ആരാണു ശരി എന്നു തെളിയിക്കുന്നതിനെക്കാൾ ആരാണു ബന്ധം സംരക്ഷിക്കാൻ പക്വത കാണിക്കുന്നത് എന്നതാണ് പ്രധാനം. ചില ബന്ധങ്ങളിൽ ജയിക്കാൻ ഒരാളെ തോൽപിക്കേണ്ടതില്ല; സ്വന്തം ഈഗോയെ തോൽവിച്ചാൽ മതി. ജീവിതത്തിൽ തോറ്റു പോകാതിരിക്കാൻ ചില തോറ്റുകൊടുക്കലുകൾ അനിവാര്യമാണ് എന്നു തിരിച്ചറിയുക.

