സൽകർമങ്ങളുടെ അനിവാര്യത
അബൂഷഹ്‌മ
2024 ജൂൺ 15, 1445 ദുൽഹിജ്ജ 08
بَلَىٰ مَنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ فَلَهُۥٓ أَجْرُهُۥ عِندَ رَبِّهِۦ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
“എന്നാൽ (കാര്യം) അങ്ങനെയല്ല. ഏതൊരാൾ സൽകർമകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമർപ്പണം ചെയ്തുവോ അവന്ന് തന്റെ രക്ഷിതാവിങ്കൽ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല; അവർ ദുഃഖിക്കേണ്ടി വരികയുമില്ല’’(2:112)
ഇങ്ങനെ പോയാൽ പോരാ; നന്നാകണം, നല്ലവനാകണം, നല്ലവളാകണം എന്നത് മിക്ക മനുഷ്യരിലുമുള്ള ആഗ്രഹമാണ്. ഞാൻ നശിക്കണം, ചീത്തയാകണം എന്ന് ആരും ആഗ്രഹിക്കാനിടയില്ല. ആഗ്രഹങ്ങൾ ഉണ്ടായാൽ പോരാ, പ്രയോഗവത്കരണത്തിലൂടെയേ ഫലം കാണൂ എന്ന തിരിച്ചറിവില്ലായ്മയാണ് പലപ്പോഴും സൽകർമികളാകാൻ അധികമാളുകൾക്കും തടസ്സമാകുന്നത്.
ഭൗതിക ജീവിതത്തിനായി നല്ലവരാവുക, അതുവഴി നേട്ടം കൈവരിക്കുക, സംതൃപ്തിയടയുക എന്നതല്ല സത്യവിശ്വാസികളുടം ജീവിതത്തിന്റെ മുഖ്യലക്ഷ്യം. അല്ലാഹു തൃപ്തിപ്പെട്ട് നൽകിയ മതനിയമങ്ങൾ മുഴുവനും അനുസരിച്ച,് അവന്നു കീഴ്‌പെട്ട,് ജീവിതത്തിന്റെ നാനാതുറകളിലും നല്ലവരായി ജീവിക്കുക, അങ്ങനെ പരലോകവിജയത്തിന് അർഹത നേടുക എന്നതാണ് പ്രധാനം. ഒരാൾ സദ്‌വൃത്തനായി മാറാൻ നിർബന്ധമായിട്ടുള്ളത് രണ്ട് കാര്യങ്ങളാണ്. ഇഖ്‌ലാസും ഇത്തിബാഉം (ആത്മാർഥതയും നബി(സ)യെ പിൻപറ്റലും)ആണ് അവ. ഇവയിൽ എത്രത്തോളം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഉപരിസൂചിത ക്വുർആൻ വചനം. ഇബ്‌നു കസീർ പറയുന്നു: “അതായത് ഒരാൾ അല്ലാഹുവിന് കീഴ്‌പെടുകയും അതിൽ നബിﷺയെ പിൻപറ്റുകയും ചെയ്യുക. നിശ്ചയം പ്രവർത്തനം സ്വീകരിക്കപ്പെടുന്നതിന് രണ്ടു നിബന്ധനകളുണ്ട്. ഒന്ന്, ആത്മാർഥതയോടെ അല്ലാഹുവിന് മാത്രമാവുക. രണ്ട്, ശരിയും മതനിയമത്തോട് യോജിക്കുന്നതുമാവുക. പ്രവർത്തനം നിഷ്‌കളങ്കമാണ്. പക്ഷേ, മതത്തിൽ ഇല്ലാത്തതാണെങ്കിൽ സ്വീകരിക്കപ്പെടുകയില്ല. ആഇശ(റ)യിൽനിന്ന് നിവേദനം. നബിﷺ പറഞ്ഞു: ‘നമ്മുടെ കൽപനയില്ലാത്ത ഒരു പ്രവൃത്തി ഈ കാര്യത്തിൽ (മതത്തിൽ) ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്’’ (മുസ്‌ലിം) (ഇബ്‌നു കഥീർ, 1/223).

