പൊതു പ്രവര്‍ത്തനങ്ങള്‍

പി.വി ഉമര്‍കുട്ടി ഹാജി (റഹി)

2019 നവംബര്‍ 09 1441 റബിഉല്‍ അവ്വല്‍ 12

(ഏറനാട്ടിലെ ഓര്‍മകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും: 10)

(തയ്യാറാക്കിയത്: യൂസുഫ് സാഹിബ് നദ്‌വി)

1937 മുതല്‍ സാമുദായികവും സാംസ്‌കാരികവുമായി കുറെയൊക്കെ രാഷ്ട്രീയ രംഗത്തും പ്രവര്‍ത്തിച്ചുപോന്നു. അതിന്റെ ഫലമായിട്ടാണ് ഒതായി ജംഇയ്യത്തുല്‍ മുഖ്‌ലിസീന്‍ ജന്മമെടുത്തത്. 1961ല്‍ എടവണ്ണ യത്തീംഖാന ജെ.ഡി.റ്റി. ഇസ്‌ലാമിന്റെ മേല്‍നോട്ടത്തില്‍ നടത്തിയിരുന്ന കാലത്ത് അതിന്റെ ഉപദേശക സമിതിയില്‍ അംഗമായി. 1970ല്‍ യത്തീംഖാന കമ്മറ്റി രജിസ്റ്റര്‍ ചെയ്തപ്പോള്‍ ആ സംഘടനയില്‍ ഒരംഗമായിരുന്നു. യത്തീംഖാനക്കുവേണ്ടി പുതിയ കമ്മറ്റി രൂപീകരിച്ചപ്പോള്‍ വൈസ്പ്രസിഡന്റായി.

1972 ഫെബ്രുവരിയില്‍ യത്തീംഖാനയുടെ ജനറല്‍ സെക്രട്ടറിയും കറസ്‌പോണ്ടന്റും മാനേജറുമായി തിരഞ്ഞെടുക്കപ്പെട്ടു. 1960 മുതല്‍ കേരള മുസ്‌ലിംകളുടെ ഇടയില്‍ മതപണ്ഡിതന്മാരുടെ കുറവുകാരണം പള്ളികളില്‍ ഖുത്വുബ നടത്തുവാനും മദ്രസകളില്‍ അധ്യയനം നടത്തുവാനും പറ്റിയ ആള്‍ക്കാരില്ലാത്ത പരിതസ്ഥിതിയില്‍ മതപണ്ഡിതന്മാരും നേതാക്കളും ഉല്‍ക്കണ്ഠാകുലരായി. പണ്ഡിതന്മാരെ വാര്‍ത്തെടുക്കുവാന്‍ പറ്റിയ ഒരു ഉന്നത മതപഠന കേന്ദ്രം സ്ഥാപിക്കുവാന്‍ കേരളത്തിലെ സമുന്നതരായ മുജാഹിദ് പണ്ഡിതന്മാരും നേതാക്കളും ഉറ്റുശ്രമിച്ചു. അവരുടെ കൂട്ടത്തില്‍ ഒരു ഏളിയ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുവാന്‍ എനിക്കും സാധിച്ചു. മേല്‍ ആവശ്യത്തിനു വേണ്ടി പട്ടാളപ്പള്ളിയുടെ മുകളില്‍ 1964 ജൂണ്‍ 7ന് ചേര്‍ന്ന യോഗത്തിലും പങ്കാളിയാവാന്‍ സാധിച്ചു. അങ്ങനെ ജാമിഅഃ നദ്‌വിയ്യഃയുടെ സ്ഥാപക മെമ്പര്‍മാരില്‍ ഒരാളായി. പ്രവര്‍ത്തക സമിതിയിലെ അംഗമായും പിന്നെ ട്രസ്റ്റിയായും പിന്നീട് ചെയര്‍മാനായും സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ വൈസ് ചെയര്‍മാന്‍ ആണ്.

എം.ഇ.എസ്.കോളേജ് മമ്പാട്: ഏറനാട് ഏഡ്യുക്കേഷന്‍ ട്രസ്റ്റില്‍ ജനറല്‍ബോഡി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. 1969ല്‍ മേപ്പടി ട്രസ്റ്റ് മമ്പാട് കോളേജ് എം.ഇ.എസ്.നെ ഏല്‍പിക്കുവാന്‍ തീരുമാനിച്ച യോഗത്തില്‍ ഞാനും ട്രസ്റ്റി അംഗമായ പി.വി. മുഹമ്മദാജിയും പങ്കെടുക്കുകയുണ്ടായി. 1969ല്‍ മമ്പാട് കോളേജ് എം.ഇ.എസിന് ഏല്‍പിക്കുവാന്‍ തീരുമാനിച്ചു. ഏറനാട് ഏഡ്യുക്കേഷന്‍ ട്രസ്റ്റില്‍നിന്ന് എം.ഇ.എസ്. ഏറ്റുവാങ്ങി. അന്ന് കോളേജ് കമ്മറ്റി ചെയര്‍മാന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആയിരുന്നു. പിന്നീട് എം.ഇ.എസ്. യോഗം ചേര്‍ന്ന് 1969ല്‍ എന്നെ കോളേജ് മാനേജ്‌മെന്റ് കമ്മറ്റി പ്രസിഡന്റായി തെരഞ്ഞെടുത്തു. 1,23,000 ഉറുപ്പിക കടത്തോടുകൂടി ആയിരുന്നു എം.ഇ.എസ്. കോളേജ് ഏറ്റെടുത്തത്.

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ 1970-71 ആകുമ്പോഴേക്ക് കടങ്ങള്‍ തീര്‍ത്ത് മൂന്നുലക്ഷം ഉറുപ്പികയുടെ ഒരു വിമെന്‍സ് ഹോസ്റ്റലും 3 ലക്ഷം ഉറുപ്പിക ചെലവില്‍ ഒരു ലബോറട്ടറി കെട്ടിടവും പണിതീര്‍ക്കാന്‍ കഴിഞ്ഞു. മാത്രമല്ല, അന്നത്തെ മെയിന്‍ ബില്‍ഡിങ്ങിന് അപ്സ്റ്റയറും ഒരു കോണ്‍ഫറന്‍സ് ഹാളും ഉണ്ടാക്കി. തുടര്‍ന്ന് പല വികസന പ്രവര്‍ത്തനങ്ങളും നടന്നു. ഇന്ന് മലബാര്‍ പ്രദേശത്തെ ഏറ്റവും ഉയര്‍ന്ന കോളേജുകളില്‍ ഒന്നായി പരിലസിക്കുന്നു ആ സ്ഥാപനം.

പാവണ്ണ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍

1950ല്‍ പെരകമണ്ണ മണല്‍പുറത്ത് പാവണ്ണ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ഒരു 'സുന്നി മതപ്രഭാഷണം' തുടങ്ങി. ആദ്യം മുതലേ വഹാബികളെ ഞങ്ങള്‍ വെല്ലുവിളിക്കുന്നു, മറുപടി ഉണ്ടെങ്കില്‍ പറയട്ടെ... എന്നിങ്ങനെ ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. പന്നിപ്പാറയില്‍ നികുതി പിരിവിന്ന് കച്ചേരി ഇരിക്കാന്‍ ഞാന്‍ ചെന്നപ്പോള്‍ പി.വി. അലവിക്കുട്ടി നികുതി അടക്കാന്‍ എന്റെ അടുക്കല്‍ വന്നു. അലവിക്കുട്ടി ആ ഭാഗത്തെ സുന്നി നേതാവായിരുന്നു. വഅളിനെക്കുറിച്ച് ഞങ്ങള്‍ തമ്മില്‍ പറഞ്ഞ് പറഞ്ഞ് വെല്ലുവിളി നേരിടാന്‍ ഏത് നിലക്കും ഞങ്ങള്‍ ഒരുക്കമാണെന്ന് ഞാന്‍ പറഞ്ഞു. അതിനുവേണ്ടി ഒരു നിബന്ധന തയ്യാറാക്കാന്‍ ദിവസം നിശ്ചയിച്ചു. നിശ്ചിത ദിവസം ഞാനും വാപ്പയും സി.എച്ച്. അഹമ്മദ്കുട്ടി സാഹിബും പന്നിപ്പാറയില്‍ എത്തി. അലവിക്കുട്ടിയുടെ വീട്ടില്‍തന്നെ കൂടി. ഒരു നിബന്ധന എഴുതി തയ്യാറാക്കി രണ്ടുകൂട്ടരും അതില്‍ ഒപ്പിട്ടു. അന്യോന്യം കൈമാറി.

അതുപ്രകാരം അനന്തര നടപടികള്‍ക്ക് സുന്നികള്‍ തയ്യാറായില്ല. ഈ ഒഴിഞ്ഞു മാറ്റത്തില്‍ സുന്നികളുടെ ഇടയില്‍തന്നെ ആക്ഷേപങ്ങള്‍ പൊന്തിവന്നു. ഈ ക്ഷീണം തീര്‍ക്കാനായിരിക്കാം, മുന്‍കൂട്ടി പറയാതെ ഒരുദിവസം പെട്ടെന്ന് ആര്യന്തൊടിക മുതുതലക്കല്‍ മണല്‍പുറത്ത് പന്നിപ്പാറയിലെയും പെരകമണ്ണയിലെയും സുന്നികള്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു മുസ്‌ലിയാരെയും രണ്ടുമൂന്ന് പെട്രോള്‍ മാക്‌സുമായി വന്ന് വഅളു തുടങ്ങി.

വിവരം കേട്ടറിഞ്ഞ് വാപ്പ ഉള്‍പ്പെടെ ഞങ്ങള്‍ പുറത്തിറങ്ങി. പീടികകളെല്ലാം അടപ്പിച്ചു. ആളുകളെ സംഘടിപ്പിച്ചു. ഉള്ളിടത്തോളം പെട്രോള്‍ മാക്‌സുകളും എടുത്ത് ഇറങ്ങി. കേട്ടറിഞ്ഞ് കുറെ ആളുകളും വന്നുകൂടി. പുഴക്കല്‍ കുടക്കാല്‍ തിരഞ്ഞിട്ട വടി ധാരാളം ഉണ്ടായിരുന്നു. ആളെണ്ണം ഒന്നും രണ്ടും വടികള്‍ എടുത്ത് കയ്യില്‍ പിടിച്ചു.

ജുബ്ബയും പൈജാമയും തുര്‍ക്കി തൊപ്പിയും ധരിച്ച ഒരു ഹിന്ദുസ്ഥാനിക്കാരനും അപ്രതീക്ഷിതമായി അന്ന് വാപ്പയുടെ കൂടെ ഉണ്ടായിരുന്നു.

എല്ലാവരും ഒതായി കടവത്ത് എത്തി. കുറെ പെട്രോള്‍ മാക്‌സും കുറെ ആളുകളും ആളുകളുടെ കയ്യിലൊക്കെ വടിയും കൂട്ടത്തില്‍ ആജാനബാഹുവായ ഒരു തൊപ്പിക്കാരനും കടവിലേക്ക് കുത്തനെ ഇറങ്ങുന്ന കാഴ്ച അക്കരെനിന്നു കണ്ടപ്പോള്‍ ഒരു വലിയ ജനക്കൂട്ടം ഇറങ്ങിവരുന്ന പ്രതീതിയാണ് സുന്നികള്‍ക്കുണ്ടായത്. അവര്‍ പരിഭ്രാന്തരായി. സദസ്സ് ഇളകി മറിഞ്ഞു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഞങ്ങള്‍ അക്കരെ കടന്നു. ഒരു ഭാഗത്ത് ഇരിക്കാനും പിറ്റേദിവസം ഖണ്ഡനപ്രസംഗം ഉണ്ട് എന്ന് പറയാനുമായിരുന്നു കരുതിയിരുന്നത്. ഞങ്ങള്‍ അക്കരെ എത്തുമ്പോഴേക്കും ഏതാനും സുന്നികള്‍ ഓടി. അതോടു കൂടി ഒരു ഊക്കന്‍ കാറ്റുംമഴയും വന്നു. ആളുകള്‍ നാലുഭാഗത്തേക്കും ചിതറി. അതങ്ങനെ അവസാനിച്ചു.

അങ്ങനെയും ഒരു വെല്ലുവിളി!

'സുന്നികള്‍ കൂട്ടത്തോടെ ഒതായിലേക്ക്' 1986 മാര്‍ച്ച് 28ന് സുന്നി പത്രമായ സിറാജില്‍ വന്ന ഒരു വാര്‍ത്തയാണത്. 'ഒതായിലെ വഹാബികളുടെ കാറ്റൊഴിയുന്നു,' 'മുജാഹിദ് കോട്ട തകര്‍ക്കാന്‍ സുന്നികള്‍ കൂട്ടത്തോടെ ഒതായിലേക്ക്' ഇങ്ങനെയുള്ള തലക്കെട്ടിലാണ് വാര്‍ത്തകള്‍ വന്നത്. 'മുബാറക്' പത്രവും അതേറ്റുപാടിയിരുന്നു.

വെള്ളിയാഴ്ച ജുമുഅഃക്ക് ശേഷം 'സിറാജ്' പത്രത്തിലെ വാര്‍ത്ത വായിച്ചുകൊടുത്തുകൊണ്ട് ഞാന്‍ പള്ളിയില്‍വെച്ച് ഒതായിലെ 'ചോരത്തിളപ്പുള്ള മുജാഹിദുകളേ...' എന്നു വിളിച്ചുകൊണ്ട്, നബി ﷺ ശത്രുക്കളെ നേരിടാന്‍ യുദ്ധത്തിനു തയ്യാറാകുവാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ അനുയായികളില്‍ നിന്നുണ്ടായിരുന്ന പ്രതികരണവും സര്‍വസ്വവും ത്യജിച്ച് യുദ്ധക്കളത്തിലേക്ക് കുതിച്ചുചാടി വീരമൃത്യു വരിച്ച യുവകോമളന്മാരുടെ ചരിത്രവും അനുസ്മരിച്ചു.

ശത്രുക്കള്‍ ഒതായിലേക്ക് വരാന്‍ നിശ്ചയിച്ചത് വെള്ളിയാഴ്ചയായിരുന്നു. അന്ന് എല്ലാവരും കിട്ടാവുന്ന എല്ലാ ആയുധത്തോടും കൂടി മൂന്നര മണിക്ക് അസര്‍ നമസ്‌കരിക്കാന്‍ പള്ളിയില്‍ ഹാജരാവണമെന്ന് ഞാന്‍ അഭ്യര്‍ഥിച്ചു.

അതനുസരിച്ച് മിക്കവാറും ആളുകള്‍ വേണ്ടത്ര സന്നാഹങ്ങളുമായി പള്ളിയില്‍ എത്തി. അസര്‍ നമസ്‌കാരാനന്തരം ജനങ്ങള്‍ മൂന്നു സംഘങ്ങളായി അണിനിരന്നു.

വേരുപാലം ലക്ഷ്യമാക്കി രണ്ടു നേതാക്കളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നീങ്ങി. വേറൊരു കൂട്ടര്‍ ഒതായി കടവിലേക്ക് പുറപ്പെട്ടു. മൂന്നാമത്തെ സംഘം കിഴക്കേതലക്കലേക്ക് യാത്രയായി. ശത്രുക്കള്‍ ഒതായിയില്‍ എത്തുന്നതിനെതിരേ ഉപരോധം സൃഷ്ടിക്കുകയായിരുന്നു ഉദ്ദേശ്യം. കേന്ദ്രബിന്ദുവായ ഒതായിയില്‍ ഞാനും ഏതാനും ആള്‍ക്കാരും കാത്തിരുന്നു.

പ്രതീക്ഷിച്ചത് പോലെത്തന്നെ കേരളത്തിന്റെ പലഭാഗത്തുനിന്നും കൂട്ടം കൂട്ടമായി വാഹനങ്ങളിലും കാല്‍നടയായും വന്ന ആള്‍ക്കാര്‍ ഊര്‍ങ്ങാട്ടിരി വഴിക്ക് വന്നു. അവരെ വേരുപാലത്തിങ്ങല്‍ തടഞ്ഞുനിര്‍ത്തി.

പാലപ്പെറ്റ വഴിക്ക് വന്നവരെ ആര്യന്തൊടിക കടവത്തും എടവണ്ണ വഴിക്ക് വന്നവരെ കിഴക്കേതലക്കലും തടഞ്ഞു. ഏതാനും പോലീസും അപ്പോഴേക്കും സ്ഥലത്തെത്തിയിരുന്നു. രാത്രി പത്തുമണി ആയപ്പോഴേക്കും കൂടുതല്‍ പോലീസ് എത്തി. ആദ്യം ഊര്‍ങ്ങാട്ടിരി ഭാഗത്തുകൂടി വന്ന് വേരുപാലത്തിങ്ങല്‍ തടിച്ചുകൂടിയവരെ പോലീസ് ലാത്തിവീശി ഓടിച്ചു. അതില്‍പിന്നെ പുഴക്കല്‍ ആര്യന്തൊടികയില്‍ വന്നുകൂടിയവരെയും പോലീസ് തുരത്തി. അങ്ങനെ അന്നത്തെ സംഭവം അവസാനിച്ചു.

18.04.86 വെള്ളിയാഴ്ച രണ്ടാമത്തെ സംഭവം

ഈ പ്രാവശ്യവും എ.പി.സുന്നികള്‍ തന്നെയാണ് മുന്‍കൈ എടുത്തത്. എങ്കിലും ഇക്കാര്യത്തില്‍ എല്ലാ സുന്നികളും ഒന്നിച്ചു അണിനിരന്നു. കേരളക്കരയിലെ മുഴുവന്‍ സുന്നികളും ഒതായിലേക്ക് വാഹനത്തിലും കാല്‍നടയായും ജാഥയായി എത്താന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു.

ഒതായി എന്ന കൊച്ചുഗ്രാമം നൂറുകണക്കിനു വാഹങ്ങളും ആള്‍ക്കാരും കൊണ്ട് നിറയുകയാണോ? ഞങ്ങളെ ആകെ വിഴുങ്ങാനുള്ള ഒരുക്കമാണോ? എല്ലാ ആയുധങ്ങളും മുറിയുകയാണോ? ഇനിയും സര്‍വശക്തനായ റബ്ബ് മാത്രമാണ് രക്ഷ. ഞാന്‍ ധൈര്യം വെടിയാതെ 17.04.1986 വ്യാഴാഴ്ച അക്കരെ കടന്നു. സ്‌നേഹിതനെയും കൂട്ടി. സ്ഥലം എം.എല്‍.എ. അവിടെയില്ല. മഞ്ചേരി, മലപ്പുറം എം.എല്‍.എ. മാരെയും ഏതാനും നേതാക്കളെയും കണ്ടു. സംഗതി എല്ലാവരും അറിഞ്ഞുകൊണ്ടാണെന്നും ഈ പ്രാവശ്യം പോലീസ് സുന്നികള്‍ക്കനുകൂലമാണെന്നും മനസ്സിലായി. ഞങ്ങള്‍ എടവണ്ണയിലേക്ക് മടങ്ങി.

എടവണ്ണ യത്തീംഖാനയിലേക്ക് എത്താന്‍ ഞാന്‍ നേരത്തെ ചിലരോട് പറഞ്ഞിരുന്നു. ഉച്ചക്ക് കോണ്‍ഗ്രസ് ലോക്കല്‍ നേതാക്കള്‍ എടവണ്ണ എത്തിയിരുന്നു. സംഭവത്തിന്റെ ഗുരുതരാവസ്ഥ മഞ്ചേരിയില്‍ പോയി പ്രൊ.വേണുഗോപാലിനെ അറിയിക്കാന്‍ എന്റെ കാറില്‍ തന്നെ അവരെ അയച്ചു. അന്നും പിറ്റേദിവസവും വേണുഗോപാല്‍ വേണ്ടപോലെ എല്ലാം പരിശ്രമിച്ചു. പക്ഷേ, ഫലമുണ്ടായില്ല.

സ്ഥലം എം.എല്‍.എ. തിരുവനന്തപുരത്തുനിന്നും അഞ്ചുമണിക്ക് മഞ്ചേരി എത്തുമെന്നറിഞ്ഞു ഞാന്‍ വീണ്ടും മഞ്ചേരിയില്‍ പോയി. കച്ചേരിപ്പടിക്കല്‍ നില്‍ക്കുമ്പോള്‍ നേതാവ് വടക്കോട്ട് കടന്നുപോയി. പിന്നാലെ ഞാനും ചെന്നു. മഞ്ചേരി പി.സി.സി.യിലെ ഓഫീസ് മുറിയില്‍ വെച്ചു അദ്ദേഹവുമായി കണ്ടു സംസാരിച്ചു. എന്റെ ഒരു ഉത്തമ സുഹൃത്ത് അദ്ദേഹത്തോടൊന്നിച്ചുണ്ടായിരുന്നു. കാര്യങ്ങളുടെ നിജസ്ഥിതി അദ്ദേഹത്തെ ധരിപ്പിച്ചു.

അദ്ദേഹം അപ്പോള്‍ തന്നെ എസ്.പി.ക്കും കളക്ടര്‍ക്കും അവിടെനിന്ന് തന്നെ ഫോണ്‍ ചെയ്തു വളരെ ഗൗരവത്തോട് കൂടിത്തന്നെ സംസാരിച്ചു. മറുപടി സുഖകരമായിരുന്നില്ല. 'ഒരു നൂറു ആംബുലന്‍സ് ഒതായിലേക്ക് ഏര്‍പ്പാടു ചെയ്യണം, ഞങ്ങള്‍ ഒന്നായി മരിക്കുകയാണ്. മരിക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലല്ലോ...' എന്നാണ് അവസാനം എം.എല്‍.എ. പറഞ്ഞത്.

പിന്നെ എസ്.പി.സ്വരം മാറ്റി. അതിനൊക്കെ വഴിയുണ്ടാക്കാം എന്ന് പറഞ്ഞു. ഞങ്ങള്‍ മടങ്ങി. രാത്രി 12 മണിവരെ ഫോണ്‍! സുന്നികള്‍ ഇന്ന് ഒതായിയില്‍ പരിപാടി നടത്തുന്നുണ്ട്. അവരുടെ വക മൈക്ക് അനൗണ്‍സ്മന്റ് നാട്ടിലുടനീളം നടക്കുന്നു. വമ്പിച്ച പരിപാടിയാണ്.

ഞാന്‍ പിന്നെയും ബേജാറായി. നേതാവിനെ വിളിച്ചു. സുന്നികള്‍ ഒതായിക്കു നേരെ വെല്ലുവിളി നടത്തുന്നു. മൈക്ക് അനൗണ്‍സ്മന്റ് രാജ്യത്തുടനീളം നടക്കുന്നു. എസ്.പി.അല്‍പം അവര്‍ക്കനുകൂലമായി സംസാരിച്ചു. എം.എല്‍.എ. ചൂടായി. 'നിങ്ങള്‍ ഞാന്‍ പറഞ്ഞതുപോലെ കുറെ ആംബുലന്‍സ് ഏര്‍പ്പാട് ചെയ്ത് ഒതായിലേക്ക് വരണം. ശവം കുന്നുകൂടും. ആശുപത്രി സ്ഥലം മതിയാവുകയില്ല. ചെറിയ ഒരു നാടിനെ കൊല്ലാന്‍ പോലീസ് കൂട്ടുനില്‍ക്കുകയാണോ...?' എന്ന് പറഞ്ഞു ഫോണ്‍ ഇട്ടു.

അല്‍പം കഴിഞ്ഞു. എസ്.പി, എം.എല്‍.എ.യെ വിളിച്ചു. 'മൈക്ക് അനൗണ്‍സ്മന്റ് ഉടനെ നിര്‍ത്തും. ഒതായിലേക്ക് ആരെയും കടത്തിവിടുകയില്ല. എല്ലാം ഞങ്ങള്‍ സമാധാനപരമായി നേരിടും...'

എം.എല്‍ എ. എന്നെ വിളിച്ചൂ. 'പേടിക്കേണ്ട, എല്ലാം ശരിയായിരിക്കുന്നു. പോലീസ് തടയും. നമ്മള്‍ തടയേണ്ടതില്ല.' അല്‍ഹംദുലില്ലാഹ്... ഞാന്‍ സര്‍വശക്തനെ സ്തുതിച്ചു. എം.എല്‍.എ. എന്നോടു പറഞ്ഞു: 'നിങ്ങളുടെ റിബലുകള്‍ ഒരു നാലഞ്ചുപേര്‍ ഇവിടെ വന്നിരുന്നു. ഒതായിയില്‍ സുന്നി വഅള് നടന്നോട്ടെ. അതിനെ എതിര്‍ക്കരുത്. അവരും നമ്മുടെ ആള്‍ക്കാരല്ലേ എന്നുപറഞ്ഞു. ആ വയസ്സനും കൂട്ടത്തിലുണ്ടായിരുന്നു. ഞാനവരെ ആട്ടിപ്പുറത്താക്കി പറഞ്ഞയച്ചിരിക്കുകയാണ്...' അല്ലാഹുവിന്റെ സഹായം. വിഷമഘട്ടത്തിലെ പ്രാര്‍ഥനക്കുത്തരം ഇങ്ങനെയാണ്!

ഞാന്‍ ചാത്തല്ലൂര്‍ ഭാഗത്തേക്ക് ആളെ അയച്ചു. മൂന്നരമണി ആകുമ്പോഴേക്ക് എല്ലാവരും ഒതായി പള്ളിയില്‍ എത്തിച്ചേരണമെന്ന് പറഞ്ഞു. നമ്മളും ഒരുങ്ങിയിരിക്കുകയാണെന്ന് പോലീസിനെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു അത്. ആള്‍ക്കാര്‍ വന്നുകൂടി. അസര്‍ നമസ്‌കാരം കഴിഞ്ഞു. ഒറ്റവരിയില്‍ പള്ളിയില്‍നിന്നു ഒതായിലേക്ക് നീങ്ങി. പോലീസ് നോക്കി നിന്നു.

രണ്ടുമണിയോടെ ധാരാളം പോലീസ് എത്തിത്തുടങ്ങിയിരുന്നു. അരീക്കോട് ചെറിയപാലം പൂര്‍ണമായും വലിയ പാലം ഭാഗികമായും പോലീസ് ബന്താക്കി. വാഹന ഗതാഗതം മുടങ്ങി. രാത്രി എട്ടുമണി ആയപ്പോഴേക്കും ജാഥയായിവന്ന വാഹനങ്ങള്‍ പോലീസ് തടഞ്ഞു. പുത്തലം മുതല്‍ പത്തനാപുരംവരെ ഓരത്ത് അവ നിര്‍ത്തിയിട്ട് അരീക്കോട്ട് യോഗം ചേര്‍ന്നു പിരിഞ്ഞു പോകാനാണ് പോലീസ് കല്‍പിച്ചത്. ഇഷ്ടംപോലെ സുന്നികള്‍ ഞങ്ങളെ ചീത്ത പറഞ്ഞു പിരിഞ്ഞു. അങ്ങനെ മൂന്നാമത്തെ ശ്രമവും പൊളിഞ്ഞു.

നാലാമത്തെ വരവ്: 'ഒതായിലെ സുന്നി വഅള് തടഞ്ഞത് നന്നായില്ല, നമ്മള്‍ക്കും വേണ്ടേ മറ്റു സ്ഥലങ്ങളില്‍ പറയുക. അവരും തടയുകയില്ലേ' എന്ന് വിഷയം പഠിക്കാത്ത ഏതാനും മുജാഹിദ് പണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കും ഒരഭിപ്രായം. ലീഗ് നേതാക്കളാണ് വഅള് തടഞ്ഞതെന്ന എ.പി. വിഭാഗത്തിന്റെ പ്രചരണം ലീഗണികളെ പരിഭ്രാന്തരാക്കി. എങ്ങനെയും ഈ സ്ഥിതിയില്‍ ഒതായിയില്‍ ഒരു പ്രഭാഷണം നടത്തിയാല്‍ തരക്കേടില്ല എന്ന് ലീഗ് നേതാക്കള്‍ക്ക് അതിയായ ആഗ്രഹം. ചില നേതാക്കള്‍ വന്ന് അക്കാര്യം ഞാനുമായി സംസാരിച്ചു.

ഞാനവരോടു പറഞ്ഞു: 'ആര് വന്നു പറഞ്ഞാലും ഞങ്ങള്‍ക്കു വിരോധമില്ല. ഞങ്ങളുടെ നാടിനെ നശിപ്പിക്കാനോ, മുജാഹിദുകളെ നശിപ്പിക്കാനോ ആയിരിക്കരുത്. മുജാഹിദുകളെ കാറ്റൊഴിക്കാന്‍ ഒതായിലേക്ക് എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ആരുവന്നാലും മരണംവരെ ഞങ്ങള്‍ എതിര്‍ക്കും. സദുപദേശത്തിനോ ആശയ പ്രചാരണത്തിനോ ആരുവന്നാലും ഞങ്ങള്‍ക്ക് വിരോധമില്ല.' ആ അടിസ്ഥാനത്തില്‍ ഒരു നോട്ടീസ് അടിച്ചു വിതരണം ചെയ്യുകയും നോട്ടീസിന്റെ ഏതാനും കോപ്പികള്‍ ശിഹാബ് തങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ഒരു നിബന്ധന മാത്രം ഞാന്‍ പറഞ്ഞു: 'ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടി, ഇസ്ഹാക്ക് കുരിക്കള്‍ മുതലായ നേതാക്കളും സ്റ്റേജില്‍ ഉണ്ടായിരിക്കണം.'

അതുപ്രകാരം മുസ്‌ലിംലീഗ് നേതാക്കളും എം.എല്‍.എ.മാരും, കെ.കെ. അബൂബക്കര്‍ മുസ്‌ലിയാരും വന്നു. ഒതായിയില്‍ ഒരു ഗംഭീരയോഗം നടത്തി സമാധാനത്തോടെ പിരിഞ്ഞു. അതു ശരിക്കും ഒരു മുസ്‌ലിംലീഗ് യോഗമായിരുന്നു. മുജാഹിദുകളെ കൊല്ലാന്‍ വന്നവരായിരുന്നില്ല.

പ്രധാന സംഭവങ്ങള്‍:

1. 1921ല്‍ മലബാര്‍ കലാപം ഒതായിയില്‍. 2. 1924ല്‍ വെള്ളപ്പൊക്കം. 3. 1928-29ല്‍ എല്‍.പി.സ്‌കൂളിന് അംഗീകാരം കിട്ടി. 1957ല്‍ യു.പി.സ്‌കൂളായി അംഗീകരിച്ചു. 5. 1962ല്‍ വീണ്ടും വെള്ളപ്പൊക്കം. 6. 1982ല്‍ കരണ്ട് കിട്ടി. 7. 1983ല്‍ അരീക്കോട് വലിയ പാലവും 1986ല്‍ ചെറുപുഴ പാലവും ഉദ്ഘാടനം ചെയ്തു. 8. 1987ല്‍ മുണ്ടേങ്ങര-പത്തനാപുരം റോഡ് മെറ്റല്‍ ചെയ്തു. 9. 1992ല്‍ എടവണ്ണ പാലം പണി തുടങ്ങി

തല്‍ക്കാലം നിറുത്തട്ടെ,

നിങ്ങളുടെ

പി.വി. ഉമ്മര്‍കുട്ടി ഹാജി, ഒതായി.