മൂല്യ നിരാസത്തിലേക്ക് നയിക്കുന്ന ദൃശ്യകലകൾ

മുഹമ്മദ് സിയാദ്, വാരണാക്കര

2024 സെപ്തംബർ 14, 1446 റ. അവ്വൽ 11

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സമൂഹം എങ്ങനെ സ്വീകരിച്ചു എന്ന് പരിശോധിക്കുമ്പോൾ രസകരമായൊരു കാര്യം കാണാൻ കഴിയും; നല്ലൊരു വിഭാഗവും ‘ഇതൊക്കെ ഞങ്ങൾക്ക് നേരത്തെ അറിയാം’ എന്ന രീതിയിൽ തന്നെയാണ് ആശയങ്ങൾ പങ്കുവയ്ക്കുന്നത്! അതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകൾക്ക് കിട്ടുന്ന പ്രതികരണങ്ങളും അത്തരത്തിലാണ്. അതായത് പ്രത്യേകിച്ചൊരു ‘ഞെട്ടൽ’ മനോഭാവം കുറവാണ്. മാധ്യമങ്ങൾ ‘ഞ്ഞെട്ടിത്തരിച്ച് കേരളം’ എന്ന തലക്കെട്ട് കൊടുത്തുവെങ്കിലും, റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളിൽ ഞെട്ടേണ്ടതായി ഒന്നുമില്ല. ഇതിൽ ഞെട്ടാനുള്ളത്, റിപ്പോർട്ട് പുറത്തു വന്നു എന്നതിലും ഭാവിയിൽ ഞെട്ടാനുള്ളത് കുറ്റവാളികൾ ഊരിപ്പോരാതെ ജയിലിൽ അടക്കപ്പെടുക എന്നതിലുമാണ്.

സ്‌ക്രീനിന്റെയുള്ളിൽ അധാർമികത കാണിക്കുന്നവരെല്ലാം സ്‌ക്രീനിന്റെ പുറത്ത് മഹത്തുക്കളാണ് എന്ന് കരുതുന്നത് വല്ലാത്തൊരു നിഷ്‌കളങ്കതയാണ്.

സിനിമയിൽ ഒരവസരത്തിനു വേണ്ടി പലതിനും വഴങ്ങിക്കൊടുക്കാൻ പലരെയും പ്രേരിപ്പിച്ചത് എന്താണ്? പണവും പ്രശസ്തിയും! ആരാണ് പണവും പ്രശസ്തിയും നൽകുന്നത്? സിനിമയെ പ്രോത്സാഹിപ്പിക്കുന്ന സാധാരണക്കാർ!

ഇന്ന് ആരോപണ വിധേയരായവർ പുറത്തിറങ്ങിയാലും അവരെ കാണാനും കൂടെ സെൽഫിയെടുക്കാനും ആളുകൾ തടിച്ചു കൂടുമെന്നത് സമൂഹത്തെ ബാധിച്ച രോഗത്തിന്റെ അടയാളമാണ്. എന്തുകൊണ്ടാണ് ആളുകൾ സിനിമയിൽ ഇത്രത്തോളം ആകർഷിക്കപ്പെടുന്നത് എന്ന ചോദ്യത്തിന് ഒരുപാട് ഘടകങ്ങൾ ഉത്തരമായി നിരത്താൻ സാധിക്കും.

സിനിമ സകല കലകളുടെയും സമ്മേളനമാണ് എന്ന് മുമ്പൊരാൾ പറഞ്ഞത് കേട്ടിട്ടുണ്ട്. എന്നാൽ, സിനിമ സകല തിന്മകളുടെയും സമ്മേളനമാണ്. സിനിമ കാണിക്കാത്ത തിന്മകളുണ്ടോ?

മാത്രമല്ല, സകല തിന്മകളും പ്രചരിപ്പിക്കാനുള്ള ഉപാധികൂടിയാണ് സിനിമ. ശരാശരി രണ്ടര മണിക്കൂറാണ് ഒരു സിനിമയുടെ ദൈർഘ്യമെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കാലങ്ങൾ നീണ്ടു നിൽക്കും. ലിബറൽ ചിന്താഗതിക്കാർ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ പരസ്പരം തന്നെ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് പ്രചാരണം നടത്താനുള്ള ഏറ്റവും എളുപ്പമുള്ള ഉപാധികളിൽ ഒന്നാണ് സിനിമ എന്നതിൽ തർക്കമില്ല.

ആശയങ്ങൾ സിനിമ പോലുള്ള, സമൂഹത്തിൽ വളരെ സ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളിലൂടെ നേരിട്ടോ അല്ലാതെയോ പ്രചരിപ്പിക്കാൻ വളരെ എളുപ്പമാണിന്ന്. ഇന്ത്യൻ സിനിമയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു പ്രമുഖ സംവിധായകൻ തന്റെയൊരു അഭിമുഖത്തിൽ ‘പരസ്പരം മുഖത്തടിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലെങ്കിൽ, അതിനർത്ഥം അവർക്കിടയിൽ സ്‌നേഹമില്ല എന്നതാണ് ‘ എന്ന് പ്രസ്താവിക്കുകയുണ്ടായി. അയാളുടെ സിനിമകളിൽ ഇത്തരം കാര്യങ്ങളെ വളരെ വലിയ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതിനെ തുടർന്നുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയെന്നൊണമാണ് ആ പ്രസ്താവന നടത്തിയത്. അയാളുടെ സിനിമകളിലെ ഒട്ടനവധി രംഗങ്ങളും അതുപോലെ ഈ പ്രസ്താവനയും പല വിമർശനങ്ങളും ഏറ്റുവാങ്ങി. എന്നാലും അയാളുടെ സിനിമകൾ ആളുകളിൽ അസാധാരണ സ്വാധീനം ചെലുത്തുകയും അത്തരം ടോക്‌സിക് മാസ്‌ക്യൂലിനിറ്റിക്ക് ആരാധകർ കൂടുകയും അയാൾ തന്റെ ആശയം പ്രചരിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. എങ്ങനെയാണ് ഇത്തരം വിഡ്ഢിത്തങ്ങളിൽ പോലും ജനങ്ങൾ ആകൃഷ്ടരാകുന്നത്? സിനിമയുടെ അവതരണ ശൈലി തന്നെയാണ് പ്രധാന കാരണം.

സിനിമ ആളുകൾക്ക് മുന്നിൽ ഒരു സാങ്കൽപിക ലോകത്തെ കാണിക്കുകയോ അല്ലെങ്കിൽ യഥാർഥ ലോകത്തിലെ സാങ്കൽപിക കഥാപാത്രങ്ങളെ കാണിക്കുകയോ ആണ് ചെയ്യുന്നത്. യഥാർഥ ലോകത്ത് നടപ്പിലാക്കിയാൽ സമൂഹത്തെ തന്നെ നശിപ്പിക്കാൻ കെല്പുള്ള ലിബറൽ ആശയങ്ങളെ ഇവർ അവരുടെ സാങ്കൽപിക ലോകത്ത് വളരെ നല്ല രീതിയിൽ ചിത്രീകരിക്കുന്നു. ഇവയിലൂടെ ലോകം കാണാം, ലോകത്തെ അറിയാം എന്ന ഉദ്ദേശ്യത്തോടെ സിനിമ കാണുന്നവർ ഇതിനെയൊക്കെ യാഥാർഥ്യമായി കാണുകയും സാങ്കൽപിക ലോകത്ത് കുടുങ്ങിപ്പോവുകയും ചെയ്യുന്നു. .

സമൂഹ വ്യവസ്ഥയെ തകർക്കണം, കെട്ടുപൊട്ടിയ പട്ടം പോലെ ജീവിക്കണം എന്നൊക്കെ സ്വപ്നം കാണുവർക്ക് അവരുടെ സ്വപ്നലോകത്തേക്കുള്ള വഴി വെട്ടലാണ് സിനിമ. ഇതെല്ലാം വെറും ഭാവനകൾ മാത്രമാണ് എന്ന ബോധത്തോടെ സിനിമ കാണുന്നവർ പോലും പതിയെ അവരറിയാതെ തന്നെ അത്തരം ആശയങ്ങൾ അവരിൽ കടന്നു കൂടുന്നു.

സാധാരണക്കാർ അനുകരിക്കണം എന്ന ഉദ്ദേശ്യത്തോടെ, അതിനനുസൃതമായ അവതരണ ശൈലിയിലാണ് ആളുകൾക്ക് മുന്നിൽ ഇത്തരം സിനിമകൾ എത്തുന്നത്. പൊതുവെ, യുവാക്കൾക്കും കൗമാരക്കാർക്കുമിടയിൽ അനുകരണ ത്വര വളരെ വലുതാണ്. അതിനെ ദൃശ്യമാധ്യമങ്ങൾ വലിയ രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. മുമ്പ് പരാമർശിച്ച സംവിധായകന്റെ കാര്യം തന്നെയാണ് ഏറ്റവും വലിയ തെളിവ്. ബോധമുള്ളവർ ഒരിക്കലും അംഗീകരിച്ചു കൊടുക്കാത്ത കടുത്ത സ്ത്രീ വിരുദ്ധത മസാലയാക്കിയിറക്കുകയും അത് ആളുകൾക്കിടയിൽ വലിയ വിജയമാകുകയും ചെയ്തു.

സിനിമയിലെ ആശയങ്ങൾ ബാരിക്കേടുകൾ തകർത്തെറിഞ്ഞുകൊണ്ട് ജീവിതത്തിലേക്ക് കടന്നു വരുന്നു! റീൽ vs റിയാലിറ്റി എന്ന കാര്യം കൂടുതലായി ഓർക്കേണ്ടത് സിനിമയുടെ കാര്യത്തിൽ തന്നെയാണ്. അത് ഒരാളുടെ, അല്ലെങ്കിൽ ചിലരുടെ ബുദ്ധിയിലുദിക്കുന്ന സാങ്കൽപിക ലോകമാണ്. അവിടെ അവർക്ക് തോന്നുന്നത് നടക്കും. ഇഷ്ടത്തിനനുസരിച്ച് അവർക്ക് മാറ്റം വരുത്താം. സമൂഹം നന്നാവാനല്ല, പണമുണ്ടാക്കുവാനാണ് അവരുടെ ശ്രമം. അത് തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവുമില്ലെങ്കിൽ നാശത്തിൽ പതിക്കുമെന്നതിൽ സംശയമില്ല.

ലിബറലിസ്റ്റുകൾ പരസ്പരം മത്സരിക്കുവാൻ കാരണം അവർക്കിടയിൽ തന്നെ വൈരുധ്യങ്ങൾ അനേകമാണ് എന്നതാണ്. ഒരാളുടെ യുക്തിയല്ലല്ലോ മറ്റൊരാളുടെത്. ഒരിടത്ത് മദ്യപാനം ശക്തിയുടെ അടയാളമായി ചിത്രീകരിക്കുമ്പോൾ, മറുവശത്തു അതിന്റെ വിപരീതം കാണിക്കപ്പെടുന്നു.ഈ ആശയങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നു. ഒരിക്കലും ഇത്തരം വിഡ്ഢിത്തരങ്ങളിലേക്ക് ചെന്ന് ചാടാതിരിക്കുക. തെറ്റും ശരിയും മനുഷ്യന്റെ യുക്തിയിലൂടെയല്ല, സ്രഷ്ടാവിന്റെ മാർഗദർശനങ്ങളിലൂടെയാണ് മനസ്സിലാക്കേണ്ടത്.

‘നിങ്ങൾ ഭൗർബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങൾ വിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ് ഉന്നതൻമാർ’ (ക്വുർആൻ 3:139)


നബിﷺയുടെ ജനന തീയതി മുസ്‌ലിംകൾ കൃത്യമായി കണക്കാക്കാതിരുന്നത് എന്തുകൊണ്ടാണ്

രിയാദ്വിലെ മലിക് സുഊദ് യൂണിവേഴ്‌സിറ്റിയിലെ അക്വീദ വിഭാഗം പ്രൊഫസർ ശൈഖ് അബ്ദുല്ലാഹ് ബിൻ അബ്ദിൽ അസീസ് അൽ അൻക്വരി പറയുന്നു:

ഒന്നാമത്തെ കാര്യം; നബിﷺയുടെ ജനന തീയതി കൃത്യമായി നിർണയിക്കുന്ന തെളിവുകളൊന്നും നബി ﷺയിൽ നിന്ന് വന്നിട്ടില്ല. എന്നാൽ, ആഴ്ചയിലെ ഏത് ദിവസമാണ് നബി ﷺ ജനിച്ചത് എന്ന് നമുക്കറിയാം. കാരണം, നബി ﷺ ജനിച്ചത് തിങ്കളാഴ്ചയാണെന്നും ആ ദിവസം നോമ്പെടുക്കൽ സുന്നത്താണെന്നും അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട്. (മുസ്‌ലിം: 1612) എന്നാൽ, മാസത്തിലെ ഏത് ദിവസമാണ് നബി ﷺ ജനിച്ചതെന്ന് അവിടുന്ന് അറിയിച്ച് തന്നിട്ടില്ല.

രണ്ടാമത്തെ കാര്യം; ആനക്കലഹ വർഷത്തിലെ ഒരു ദിവസത്തിൽ ജനിച്ച ‘അബ്ദുല്ലയുടെ മകൻ മുഹമ്മദിനെ’, നബിയായിട്ടും റസൂലായിട്ടും അല്ലാഹു തെരഞ്ഞെടുക്കുമെന്നും അദ്ദേഹത്തിന് വഹ്‌യ് ഇറങ്ങുമെന്നും അദ്ദേഹത്തോട് കൂടി നുബുവ്വത്ത് അവസാനിക്കുമെന്നും ഈ ഉമ്മത്തിന് അറിയുമായിരുന്നില്ല. ആ നാട്ടിലെ എല്ലാ കുട്ടികളെയും പോലെ ജനിക്കുകയും വളരുകയും ചെയ്ത ആളാണ് മുഹമ്മദ് നബിﷺയും.

തങ്ങളുടെ കൂട്ടത്തിലെ ഒരാൾ ജനിച്ച ദിവസം കൃത്യമായി നിർണയിക്കുന്ന പതിവ് അന്ന് അറബികൾക്ക് ഉണ്ടായിരുന്നില്ല. മറിച്ച്, എളുപ്പത്തിൽ ഓർക്കാൻ വേണ്ടി ജനിച്ച വർഷമാണ് അവർക്കിടയിൽ കണക്കാക്കിയിരുന്നത്. ‘ആനക്കലഹ വർഷത്തിൽ ജനിച്ച ആൾ’, ഫിജാർ യുദ്ധവർഷത്തിൽ ജനിച്ച ആൾ എന്നൊക്കെയാണ് അവർ പറഞ്ഞിരുന്നത്. അല്ലാതെ, അവർ ജനന തീയതി നിർണയിച്ചിരുന്നില്ല.