ഉമര്‍കുട്ടി ഹാജി: ഉത്പതിഷ്ണുത്വത്തിന്റെ പോരാളി

കെ.പി.മുഹമ്മദ്ബിന്‍ അഹ്മദ്(റഹ്)

2019 നവംബര്‍ 16 1441 റബിഉല്‍ അവ്വല്‍ 19

(ഏറനാട്ടിലെ ഓര്‍മകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും: 11)

(തയ്യാറാക്കിയത്: യൂസുഫ് സാഹിബ് നദ്‌വി)

എന്റെ വന്ദ്യസുഹൃത്ത് മര്‍ഹൂം പി.വി. ഉമര്‍കുട്ടി ഹാജിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ സമുദായ സേവനരംഗത്ത് അദ്ദേഹം കാഴ്ചവെച്ച ത്യാഗോജ്വലമായ സേവനങ്ങളും വിവിധ മേഖലകളിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളുമാണ് സ്മൃതിപഥത്തില്‍ ഉണരുന്നത്. ആത്മാര്‍ഥതയുള്ള ഒരു മുജാഹിദ് പ്രവര്‍ത്തകന്‍ എന്ന നിലക്ക് എനിക്ക് അദ്ദേഹവുമായുള്ള സജീവ ബന്ധത്തിന് ഏതാണ്ട് അരനൂറ്റാണ്ട് പഴക്കമുണ്ട്.

തെറ്റുധാരണയിലകപ്പെട്ട പാമര മുസ്‌ലിംകളെ, ചില ദുഷ്ടബുദ്ധികളെ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് നേരെ ഇളക്കിവിട്ടതിനാല്‍ മുജാഹിദ് പ്രവര്‍ത്തകര്‍ പീഡനവും ചിലപ്പോള്‍ മരണവും അനുഭവിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ ഉമര്‍കുട്ടി ഹാജി അത്തരം മര്‍ദിതരായ മുജാഹിദുകള്‍ക്ക് ഒരു അവലംബമായിരുന്നു. മുത്തന്നൂരില്‍ ഒരുമയ്യിത്ത് മറവുചെയ്യാന്‍ അനുവദിക്കാത്ത സംഭവവും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും പ്രസിദ്ധമാണ്. അവരുടെ രക്ഷക്ക് വേണ്ടി മുന്നിട്ടിറങ്ങിയ മുജാഹിദ് നേതാക്കളില്‍ മുന്‍പന്തിയിലായിരുന്നു ഉമര്‍കുട്ടി ഹാജി.

എടവണ്ണയിലും പരിസരപ്രദേശങ്ങളിലും ഉള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് അദ്ദേഹം നല്‍കിയ നേതൃത്വം വിലപ്പെട്ടതാണ്. പിതാവ് പി.വി. മുഹമ്മദ് ഹാജി, അത്തിക്കല്‍ അഹമ്മദ് കുട്ടി ഹാജി തുടങ്ങിയവരോടൊപ്പമുള്ള അദ്ദേഹത്തിന്റെ സേവനമാണ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടിയത്. എടവണ്ണയില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ നേരിട്ട് നടത്തുന്ന പ്രശസ്തമായ ജാമിഅ അന്നദ്‌വിയ്യ എന്ന ഉന്നത മതവിദ്യാപീഠത്തിന്റെ സ്ഥാപകന്മാരില്‍ എടുത്ത്പറയേണ്ട പേരാണ് അദ്ദേഹത്തിന്റെത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാമിഅ നദ്‌വിയ്യയുടെ വളര്‍ച്ചയില്‍ അല്‍പം മന്ദഗതി അനുഭവപ്പെട്ടപ്പോള്‍, അതിനെ മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടി ജനാബ് എ.പി.അബ്ദുല്‍ ക്വാദിര്‍ മൗലവിയും ഈയുള്ളവനും കൂടി ഒരു ശ്രമം ആരംഭിച്ചു. ആ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയവരില്‍ പ്രമുഖരായിരുന്നു ഡോ. ഉസ്മാന്‍ സാഹിബും ഉമര്‍കുട്ടി ഹാജിയും. ജാമിഅയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പലേയിടത്തും യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ തലസ്ഥാന നഗരിവരെ ആ യാത്ര നീണ്ടുപോയിട്ടുണ്ട്. ജാമിഅയുടെ കാര്യത്തിലെന്ന പോലെതന്നെ എടവണ്ണ യത്തീംഖാനയുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും ഉമര്‍കുട്ടി ഹാജി കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

മമ്പാട് എം.ഇ.എസ്. കോളേജിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പരിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തുമനുസരിച്ച് മതപഠന ക്ലാസ്സുകള്‍ ഏര്‍പ്പെടുത്തുവാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ഇന്നും എന്റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നുണ്ട്. അതിനെക്കുറിച്ച് അദ്ദേഹം എന്നോട് വിശദമായി പറഞ്ഞിരുന്നു.

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംഘടനയുടെ കേന്ദ്ര ഓഫീസ് 20 കൊല്ലക്കാലം ഇടിയങ്ങരയിലെ ഒരു വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അതിന് സ്വന്തമായി ഓഫീസ് കെട്ടിട മുണ്ടാക്കുവാനും സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുവാനുമായി തീവ്രമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതിന്റെ ഫലമായി ആനിഹാള്‍ റോഡിലെ സ്വന്തം ബില്‍ഡിങ്ങിലേക്ക് ഓഫീസ് മാറ്റുകയും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ഉമര്‍കുട്ടി ഹാജിയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.

ഞാന്‍ കെ.എന്‍.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുതുടങ്ങിയതു മുതല്‍ ഉമര്‍കുട്ടി ഹാജി ദിവംഗതനാകുന്നതുവരെ ഇരുപതുവര്‍ഷത്തോളം അദ്ദേഹത്തിന്റെ സഹായ സഹകരണങ്ങള്‍ സംഘടനക്കും എനിക്കും ലഭിച്ചിരുന്നു എന്ന വസ്തുത നന്ദിപൂര്‍വം സ്മരിക്കുന്നു. ഭരണസമിതിയില്‍ സംസ്ഥാന ട്രഷറര്‍ തുടങ്ങിയ ഉത്തരവാദിത്തമുള്ള പല സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

പരിശുദ്ധ ക്വുര്‍ആനിനും തിരുസുന്നത്തിനും എതിരായ വാദമുഖങ്ങളെയും ചിന്താഗതികളെയും എതിര്‍ത്തു തോല്‍പിക്കുവാനുള്ള എല്ലാ ശ്രമങ്ങളെയും അദ്ദേഹം ശക്തമായി പിന്തുണച്ചിരുന്നു. ചേകന്നൂര്‍ മുഹമ്മദ് മൗലവിയുടെ തെറ്റായ ആശയങ്ങള്‍ ചില മുജാഹിദ് മഹല്ലുകളില്‍ അദ്ദേഹം പ്രചരിപ്പിക്കാന്‍ തുടങ്ങിയ കാലത്ത് അതില്‍ ആളുകള്‍ ചെന്നുചാടാതിരിക്കാന്‍, അതിന്റെ സത്യാവസ്ഥ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് മനസ്സിലാക്കി കൊടുക്കുവാന്‍ ചില സംരംഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം ഉത്സുകനായിരുന്നു. പല സ്ഥലത്തും അദ്ദേഹവുമായി വദപ്രതിവാദം നടത്തിയിട്ടുണ്ട്. ഇതില്‍ പലതിലും ഉമ്മര്‍കുട്ടി ഹാജിയുടെ നേതൃത്വം തന്നെയുണ്ടായിരുന്നു.

അല്ലാഹു അദ്ദേഹത്തെയും നമ്മളെയും പരലോകത്ത് സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടട്ടെ എന്ന് ഹൃദയംഗമായി പ്രാര്‍ഥിക്കുന്നു.

ഓര്‍മകളില്‍ ജീവിക്കുന്ന ബാപ്പ:

പി.വി.എം. അബ്ദുല്‍ വഹാബ്  

1993 ഡിസംബര്‍ 4ന് കാലത്ത് 09.45ന് കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിലെ 615ാം നമ്പര്‍ മുറിയില്‍വെച്ച് ആ ഹൃദയത്തിന്റെ സ്പന്ദനം നിലച്ചു. അതിന് തൊട്ടുമുമ്പുള്ള ദിനങ്ങള്‍ വിടപറയലിന്റെ നാളുകളായിരുന്നു. ബന്ധുമിത്രാദികളോട് സന്ദര്‍ഭത്തിനനുസരിച്ചായിരുന്നുവെങ്കില്‍; ഭാര്യ, മക്കള്‍, പേരക്കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചത് പോലെയായിരുന്നു. യാത്രക്കുള്ള ഒരുക്കവും അതുപോലെ തന്നെ. ക്വബ്ര്‍, തുണി, മയ്യിത്ത് സംസ്‌കരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ ഭക്ഷണം എന്നിവ ബാപ്പതന്നെ നേരത്തെ ഏര്‍പ്പാട് ചെയ്തതായിരുന്നു. അതുപോലെ തന്നെ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനരംഗത്ത് ബാപ്പ വഹിച്ച പങ്ക്, ഒതായി പ്രദേശത്തിന്റെ നാല് പതിറ്റാണ്ടുകാലത്തെ സംക്ഷിപ്തചരിത്രം എന്നിവയടങ്ങുന്ന രണ്ടു പുസ്തകങ്ങള്‍ മരണപ്പെട്ടതിന്റെ ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ച പള്ളിയില്‍ വെച്ച് വിതരണം ചെയ്യുന്നതിന് നേരത്തെ തയ്യാര്‍ ചെയ്തു വെച്ചിരുന്നു.

പ്രയാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അമിതമായി ദുഃഖിച്ചില്ല. സന്തോഷങ്ങള്‍ ഉണ്ടാകുമ്പോള്‍ അമിതമായി ആഹ്ലാദിച്ചതുമില്ല. ആവലാതികളോ വേവലാതികളോ ഒരിക്കലും ആ ജീവിതത്തെ അലട്ടിയിരുന്നില്ല. ഒരൊറ്റവഴി അത് നേര്‍ക്കുനേരെയുള്ള വഴി. ഒരൊറ്റ മുഖം; അത് മക്കളോടായാലും അല്ലാത്തവരോടായാലും. അതായിരുന്നു ബാപ്പയുടെ സ്വഭാവം. താന്‍ സത്യമല്ലെന്നും ന്യായമല്ലെന്നും കരുതുന്ന കാര്യങ്ങള്‍ക്ക് നേരെ മുഖം ചുളിക്കുന്നതിനും ശക്തിയുക്തം എതിര്‍ക്കുന്നതിനും അദ്ദേഹം വലിപ്പച്ചെറുപ്പം നോക്കിയിരുന്നില്ല. ആദരിക്കേണ്ടവരെ അങ്ങേയറ്റം ആദരിക്കുന്നതിനും അവരുടെ മുന്നില്‍ ഏറ്റവും എളിയവനാകുവാനും ബാപ്പക്ക് കഴിയുമായിരുന്നു. അതുപോലെതന്നെ അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ മടിക്കുന്നവരെ, അവര്‍ എത്രതന്നെ വലിയവരായിരുന്നാലും നിസ്സാരന്മാരാക്കി തള്ളുവാനും ബാപ്പ ഒട്ടും പിറകിലായിരുന്നില്ല. ഇതിനെല്ലാം അതീതമായി, മുന്നിട്ടിറങ്ങുന്ന ഏത് കാര്യത്തിലും പൂര്‍ണമായ സമര്‍പ്പണബോധം പ്രകടിപ്പിക്കുന്ന സ്വഭാവമായിരുന്നു ബാപ്പ ഉമര്‍കുട്ടി ഹാജിക്കുണ്ടായിരുന്നത്.

ജീവിതത്തില്‍ പ്രയാസങ്ങള്‍ നേരിടുമ്പോഴൊക്കെ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നതിനും ക്ഷമ അവലംബിക്കുന്നതിനും കത്തുകളിലൂടെ അദ്ദേഹം ഉപദേശിച്ചിരുന്നു, സാന്ത്വനപ്പെടുത്തിയിരുന്നു. മക്കളായ ഞങ്ങളോട്‌പോലും എഴുത്തുകളിലൂടെ ആശയവിനിമയം നടത്തുന്നതില്‍ ബാപ്പ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

1980ല്‍ ഞാന്‍ ചുങ്കത്തറ വില്ലേജ് ആഫീസറായിരിക്കുമ്പോള്‍ അന്നത്തെ സബ്കളക്ടര്‍, അനധികൃതമായി ഞാന്‍ ഭൂമി കൈവശം വെച്ചിരിക്കുന്നു എന്ന കുറ്റം ചുമത്തി എന്നെ സര്‍വീസില്‍നിന്ന് സസ്പന്റ് ചെയ്തു. ഇവിടെ വനഭൂമി പതിച്ചുകിട്ടി, അന്യനാട്ടില്‍നിന്ന് വന്നുതാമസിച്ചിരുന്ന ഒരാളായിരുന്നു പരാതിക്കാരന്‍. ഞങ്ങളുടേതായിരുന്ന ഭൂമി ദേശസാല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് വിട്ടുകിട്ടിയതും സര്‍ക്കാരിന്റെതും വേര്‍തിരിച്ച ഭാഗത്ത് എന്റെ കൈവശത്തിലുണ്ടായിരുന്ന ചില ഭാഗങ്ങളെ സംബന്ധിച്ചായിരുന്നു പരാതി. നിയമവിരുദ്ധമായി ഭൂമി കൈവശംവെക്കല്‍ എന്ന കുറ്റം ചുമത്തിക്കൊണ്ടുള്ള സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടിയപ്പോള്‍ കോടതിയെ സമീപിക്കണമെന്ന് എനിക്ക് തോന്നി. ഇടവലം നോക്കാതെ ഞാന്‍ എറണാകുളത്തേക്ക് വണ്ടികയറി. റിട്ട് ഫയല്‍ചെയ്ത് വീട്ടില്‍ തിരിച്ചുവന്നു. പിറ്റേദിവസംതന്നെ വീണ്ടും എറണാകുളത്തെത്തണം. ബാപ്പ വിവരം അറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു. സബ്കളക്ടറുടെ ഉത്തരവിന്റെയും ഫയല്‍ചെയ്ത റിട്ടിന്റെയും കോപ്പികള്‍ ഞാന്‍ ബാപ്പക്ക് ആള്‍വശം കൊടുത്തുവിട്ടു. ബാപ്പ എങ്ങനെ പ്രതികരിക്കുമെന്ന് ഞാന്‍ സംശയിച്ചു നില്‍ക്കുമ്പോള്‍ പേപ്പറുകള്‍ ഒരു കത്തോടുകൂടി തിരിച്ചയച്ചുതന്നു.

''തീര്‍ച്ചയായും വിഷമങ്ങളുടെ കൂടെ സുഖമാണ് എന്ന ക്വുര്‍ആന്‍ വാക്യം നമുക്ക് ആശ്വാസം നല്‍കുന്നു. ഇപ്പോള്‍ ഒരു ധര്‍മയുദ്ധമാണ് നിന്റെമേല്‍ അടിച്ചേല്‍പിച്ചിരിക്കുന്നത്. സ്വന്തം ദേഹവും സ്വത്തും സംരക്ഷിക്കുന്നത് അവനവന്റെ ചുമതലയാണ്. അത് ഓരോരുത്തരുടെയും കടമയും ബാധ്യതയുമാണ്. ഈ കാര്യത്തില്‍ സര്‍വശക്തനായ റബ്ബ് എല്ലാവിധത്തിലും സഹായിക്കും. അവന്‍ സഹായിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ആമീന്‍. ധൈര്യത്തോടെ മുന്നോട്ട് പൊയ്‌ക്കൊള്ളുക. അല്ലാഹു സര്‍വസഹായങ്ങളും വിജയങ്ങളും നല്‍കട്ടെ...'' ഇങ്ങനെയുള്ള, ആ കത്തിലുള്ള വരികള്‍ യാത്രയില്‍ എനിക്ക് ധൈര്യംപകര്‍ന്നു.

1972ല്‍ എന്റെ ഒരുവയസ്സുമാത്രം പ്രായമുള്ള കുട്ടി മരണപ്പെട്ടു. അന്ന് ഞങ്ങള്‍ ഒരുദിവസത്തെ വിരുന്നിനു തറവാട്ടില്‍ പോയതായിരുന്നു. അവിടെ വെച്ചായിരുന്നു സംഭവം. 24 മണിക്കൂര്‍ നേരത്തെ അസുഖം, ഛര്‍ദ്ദി-അതിസാരം. കുട്ടി മരണപ്പെട്ടു. കുറച്ചുദിവസം അവിടെ താമസിച്ചു. എന്നിട്ട് ഞങ്ങള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്റെ ഭാര്യ കുറച്ച് കാലത്തേക്ക് ദുഃഖത്തിലായിരുന്നു. അപ്പോള്‍ ബാപ്പ ഒരു കത്ത് കൊടുത്തയച്ചു. അതിലെ ചില വരികള്‍: 'നിങ്ങള്‍ ഇപ്പോഴും ദുഃഖത്തിലും മനഃപ്രയാസത്തിലും ആണെന്ന് ഞാന്‍ അറിഞ്ഞു. ഈ കുട്ടി നാളെ പരലോകത്ത് അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങള്‍ക്ക് ഒരു വലിയ അനുഗ്രഹവും രക്ഷയും ആയിരിക്കും. നിങ്ങള്‍ അമിതമായി ദുഃഖവും വേവലാതിയും കാണിച്ചാല്‍ അത് നഷ്ടപ്പെടും. അതുകൊണ്ട് നിങ്ങള്‍ ക്ഷമയുള്ളവരാകുക. അല്ലാഹുവില്‍ വിശ്വാസം അര്‍പ്പിക്കുക...' സുദീര്‍ഘമായി എഴുതിയ ആ കത്ത് അന്ന് ഞങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കി.

ജീവിതത്തിലെ മറ്റ് തുറകളില്‍ ഉള്ളവരോടെന്നതിനെക്കാള്‍ മതപണ്ഡിതന്മാരോടും മതനേതാക്കന്മാരോടും ബാപ്പ സ്‌നേഹവും ബഹുമാനവും പ്രകടിപ്പിച്ചിരുന്നു. ഇത് കൂടുതല്‍ പ്രകടമായി കണ്ടത് ജീവിതത്തിന്റെ അവസാന നാളുകളില്‍ ആയിരുന്നു. അവരെ ആശ്ലേഷിക്കുന്നതും കൂട്ടായി പ്രാര്‍ഥിക്കുന്നതും കാണാമായിരുന്നു.

പരാശ്രയമില്ലാത്ത ജീവിതം, അതായിരുന്നു ബാപ്പയുടെ വലിയ ആഗ്രഹവും ലക്ഷ്യവും. കോട്ടംതട്ടിയിട്ടില്ലാത്തതും ജീവിതാവസാനംവരെ പൂവണിഞ്ഞുനിന്നതുമെന്ന് ഈ ആഗ്രഹത്തെ വിശേഷിപ്പിക്കാം. മക്കളുടെ ആശ്രയംവരെ ഇല്ലാതെ കഴിയണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അവസാനത്തെ ഏതാനും നാളുകള്‍ മക്കളെയെങ്കിലും ആശ്രയിക്കാന്‍ വിധി ബാപ്പയെ നിര്‍ബന്ധിച്ചു. പിതാവിനോടുള്ള മക്കളുടെ കടമ നിര്‍വഹിക്കാനുള്ള അവസരം വിധിനല്‍കിയത് മഹാഭാഗ്യമായി ഞങ്ങള്‍ കരുതുന്നു.

അടുത്തകാലത്ത് ബാപ്പയുടെ ഒരു പരിചയക്കാരന്‍ മരിച്ചു. ഞങ്ങള്‍ ഒന്നിച്ചാണ് മരണവീട്ടില്‍ പോയി മടങ്ങിയത്. ആ സമയത്ത് ഒരുവൃദ്ധ കാറിന്റെ അരികിലേക്ക് വന്നു. അവര്‍ക്കെന്തെങ്കിലും കൊടുക്കണമെന്ന നിലക്ക് പോക്കറ്റില്‍ തപ്പിയപ്പോള്‍ ചില്ലറയില്ല. കാറിന്റെ പിന്‍സീറ്റിലേക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ ഞാന്‍ ഒരഞ്ചുരൂപാ നോട്ട് എടുത്തുകൊടുത്തു. വീട്ടില്‍ തിരിച്ച് വന്നപ്പോള്‍ എന്റെ അഞ്ചുരൂപാ നോട്ട് തിരിച്ചുനല്‍കുവാനുള്ള ബദ്ധപ്പാടിലായിരുന്നു ബാപ്പ!.

ഒന്നിച്ചുള്ള യാത്രകളില്‍ കയ്യില്‍നിന്നും കാശ് ചെലവാക്കാനുള്ള അധികാരം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. കൊച്ചുകുട്ടികളെപ്പോലെ നടക്കാനേ ഞങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നുള്ളു. ഇതിനു വിപരീതമായി എന്തെങ്കിലും സംഭവിച്ചുപോയിട്ടുണ്ടെങ്കില്‍ വീട്ടിലെത്തിയാല്‍ ഉടന്‍ ആ പണം തിരിച്ച് സ്വീകരിച്ചുകൊള്ളണം.

ഇതുപോലെ തന്നെയായിരുന്നു മറ്റ് കാര്യങ്ങളിലുള്ള നിയന്ത്രണവും. ഒരിക്കല്‍ ഞങ്ങള്‍ പാലക്കാട് അനുജന്‍ ഹമീദിന്റെ വീട്ടില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. താമസത്തിനായി പാലക്കാട് റസ്റ്റ് ഹൗസില്‍ നാലഞ്ചു മുറികള്‍ ഞങ്ങള്‍ക്കുവേണ്ടി റിസര്‍വ് ചെയ്തിരുന്നു. റസ്റ്റ് ഹൗസിലെ പ്രത്യേകം പ്രത്യേകം മുറികളിലേക്ക് ഞങ്ങളെ പറഞ്ഞയച്ചു. ഇപ്പോല്‍ ദമ്മാമില്‍ ജോലിചെയ്യുന്ന അനുജന്‍ ജലീല്‍ സ്വകാര്യമായി എന്റെ ചെവിയില്‍ പറഞ്ഞു: 'ഗള്‍ഫിലും ബോംബെയിലും എവിടെയും നടക്കാം, ഇവിടെ വരുമ്പോള്‍ ബാപ്പ പറയുന്ന വഴിയിലൂടെ മാത്രം നടക്കണം...' അത് ശരിയാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് നന്മ മാത്രമെ ഉണ്ടായിട്ടുള്ളു.

മരണശേഷം രേഖകള്‍ പരിശോധിക്കുമ്പോള്‍ റിക്കാര്‍ഡുകളുടെ കെട്ടിനു മുകളിലായി ഒരു കാസറ്റ് കവറിലാക്കി വെച്ചത് കണ്ടു. അത് എവിടെ വെച്ച് എപ്പോള്‍ റിക്കാര്‍ഡ് ചെയ്തതാണന്ന് ആര്‍ക്കും അറിയില്ല. ഇതില്‍ എന്തായിരിക്കും എന്ന് ആദ്യം ഞങ്ങള്‍ സംശയിച്ചു. ''ഭാര്യാ മക്കളേ... ബന്ധുമിത്രാദികളേ...'' എന്ന് അഭിസംബോധന ചെയ്യുന്ന കാസറ്റ് മുഴുവന്‍ മരണം, മരണാനന്തര ജീവിതം, ക്വബ്ര്‍, നരകം, സ്വര്‍ഗം എന്നീകാര്യങ്ങളെ കുറിച്ചുള്ള ഉദ്‌ബോധനവും ഉണര്‍ത്തലുമായിരുന്നു. ആ ശബ്ദം ഞങ്ങള്‍ക്കായി കരുതിവെച്ചതായിരിക്കാം.

ആ സാന്ത്വന വാക്കുകള്‍ ഇന്ന് ഞങ്ങള്‍ക്ക് ഓര്‍മകള്‍ മാത്രം. 1993 ഡിസംബര്‍ 5ന് കാലത്ത് 11 മണിക്ക് ആ മയ്യിത്ത് ഒതായിലെ ക്വബ്ര്‍സ്ഥാനില്‍ മറവുചെയ്യുമ്പോള്‍ ഞങ്ങളുടെ കുടുംബത്തിലെ പഴയതും പുതിയതുമായ രണ്ടുതലമുറകളെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി ഇല്ലാതാവുകയായിരുന്നു. അബോധാവസ്ഥയിലാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പ്രയാസപ്പെട്ട് പറഞ്ഞൊപ്പിച്ച ഒരു പ്രാര്‍ഥന ഞങ്ങളുടെ ഹൃദയം വേവിക്കുകയും ഓര്‍മകളില്‍ ജീവിക്കുകയും ചെയ്യുന്നു: 'പടച്ചവനേ, ഞാനൊരു യത്തീംഖാന പരിപാലിച്ച് പോന്നു. ഒരു പള്ളി ഞാന്‍ സംരക്ഷിച്ചു പോന്നു. എന്റെ അടുക്കല്‍ എന്തെങ്കിലും തെറ്റു വന്നുപോയിട്ടുണ്ടെങ്കില്‍ പൊറുത്തു തരണേ...'