മാറേണ്ടത് പ്രായമോ, കാഴ്ചപ്പാടോ?

ടി.കെ.അശ്‌റഫ്

2020 ആഗസ്ത് 29 1442 മുഹര്‍റം 10

ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് 21 ആക്കി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പറയുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ ഈ വിഷയത്തെ സമൂഹം സുചിന്തിതമായ തുറന്ന ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ ശൈശവവിവാഹത്തെ അനുകൂലിക്കുന്നവരായി മുദ്രകുത്തുമോ എന്ന ഭയമാണ് പലര്‍ക്കുമുള്ളത്. അതുകൊണ്ട് എതിര്‍പ്പ് മനസ്സിലൊതുക്കി മൗനം പാലിക്കുകയാണ് പലരും.

പക്വതയെത്താതെ വിവാഹംകഴിച്ചുകൊടുക്കുന്നത് മൂലം സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ ഗൗരവമായി നാം കാണേണ്ടതുണ്ട്. അതുകൊണ്ടാണ് 18 വയസ്സിലേക്ക് വിവാഹപ്രായം ഉയര്‍ത്തിയപ്പോള്‍ ശക്തമായ എതിര്‍പ്പ് സമൂഹത്തില്‍നിന്ന് ഉയരാതെ പോയത്. ഇരുപത്തിയഞ്ചാമത്തെ വയസ്സിലും ഒരു കുട്ടിക്ക് വിവാഹത്തിനുള്ള പ്രാപ്തി എത്തിയില്ലെന്ന് വന്നാല്‍ അവളെ വിവാഹം കഴിപ്പിക്കരുതെന്നാണ് നമ്മുടെ പക്ഷം. എന്നാല്‍ 21 ന് മുമ്പ് തന്നെ വിവാഹജീവിതം നയിക്കാന്‍ പക്വത നേടിയവര്‍ക്ക് നിയമം തടസ്സം നില്‍ക്കരുതെന്നാണ് നമുക്ക് പറയാനുള്ളത്. പ്രായമല്ല; വിവാഹത്തോടുള്ള കാഴ്ചപ്പാടാണ് മാറേണ്ടതെന്നര്‍ഥം.

ഇത് നിയമമായി മാറിയാല്‍ നമ്മുടെ രാജ്യത്ത് കുടുംബ സംവിധാനത്തില്‍ വിള്ളലുകള്‍ വരാന്‍ സാധ്യത ഏറെയാണ്. പാശ്ചാത്യന്‍ നാടുകളിലെ പോലെ തുറന്ന ലൈംഗികതയല്ല ഇന്ത്യന്‍ സംസ്‌കാരത്തിലുള്ളത്. ഇവിടെയുള്ള ഹൈന്ദവരും ക്രൈസ്തവരും മുസ്‌ലിംകളും കുടുംബ ജീവിതം  വിവാഹത്തിലൂടെയാവണമെന്ന് ശഠിക്കുകയും അതിനെ പവിത്രമായി കാണുകയും ചെയ്യുന്നവരാണ്. എന്നാല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിലൂടെ ആണ്‍കുട്ടികളുടെ പ്രായപരിധി വീണ്ടും നീട്ടി നിശ്ചയിക്കേണ്ടിവരും. ലൈംഗികബന്ധത്തിന് സമൂഹവും നിയമവും അംഗീകാരം നല്‍കുന്ന വിവാഹത്തിന്റെ പ്രായപരിധി  നീട്ടുകയും ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധങ്ങള്‍ക്ക് തുറന്ന അനുമതി നല്‍കുകയും ചെയ്യുന്ന വിചിത്രമായ നടപടിയാണ് ഈ നിയമത്തിലൂടെ സംഭവിക്കുന്നത്.

വിവാഹത്തിലൂടെ തുടങ്ങുന്ന ജീവിതമാണ് കെട്ടുറപ്പുള്ള കുടുംബ രൂപീകരണത്തിന് സഹായകമാവുക. ഭദ്രമായ കുടുംബങ്ങളിലൂടെയാണ് അച്ചടക്കമുള്ള ഒരു സമൂഹം രൂപപ്പെടുക. തുറന്നലൈംഗികത കുത്തഴിഞ്ഞ സാമൂഹ്യവ്യവസ്ഥയ്ക്ക് കാരണമാകും. നാട്ടില്‍ സ്ത്രീപീഡനക്കേസുകള്‍ ഞെട്ടിക്കുന്നവിധം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹപ്രായം ഉയര്‍ത്തുന്നത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും. മുന്‍കാലത്തെ അപേക്ഷിച്ച് കുട്ടികളുടെ ശാരീരിക വളര്‍ച്ചയില്‍ വന്ന മാറ്റംകൂടി പരിഗണിക്കുമ്പോള്‍ വിവാഹം നീളുന്നത് പുതിയ പ്രയാസങ്ങള്‍ ക്ഷണിച്ചുവരുത്തും. വിവാഹ വിഷയത്തില്‍ മാറേണ്ടത് പ്രായമല്ല; കാഴ്ചപ്പാടായിരിക്കണം.

വിവാഹത്തെ അപ്രസക്തമാക്കുകയും അവിഹിതബന്ധത്തെ സാര്‍വത്രികമാക്കുകയും ചെയ്യാന്‍ ഇടവരുന്നതും ഇന്ത്യന്‍ കുടുംബസംസ്‌കാരത്തെ തകിടംമറിച്ച് സ്വതന്ത്ര ലൈംഗികതയ്ക്ക് അനുമതിയുള്ള സമൂഹമാക്കി പാശ്ചാത്യവല്‍ക്കരിക്കാന്‍ സാധ്യതയുള്ളതുമായ ഈ തീരുമാനത്തെ ഇന്ത്യന്‍ ജനതയൊന്നടങ്കം എതിര്‍ത്തു തോല്‍പിക്കേണ്ടതുണ്ട്.

സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍, യുവജനതയുടെ തൊഴിലില്ലായ്മ, സാമ്പത്തികരംഗത്തെ തകര്‍ച്ച തുടങ്ങിയ പല അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാതെ മുത്ത്വലാക്വ്, വിവാഹപ്രായം,  പോലുള്ളവയാണ് സ്ത്രീകളും ഇന്ത്യതന്നെയും നേരിടുന്ന വലിയ പ്രശ്‌നമെന്ന് വരുത്തിത്തീര്‍ത്ത് സ്ത്രീകളുടെ സംരക്ഷകരായി ചമയാനുള്ള ശ്രമമായിട്ടേ ഇതിനെ കാണാനാകൂ. മറ്റു പല സ്ഥാപിത താല്‍പര്യങ്ങളും ഇതിനുപിന്നില്‍ ഇല്ലാതിരിക്കാന്‍ വഴിയില്ല.