വാദപ്രതിവാദം: വേദിയിലും കോടതിയിലും

പി.വി ഉമര്‍കുട്ടി ഹാജി (റഹി)

2019 സെപ്തംബര്‍ 21 1441 മുഹര്‍റം 21

(ഏറനാട്ടിലെ ഓര്‍മകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും: 3)

(തയ്യാറാക്കിയത്: യൂസഫ്‌ സാഹിബ് നദ്‌വി )

പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നെടിയിരുപ്പില്‍

ഒതായിയിലെ വാദപ്രതിവാദത്തിനു ശേഷം കുറേക്കഴിഞ്ഞാണ് നെടിയിരുപ്പില്‍ ഒരു നോട്ടീസ് ഇറങ്ങിയത്. 'മുഹ്‌യിദ്ദീന്‍ മാല, നഫീസത്ത് മാല, രിഫാഈ മാല മുതലായ പാട്ടുകളും ബൈത്തുകളും സത്യസമ്പൂര്‍ണമാണെന്ന് ക്വുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും സ്ഥാപിച്ചുകൊണ്ട് പതി അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍ നെടിയിരുപ്പില്‍ പ്രസംഗ പരമ്പര നടത്തുന്നതാണ്. ജനങ്ങള്‍ കൂട്ടംകൂട്ടമായി പങ്കെടുക്കുക. സത്യം ഗ്രഹിക്കുക' എന്നതായിരുന്നു നോട്ടീസിലെ വാചകം.

ഖണ്ഡന പ്രസംഗത്തിന് സ്റ്റേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നമ്മളും നോട്ടീസ് ഇറക്കി. അവസാനം രണ്ട് സ്റ്റേജ് അഭിമുഖമായി ഉണ്ടാക്കി. രണ്ടു ഭാഗത്തുനിന്നും അരമണിക്കൂര്‍ വീതം സംസാരിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എടവണ്ണയില്‍നിന്ന് വാപ്പ പി.വി. മുഹമ്മദാജിയും ഞാനും അലവിമൗലവി സാഹിബും മറ്റും നെടിയിരുപ്പില്‍ വമ്പന്‍ സെയ്ദലവി സാഹിബിന്റെ വീട്ടില്‍ പോയിട്ടായിരുന്നു പരിപാടി നടത്തിയിരുന്നത്. ആറുദിവസം പ്രസംഗം നടന്നു. അതിനുശേഷം പതിയുമായുള്ള വാദപ്രതിവാദം വണ്ടൂര്‍, കൊടശ്ശേരി, നന്മണ്ട, പൂനൂര്‍, കൊടിയത്തൂര്‍ എന്നിവിടങ്ങളിലെല്ലാം നടന്നു. അന്ന് അലവി മൗലവി സാഹിബായിരുന്നു മുജാഹിദ് പക്ഷത്തുനിന്ന് അധികമായും സംസാരിച്ചിരുന്നത്. പൂനൂരില്‍ പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവിയും നമുക്ക് വേണ്ടി പ്രതിവാദം നടത്തി.

ഒതായിയില്‍ അബ്ദുല്ല ഹാജിയുടെ വഅളു നടന്നുകൊണ്ടിരുക്കുമ്പോഴാണ് പള്ളിയിലെ വാള്‍ മുറിച്ചു കളഞ്ഞത്. മആശറ വിളിയും വാളെടുക്കലും കുറെ മുമ്പുതന്നെ നിര്‍ത്തിയിരുന്നു.

സ്ത്രീകള്‍ ഒതായി പള്ളിയില്‍ ജുമുഅഃക്ക് പങ്കെടുക്കാന്‍ തുടങ്ങി.

ഒതായി പള്ളിയില്‍ ഏതാനും സ്ത്രീകള്‍ മുമ്പേ ജുമുഅ ഖുത്വുബ കേള്‍ക്കാന്‍ വരാറുണ്ടായിരുന്നു. പക്ഷേ, നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നില്ല. 1946 മുതല്‍ക്കാണ് സ്ത്രീകള്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്.

മുഖ്‌ലിസീന്‍ സംഘം ജനിക്കുന്നു

1944ല്‍ പള്ളിപരിപാലന സംഘത്തിന്റെ ഒരു പ്രധാന വാര്‍ഷികയോഗം ഒതായിയില്‍ നടന്നു. എന്‍.വി. അബ്ദുസ്സലാം മൗലവി ആയിരുന്നു അധ്യക്ഷന്‍. അന്ന് എന്റെ സ്വാഗത പ്രസംഗത്തിലാണ് പള്ളിക്കമ്മിറ്റിക്ക് 'ജംഇയ്യത്തുല്‍ മുഖ്‌ലിസീന്‍' എന്ന് പേര് വിളിച്ചത്. അലവി മൗലവി സാഹിബാണ് ആ പേര്‍ നിര്‍ദേശിച്ചു തന്നത്. 1948ല്‍ വാപ്പ പി.വി. മുഹമ്മദാജിയും ഞാനും ഉള്‍പ്പെട്ട 12 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റി രജിസ്റ്റര്‍ ചെയ്തു. കമ്മിറ്റിയുടെ ആരംഭം മുതലേ ഞാന്‍ അസി.സെക്രട്ടറിയും പിന്നെ സെക്രട്ടറിയും പിന്നെ വൈസ് പ്രസിഡന്റും 1953 മുതല്‍ സംഘം പ്രസിഡന്റുമായി. വാപ്പ പ്രസിഡന്റും മകന്‍ സെക്രട്ടറിയുമാവുന്ന കീഴ്‌വഴക്കം ഉണ്ടാവരുതെന്ന് വാപ്പാക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ആ നിലക്കാണ് ഞാന്‍ അസി. സെക്രട്ടറിയായത്. എന്നാല്‍ ജോലികള്‍ നടത്തിയിരുന്നത് ഞാന്‍ തന്നെയായിരുന്നു. 1980 മുതല്‍ പിന്‍തലമുറക്ക് വഴിമാറിക്കൊടുക്കുവാന്‍ തീരുമാനിച്ചുവെങ്കിലും പല സാങ്കേതിക തടസ്സങ്ങളാലും 1986 വരെ നീണ്ടു. ഞാന്‍ പ്രസിഡന്റായി തുടരുന്നില്ല എന്ന് പള്ളിയില്‍ വെച്ച് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന തെരെഞ്ഞെടുപ്പില്‍ അനുജന്‍ മുഹമ്മദലി ഹാജിയെ പ്രസിഡന്റായി ഞാന്‍ തന്നെ അഭിപ്രായപ്പെടുകയും അതനുസരിച്ച് പുതിയ കമ്മിറ്റി രൂപം കൊള്ളുകയും ചെയ്തു.

1965ല്‍ ചേകന്നൂരിന്റെ ശിഷ്യന്‍ മുഹമ്മദ് മുസ്‌ല്യാര്‍ ഒതായിയില്‍ ഖത്വീബായി. അദ്ദേഹം ഇവിടെ വളരെയധികം ചേകന്നൂരിസം പ്രചരിപ്പിച്ചു. 76 ലക്കം 'നിരീക്ഷണം' വായിക്കുന്ന വരിക്കാര്‍ ഇവിടെ ഒതായിയില്‍ ഉണ്ടായി എന്നത് തന്നെ അതിനു തെളിവാണ്. പെട്ടെന്ന് പിരിച്ചു വിടാന്‍ പറ്റാത്ത ജനസ്വാധീനം ഇതിനിടയില്‍ അദ്ദേഹം നേടി. എ.പി.അബ്ദുല്‍ ഖാദിര്‍ മൗലവി അന്ന് ഒതായിയില്‍ താമസമായിരുന്നു. അദ്ദേഹവും ഞാനും വളരെ പ്രയാസപ്പെട്ട് തന്ത്രപൂര്‍വം പ്രവര്‍ത്തിച്ചിട്ടാണ് അദ്ദേഹത്തെ ഇവിടെ നിന്നും ഒഴിവാക്കാന്‍ സാധിച്ചത്.

ചേകന്നൂര്‍: വണ്ടൂര്‍ വാദപ്രദിവാദം 1965ല്‍

ആയിടക്ക് വണ്ടൂരില്‍ പലിശ ഹലാലാക്കാന്‍ ചേകന്നൂര്‍ മൗലവി പ്രസംഗം നടത്തി. അവിടത്തെ പണക്കാരില്‍ പലരും അദ്ദേഹത്തിന് പിന്തുണ നല്‍കിക്കൊണ്ടിരുന്നു. ഞങ്ങള്‍ ഇവിടെ നിന്ന് വണ്ടൂരില്‍ പോയി എതിര്‍ പ്രസംഗത്തിനും വാദപ്രതിവാദത്തിനും തയ്യാറാണെന്ന് നോട്ടീസ് ഇറക്കി. നമ്മുടെ അനുകൂലികളുടെ സഹായത്തോടു കൂടി ആറുദിവസം പ്രസംഗം നടത്തി. നമ്മുടെ ഭാഗത്തുനിന്നും പ്രസംഗം നടത്തിയിരുന്നത് കെ.സി. അബൂബക്കര്‍ മൗലവി ആയിരുന്നു. ഡോ. ഉസ്മാന്‍, കെ.പി. മുഹമ്മദ് മൗലവി മുതലായി ഞങ്ങള്‍ നിത്യം വണ്ടൂരില്‍ പോയിട്ടായിരുന്നു പ്രസംഗം നടത്തിയിരുന്നത്. അത് കഴിഞ്ഞശേഷം രണ്ടുകൂട്ടരും ഒരേ സ്റ്റേജില്‍ വെച്ച് പ്രസംഗിക്കാന്‍ നിബന്ധനയുണ്ടാക്കി കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റിയുടെ കണ്‍വീനര്‍ ഞാനായിരുന്നു. അന്ന് ജാമിഅ നദ്‌വിയ്യ നടത്തിയിരുന്നത് ചെറിയ പള്ളിക്കല്‍ വെച്ചായിരുന്നു. അവിടെ നിന്നും ശരിക്കും പഠനം നടത്തി, വൈകുന്നേരം നേരത്തെ ഭക്ഷണം കഴിച്ചിട്ടായിരുന്നു ശൈഖ് മുഹമ്മദ് മൗലവി, അലവി മൗലവി, കെ.പി. മുഹമ്മദ് മൗലവി, എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവി, കെ.സി. അബൂബക്കര്‍ മൗലവി എന്നിവരോട് കൂടി ഞങ്ങള്‍ 8 മണിക്ക് മുമ്പായി വണ്ടൂരില്‍ എത്തിയിരുന്നത്. സ്റ്റേജില്‍ അധ്യക്ഷനായി ആദ്യദിവസം പി.വി. മുഹമ്മദാജി ആയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ അധ്യക്ഷന്‍ ഉണ്ടായിരുന്നില്ല. 6 ദിവസത്തെ പരിപാടികൊണ്ട് ചേകന്നൂരിന്റെ എല്ലാ വാദങ്ങള്‍ക്കും മറുപടി കൊടുക്കാന്‍ സാധിച്ചു. നമ്മുടെ വാദം അവതരിപ്പിച്ചിരുന്നത് എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവി ആയിരുന്നു.

സുന്നികള്‍ എടവണ്ണയില്‍

എടവണ്ണയില്‍ ഖുറാഫികള്‍ വീരവാദം മുഴക്കിക്കൊണ്ട് ഒരു വഅളു പരമ്പര നടത്തി. മുജാഹിദ് കേന്ദ്രത്തില്‍ ബോംബിട്ട് തകര്‍ത്തി എന്ന് പ്രഖ്യാപിച്ചു. അന്ന് അലവി മൗലവി, എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവി മുതലായവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. അലവി മൗലവി ഹജ്ജിനുപോയ സമയം ആയിരുന്നു. ഞാന്‍ കുറെ ക്ഷണക്കത്തുകള്‍ എടവണ്ണ പഞ്ചായത്തിലെ എല്ലാ മുജാഹിദ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അയച്ചു. യത്തീംഖാനയില്‍ ഒരു യോഗം ചേര്‍ന്നു. ഖുറാഫി വഅളിന് എതിരില്‍ ഒരു ഖണ്ഡനപ്രസംഗം നടത്തുവാന്‍ യോഗം തീരുമാനിച്ചു. അധികം ആള്‍ക്കാരും അനുകൂലികള്‍ ആയിരുന്നെങ്കിലും ചില മുജാഹിദ് പ്രവര്‍ത്തകന്മാര്‍ തന്നെ എതിരഭിപ്രായക്കാരായിരുന്നു. ആ കൊല്ലം കോഴിക്കോട്ട് വെച്ച് നടത്താന്‍ പോകുന്ന മുജാഹിദ് സമ്മേളനത്തിന് അത് ദോഷംചെയ്യും എന്നതുകൊണ്ട് തല്‍ക്കാലം നടത്താതിരിക്കലാണ് നല്ലതെന്നായിരുന്നു അവരുടെ അഭിപ്രായം. എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വിപുലമായ തോതില്‍ ഗംഭീരമായ ഒരു മതപ്രസംഗ പരമ്പര എടവണ്ണ മദ്‌റസാ അങ്കണത്തില്‍ സംഘടിപ്പിക്കുവാന്‍ നമുക്ക് കഴിഞ്ഞു. മാത്രമല്ല അത് മുജാഹിദ് സമ്മേളനത്തിന്റെ ഒരു പ്രചരണ യോഗവും കൂടിയായി.

തൃപ്പനച്ചി കേസ്സ്

ഒതായിയില്‍ മുജാഹിദ് പ്രസ്ഥാനം എന്നും ഊര്‍ജസ്വലത നിലനിര്‍ത്തിപ്പോന്നു. 1952-53 കാലത്താണ് തൃപ്പനച്ചിയില്‍ പേരുകേട്ട മൊല്ലാക്ക മരിച്ചത്. മക്കള്‍ സുന്നികള്‍ അല്ലാത്തതു കൊണ്ട് മുത്തനൂര്‍ പള്ളിയില്‍ മയ്യിത്ത് മറമാടാന്‍ അനുവദിച്ചില്ല. ഒരു റമദാനില്‍ രാവിലെ മൊല്ലാക്കയുടെ മകന്‍ അഹ്മദ് കുട്ടിയും മമ്മാറാന്‍ സാഹിബും മറ്റു രണ്ടുപേരും കൂടി അന്ന് ഞാന്‍ താമസിച്ചിരുന്ന കളത്തിങ്ങല്‍ വീട്ടില്‍ വന്നു. സ്ഥിതിഗതികള്‍ പറഞ്ഞു. സംഗതിയുടെ ഗൗരവം വേണ്ടതുപോലെ കണക്കിലെടുക്കാതെ ഞാന്‍ അവരോട് മയ്യിത്ത് വീട്ടില്‍വെച്ചു കുളിപ്പിച്ച് കഫന്‍ ചെയ്ത് വീട്ടില്‍ വെച്ചുതന്നെ നമസ്‌കാരം നടത്തി, ഒരു പടിയുടെ(19) കാലുകള്‍ ഊരിമാറ്റി ആ പടിമേല്‍ മയ്യിത്ത് കിടത്തി മയ്യിത്ത് പള്ളിയില്‍ കൊണ്ടുപോയി വെക്കുവാനും അതിനു ശേഷം ഖബ്ര്‍ കുഴിച്ച് മറമാടാനും ഉപദേശിച്ചു. അവര്‍ അങ്ങനെ തന്നെ ചെയ്തു.

പള്ളിയിലെത്തിയ മയ്യിത്ത് മടക്കാറില്ലല്ലോ എന്ന വിശ്വാസത്തിലാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. വാസ്തവത്തില്‍ അവര്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. പക്ഷേ, ഇവര്‍ പോയി മടങ്ങിവന്ന് ഞാന്‍ പറഞ്ഞ പോലെ തന്നെ മയ്യിത്ത് കുളിപ്പിച്ച് കഫന്‍ ചെയ്ത് കാലില്ലാത്ത ഒരു കട്ടിലില്‍ കിടത്തി, നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ കൊണ്ടുപോയി വെച്ചു. ഖബ്ര്‍ കുത്താന്‍ തുടങ്ങി. ഖബ്ര്‍ ഏതാണ്ട് രണ്ട് ഫൂട്ട് ആഴം ആകുന്നതിനു മുമ്പ് തന്നെ ആള്‍ക്കാര്‍ പലഭാഗത്തുനിന്നും ഓടിക്കൂടി. ഖബ്ര്‍ കുത്തുന്നവരെ ഓടിച്ചു. മയ്യിത്തെടുത്ത് മൊല്ലാക്കയുടെ വീട്ടുമുറ്റത്ത് തന്നെ കൊണ്ടുപോയി വെച്ചു. രാത്രി 2 മണി സമയത്ത് നോമ്പിനു പുലര്‍ച്ചക്ക് ഊണുകഴിക്കുന്ന നേരത്ത് മേല്‍പ്പറഞ്ഞ മൊല്ലാക്കയുടെ മക്കളടക്കം നാലുപേര്‍ വീണ്ടും എന്റെ വീട്ടില്‍ വന്നു.

നിങ്ങള്‍ പറഞ്ഞപോലെയെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്. അവര്‍ മയ്യിത്ത് തിരിച്ചു കൊണ്ടുവന്ന് വീടിന്റെ മുറ്റത്ത് തന്നെ വെച്ചിരിക്കയാണ്. ഇനി എന്തു വേണമെന്നായിരുന്നു അവരുടെ ചോദ്യം. അവര്‍ക്ക് ഊണ് വീട്ടില്‍ ഏല്‍പിച്ച ശേഷം അവരെയും കൂട്ടി ഞാന്‍ വാപ്പയുടെ അടുക്കല്‍ വി.കെ.ഹൗസില്‍ വന്നു. സംഗതികള്‍ എല്ലാം പറഞ്ഞു. വാപ്പ എന്നോട് നീ അവരുടെ കൂടെ ഒന്നുപോയി അവര്‍ക്ക് വേണ്ടതൊക്കെ ചെയ്ത് കൊടുക്ക് എന്ന് പറഞ്ഞു. നേരം പുലര്‍ച്ചക്ക് തന്നെ ഞങ്ങള്‍ അഞ്ചുപേരും കൂടി അരീക്കോട്ടേക്ക് നടന്നു. പോലീസ് സ്റ്റേഷനില്‍ ചെന്ന് ഒരു ഹരജി എഴുതിക്കൊടുത്തു. എസ്.ഐ. ലീവായിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്നു ഡ്യൂട്ടിയില്‍. നിങ്ങള്‍ കൂടെ വരികയാണെങ്കില്‍ മയ്യിത്ത് മറവുചെയ്യിച്ച് തരാമെന്ന് ഹെഡ് കോണ്‍സ്റ്റബില്‍ എന്നോട് പറഞ്ഞു. ഞങ്ങള്‍ സ്ഥലത്ത് പോയി.

തൃപ്പനച്ചിയില്‍ മുത്തനൂര്‍ പള്ളിക്ക് സമീപം എത്തിയപ്പോള്‍ ഒരു വലിയ ജനക്കൂട്ടം പള്ളിയില്‍ കൂടി നില്‍ക്കുന്നതു കണ്ടു. പള്ളിവളപ്പിന്റെ പുറത്തുണ്ടായിരുന്ന ഒരു മാവിന്റെ ചുവട്ടില്‍ ഒരു ബഞ്ചിട്ട് ഒ.പി. വീരാന്‍ കുട്ടി മുതലായ കാരണവന്മാര്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അടുത്ത് ചെന്നപ്പോള്‍ അവര്‍ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് വീരാന്‍ കുട്ടി ഹെഡ്‌കോണ്‍സ്റ്റബിളിനെയും കൂട്ടി അകലെ പോയി. എന്തൊക്കെയോ സംസാരിച്ചു.ഹെഡ്‌കോണ്‍സ്റ്റബിള്‍ തിരിച്ചുവന്നു. എന്നോട് സ്വകാര്യത്തില്‍ 'നമ്മള്‍ തല്‍ക്കാലം മടങ്ങിപ്പോവുക, അതേ നിവൃത്തിയുള്ളു. ഇവരോട് ഇപ്പോള്‍ എതിര്‍ക്കാന്‍ പറ്റുകയില്ല. നിങ്ങളെ അവരുമായി സംസാരിപ്പിക്കരുതെന്നും നിങ്ങള്‍ തമ്മില്‍ ബന്ധുക്കളാണെന്നും തമ്മില്‍ സംസാരിപ്പിച്ച് ഇടച്ചില്‍ ഉണ്ടാക്കരുതെന്നു'മാണ് ഒ.പി.വീരാന്‍ കുട്ടി പറഞ്ഞതെന്ന് ഹെഡ്‌കോണ്‍സ്റ്റബിള്‍ പറഞ്ഞു.

ഞങ്ങള്‍ മടങ്ങി. നേരെ മഞ്ചേരി സി.ഐയുടെ വീട്ടില്‍ ചെന്നു. അദ്ദേഹത്തോട് സംഗതികള്‍ എല്ലാം പറഞ്ഞു. പിറ്റേദിവസം രാവിലെ ചെല്ലാന്‍ സി.ഐ. എന്നോട് പറഞ്ഞു. ഞാന്‍ അന്നു വൈകുന്നേരം അരീക്കോട്ടേക്ക് മടങ്ങി. പിറ്റേദിവസം രാവിലെ 9 മണിക്ക് സി.ഐയുടെ വീട്ടില്‍ എത്തി. സി.ഐ. എന്നെയും കൂട്ടി മഞ്ചേരി സ്റ്റേഷനില്‍ പോയി. അവിടെനിന്ന് എസ്.ഐയെയും ഏതാനും പോലീസുകാരെയും എന്റെ കൂടെ അയച്ചു. ഞങ്ങള്‍ നേരെ അരീക്കോട് സ്റ്റേഷനില്‍ പോയി. അവിടെനിന്ന് ഉള്ളേടത്തോളം പോലീസിനെയും കൂട്ടി എല്ലാവരും മുത്തനൂരില്‍ സ്ഥലത്ത് പോയി. അവിടെ ചെന്നപ്പോള്‍ ആള്‍ക്കാര്‍ എന്തിനും തയ്യാറാണെന്ന് മനസ്സിലാക്കിയ എസ്.ഐ. 'തിരിച്ചു പോവുക, പിന്നെവരാം' എന്നു പറഞ്ഞു. ഞങ്ങള്‍ വീണ്ടും തിരിച്ചു പോന്നു.

കോണ്‍സ്റ്റബിള്‍മാരെ അതാത് സ്റ്റേഷനിലേക്ക് അയച്ച ശേഷം എസ്.ഐയും ഞാനും സി.ഐയെ അന്വേഷിച്ച് ചെന്നപ്പോള്‍ അദ്ദേഹം കൊണ്ടോട്ടിയിലാണെന്ന് മനസ്സിലായി. ഞങ്ങള്‍ കൊണ്ടോട്ടി സ്റ്റേഷനില്‍ ചെന്നു. സി.ഐ. അവിടെ ഉണ്ടായിരുന്നു. കോഴിക്കോട് എസ്.പിയും അവിടെ ഉണ്ടായിരുന്നു. സംഗതികളെല്ലാം എസ്.പിയെ പറഞ്ഞു ധരിപ്പിച്ചു. അദ്ദേഹം നടുവട്ടം(20) സംഭംവം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സി.ഐയോട് പറയുകയും രണ്ടുകൂട്ടരെയും വിളിച്ച് ഒരു സന്ധിസംഭാഷണം നടത്താന്‍ ഏല്‍പിക്കുകയും ചെയ്തു. അതുപ്രകാരം, അരീക്കോട്ട് നിന്ന് നമ്മളെ പ്രതിനിധീകരിച്ചുകൊണ്ട് ഹൈദര്‍മാന്‍ കുട്ടി സാഹിബ് മുതലായ ചിലരും, മറുഭാഗത്ത് മുത്തനൂര്‍ ഒ.പി. വീരാന്‍കുട്ടി മുതലായ ഏതാനും പേരും പിറ്റേദിവസം മൂന്നുമണിക്ക് കാവനൂര്‍ സ്‌കൂളില്‍ എത്തി. ഏതാനും സമയത്തിനുള്ളില്‍ സി.ഐയും എസ്.ഐയും വന്നു.

രണ്ടുകൂട്ടരോടും വേറെവേറെയും കൂട്ടായും സംസാരിച്ചു. രാത്രി 12 മണിയായിട്ടും യാതൊരു തീരുമാനത്തിലും എത്താന്‍ സാധിക്കാതെ സി.ഐ. കാറില്‍ കയറാന്‍ പോയപ്പോള്‍ ഇനി എന്ത് ചെയ്യണമെന്ന് ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു. നാളെ (പിറ്റേദിവസം) മഞ്ചേരിയിലേക്ക് ചെല്ലാന്‍ എന്നോട് പറഞ്ഞു. ഞാന്‍ രാവിലെ സി.ഐയുടെ വീട്ടില്‍ ചെന്നു. അവിടെനിന്ന് രണ്ടുപേരും കൂടി സ്റ്റേഷനില്‍ പോയി. അദ്ദേഹം കോഴിക്കോട് എസ്.പിയുടെ അടുക്കലേക്കും മറ്റും തലേദിവസത്തെ സംഭവങ്ങള്‍ എഴുതി അറിയിച്ചിട്ടുണ്ടായിരുന്നു. എന്നോട് മഞ്ചേരിയില്‍ തന്നെ ഉണ്ടാകണമെന്ന് പറഞ്ഞ് സി.ഐ. പോയി. ഞാന്‍ മഞ്ചേരിയില്‍ തന്നെ കാത്തുനിന്നു. അഞ്ചുമണിക്ക് സി.ഐ. വന്നു. ഞാന്‍ ചെന്നു കണ്ടപ്പോള്‍ 'നാളെ രാവിലെ അവിടെ മയ്യിത്ത് മറവ് ചെയ്യാന്‍ എല്ലാ ഏര്‍പ്പാടും ചെയ്തു. നിങ്ങള്‍ ഇങ്ങോട്ട് വരണം''എന്ന് എന്നോട് പറഞ്ഞു. അതുപ്രകാരം എടവണ്ണ വാപ്പയുടെ അടുക്കലേക്കും ഒതായിലേക്കും ആളെ അയച്ചു. ഞാന്‍ അരീക്കോട്ടേക്ക് മടങ്ങി. അപ്പോഴേക്കും മയ്യിത്ത് ഏഴ് ദിവസം മുറ്റത്ത് കിടന്നിരുന്നു. ഞാന്‍ വീട്ടില്‍ നിന്ന് പോയിട്ട് ആറാമത്തെ ദിവസവും. അന്നു രാവിലെ 10 മണിക്ക് തൃപ്പനച്ചി അധികാരിയോട് മുത്തനൂര്‍ പള്ളിക്ക് സമീപം കാത്തുനില്‍ക്കാന്‍ ഞാന്‍ അറിയിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ രാവിലെതന്നെ മഞ്ചേരി സി.ഐയുടെ അടുത്തെത്തി. ഉച്ചക്കു ശേഷം 2 മണിക്ക് രണ്ടു വാന്‍ സ്‌പെഷ്യല്‍ പോലീസിനോടും കുറെ ലോക്കല്‍ പോലീസിനോടും കൂടി സി.ഐയും മഞ്ചേരി സബ്.മജിസ്‌ട്രേട്ടും ഞാനും തഹസില്‍ദാരും കാവനൂരില്‍ വണ്ടിയിറങ്ങി. എല്ലാവര്‍ക്കും ഓരോ ഗ്ലാസ് വെള്ളം കൊടുക്കുവാന്‍ പറ്റുമോ എന്ന് സി.ഐ എന്നോട് ചോദിച്ചു. ഉടനെ നാട്ടുകാരുടെയെല്ലാം സഹകരണത്തോടുകൂടി കുറെ നാരങ്ങാവെള്ളം കലക്കി എല്ലാവര്‍ക്കും കൊടുത്തു. നാട്ടുകാരടക്കം ഇരുനൂറില്‍പരം പേരടങ്ങിയ 'ആയുധമണിഞ്ഞ' ഒരു വിലാപയാത്രയായിരുന്നു അത്.

അങ്ങനെ ഒറ്റവരിയില്‍ ഇടുങ്ങിയ റോഡും വരമ്പും താണ്ടിക്കടന്ന് ഞങ്ങള്‍ മുത്തനൂര്‍ പള്ളിയുടെ മുമ്പിലെത്തി. അവിടെ കൂടിയ ആള്‍ക്കാരുടെ മുമ്പില്‍ നൂറ്റിനാല്‍പത്തിനാല്(21) പാസ്സാക്കിയതായി കൊട്ടി അറിയിക്കാന്‍(22) മജിസ്‌ട്രേട്ട് അധികാരിയോട് കല്‍പിച്ചു. അതുപ്രകാരം അവിടെ മുന്‍കൂട്ടി ശട്ടം ചെയ്തിരുന്ന ചെണ്ടക്കാര്‍, ഒരാഴ്ചക്ക് 144 പാസ്സാക്കിയതായി കൊട്ടിയറിയിക്കുകയും പള്ളിയുടെ അടുത്ത് നോട്ടീസ് പതിക്കുകയും ചെയ്തു. മറുപക്ഷത്തുള്ള ആള്‍ക്കാരെല്ലാം പിരിഞ്ഞുപോയി. അതിനുമുമ്പ് തന്നെ പോലീസും നമ്മുടെ ഏതാനും ആള്‍ക്കാരും മൊല്ലാക്കയുടെ വീട്ടില്‍ പോയിരുന്നു. അവര്‍ മയ്യിത്തുംകൊണ്ട് പള്ളിയില്‍ എത്തി. ഖബ്ര്‍ കുത്താനുള്ള ആള്‍ക്കാരെ നമ്മള്‍ ഏര്‍പ്പാട് ചെയ്തിരുന്നു. അവര്‍ ഖബ്ര്‍കുത്തി; സന്ധ്യക്ക് മുമ്പ്തന്നെ അല്ലാഹുവിന്റെ അനുഗ്രത്താല്‍ മയ്യിത്ത് പള്ളിവളപ്പില്‍ തന്നെ ഖബ്‌റടക്കാന്‍ കഴിഞ്ഞു.

ഒതായിയില്‍ നിന്ന് വന്ന കല്ലിങ്ങല്‍ മമ്മദും കൊളത്തിങ്ങല്‍ മരക്കാരും മറ്റുമായിരുന്നു ആ മയ്യിത്ത് മറവുചെയ്തത്. അത് കഴിഞ്ഞ് ആറാം ദിവസം മൊല്ലാക്കയുടെ ഭാര്യ(23) മരിച്ചു. അന്നും ഇതേ പ്രകാരം നാട്ടുകാരായ സുന്നികള്‍ മയ്യിത്ത് തടഞ്ഞു. മൊല്ലാക്കയുടെ മക്കള്‍ എന്റെ അടുക്കല്‍ വന്നു. ഞാന്‍ സ്ഥലത്ത്‌പോയി. 144 നിലവില്‍ ഉണ്ടായിരുന്നതുകൊണ്ട് പോലീസ് സഹായത്തോടെ പിറ്റേദിവസം തന്നെ ആ മയ്യിത്ത് മുത്തനൂര്‍ പള്ളിവളപ്പില്‍ മറവുചെയ്തു. സംഭവം 1953ലാണ് നടന്നത്.

കേസ് സിവില്‍കോടതിയില്‍

അതുകഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ഞാന്‍ മഞ്ചേരി കച്ചേരിപ്പടിക്കല്‍ നില്‍ക്കുമ്പോള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ എന്നെ സ്വകാര്യത്തില്‍ വിളിച്ചുകൊണ്ടുപോയി. മുത്തനൂര്‍ പള്ളിയില്‍ 'വഹാബി'കളുടെ മയ്യിത്ത് മറവുചെയ്യാന്‍ പാടില്ല എന്ന് കല്‍പിച്ചുകൊണ്ട് ഒരു ഇഞ്ചക്ഷന്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മഞ്ചേരി മുന്‍സിഫ് കോടതിയില്‍ ഒരു അന്യായം ഫയല്‍ ചെയ്യുന്നുണ്ട് എന്നദ്ദേഹം എന്നോട് പറഞ്ഞു.

ഞാന്‍ താമസിച്ചില്ല. പതുക്കെ മുന്‍സിഫ് കോടതിയില്‍ കയറിച്ചെന്ന് നമ്മുടെ സ്ഥിരം വക്കീലും മഞ്ചേരിയിലെ സീനിയര്‍ വക്കീലുമായിരുന്ന രാമസ്വാമി അയ്യരെ കണ്ടു. അദ്ദേഹം കോടതി വരാന്തയില്‍ ഒരറ്റത്ത് ബെഞ്ചില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തോട് സംഗതികള്‍ പറഞ്ഞു. വക്കാലത്ത് കൊണ്ടുവാ എന്ന് അദ്ദേഹം പറഞ്ഞു. വക്കാലത്ത് എഴുതിക്കൊണ്ടുവരാമെന്ന് പറഞ്ഞ് ഞാനൊരു സംഖ്യ ഫീസിലേക്ക് കൊടുക്കുകയും ചെയ്തു. പതിനൊന്നു മണിക്ക് കോര്‍ട്ടില്‍ ഹര്‍ജിക്കാരെ വിളിച്ചു. ഇഞ്ചക്ഷന്‍ ഹര്‍ജി വന്നു. ഉടനെ രാമസ്വാമി അയ്യര്‍ എഴുന്നേറ്റ് കേസ്സ് വിചാരണ ചെയ്തു. തെളിവെടുത്തിട്ട് മാത്രമെ ഇഞ്ചക്ഷന്‍ കൊടുക്കാവൂ, അല്ലെങ്കില്‍ ഗുരുതരമായ ഭവിഷത്ത് നേരിടേണ്ടി വരും, മയ്യിത്ത് കോടതിയില്‍ എത്തും എന്നെല്ലാം പറഞ്ഞു.

മുന്‍സിഫ് കേസ് വിചാരണക്ക് നോട്ടീസ് അയക്കാന്‍ തീര്‍പ്പ് കല്‍പിക്കുകയാണുണ്ടായത്. തല്‍ക്കാലം ഇഞ്ചക്ഷന്‍ അനുവദിച്ചില്ല. പിന്നെ ആ കേസ് മുന്‍സിഫ് കോടതിയിലും മയ്യിത്ത് മറമാടാന്‍ തടസ്സം ചെയ്തതിനുള്ള കേസ് എസ്.ടി.എം. കോടതിയിലും നടത്തിയിരുന്നത് വാപ്പ മുഹമ്മദാജി, അബ്ദുല്ലത്തീഫ് മൗലവി, എ.അലവി മൗലവി എന്നിവരായിരുന്നു. അതിനിടക്ക് കേസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ രസകരമായ ഒരു സംഭവം ഉണ്ടായി. നമ്മളുടെ ഭാഗം കേസ് നടത്തിയിരുന്ന അഡ്വ. രാമസ്വാമി അയ്യര്‍ക്ക് ബുദ്ധിക്ക് സ്ഥിരതയില്ലാത്ത ഒരു മകനുണ്ടായിരുന്നു. ഒരു നൂലുപോലും ദേഹത്തിലില്ലാതെ അകത്തുകൂടി അങ്ങനെ നടക്കും. ഒരു മുപ്പത്തഞ്ച് വയസ്സ് പ്രായം. ആ കുട്ടി ഈ കേസ് നടന്നുകൊണ്ടിരിക്കുന്ന കാലത്ത് പെട്ടെന്നൊരു ദിവസം മരിച്ചു. രാമസ്വാമിക്കും കുടുംബത്തിനും ഇതൊരു തീരാദുഃഖമായിത്തീര്‍ന്നു. തങ്ങളുടെ എല്ലാ പുരോഗതിക്കും കാരണം ഈ മകനാണെന്നായിരുന്നു ആ കുടുംബത്തിന്റെ വിശ്വാസം. അദ്ദേഹത്തിന് അബു എന്നു പേരായ ഒരു ഡ്രൈവര്‍ ഉണ്ടായിരുന്നു.

ഒരുദിവസം നീലാമ്പ്ര കുഞ്ഞഹമ്മദാജി ഈ അബുവിനെ വിളിച്ചു. 'എടോ ചെങ്ങാതീ, ഇപ്പോള്‍ നിന്റെ മുതലാളിയുടെ മകനേ മരിച്ചിട്ടുള്ളു. എനി മുതലാളിയും കുടുംബവും ആകെ നശിക്കാന്‍ പോവുകയാണ്. ഔലിയാക്കന്മാരെ കുറ്റംപറയുന്ന പാര്‍ട്ടിക്കാരുടെ ഭാഗം പിടിച്ച് കേസ് നടത്തുന്നതുകൊണ്ടാണീ നാശങ്ങളൊക്കെ സംഭവിക്കുന്നത്...' എന്നും മറ്റും പറഞ്ഞു ഫലിപ്പിച്ചു. 'നീയിത് ഒന്ന് നിന്റെ മുതലാളിക്ക് പറഞ്ഞുകൊടുത്തേക്ക്...' എന്നും പറഞ്ഞു.

അബു, വക്കീലിന്റെ ഭാര്യയുടെ അടുക്കല്‍ ചെന്ന് കരയാന്‍ തുടങ്ങി. കാരണം ചോദിച്ചപ്പോള്‍ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. അവസാനം 'നമുക്ക് അമ്പിയ-ഔലിയാക്കളെ കുറ്റം പറഞ്ഞു നടക്കുന്നവരുടെ കേസ് നടത്തണ്ട. ആ കേസ് നടത്തിയിട്ട് ഇപ്പോള്‍ കുട്ടി പോയി. ഇനി എന്തൊക്കെ ആപത്താണ് വരാന്‍ പോകുന്നതെന്ന് പടച്ചവനേ അറിയൂ' എന്നും മറ്റും കരഞ്ഞുകൊണ്ട് പറഞ്ഞൊപ്പിച്ചു. ഭാര്യ ഈ കാര്യങ്ങള്‍ ഒന്നുകൂടി ഗൗരവത്തില്‍ വക്കീലിന്റെ മുമ്പില്‍ അവതരിപ്പിച്ചു. വക്കീല്‍ ആദ്യമേ എന്തോ ഒരാപത്ത് നേരിട്ടിരിക്കുന്നു എന്ന ധാരണയില്‍ ആയിരുന്നതുകൊണ്ട് സംഗതി ശരിയാണെന്ന് വേഗത്തില്‍ ബോധ്യമായി.

കേസ്് വിചാരണക്ക് തീയതി അടുത്തു. ഒരുദിവസം വാപ്പയും ഞാനും അലവി മൗലവിയും ലത്തീഫ് മൗലവിയും കൂടി കേസ് പഠിപ്പിക്കാന്‍ വക്കീലിന്റെ അടുത്ത് പോയി. കേസ് അടുത്തിരിക്കുന്നു എന്ന് പറഞ്ഞു. വക്കീല്‍ ഒന്നും പറയാതെ കുറെനേരം വിഷണ്ണനായി ഇരുന്നു. പിന്നെ അകത്തുപോയി റിക്കാര്‍ഡുകളുടെ കെട്ട് എടുത്തുകൊണ്ടുവന്നു. എന്നെ അടുത്തേക്ക് വിളിച്ചു. കെട്ട് എന്റെ പക്കല്‍ തന്നു. ഈ കേസ് ഞാന്‍ നടത്തുന്നില്ല. എനിക്ക് മതിയായി. ഞാനിനി എന്തിന് കേസ്സ് നടത്തണം. എന്തിന് കോടതിയില്‍ പോകണം. എനിക്ക് മടുത്തു. ഞാനിനി ആര്‍ക്കുവേണ്ടിയാണ് സമ്പാദിക്കുന്നത്. എന്റെ മകന്‍ പോയില്ലേ... എന്നും മറ്റും പറഞ്ഞു കണ്ണുതുടച്ചു.

ഞങ്ങള്‍ കുറച്ചു നേരം മൗനമായിരുന്നു. വരട്ടെ എന്നു മാത്രം പറഞ്ഞു. കെട്ടുമെടുത്ത് ഇറങ്ങി നടന്നു. പിന്നെ സിവില്‍ കോടതിയില്‍ തിരൂര്‍ അഡ്വ.അഹ്മദ് സാഹിബും എസ്.ടി.എം. കോടതിയില്‍ കോഴിക്കോട്ടെ സുബ്രഹ്മണ്യ അയ്യരുമാണ് കേസ് നടത്തിയിരുന്നത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ കേസ് രണ്ടും നമ്മള്‍ക്കനുകൂലമായി വിധിച്ചു. അവരോട് നമ്മള്‍ക്ക് കോടതിച്ചിലവ് തരാനും കല്‍പിച്ചു.

റഫറന്‍സ്:

19. കട്ടില്‍

20. കോഴിക്കോട് നടുവട്ടത്ത് പള്ളിയുടെ മുമ്പില്‍ കൂടി ചെണ്ടമുട്ടി പോയപ്പോള്‍ ഒരുവിഭാഗം അതിനെ എതിര്‍ക്കുകയും വഴക്ക് മൂത്ത് പോലീസ് വെടിവെക്കുകയും അതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. ഈ കാരണത്താല്‍ രൂക്ഷമായ ലഹളകളും കലഹങ്ങളും നടന്നു

21. പോലീസ് ആക്ട്

22. ചെണ്ട കൊട്ടിയുള്ള വിളംബരം

23. കുഞ്ഞുമൊയ്തീന്‍ മൗലവിയുടെ ഉമ്മ

(അവസാനിച്ചില്ല)