മഴ; അനുഗ്രഹവും ദൃഷ്ടാന്തവും

ശമീർ മദീനി

2024 ജൂൺ 22, 1445 ദുൽഹിജ്ജ 15

‏ أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ ‎٦٨‏ أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ ‎٦٩ لَوْ نَشَاءُ جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ ٧٠‏

‘ഇനി, നിങ്ങൾ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിൻനിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവൻ? നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങൾ നന്ദികാണിക്കാത്തതെന്താണ്?’ (ക്വുർആൻ 56:68-70)

വെള്ളം ജീവ‌െൻറ അടിസ്ഥാന ഘടകമാണ്. വെള്ളത്തിെ‌ന്റ അഭാവത്തിൽ സസ്യലതാദികൾക്കോ ജന്തുജാലങ്ങൾക്കോ നിലനിൽപുണ്ടാവില്ല. നമ്മുടെ ഈ അടിസ്ഥാനാവശ്യത്തിെ‌ന്റ കാര്യമായ സ്രോതസ്സ് മഴയാണുതാനും. അതിനാൽ മഴയുടെ അഭാവത്തിൽ വരൾച്ചയുണ്ടാവുകയും അതോടനുബന്ധിച്ച് സസ്യലതാദികളും ജന്തുജാലങ്ങളും നശിക്കുകയും ചെയ്യുന്നു. കുടിക്കാനും കുളിക്കാനും മറ്റുമായി യഥേഷ്ടം നാം വെള്ളമുപയോഗിക്കുന്നു. എന്നാൽ ഈ തെളിനീർ നമുക്ക് ആര് നൽകുന്നുവെന്ന് നമ്മിൽ പലരും ചിന്തിക്കാറില്ല. അത് പ്രകൃതിയുടെ കേവലമായ ഒരു പ്രതിഭാസമാണെന്നോ യാദൃച്ഛികതയാണ് അതിനു പിന്നിലെന്നോ പറയാൻ ചിന്തിക്കുന്നവർക്കു സാധ്യമല്ല.

രണ്ട് ഹൈഡ്രജൻ തന്മാത്രകളും ഒരു ഓക്‌സിജൻ തന്മാത്രയും കൂടിച്ചേർന്നതാണ് വെള്ളമെന്ന് ശാസ്ത്രം വിശദീകരിക്കുമ്പോൾ ഒരിക്കലും ആ മഹാ അനുഗ്രഹത്തിെ‌ന്റ പിന്നിലുള്ള സംവിധായകനെ നിഷേധിക്കാനല്ല ബുദ്ധിയും വിനയവുമുള്ള വിശ്വാസികൾ തയാറാവുക. മറിച്ച് ആ അനുഗ്രഹ ദാതാവിെ‌ന്റ മുന്നിൽ നമ്രശിരസ്‌കരാവുകയാണ് അവർ ചെയ്യുക. കാരണം സ്വയം കത്തുന്നതും മറ്റൊന്നിനെ കത്താൻ സഹായിക്കുന്നതുമായ രണ്ട് മൂലകങ്ങൾ ചേർന്നിട്ട് അത്യുന്നമായ ഒരു ഇന്ധനമല്ല ഉണ്ടായത്. മറിച്ച് തീ കെടുത്താൻ പറ്റുന്ന എതിർ സ്വഭാവമുള്ള മറ്റൊന്ന്! അത് ആര് സംവിധാനിച്ചു? കേവല യാദൃച്ഛികതയോ? ഇതേയളവിൽ ആ തന്മാത്രകളെ സമന്വയിപ്പിച്ചത് പ്രകൃതിയുടെ അന്ധമായ ഏതോ പ്രവർത്തനമാണോ? അതല്ല സർവശക്തനും പരമകാരുണികനും യുക്തിജ്ഞനുമായ അല്ലാഹുവിെ‌ന്റ സംവിധാനമോ? ഏതിനെയാണ് ശരിയായ ബുദ്ധിയും യുക്തിയും ചിന്തയും അനുകൂലിക്കുന്നത്?

കരയെക്കാൾ മൂന്നിരട്ടിയോളം വരുന്ന കടലിൽ ഉപ്പ് വെള്ളമാണെന്ന് നമുക്കറിയാം. പക്ഷേ, ആ വെള്ളം നീരാവിയായി മേൽപോട്ടുപോയി ഘനീഭവിച്ച് മഴത്തുള്ളികളായി തിരിച്ചു വരുമ്പോൾ അരുചികളൊന്നുമില്ലാത്ത ശുദ്ധമായ വെള്ളം! നാം അത് യഥേഷ്ടം ഉപയോഗിക്കുമ്പോഴും അതിെ‌ന്റ പിന്നിലെ അനുഗ്രഹ ദാതാവിനെക്കുറിച്ചോർക്കുവാനോ, അവനെ അറിയുവാനോ ആത്മാർഥമായി ശ്രമിക്കുന്നുണ്ടോ എന്നതാണ് ക്വുർആനിെ‌ന്റ ചോദ്യം.

തുള്ളികളായി മഴ പെയ്യുമ്പോൾ നമുക്കതൊരാശ്വാസമാണ്. എന്നാൽ ശക്തമായ ഐസ് കട്ടകളായിട്ടാണ് അത് ഭൂമിയിലേക്ക് പതിക്കുന്നതെങ്കിൽ അത് ദുരിതമാണ് വരുത്തുക. അന്തരീക്ഷത്തിലെ താപനിലയെ നിയന്ത്രിച്ചുകൊണ്ട് ഒരു ‘എയർകൂളർ’ പോലെ മഴത്തുള്ളികൾ പെയ്തിറങ്ങുമ്പോഴും അതിനു പിന്നിലെ അനുഗ്രഹദാതാവായ അല്ലാഹുവിനെ വിസ്മരിച്ചുകൊണ്ട് കേവല യാദൃച്ഛികതയ്ക്ക് സർവവിധ ‘ക്രെഡിറ്റും’ നൽകുന്നത് ബുദ്ധിയും യുക്തിയും അംഗീകരിക്കുന്നതാണോ?

വെള്ളവും മഴയും അല്ലാഹുവിെ‌ന്റ മഹത്തായ അനുഗ്രഹത്തിെ‌ന്റ ഭാഗമാണ്. അതുകൊണ്ട് തന്നെ മഴയില്ലാതെ വിഷമിച്ചപ്പോഴും മഴയുടെ ആധിക്യംകൊണ്ട് പ്രയാസപ്പെട്ടപ്പോഴും മുഹമ്മദ് നബിﷺയും അനുചരന്മാരും പരിഹാരത്തിനായി സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണ് ചെയ്തത്.

ആ അനുഗ്രഹ ദാതാവിനോടുള്ള നന്ദിയുടെ ഭാഗമാണ് ആ അനുഗ്രഹത്തിെ‌ന്റ ധാർമികവശം ഉൾക്കൊണ്ടുകൊണ്ട് അവനെ മാത്രം ആരാധിക്കുകയെന്നത്. വെള്ളത്തിന് ബുദ്ധിമുട്ടുന്നവർക്ക് അത് നൽകി സഹായിക്കുക എന്നതും അതിെ‌ന്റ ദുരുപയോഗം പാടില്ല എന്നതും അതിെ‌ന്റ ധാർമികവശം തന്നെയാണ്.