ചോദിക്കാം, പക്ഷേ...!

അബൂതെഹ്‌സീന്‍

2021 സെപ്തംബര്‍ 25 1442 സഫര്‍ 18
''സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കും. ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സമയത്ത് നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തുകതന്നെ ചെയ്യും. (നിങ്ങള്‍ ചോദിച്ച് കഴിഞ്ഞതിന്) അല്ലാഹു (നിങ്ങള്‍ക്ക്) മാപ്പുനല്‍കിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു. നിങ്ങള്‍ക്ക് മുമ്പ് ഒരു ജനവിഭാഗം അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. പിന്നെ അവയില്‍ അവര്‍ അവിശ്വസിക്കുന്നവരായിത്തീരുകയും ചെയ്തു'' (ക്വുര്‍ആന്‍'5:101)

അനാവശ്യമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ഉപകാരപ്രദമല്ലാത്ത അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യുന്നതിനെ അല്ലാഹുവും റസൂലും വിരോധിക്കുന്നു. അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി പലപ്പോഴും ചോദ്യകര്‍ത്താവിനുതന്നെ അതൃപ്തിയും വിഷമവും ഉളവാക്കുന്നതായേക്കാം. ഒരു കാര്യം ഇന്നിന്നപ്രകാരമാണെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ലാത്തപ്പോള്‍ ജനങ്ങള്‍ക്ക് അവരുടെ ഹിതവും സൗകര്യവും അനുസരിച്ച് അത് കൈകാര്യം ചെയ്യാന്‍ വിഷമമുണ്ടാകില്ല. എന്നാല്‍ വിശദാംശങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിശദീകരണം അത് ഇന്നിന്നപ്രകാരമായിരിക്കണമെന്നുള്ള സുനിശ്ചിതത്വം ഉളവാക്കുന്നു. അതോടെ അതില്‍ മുമ്പുണ്ടായിരുന്ന വിശാലതയും സൗകര്യവും നീങ്ങിപ്പോവുകയും കൃത്യതയും കണിശതയും വര്‍ധിക്കുകയും ചെയ്യുന്നു.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: നബി ﷺ ഇപ്രകാരം  പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു: ''ഞാന്‍ എന്തൊന്ന് നിരോധിച്ചുവോ അതിനെ നിങ്ങള്‍ വെടിയുക. ഞാന്‍ എന്തൊന്ന് കല്‍പിച്ചുവോ അത് നിങ്ങള്‍ കഴിവിനനുസരിച്ച് നിറവേറ്റുക. നിശ്ചയമായും നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത് അവരുടെ അധികരിച്ച ചോദ്യങ്ങളും പ്രവാചകന്മാരോടുള്ള അവരുടെ വിയോജിപ്പുമായിരുന്നു'' (ബുഖാരി, മുസ്‌ലിം).

വിവരമില്ലാത്ത കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കരുതെന്നോ സംശയത്തിന് പരിഹാരം തേടരുതെന്നോ അല്ല ക്വുര്‍ആനികാധ്യാപനങ്ങളുടെയും തിരുവചനങ്ങളുടെയും പൊരുള്‍. മറിച്ച് അനാവശ്യമായ വിശദീകരണം ആവശ്യപ്പെടുക, പരീക്ഷിക്കുന്നതിനു വേണ്ടിയോ തര്‍ക്കത്തിനുവേണ്ടിയോ മാത്രം ചോദിക്കുക മുതലായ കാര്യങ്ങളാണ് വിരോധിക്കപ്പെട്ടിട്ടുള്ളത്. അറിയാത്ത കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന് ക്വുര്‍ആനില്‍നിന്നും ഹദീഥില്‍നിന്നും വ്യക്തമായിട്ടുള്ളതാണ്.

നബി(റ) പറഞ്ഞു: ''ഞാന്‍ നിങ്ങള്‍ക്കായുപേക്ഷിച്ച കാര്യങ്ങളില്‍ എന്നെ നിങ്ങള്‍ വിട്ടേക്കുക. നിശ്ചയം, അധികരിച്ച ചോദ്യങ്ങളും പ്രവാചകന്മാരോടുള്ള ഭിന്നതകളുമാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരെ നാശത്തിലാക്കിയത്. ആയതിനാല്‍ ഞാന്‍ വിലക്കിയ കാര്യങ്ങള്‍ നിങ്ങളുപേക്ഷിക്കുക, കല്‍പിച്ച കാര്യങ്ങള്‍ പരമാവധി നിര്‍വഹിക്കുക'' (മുസ്‌ലിം).

ഇൗ പ്രമാണവാക്യങ്ങള്‍ വ്യക്തമാക്കുന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോള്‍ ഇന്നത്തെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റു മേഖലകളിലും നാം കാണുന്ന അനാവശ്യ തര്‍ക്കവിതര്‍ക്കങ്ങളില്‍നിന്ന് അകലം പാലിക്കാന്‍ നമുക്ക് സാധിക്കും. ഗുണകാംക്ഷയോടും സഹിഷ്ണുതയോടും കൂടി മാത്രമെ പ്രബോധന പ്രവ ര്‍ത്തന രംഗത്ത് നിലയുറപ്പിച്ചിട്ട് കാര്യമുള്ളൂ എന്ന കാര്യം ഓര്‍ക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ.