എന്നിലെ മഴഭാവങ്ങൾ
നസീമ വാടാനപ്പള്ളി
2024 ഡിസംബർ 28, 1446 ജു. ഉഖ്റാ 27

രാത്രി പത്തുമണിയോടടുത്ത സമയം. കോളേജിലെ കുട്ടികൾ എഴുതിയ കവിതകളുടെ മൂല്യനിർണയം നടത്തുകയായിരുന്നു അവൾ. കവിതയുടെ വിഷയം ‘മഴ’ എന്നതായിരുന്നു. പുറത്തു തിമിർത്തു പെയ്യുന്ന മഴയുടെ താളാത്മകത അവളുടെ വായനക്ക് ആവേശം കൂട്ടി. പലരുടെയും പല ഭാവനകളിലൂടെ സഞ്ചരിക്കവെ, തന്റെ ജീവിതത്തിലെ മഴ ഭാവങ്ങളിലേക്ക് അവളറിയാതെ തന്നെ വഴിമാറിപ്പോയി.
അതെ, ഒരു ചാറ്റൽ മഴ; അതായിരുന്നു തന്റെ ബാല്യം. വലിയ മഴയാണ് വരുന്നതെന്ന് തോന്നിപ്പോകും. എന്നാൽ ചറപറ ശബ്ദത്തോടെ വന്ന് പെട്ടെന്നങ്ങ് നിലച്ചുപോകുന്ന ചാറ്റൽ മഴയുടെ അതേ കുസൃതികൾ നിറഞ്ഞുനിന്ന തന്റെ ബാല്യം.
ഒരു വേനൽമഴക്കു സമാനമായ കൗമാരം. നിറയെ കൗതുകം നിറഞ്ഞ, കണ്ണിലും കവിളിലും ഹൃത്തിലും തിളക്കത്തിന്റെ മൊഞ്ച് നിറഞ്ഞാടിയ കാലം. നിറയെ പൂക്കളും പച്ചപ്പും നിറഞ്ഞ ഒരു പൂന്തോപ്പിൽ വേനലിൽ ചെയ്യുന്ന നനുത്ത മഴ പോലെ... എന്റെ കൗമാരം കടന്നുപോയി.
പിന്നെ ഫലസമൃദ്ധമായ നീരൊഴിക്കിന്റെ മഴക്കാലമായിരുന്നു. സത്യസരണിയുടെ തിരിച്ചറിവുകൾ ഹൃദയത്തിൽ പെയ്ത തേൻമഴയായിരുന്നു. ആ മാരിയിൽ നനഞ്ഞലിഞ്ഞു ചേർന്നാണ് ഞാനെന്റെ റബ്ബിലേക്കുള്ള ദൂരം കുറച്ചത്. അറിയുന്തോറും അറിയാനുള്ള ആവേശം തുലാവർഷത്തിലെ കാറ്റിനെപ്പോലെ ആഞ്ഞടിച്ചിരുന്നു. ആ കാറ്റിന്റെ ശക്തിയിലാണ് ദഅ്‌വത്തിന്റെ നീർച്ചാലുകൾ പതിയെ ഒഴുകാൻ തുടങ്ങിയത്. ഒരു പെരുമഴക്കാലത്തിന്റെ സ്മരണയെന്നോണം ഈ യൗവനം ഇന്നും ബാക്കിയാണ്.
ഇതിനിടയിൽ പലപ്പോഴായി വന്നുപോയ പട്ടിണിയുടെയും മറ്റു പരീക്ഷണങ്ങളുടെയും പ്രളയ ഭാവങ്ങളും മറക്കാവതല്ല! ഓരോ പ്രളയവും പുതുനാമ്പ് സമ്മാനിച്ച് ഞാൻ ഇന്നും ഞാനായിരിക്കുന്നത് ‘എനിക്ക് എന്റെ റബ്ബ് മതി’ എന്ന ഉറപ്പിന്മേൽ അവൻ നൽകിയ കാരുണ്യവും സഹായവും കൊണ്ടു മാത്രമാണ്.
മഴഭാവങ്ങൾ പലതും ജീവിതയാത്രയിൽ ആസ്വദിച്ചവളാണ്. എങ്കിലും ഇനിയും ഒരാസ്വാദനം ബാക്കിയുണ്ടല്ലോ. ഞാനും നിങ്ങളുമെല്ലാം ആസ്വദിക്കേണ്ട മരണമെന്ന നനുത്ത മഴയുടെ വിറങ്ങലിച്ച ഭാവം. മലക്കുൽ മൗത്തിന്റെ രൂപത്തിൽ വരുന്ന ആ മഴക്ക് പലരോടും പല ഭാവങ്ങൾ ആയിരിക്കും. ആസ്വാദനം മാത്രം ബാക്കിയാവുകയും പങ്കുവെക്കൽ അസാധ്യവുമായ മൃത്യുമഴയുടെ ഭാവം.
പുറത്ത് മഴയുടെ കൊഞ്ചൽ കേൾക്കാതായപ്പോഴാണ് അവൾ തന്റെ മഴഭാവങ്ങളിൽ നിന്നും ഉണർന്നത്. ഇനിയും നോക്കിത്തീർക്കാനുള്ള കവിതാശകലങ്ങൾ അവളെ നോക്കി നെടുവീർപ്പിട്ടതും അവൾ തന്റെ ഉത്തരവാദിത്തത്തിലേക്ക് മുഴുകി.

