മാസപ്പിറവി വിവാദം അവസാനിപ്പിച്ചുകൂടേ?

അബൂഹംദാൻ, മഞ്ചേരി

2024 ജൂലായ് 30, 1446 മുഹർറം 14

ഈ വർഷത്തെ താസൂആഅ്-ആശൂറാഅ് നോമ്പ് ചിലർക്ക് തിങ്കൾ-ചൊവ്വ ദിവസങ്ങളിലും ചിലർക്ക് ചൊവ്വ-ബുധൻ ദിവസങ്ങളിലുമായത് കടത്തിണ്ണകളിൽ പോലും സംസാരവിഷയമാണ്. ഇവരൊക്കെ എന്താണ് സമുദായത്തെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത് എന്ന് ഒരു സാധാരണക്കാരൻ ചോദിക്കുന്നതു കേൾക്കാൻ കഴിഞ്ഞു. ജനങ്ങളുടെ ആക്ഷേപത്തിൽ അവരെ കുറ്റം പറയാൻ കഴിയില്ല.

വാസ്തവത്തിൽ എന്താണ് ഈ വിഷയത്തിൽ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്? ആരാണ് ഭിന്നതയുടെ വാതിലുകൾ തുറക്കുന്നത്. ആരാണ് പ്രമാണങ്ങളുടെ കൂടെ സത്യസന്ധമായി നിലകൊള്ളുന്നത്? ഇക്കാര്യം വസ്തുനിഷ്ഠമായി നാം മനസ്സിലാക്കേണ്ടതുണ്ട്. അപ്പോൾ തീരും സംശയങ്ങളെല്ലാം.

എല്ലാ മാസത്തിന്റെയും പിറവി നോക്കേണ്ടതുണ്ടെന്ന് ഒരു വിഭാഗം. റമദാൻ, ശവ്വാൽ, ദുൽഹിജ്ജ എന്നീ നോമ്പ്-പെരുന്നാൾ മാസങ്ങൾ നിശ്ചയിക്കാൻ മാത്രം മാസപ്പിറവി നോക്കിയാൽ മതി എന്ന് മറുവിഭാഗം. എല്ലാ മാസങ്ങളും നബിﷺ നിശ്ചയിച്ചത് പിറവിയുടെ കാഴ്ചയെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതാണ് യാഥാർഥ്യം. ഈ വസ്തുത അംഗീകരിക്കാൻ എല്ലാവരും തയ്യാറായാൽ പ്രശ്‌നം തീരും.

നബിﷺ മുഹർറം തീയതികൾ നിശ്ചയിച്ചതെങ്ങനെയെന്നും ആശുറാഅ് നോമ്പ് അനുഷ്ഠിച്ചതെങ്ങനെയെന്നും വ്യക്തമാക്കുന്ന ഹദീസ് കാണുക: ഹകമുബ്‌നു അഅ്‌റജ്(റ) ഉദ്ധരിക്കുന്നു: “ഞാൻ ഇബ്‌നു അബ്ബാസി(റ)ന്റെ അടുത്ത് ചെന്നു. അദ്ദേഹം സംസമിന്റെ അടുത്ത് തന്റെ മേൽതട്ടം തലയണയാക്കി കിടക്കുകയായിരുന്നു. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ‘ആശൂറാഅ് നോമ്പിനെപ്പറ്റി എനിക്ക് പറഞ്ഞു തരൂ.’ അപ്പോൾ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘നീ മുഹർറം പിറവി കണ്ടാൽ പിന്നെ ദിവസം എണ്ണി ഒമ്പതാം ദിവസം നോമ്പുകാരനായിക്കൊള്ളുക.’ ഞാൻ ചോദിച്ചു: ‘നബിﷺ ഇങ്ങനെയാണോ നോമ്പെടുത്തത്?’ അദ്ദേഹം പറഞ്ഞു: ‘അതെ’ (മുസ്‌ലിം: 1133)

മുഹർറം മാസപ്പിറവി കണ്ടതുമുതൽ 9 ദിവസം എണ്ണിക്കണക്കാക്കിയാണ് മുഹർറം 9ന്റെ നോമ്പ് നോൽക്കേണ്ടത് എന്ന് ഇതിൽനിന്നും വ്യക്തമാണ്.

‘കൽപനയുടെ രൂപത്തിൽ നബിﷺ ആവശ്യപ്പെട്ടത് റമദാൻ, ശവ്വാൽ, ദുൽഹിജ്ജ എന്നീ നോമ്പ്- പെരുന്നാൾ മാസങ്ങളുടെ ഹിലാൽ കാണാനാണ്. ഇതര മാസങ്ങളുടെ കാര്യത്തിൽ അങ്ങനെയൊരു കല്പനയില്ല. അതുകൊണ്ട് ഇതരമാസങ്ങൾ നിർണയിക്കാൻ പിറവി കാണേണ്ട ആവശ്യമില്ല’ എന്ന വാദം ശരിയല്ല. നബിﷺ കൽപിച്ചതും പ്രവർത്തിച്ചു കാണിച്ചതും മൗനാനുവാദം നൽകിയതുമെല്ലാം ദീനിന്റെ ഭാഗമാണ്. ശഅ്ബാൻ, മുഹർറം മാസങ്ങൾ നബിﷺ എങ്ങനെ നിശ്ചയിച്ചു കാണിച്ചു എന്നതിന് ഹദീസുകളുണ്ട്. അതിനാൽ ആ മാസങ്ങൾ നിശ്ചയിക്കുന്നതിന് നബിﷺ അവലംബിച്ച രീതി തന്നെ സ്വീകരിക്കാൻ നാം ബാധ്യസ്ഥരാണ്. അത് കാഴ്ചയാണ്. കേവലം കണക്കിനെയും കലണ്ടറിനെയും ആശ്രയിക്കുന്നത് പ്രമാണത്തോട് യോജിക്കുന്ന രീതിയല്ല.

ചന്ദ്രമാസം കണക്കാക്കുവാൻ വ്യത്യസ്തങ്ങളായ മാനദണ്ഡങ്ങളെയാണ് അവലംബിക്കുന്നത്. ഓരോ മാനദണ്ഡം സ്വീകരിക്കുമ്പോഴും വ്യത്യസ്ത ദിനങ്ങളിലാണ് മാസമാരംഭിക്കുക. ന്യൂമൂൺ കലണ്ടർ (പഴയ ഹിജ്‌റ കലണ്ടർ) പ്രകാരം ജൂലായ് 5നും ന്യൂമൂൺ (ഐഡിഎൽ) കലണ്ടർ (ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യയുടെ കലണ്ടർ) പ്രകാരം ജൂലായ് 6നും ചക്രവാളത്തിൽ സൂര്യാസ്തമയ ശേഷമുള്ള ചന്ദ്രസാന്നിധ്യം (മൂൺസെറ്റ് ലാഗ് കലണ്ടർ) പ്രകാരം ജൂലായ് 7നും ഇലോംഗേഷൻ ആംഗിൾ (8ഡിഗ്രി) കലണ്ടർ പ്രകാരം ജൂലായ് 8നുമാണ് മുഹർറത്തിന്റെ ആരംഭം. നോമ്പ്-പെരുന്നാൾ മാസങ്ങളല്ലാത്തവയ്ക്ക് കണക്ക് ഉപയോഗിക്കാമെന്ന് വാദിക്കുന്നവർ ഇതിൽ ഏത് കലണ്ടറിലെ കണക്കാണ് പിന്തുടരുക?