നോമ്പ്: ചില ഫത്‌വകള്‍

ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ബാസ്

2021 മെയ് 01 1442 റമദാന്‍ 19
1. സ്ത്രീപുരുഷന്മാര്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ്? ഇതിന് നോമ്പ് ഒരു ഉപാധി ആണോ? ഇഅ്തികാഫ് ഇരിക്കുന്നവന്‍ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ്? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെനിന്ന് പുറത്ത് പോകേണ്ടതും എപ്പോള്‍?

ഇഅ്തികാഫ് സ്ത്രീപുരുഷന്മാര്‍ക്ക് ഒരുപോലെ സുന്നത്താണ്. നബി ﷺ റമദാനില്‍ ഇഅ്തികാഫ് ഇരുന്നതായും തന്റെ അവസാന നാളുകളില്‍ റമദാനിലെ ഒടുവിലത്തെ പത്തില്‍ ഇത് പതിവാക്കിയതായും ഹദീഥുകളില്‍ സ്ഥിരപ്പെട്ടതാണ്. നബി ﷺ യുടെ കൂടെ തന്റെ ഭാര്യമാരില്‍ ചിലര്‍ ഇഅ്തികാഫിരുന്നതായും അദ്ദേഹത്തിന്റെ മരണശേഷം അവര്‍ ഇത് തുടര്‍ന്നതായും കാണാം.

നമസ്‌കാരം ജമാഅത്തായി നിര്‍വ്വഹിക്കപ്പെടുന്ന പള്ളികളാണ് ഇഅ്തികാഫിന് തിരഞ്ഞെടുക്കേണ്ടത്. ഇഅ്തികാഫിനിടയില്‍ വെള്ളിയാഴ്ച വരുമെങ്കില്‍ ജുമുഅ നടക്കുന്ന പള്ളികളാണുത്തമം. ഇഅ്തികാഫിന് നിശ്ചിത സമയമില്ലെന്നതാണ് പ്രബലമായ അഭിപ്രായം. നോമ്പ് അഭികാമ്യമാണെങ്കിലും അനിവാര്യമല്ല. ഇഅ്തികാഫിന് ഉദ്ദേശിക്കുമ്പോള്‍ ഭജനസ്ഥലത്ത് പ്രവേശിക്കുകയും ഉദ്ദിഷ്ട സമയം കഴിഞ്ഞാല്‍ പുറത്ത് വരികയുമാണ് നബിചര്യ. ഇഅ്തികാഫ് സുന്നത്തായതിനാല്‍ (നേര്‍ച്ചയാക്കിയതല്ലെങ്കില്‍) ഇടക്കുവെച്ച് നിര്‍ത്താവുന്നതുമാണ്. റമദാനിലെ ഒടുവിലത്തെ പത്തില്‍ നബിചര്യ പിന്തുടര്‍ന്നുകൊണ്ട് ഭജനമിരിക്കുന്നവന്‍ ഇരുപത്തിഒന്നിന് ഫജ്ര്‍ നമസ്‌കാരശേഷം ഭജനസ്ഥലത്ത് പ്രവേശിക്കുകയും മാസം അവസാനിക്കുമ്പോള്‍ പുറത്ത് വരികയുമാണ് വേണ്ടത്. സൗകര്യമുണ്ടെങ്കില്‍ വിശ്രമത്തിന്നായി പ്രത്യേകം സ്ഥലം ഒരുക്കുന്നതാണുത്തമം. ദിക്ര്‍, ക്വുര്‍ആന്‍ പാരായണം, പാപമോചനത്തിനായുള്ള പ്രാര്‍ഥന, മറ്റു പ്രാര്‍ഥനകള്‍, സുന്നത്ത് നമസ്‌കാരങ്ങള്‍ എന്നിവക്കായിരിക്കണം സമയം വിനിയോഗിക്കേണ്ടത്. ഇഅ്തികാഫിരിക്കുന്നവനെ അയാളുടെ സ്‌നേഹിതന്മാര്‍ സന്ദര്‍ശിക്കുന്നതിനോ, അവരുമായി സംസാരിക്കുന്നതിനോ വിരോധമില്ല.

നബി ﷺ യുടെ ചില ഭാര്യമാര്‍ ഭജനസമയത്ത് അദ്ദേഹത്തെ വന്ന് കാണുകയും സംഭാഷണം നടത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ തന്റെയടുത്ത് വന്ന് സഫിയ(റ) തിരിച്ച് പോകുമ്പോള്‍ യാത്രയയക്കാന്‍ നബി ﷺ പള്ളിയുടെ പ്രവേശനകവാടം വരെ അനുഗമിക്കുകയുണ്ടായി. (ഈ സംഭവം നബി ﷺ യുടെ അങ്ങേയറ്റത്തെ വിനയത്തേയും ഭാര്യമാരുമായുള്ള ഉല്‍കൃഷ്ട ബന്ധത്തെയും വ്യക്തമാക്കുകകൂടി ചെയ്യുന്നു).

2. വൃക്കരോഗിയായ നോമ്പുകാരന് രക്തം മാറ്റിക്കൊടുക്കുന്നതിന്റെ വിധിയെന്താണ്? നോമ്പ് വീട്ടേണ്ടതുണ്ടോ?

നോമ്പുകാരന്റെ ശരീരത്തില്‍ പുതിയ രക്തം കയറ്റുന്നത് മൂലം അവന്റെ നോമ്പ് മുറിയുന്നതാണ്. രക്തത്തോടൊപ്പം മറ്റു പദാര്‍ഥങ്ങള്‍ കൂടിയാകുമ്പോള്‍ പ്രത്യേകിച്ചും. അതിനാല്‍ നഷ്ടപ്പെട്ട നോമ്പ് അവന്‍ പിന്നീട് നോറ്റുവീട്ടേണ്ടതാണ്.

3. ആസ്തമ പോലുള്ള രോഗങ്ങള്‍ക്ക് നോമ്പുകാരന്‍ പകല്‍സമയത്ത് വായില്‍ സ്‌പ്രേ ഉപയോഗിക്കുന്നതിന്റെ വിധി എന്താണ്?

അത്യാവശ്യമാണെങ്കില്‍ അത് അനുവദനീയമാണ്. അല്ലാഹു പറയുന്നു: ''നിങ്ങളുടെമേല്‍ നിഷിദ്ധമാക്കപ്പെട്ടത് അവന്‍ നിങ്ങള്‍ക്ക് വിശദമാക്കി തന്നിട്ടുണ്ടല്ലോ. നിങ്ങള്‍ (തിന്നുവാന്‍) നിര്‍ബന്ധിതരായി തീരുന്നതൊഴികെ'' (അല്‍അന്‍ആം 119).

സ്‌പ്രേ ഉപയോഗിക്കുന്നത് ആഹാര പാനീയങ്ങളുപയോഗിക്കുന്നത് പോലെയല്ല. പരിശോധനക്കായി രക്തം പുറത്തെടുക്കുന്നതിനോടും ദ്രാവക രൂപത്തില്‍ ഭക്ഷണപദാര്‍ഥങ്ങള്‍  നല്‍കാനല്ലാത്ത കുത്തിവെപ്പിനോടുമാണിതിന് സാമ്യം.

4. നോമ്പുകാരന്‍ ദന്തവൈദ്യനെ സമീപിച്ചു പല്ല് ക്ലീന്‍ ചെയ്യുകയോ അടക്കുകയോ പല്ലെടുക്കുകയോ ചെയ്താല്‍ അത് നോമ്പിനെ പ്രതികൂലമായി ബാധിക്കുമോ? പല്ല് തരിപ്പിക്കാന്‍ കുത്തിവെച്ചാല്‍ നോമ്പ് മുറിയുമോ?

ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട കാര്യങ്ങള്‍ നോമ്പിനെ അസാധുവാക്കുകയില്ല. അവയില്‍ ഇളവ് അനുവദിക്കപ്പെട്ടിട്ടുണ്ട്. മരുന്നോ രക്തമോ വിഴുങ്ങുന്നത് സൂക്ഷിക്കണമെന്ന് മാത്രം. തരിപ്പിക്കാന്‍ കുത്തിവെക്കുന്നതും നോമ്പിനു ദോഷം വരുത്തുകയില്ല. ഇവയൊന്നും ആഹാര പാനീയങ്ങളായി കണക്കാക്കപ്പെടുന്നവയല്ലല്ലോ.

5. നോമ്പുകാരന് നാഡികളിലും പേശികളിലും കുത്തിവെപ്പ് നടത്താമോ?

കുത്തിവെക്കുന്നതുകൊണ്ട് നോമ്പ് മുറിയുകയില്ല. എന്നാല്‍ ആഹാരപദാര്‍ഥങ്ങള്‍ കുത്തിവെക്കുന്നതുകൊണ്ട് നോമ്പ് നിഷ്ഫലമാകും.

നോമ്പുകാരന്റെ ശരീരത്തില്‍ നിന്നു പരിശോധനക്കുവേണ്ടി രക്തം എടുക്കുന്നതിനു വിരോധമില്ല. എന്നാല്‍ കൊമ്പുവെക്കുന്നതുകൊണ്ട് അതിലേര്‍പ്പെട്ട രണ്ടു പേര്‍ക്കും നോമ്പ് നഷ്ടപ്പെടുമെന്നാണ് പ്രബലമായ അഭിപ്രായം. നബി ﷺ പറഞ്ഞു: 'കൊമ്പുവെക്കുന്നവനും വെപ്പിക്കുന്നവനും നോമ്പ് നഷ്ടപ്പെടുത്തി'.

6. നോമ്പുകാരന്‍ ടൂത്ത് പെയ്സ്റ്റ് ഉപയോഗിച്ചു ദന്തശുദ്ധി വരുത്തുന്നതിനും കണ്ണിലും കാതിലും മൂക്കിലും മറ്റും മരുന്ന് ഇറ്റിക്കുന്നതിനും വിരോധമുണ്ടോ? ഇറ്റിച്ച മരുന്നിന്റെ രുചി തൊണ്ടയില്‍ അനുഭവപ്പെട്ടാല്‍ അതിന്റെ വിധിയെന്ത്?

ദന്തശുദ്ധി വരുത്താന്‍ വെറും ബ്രഷുപയോഗിച്ചാലും ടൂത്ത് പെയ്സ്റ്റുപയോഗിച്ചാലും നോമ്പ് മുറിയില്ല. പെയ്സ്റ്റ് അകത്തേക്ക് ഇറങ്ങിപ്പോകാതെ സൂക്ഷിക്കണമെന്നു മാത്രം. എന്നാല്‍ അറിയാതെ അല്‍പം ഇറങ്ങിപ്പോയാല്‍ നോമ്പ് പിന്നീട് നോറ്റുവീട്ടേണ്ടതില്ല. ഇതുപോലെതന്നെ കണ്ണിലും കാതിലും മരുന്ന് ഇറ്റിക്കുന്നതുകൊണ്ടും നോമ്പ് മുറിയില്ല. ഇതാണ് പ്രബലമായ അഭിപ്രായം. പക്ഷെ, തൊണ്ടയില്‍ രുചി അനുഭവപ്പെട്ടാല്‍ നോമ്പ് മറ്റൊരിക്കല്‍ നോറ്റുവീട്ടുന്നതാണ് സൂക്ഷ്മത. കണ്ണും കാതും ആഹാരപനീയങ്ങളുടെ പ്രവേശനമാര്‍ഗങ്ങളല്ലല്ലോ. എന്നാല്‍ വായിലേക്കുള്ള പ്രവേശനദ്വാരം കൂടിയാണെന്നതിനാല്‍ മൂക്കില്‍ ഇറ്റിക്കുന്നതു അനുവദനീയമല്ല. അംഗശുദ്ധി വരുത്തുന്നതിനെപ്പറ്റി നബി ﷺ പറഞ്ഞു: ''നോമ്പുകാരനല്ലെങ്കില്‍ മൂക്കില്‍ പൂര്‍ണമായി വെള്ളം കേറ്റി കഴുകുക.'' ഈ ഹദീഥിന്റെ അടിസ്ഥാനത്തില്‍ മൂക്കില്‍ മരുന്ന് ഇറ്റിക്കുകയും തൊണ്ടയില്‍ അതിന്റെ രുചി അനുഭവപ്പെടുകയും ചെയ്താല്‍ നോമ്പ് നിഷ്ഫലമാകും. പിന്നീട് ഈ നോമ്പ് നോറ്റുവീട്ടണം.

7. റമദാനിലെ നോമ്പ് നിര്‍ബന്ധമാണെന്ന് അംഗീകരിക്കുന്നതോടൊപ്പം അത് ഉപേക്ഷിക്കുന്നവന്റെ വിധി എന്താണ്? ഒന്നിലധികം തവണ അശ്രദ്ധമായി നോമ്പ് ഉപേക്ഷിച്ച ആള്‍ ഇസ്‌ലാമില്‍നിന്ന് പുറത്ത് പോകുമോ?

തക്കതായ കാരണം കൂടാതെ മനഃപൂര്‍വം നോമ്പ് ഉപേക്ഷിക്കുന്നവന്‍ മഹാപാപിയാണെങ്കിലും അവിശ്വാസി ആയിത്തീരുന്നില്ലെന്നാണ് പ്രബലമായ പണ്ഡിതമതം. അതിനാല്‍ അവന്‍ പശ്ചാത്തപിക്കുകയും ഉപേക്ഷിച്ച നോമ്പ് പിന്നീട് നോറ്റുവീട്ടുകയും വേണം. എന്നാല്‍ അടുത്ത റമദാന്‍വരെ ന്യായമായ കാരണങ്ങളില്ലാതെ നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടാതിരുന്നാല്‍ മുമ്പ് വ്യക്തമാക്കിയപോലെ ഓരോ നോമ്പിനും ഒരു അഗതിക്ക് ആഹാരം നല്‍കണം. ഹജ്ജും സകാത്തും നിര്‍ബന്ധമാണെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ അവ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുന്നവന്‍ അവിശ്വാസിയായി കണക്കാക്കപ്പെടുകയില്ല. എന്നാല്‍ അവന്‍ പശ്ചാത്തപിക്കണം. വീഴ്ച വരുത്തിയ കാലത്തെ സകാത്ത് കൊടുത്ത് വീട്ടുകയും ഹജ്ജ് നിര്‍വഹിക്കുകയും വേണം. അല്ലാഹു സകാത്ത് കൊടുക്കാത്തവരെ അവന്റെ ധനംകൊണ്ട് തന്നെ ശിക്ഷിക്കുമെന്നും ശേഷം നരകമോ സ്വര്‍ഗമോ നല്‍കുമെന്നും വ്യക്തമാക്കുന്ന ഹദീഥുകള്‍ ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.