ഗ്യാന്‍വാപിയിലെ തീ; ഉറക്കം നടിച്ചാല്‍ പടര്‍ന്നുപിടിക്കും

ടി.കെ.അശ്റഫ്

2021 ഏപ്രില്‍ 17 1442 റമദാന്‍ 05

വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പുരാതന ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് പ്രദേശത്തെ ഒരു കോടതി നിര്‍ദേശിച്ചത് രാജ്യത്തിന്‍റെ സമാധാന ജീവിതത്തിലേക്ക് തീ കോരിയിടുന്ന നടപടിയായിപ്പോയി. മൂന്നു പതിറ്റാണ്ട് മുമ്പുള്ള ഒരു പരാതി പൊടിതട്ടിയെടുത്താണ് ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്!

മൂന്ന് നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചുവരുന്ന മുസ്ലിം ആരാധനാലയമായ ഗ്യാന്‍വാപി പള്ളി മുഗള്‍ രാജാവായിരുന്ന ഔറംഗസീബ്(1669ല്‍) പണികഴിപ്പിച്ചതാണ്. നൂറ്റാണ്ടുകള്‍ക്കു ശേഷം (1980കളില്‍) വര്‍ഗീയ വാദികള്‍ ഇതില്‍ കണ്ണുവച്ചുതുടങ്ങി. തൊണ്ണൂറുകളില്‍ ബാബരി മസ്ജിദ് വിവാദം കത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഗ്യാന്‍വാപിയിലെ പള്ളിയും മധുരയിലെ ഈദ് ഗാഹും സംബന്ധിച്ച് ഇവര്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. അവിടെയുണ്ടായിരുന്ന ശിവക്ഷേത്രം തകര്‍ത്ത് അതിന്‍റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് ഔറംഗസേബ് പള്ളി നിര്‍മിച്ചത് എന്നായിരുന്നു അവരുടെ ആരോപണം.

ഈ ആരോപണത്തിന്‍റെ തീ കത്താന്‍ അനുവദിച്ചാല്‍ രാജ്യം മുഴുവന്‍ ആളിപ്പടരാന്‍ ശേഷിയുള്ളതാണന്ന് തിരിച്ചറിഞ്ഞ അന്നത്തെ നരസിംഹറാവു സര്‍ക്കാര്‍ 1991ലെ 'പ്ലേസ് ഓഫ് വര്‍ഷിപ് ആക്ട് 91' എന്നപേരില്‍ ആരാധനാലയ നിയമം കൊണ്ടുവന്നു തടയുകയാണ് ചെയ്തത്. ഈ നിയമം അനുസരിച്ച് രാജ്യത്തെ ആരാധനാലയങ്ങളുടെ സ്വഭാവം 1947 ഓഗസ്റ്റ് 15ന് ഉണ്ടായിരുന്ന അവസ്ഥയില്‍ തന്നെ നിലനില്‍ക്കും. ഇത് സംബന്ധിച്ച് കോടതി വ്യവഹാരങ്ങള്‍ പാടില്ല. ബാബരി മസ്ജിദിന് മാത്രമെ ഈ നിയമത്തില്‍ ഇളവ് അനുവദിച്ചിട്ടുള്ളൂ. രാജ്യത്തെ ആരാധനാലയങ്ങള്‍ ഇന്നോളം സംരക്ഷിക്കപ്പെട്ടതില്‍ ഈ നിയമത്തിന് വലിയ പങ്കുണ്ട്.

സ്വാതന്ത്ര്യത്തിനു മുമ്പുള്ള സംഭവങ്ങളെ ഊഹത്തിന്‍റെയും കെട്ടിച്ചമച്ച രേഖകളുടെയും ഐതിഹ്യങ്ങളുടെയും അടിസ്ഥാനത്തില്‍ അപഗ്രഥിച്ച് ഉടമസ്ഥാവകാശം പുനര്‍നിര്‍ണയിക്കാന്‍ തുനിഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ രാജ്യത്തിന്‍റെ ഭാവി? ഇത് തീക്കളിയാണ്! ഈ തീ ഇവിടെ അണച്ചില്ലെങ്കില്‍ ആളിപ്പടര്‍ന്ന ശേഷം തീയണക്കാന്‍ രാജ്യത്ത് പൗരന്മാര്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. 1991ലെ ആരാധനാലയ നിയമം നിലനില്‍ക്കെ കോടതികള്‍ അതു കണ്ടില്ലെന്നു നടിച്ചുകൊണ്ട് പുതിയ പരിശോധനക്കായി തുറന്നുനല്‍കുന്ന വാതില്‍ വിഭാഗീയതക്ക് കടന്നുവരാനുള്ള കവാടങ്ങള്‍ കൂടിയാണന്ന കാര്യം വിസ്മരിക്കരുത്. സുപ്രീംകോടതിയും ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് ഉത്കണ്ഠ വര്‍ധിപ്പിക്കുകയാണ്. 1991ലെ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ട് അശ്വിനി കുമാര്‍ ഉപാധ്യായ എന്ന ബിജെപി നേതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ ആശങ്കയുളവാക്കുന്ന നടപടി.

ബാബരി വിവാദം രാജ്യത്തുണ്ടാക്കിയ മുറിവ് നാം അനുഭവിച്ചതാണ്. അത് അവസാനിച്ചപ്പോള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് പുതിയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരികയാണ് വര്‍ഗീയ വാദികള്‍. ഗ്യാന്‍വാപിയിലെ സമാധാന വാദികളായ സന്യാസിമാര്‍ പോലും ഈ വിഷയം കുത്തിപ്പൊക്കി മധുരയുടെ സമാധാനം കളഞ്ഞുകുളിക്കരുത് എന്ന് ആവശ്യപ്പെട്ടതിലൂടെ ഇത് പ്രദേശവാസികളുടെ ആവശ്യമല്ലന്നും വിഭാഗീയതക്ക് തീകൊടുത്ത് രാഷ്ട്രീയാധികാരം ഉറപ്പിക്കാനുള്ള വര്‍ഗീയശക്തികളുടെ അജണ്ടയാണന്നും വ്യക്തമായിരിക്കുകയാണ്.

ഇതിനെതിരെ സമാധാനമാഗ്രഹിക്കുന്നവരെല്ലാം രംഗത്തുവരണം. ഇല്ലെങ്കില്‍ ഈ തിയറിവെച്ച് നാടുമുഴുവന്‍ കിളച്ചുമറിക്കേണ്ടിവരും. പണ്ടുകാലത്ത് ഇവിടങ്ങളില്‍ പള്ളി ഉണ്ടായിരുന്നുവെന്ന് മുസ്ലിംകളും ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ഹിന്ദുക്കളും വാദിക്കാന്‍ തുടങ്ങിയാല്‍ എന്താകും നമ്മുടെ നാടിന്‍റെ അവസ്ഥ?! ആരാധനാലയങ്ങള്‍ മാത്രമല്ല വീടുകളും മറ്റു സ്ഥാപനങ്ങളുമെല്ലാം കുഴിക്കേണ്ടി വരും. 1991ലെ നിയമത്തിലൂടെ ഈ പ്രശ്നത്തെ കുടത്തില്‍ അടച്ചതാണ്. ഇനിയത് തുറക്കാന്‍ കോടതികള്‍ പോലും കൂട്ടുനില്‍ക്കുന്ന കാഴ്ച സമാധാനം ആഗ്രഹിക്കുന്നവരെ വേദനിപ്പിക്കുന്നുണ്ട്. ഇത്തരം വിഷയത്തില്‍ മതേതര പാര്‍ട്ടികളും ജനാധിപത്യവിശ്വാസികളും സാഹിത്യകാരന്മാരും പൊതുസമൂഹം ഒന്നടങ്കവും രംഗത്തുവരേണ്ടതുണ്ട്.