ഒതായിയിലെ ഇസ്വ്‌ലാഹി ചലനങ്ങള്‍

പി.വി ഉമര്‍കുട്ടി ഹാജി (റഹി)

2019 സെപ്തംബര്‍ 14 1441 മുഹര്‍റം 15

(ഏറനാട്ടിലെ ഓര്‍മകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും: 2)

(തയ്യാറാക്കിയത്: യൂസഫ്‌ സാഹിബ് നദ്‌വി )

വി.ടി. അബ്ദുല്ല ഹാജി ഒതായിയില്‍

1947ലാണ് ആദ്യമായി വി.ടി. അബ്ദുല്ല ഹാജി(8) സാഹിബ് അവര്‍കളെ പി.വി. മുഹമ്മദ് ഹാജി ഒതായിയില്‍ കൊണ്ടുവന്നത്. അബ്ദുല്ല ഹാജി മലപ്പുറത്ത് വെച്ച്, ഇബ്‌റാഹീം നബി(അ)യെ 'തന്തക്കൊറ്റന്‍ എന്ന് വിളിച്ചു', മൂസാനബി(അ)യെ 'എടോ മൂസാ' എന്ന് വിളിച്ചു എന്നും മറ്റും ആക്ഷേപം നടത്തിയിരുന്ന കാലത്താണത്. അബ്ദുല്ല ഹാജി ആദ്യം ഒതായിയില്‍ വന്നപ്പോള്‍ ഉണ്ണിമോയിന്‍ മൗലവിയുടെ പ്രസംഗപരമ്പര 'തൗഹീദ് നഗരി'യില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അബ്ദുല്ല ഹാജി വന്ന അന്നുമുതല്‍ ഉണ്ണിമോയിന്‍ മൗലവി പ്രസംഗിച്ചുകൊണ്ടിരുന്ന സ്റ്റേജില്‍ വെച്ചുതന്നെ അദ്ദേഹം പ്രസംഗം തുടങ്ങി. ഉണ്ണി മോയിന്‍ മൗലവി കേള്‍വിക്കാരനായി അവിടെത്തന്നെ താമസിച്ചു.

ഒതായിയില്‍ വാദപ്രതിവാദം

ഈ വഅള് നടന്നുകൊണ്ടിരിക്കുമ്പോള്‍ പാവണ്ണ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ പക്കല്‍നിന്നും ചില ചോദ്യങ്ങളും സ്റ്റേജ് അനുവദിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തും ഒതായി വഅളു കമ്മറ്റിക്ക് കിട്ടി. സ്റ്റേജ് അനുവദിക്കാന്‍ തയ്യാറാണെന്ന് കാണിച്ചുകൊണ്ട് കമ്മറ്റിക്ക് വേണ്ടി ഞാന്‍ മറുപടി അയച്ചു. അങ്ങനെ ചില നിബന്ധനകളോടുകൂടി മുസ്‌ലിയാര്‍ ഒതായിയില്‍ ഖണ്ഡന പ്രസംഗം നടത്താനും നിശ്ചയിച്ചു. നിശ്ചിത ദിവസം വൈകുന്നേരം ആയപ്പോഴേക്കും ഒതായി പ്രദേശം ജനനിബിഡമായി. വഅളു തുടങ്ങാന്‍ സമയമായി. അബ്ദുല്ല ഹാജി വി.കെ.ഹൗസില്‍ നിന്നും പുറത്തിറങ്ങുന്നില്ല. തലയിണ മറിച്ചിട്ടും കിടക്ക മറിച്ചിട്ടും അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. അവസാനം കാര്യം അന്വേഷിച്ചപ്പോഴാണ് മൗലവി പറയുന്നത്; തന്റെ കത്തി കാണുന്നില്ല എന്ന്. നോക്കുമ്പോള്‍ കത്തി നേരത്തെ തന്നെ പെരൂല്‍ സാഹിബ് എടുത്ത് അരയില്‍ തിരുകി വെച്ചിരുന്നു. മൗലവി സാഹിബ് കത്തി വാങ്ങി അരയില്‍ തിരുകി വേഗത്തില്‍ ഇറങ്ങി സ്റ്റേജിലേക്ക് നടന്നു. 9 മണിക്ക് പരിപാടി തുടങ്ങി. നേരം പുലര്‍ന്നപ്പോഴാണ് അവസാനിച്ചത്.

അബ്ദുല്ല ഹാജി അഞ്ചോ ആറോ കൊല്ലം തുടര്‍ച്ചയായി ഒതായിയില്‍ പ്രസംഗ പരമ്പര നടത്തിയിട്ടുണ്ട്. അതോടൊപ്പം എടവണ്ണയിലും മമ്പാട്ടും മഞ്ചേരിയിലും പ്രസംഗ പരമ്പരകള്‍ നടത്തിപ്പോന്നിട്ടുണ്ട്. അതിനുവേണ്ടി പ്രവര്‍ത്തിച്ചത് നമ്മളായിരുന്നു. മമ്പാട്ട് അധികാരിയായിരുന്നു(9) അബ്ദുല്ല ഹാജിയുടെ വഅളിന് സൗകര്യം നല്‍കിയിരുന്നത്. അധികാരി മുജാഹിദായിരുന്നില്ല; സുന്നിയുമായിരുന്നില്ല. അബ്ദുല്ല ഹാജിയെ വീട്ടില്‍ താമസിപ്പിച്ച് എല്ലാ ഒത്താശകളും ചെയ്തുകൊടുത്ത് വഅള് നടത്തിയിരുന്നത് അത്തന്‍ മോയിന്‍ അധികാരി(10) തന്നെയായിരുന്നു.

ഒരുദിവസം അധികാരിയുടെ വീട്ടിന്റെ പൂമുഖത്ത് കുറെ ആള്‍ക്കാര്‍ കൂടിയിരുന്ന് വര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍, മുമ്പ് നടന്ന ചില നായാട്ടുകാര്യവും പറയാന്‍ ഇടയായി. മൗലവി ചോദിച്ചു: ''ഇവിടെ കാട്ടി(11) ഇറച്ചി കിട്ടുമോ?'' അധികാരി നോക്കാമെന്ന് പറഞ്ഞു. പിറ്റെ ദിവസം കുറച്ചാള്‍ക്കാരെ വെടിക്ക് അയച്ചു. നല്ലകാലത്തിന് ഒരു കാട്ടിയെ കിട്ടി. വലിയ രണ്ട് കുറക്(12) അധികാരിയുടെ വീട്ടില്‍ എത്തി. മൗലവി വേണ്ടിടത്തോളം തിന്നു. തുടര്‍ച്ചയായി രണ്ടുമൂന്നു ദിവസം തിന്നപ്പോള്‍ വയറിളകി. ഒരുദിവസത്തെ വഅളും മുടങ്ങി.

അധികാരിക്ക് മൗലവിയെ വളരെ ഇഷ്ടമായിരുന്നു. പലതും മൗലവിയോട് ചോദിച്ച് പഠിക്കാറുണ്ടായിരുന്നു. എല്ലാ സമയത്തും വിഭവസമൃദ്ധമായ ഭക്ഷണം നല്‍കി മൗലവിയെ സല്‍കരിക്കും. കാറില്‍ കയറ്റി പലസ്ഥലങ്ങളിലും കൊണ്ടുപോകും. അധികാരിയുടെ ഭാര്യ നഫീസക്കുട്ടി എന്റെ സഹോദരി ആയിരുന്നു. അധികാരിയാണ് മമ്പാട് കോളേജിന്റെ സ്ഥാപകന്‍. മമ്പാട്ട് ഒന്നിലധികം സ്‌കൂളുകളും കുറേയധികം റോഡുകളും കുളങ്ങളും കിണറുകളും അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം ദീര്‍ഘകാലം മമ്പാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നിട്ടുണ്ട്.

ഒരിക്കല്‍ പഞ്ചായത്ത് ഇലക്ഷന്‍ നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ഥികള്‍ മുസ്‌ലിം ലീഗുകാരായിരുന്നു. അധികാരി രണ്ടുവാര്‍ഡുകളില്‍ മത്സരിച്ചു. പാണക്കാട് പൂക്കോയ തങ്ങള്‍, ബാപ്പു കുരിക്കള്‍ മുതലായ ലീഗ് നേതാക്കളൊക്കെ മമ്പാട്ട് പ്രചരണത്തിന് പലതവണ വന്നിട്ടുണ്ടായിരുന്നു. അധികാരി രണ്ടുവാര്‍ഡുകളിലും ബഹുഭൂരിപക്ഷത്തോടെ ജയിച്ചു. വിവരം അറിഞ്ഞ ഒരു വിരുതന്‍ ബാപ്പു കുരിക്കള്‍ക്ക് കമ്പിയടിച്ചു; അധികാരിയുടെ അടുക്കല്‍ ഒരു സീറ്റ് വില്‍ക്കാണുണ്ട്, വേണോ എന്ന് ചോദിച്ചുകൊണ്ട്!

അദ്ദേഹം അസാമാന്യ ബുദ്ധിമാനും സമുദായ സ്‌നേഹിയും സാമൂഹ്യ പ്രവര്‍ത്തകനും സാധു സംരക്ഷകനുമായിരുന്നു.

ഇതിലിടക്ക് ഒരു കാര്യം മറന്നുപോയി. നാം മുമ്പ് പറഞ്ഞുവെച്ച ഒതായിയിലെ വാദപ്രതിവാദം 9 മണിക്കുതന്നെ ആരംഭിച്ചു. ആദ്യം സുന്നി പക്ഷത്തുനിന്ന് പാവണ്ണ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ തന്നെ സംസാരം ആരംഭിച്ചു. പിന്നെ മുജാഹിദ് പക്ഷത്തുനിന്ന് വി.ടി. അബ്ദുല്ല ഹാജിയും. തുടര്‍ന്ന് ഉഗ്രപുരം പി. ഉണ്ണിമോയിന്‍ മൗലവി, കെ.സി. അബൂബക്കര്‍ മൗലവി, എ. അലവി മൗലവി, മങ്കട അബ്ദുല്ല മൗലവി മുതലായവരും പ്രസംഗിച്ചു. മറുപടി പറയാന്‍ നില്‍ക്കാതെ സുന്നിപക്ഷം പുലര്‍ച്ചക്ക് സ്ഥലംവിട്ടു.

അബ്ദുല്ല ഹാജിയുടെ പ്രസംഗത്തിന്റെ ശൈലി ക്വുര്‍ആന്‍ ആയിരുന്നു. ക്വുര്‍ആനിനെ ക്വുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിക്കുക- അതായിരുന്നു.

ഒരു പ്രാവശ്യം മൗലവി സാഹിബിനെ വഅളിന് ക്ഷണിച്ചുവരുത്തി. ഞങ്ങള്‍ രണ്ടുപേരും ഉച്ചക്ക് ഭക്ഷണം കഴിക്കുകയായിരുന്നു. ഞാന്‍ മൗലവിയോടു പറഞ്ഞു: ''മൗലവി സാഹിബേ, എല്ലാ പ്രാവശ്യവും തൗഹീദും ശിര്‍ക്കും തന്നെയാണല്ലോ പറയാനുള്ളത്. ഈ പ്രാവശ്യം ആളുകള്‍ക്ക് വിരസത ഇല്ലാതിരിക്കാന്‍ വിഷയം ഒന്നുമാറ്റുന്നതല്ലേ നല്ലത്?'' മൗലവി പറഞ്ഞു: ''എല്ലാ നബിമാരും വന്നത് തൗഹീദിലേക്ക് ക്ഷണിക്കാനാണ്.'' അതിനെപ്പറ്റി കുറെ പറഞ്ഞശേഷം, നമ്മള്‍ ഏതു വിഷയമാണ് പറയേണ്ടത് എന്ന് മൗലവി ചോദിച്ചു. ഈ പ്രാവശ്യം നമസ്‌കാരമായാലെന്താണെന്ന് ഞാന്‍ ചോദിച്ചു. 'അങ്ങനെയാവട്ടെ'- മൗലവി പറഞ്ഞു. അന്ന് വുദൂഇല്‍നിന്ന് തുടങ്ങി. പിറ്റേദിവസം ബാങ്ക്. തീര്‍ന്നില്ല, അങ്ങനെ ഫാതിഹ സൂറത്തിലെ ഓരോ ആയത്തും ഒന്നും രണ്ടും ദിവസം വിവരിക്കും. മുഴുവന്‍ തൗഹീദ്തന്നെ. അങ്ങനെ പതിനഞ്ച് ദിവസം പറഞ്ഞിട്ടും ഫാതിഹ സൂറത്ത് തീര്‍ന്നില്ല. ക്വുര്‍ആനിലെ മുപ്പത് ജുസ്ഉം ഓതിത്തീര്‍ന്നിട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് തോന്നി.

 മൗലവി തൗഹീദ് പഠിപ്പിക്കുന്നതിന്റെ ഒന്നുരണ്ട് ഉദാഹരണവുംകൂടി പറയട്ടെ: സൂറത്തു യൂസുഫില്‍ നിന്ന് ഏതാനുംഭാഗം ഓതി അതിന്റെ അര്‍ഥം പറഞ്ഞു. മക്കള്‍ യഅ്ക്വൂബ് നബി(അ) യോട്(13) യൂസുഫിനെ തങ്ങളുടെ കൂടെ കളിക്കാന്‍ കൊണ്ടുപോകാന്‍ സമ്മതം ചോദിച്ചു; കൂട്ടിക്കൊണ്ടുപോയി. കളിസ്ഥലത്തുനിന്ന് അവര്‍ യൂസുഫിനെ കിണറ്റിലിട്ടു. അദ്ദേഹത്തിന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ പിതാവിനു കാണിച്ചു. യൂസുഫിനെ ചെന്നായ തിന്നു എന്ന് പറഞ്ഞു. യഅ്ക്വൂബ് നബി(അ) സഹിക്കവയ്യാത്ത ദുഃഖത്താല്‍ കരഞ്ഞു കരഞ്ഞു രണ്ട് കണ്ണിന്റെയും കാഴ്ച പോലും നഷ്ടപ്പെട്ട നിലയിലായി. കണ്ണുകള്‍ വെളുത്തു; എനിക്ക് ക്ഷമയാണ് ഭൂഷണം എന്ന് പറയുകയും ചെയ്തു.

യൂസുഫിനെ കളിക്കാന്‍ വിളിച്ചപ്പോള്‍ കളിക്കാനല്ല കൊല്ലാനാണ് കൊണ്ടുപോകുന്നതെന്ന് നബിക്ക് മനസ്സിലായോ? പോകട്ടെ, യൂസുഫിനെ ചെന്നായ തിന്നിട്ടില്ല, കിണറ്റിലുണ്ട് എന്നെങ്കിലും മനസ്സിലായോ? മുഹ്‌യിദ്ദീന്‍ ശൈഖ് കുപ്പിക്കകത്തുള്ള വസ്തുവിനെ കാണും പ്രകാരം ക്വല്‍ബിനകത്തുള്ളത് കാണും എന്ന് കവി പറയുന്നു. നീയത് ഏറ്റു പാടുന്നു. മരമണ്ടത്തലയാ, ഒരു മുര്‍സലായ നബിക്ക് പോലും കഴിയാത്ത കാര്യം ഒരു ശൈഖിന് സാധിച്ചു എന്നാണോ നീ വിശ്വസിക്കുന്നത്? ഒന്ന് ചിന്തിക്കു മനുഷ്യാ...!

ഇനിയും നോക്ക്; ക്വുര്‍ആനില്‍നിന്ന് ഒരു സൂക്തം ഓതി അര്‍ഥം പറയുന്നു: ''ഇബ്‌റാഹീം നബി(അ)യുടെ അടുക്കല്‍ ചില അതിഥികള്‍ വരുന്നു. അദ്ദേഹം അവരുടെ മുമ്പില്‍ ഭക്ഷണം വെച്ചു. അവര്‍ തളികയിലേക്ക് കൈ നീട്ടുന്നില്ല. ഇത് കണ്ടപ്പോള്‍ നബിക്ക് പരിഭ്രമമായി. ഇത് മനുഷ്യരല്ല, മലക്കുകളായിരിക്കുമോ? നബി സംശയിച്ചു. അതിഥികള്‍ പറഞ്ഞു: 'ഞങ്ങള്‍ ഒരു സന്തോഷ വാര്‍ത്ത താങ്കളെ അറിയിക്കുവാന്‍ വേണ്ടി അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ട ദൂതന്മാരാണ്. താങ്കള്‍ക്ക് ഒരു പുത്രന്‍ ഉണ്ടാകാന്‍ പോകുന്നു എന്നതാണാ വാര്‍ത്ത.' നബി ചോദിച്ചു: 'ഞാന്‍ വയസ്സനായ ഒരു തന്തക്കൊറ്റനായി. എന്റെ ഭാര്യയാണെങ്കില്‍ കിഴവിയാണ്. മച്ചിയുമാണ്. ഞങ്ങള്‍ക്കെങ്ങനെ സന്താനമുണ്ടാകും?' 'അല്ലാഹുവിന് അതൊന്നും ഒരു പ്രയാസപ്പെട്ട കാര്യമല്ല' എന്നു പറഞ്ഞ് മലക്കുകള്‍ പോയി.

ഹേ, മടയാ! ചിന്തിക്കൂ! അല്ലാഹുവിന്റെ ഖലീലായ നബിക്ക് വന്ന ആള്‍ക്കാര്‍ ആരാണെന്ന് മനസ്സിലായോ? മനസ്സിലായിരുന്നുവെങ്കില്‍ മൂരിക്കുട്ടിയെ അറുത്ത് പൊരിച്ചു മുമ്പില്‍വെച്ചു കൊടുക്കുമായിരുന്നോ? മനസ്സിലാവാതെ വിഷമിച്ചപ്പോള്‍ ലൗഹിലേക്ക് നോക്കാന്‍ പറ്റിയോ? ക്വല്‍ബിലേക്ക് നോക്കിക്കൂടായിരുന്നുവോ? മുഹ്‌യിദ്ദീന്‍ ശൈഖ് ക്വല്‍ബിന്റകത്തുള്ള കാര്യം കുപ്പിക്കത്തുള്ളതുപോലെ കാണുംപോല്‍! ഇതാണോ നിന്റെ വിശ്വാസം? നിന്റെ പാട്ടും ബൈത്തും തോട്ടിലെറിഞ്ഞു ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങിവാ, എന്നാല്‍ രക്ഷപ്പെട്ടു.''

ഇനിയും നോക്ക്, പിന്നെയും ക്വുര്‍ആന്‍ ഓതി പറയുന്നു: ''നൂഹ് നബി(അ)യോട് സ്വന്തം അഹ്‌ലുകാരെയും ഓരോ ഇണകളെയും കപ്പലില്‍ കയറ്റാന്‍ അല്ലാഹു കല്‍പിക്കുന്നു. വെള്ളം പൊങ്ങി കപ്പല്‍ വെള്ളത്തിലാകുന്നു. സ്വന്തം മകന്‍ കപ്പലില്‍ കയറിയിട്ടില്ല. നൂഹ് നബി(അ) വാത്സല്യനിധിയായ മകനെ 'യാബുനയ്യ! ഇര്‍കബ് മഅനാ...' (കുഞ്ഞി മകനേ, ഞങ്ങളുടെകൂടെ കയറിക്കോ) എന്ന് പറഞ്ഞു. മകന്‍ കയറിയില്ല. മകന്‍ ഓളത്തില്‍പെട്ടു മുങ്ങിപ്പോകുന്നു. നബി അല്ലാഹുവിനോട്, 'അല്ലാഹുവേ! എന്റെ മകന്‍ എന്റെ അഹ്‌ലില്‍ പെട്ടതല്ലേ' എന്നു ചോദിക്കുന്നു. 'മകന്‍ നിന്റെ അഹ്‌ലില്‍ പെട്ടതല്ല. നിനക്കറിയാത്ത കാര്യത്തെക്കുറിച്ചു എന്നോട് ചോദിക്കരുത്' എന്നു പറഞ്ഞ് അല്ലാഹു നബിയെ താക്കീത് ചെയ്യുന്നു.

വാത്സല്യ നിധിയായ സ്വന്തം മകന്‍, തന്റെ കണ്‍മുമ്പില്‍ വെച്ച് വെള്ളത്തില്‍ മുങ്ങിമരിച്ചപ്പോള്‍ ഒരു നബിക്കുപോലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇത് ക്വ ുര്‍ആനാണ്. കെട്ടുകഥയല്ല. മാലക്കാരന്‍ പറയുന്നു: മുഹ്‌യിദ്ദീന്‍ ശൈഖിന്റെ ഒരു മുരീദിന്റെ മൗത്തിനെ പിടിച്ച കാരണത്താല്‍ അസ്‌റാഈലിന്റെ(14) കയ്യില്‍നിന്നും റൂഹിന്റെ കൊട്ട തട്ടിമറിച്ച് അതിലുണ്ടായിരുന്ന സകല റൂഹുകളെയും വിട്ടയച്ചുവെന്ന്! ഒരു നബിക്ക് മകനെപ്പോലും രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന് ക്വുര്‍ആന്‍ പറയുന്നു, ഏതാണ് നീ വിശ്വസിക്കുന്നത്. നിനക്ക് ബുദ്ധിയില്ലേ മനുഷ്യാ? ഒന്ന് ചിന്തിച്ചു നോക്ക്.''

പിന്നെയും ക്വുര്‍ആന്‍ ഓതി പറയുന്നു: ''മൂസാ നബി(അ)യോട് തന്റെ കയ്യിലുണ്ടായിരുന്ന വടി നിലത്തടിക്കാന്‍ അല്ലാഹു കല്‍പിക്കുന്നു. നബി വടി നിലത്തിടുന്നു. അത് വലിയൊരു പാമ്പായി ഓടാന്‍ തുടങ്ങുന്നു. നബി പേടിച്ചു പുറകോട്ടോടുന്നു. അല്ലാഹു പറയുകയാണ് 'എടോ മൂസേ! പേടിക്കേണ്ട, അതിനെ പിടിക്ക്...' നബി പാമ്പിനെ പിടിച്ചപ്പോള്‍ അത് പൂര്‍വ സ്ഥിതിയില്‍ വീണ്ടും വടിയായി മാറുന്നു.

വടി പാമ്പാകുമെന്ന് മൂസാനബി(അ)ക്ക് മുന്‍കൂട്ടി അറിയുമായിരുന്നെങ്കില്‍ പേടിച്ചോടുമായിരുന്നോ? അതുകൊണ്ട് മറഞ്ഞ കാര്യം അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. അവന്‍ അറിയിച്ചു കൊടുക്കുമ്പോള്‍ അറിയിച്ചു കൊടുക്കുന്നത് മാത്രമെ, നബിമാര്‍ക്ക്‌പോലും അറിയാന്‍ കഴിയൂ.''

ഒന്നും കൂടി പറഞ്ഞവസാനിപ്പിക്കാം. നമ്മളുടെ കണ്‍മുമ്പില്‍വെച്ചു നടന്ന സംഭവമാണ്. മൗലവി പറഞ്ഞു: ''ആയിശ ഉമ്മ(റ)യുടെ പേരില്‍ അപരാധം പറഞ്ഞു പരത്തി. ആയിശയും നബി ﷺ യും തമ്മില്‍ അകലുന്നു. തമ്മില്‍ സംസാരിക്കാതെയായി. ആയിശ(റ) പട്ടിണി കിടന്ന് മെലിഞ്ഞു മെലിഞ്ഞു എഴുന്നേറ്റു നടക്കാന്‍ കഴിയാതെയായി. താമസം പിതാവ് അബൂബക്കര്‍ സിദ്ദീക്വ്(റ)ന്റെ വീട്ടിലേക്ക് മാറ്റി. നബിയും വളരെയധികം ദുഃഖത്തിലായി. രണ്ടുമാസം അങ്ങനെ ദുഃഖത്തിന്റെ ആഴക്കടലില്‍ ആണ്ടും പൊങ്ങിയും കഴിഞ്ഞുകൂടി. സിദ്ദീക്വുല്‍ അക്ബര്‍(റ) അടക്കം സ്വഹാബികളും ദുഃഖത്തില്‍ പങ്കാളികളായി.

അവസാനം രണ്ടുമാസം കഴിഞ്ഞു. ആയിശ(റ) നിരപരാധിയാണന്ന് പറഞ്ഞുകൊണ്ടുുള്ള ആയത്ത് ഇറങ്ങി. അപ്പോള്‍ മാത്രമാണ് എല്ലാവരുടെയും മനസ്സു തണുത്തത്. നബി ﷺ ക്ക് അറിയാന്‍ കഴിഞ്ഞോ? ക്വുര്‍ആന്‍ ഇറങ്ങിയപ്പോഴല്ലേ അറിയാന്‍ കഴിഞ്ഞുള്ളൂ? ആയിശ(റ)യുടെ ക്വല്‍ബിലേക്കോ ലൗഹിലേക്കോ നോക്കാന്‍ നബിക്ക് പോലും കഴിഞ്ഞില്ല. അബൂബക്കര്‍ സിദ്ദീക്വ്(റ) ആരാണ്? ലോകത്തുള്ള എല്ലാ ശൈഖന്മാരെയും ഒരു തട്ടിലും അബൂബക്കര്‍ സിദ്ദീക്വിനെ ഒരുതട്ടിലും വെച്ചാല്‍ എന്തായിരിക്കും സ്ഥിതി? ചിന്തിച്ചു നോക്ക് മനുഷ്യാ...!

മൗലവി സാഹിബ് ഒന്ന് മുറുക്കിത്തുപ്പി. എഴുന്നേറ്റുനിന്ന് രണ്ടു കാലിന്റെ ഇടയിലേക്ക് തുണി ഒന്നു വലിച്ചു കയറ്റി, കാലുകള്‍ രണ്ടും ഇടത്ത് മാറ്റിച്ചവിട്ടി. ഒരു കയ്യിന്റെ അടിയില്‍ മറ്റേ കൈകൊണ്ട് ഓരോ തട്ടും തട്ടി. ക്വുര്‍ആന്‍ ഈണത്തില്‍ നീട്ടി വലിച്ച് ഓതുന്നു. ഇടക്ക് ഗദ്ഗദം. തൊണ്ട ഇടറുന്നു. രണ്ടുകണ്ണില്‍ നിന്നും ബാഷ്പകണങ്ങള്‍ ധാരധാരയായി ഒഴുകുന്നു. ചിലപ്പോള്‍ ഓതാന്‍ കഴിയാതെ കണ്ഠം നിറഞ്ഞു. വാക്കുകള്‍ പുറത്തുവരാതെ വിഷമിക്കുന്നു. ജനങ്ങള്‍ ഇതികര്‍ത്തവ്യമൂഢരായി അന്തംവിട്ടു വായപൊളിച്ചിരിക്കുന്നു!

മൗലവി നിരുദ്ധകണ്ഠനായി അവസാനം ഇരിക്കുന്നു. ഒരു കാല്‍ കസേരയിലേക്ക് കയറ്റി വെക്കുന്നു. മുറുക്കാന്‍ ആവശ്യപ്പെടുന്നു. പല മുറുക്കാന്‍ പൊതികളും എത്തുന്നു. മൗലവി മുറുക്കിക്കഴിഞ്ഞു. 'മക്കളേ! ഒന്നിരിക്കൂ, ഞാനൊന്നു മൂത്രിച്ചു വരട്ടെ' എന്ന് പറഞ്ഞു പുറത്തേക്ക് പോകുന്നു. അല്‍പം കഴിഞ്ഞു തിരിച്ചു വരുന്നു. ചിലപ്പോള്‍ 'മക്കളേ! ഒന്നു പൊറായില്‍ പോയി വരട്ടെ' എന്നു പറഞ്ഞ് വി.കെ. ഹൗസില്‍ പോയി മറക്കിരുന്ന് വരാറുണ്ട്.

ഒരൊറ്റ മനുഷ്യനും ഇരുന്ന ഇരുപ്പില്‍ നിന്ന് ഇളകാറില്ല. മൂക്കിലെ ചൂളംപോലും പുറത്തുവരാറില്ല. മൗലവി തിരിച്ചുവന്ന് പ്രസംഗം തുടങ്ങുമ്പോള്‍ പോയപ്പോള്‍ ഉണ്ടായിരുന്ന അതേ വികാരത്തിലും വിചാരത്തിലും ആവേശത്തിലും കേള്‍വിക്കാര്‍ ചെവി കൂര്‍പിച്ചിരിക്കുമായിരുന്നു. ഇതൊരു മാസ്മരവിദ്യ ഒന്നുമല്ല. ക്വുര്‍ആന്റെ അത്ഭുതശക്തി ഒന്നുകൊണ്ടു മാത്രം!

ക്വുര്‍ആന്‍ ഓതുമ്പോഴേക്ക് കരച്ചില്‍! സദസ്സിനെ ആകമാനം കരയിപ്പിച്ച രംഗംവരെ പലപ്പോഴും ഉണ്ടായിട്ടുണ്ട്. നമസ്‌കാരത്തിന് ഇമാമായി നില്‍ക്കാനും നിറുത്താനും പറ്റാത്ത അവസ്ഥയാണ് അവസാന കാലത്തുണ്ടായിരുന്നത്; കരച്ചില്‍കൊണ്ടു മാത്രം.

റഫറന്‍സ്:

8. തൗഹീദിന്റെ പ്രചാരണത്തിനുവേണ്ടി ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ട് ഇറങ്ങിത്തിരിച്ച ധൈര്യശാലിയായ ഒരു പണ്ഡിതനും പ്രഭാഷകനുമായിരുന്നു അബ്ദുല്ലഹാജി. വെട്ടംഅബ്ദുല്ല ഹാജി, കൂട്ടായിഅബ്ദുല്ല ഹാജി എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. കഴിഞ്ഞനൂറ്റാണ്ടിന്റെ ആദ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. തൗഹീദിന്റെ പ്രചാരണം നിര്‍ബന്ധ ബാധ്യതയായി മനസ്സിലാക്കിയ അദ്ദേഹം ക്വുര്‍ആനിന്റെ വചനങ്ങള്‍ പാരായണം ചെയ്തുകൊണ്ട് സുഫുടമായ ശൈലിയിലും ഭാഷയിലും തന്റെ ദൗത്യം നിറവേറ്റി. പ്രബോധനത്തിന്റെ മാര്‍ഗത്തില്‍ പ്രവാചകന്റെ മാതൃകക്കായിരുന്നു അദ്ദേഹം ഒന്നാമത്തെ പരിഗണന നല്‍കിയത്.

അന്ധവിശ്വാസത്തിന്റെ പ്രചാരകരും പ്രബോധകരുമായ പുരോഹിതന്മാരുടെ തൊലിയുരിക്കുന്നതായിരുന്നു അദ്ദേഹത്തെ പ്രസംഗങ്ങള്‍. ഇസ്‌ലാമിന്റെ പേരില്‍ ആത്മീയാചാര്യത ചമഞ്ഞ് വേഷംകെട്ടി നടക്കുന്ന കപടന്മാര്‍ക്ക് സഹിക്കാവുന്നതിലും ഏറെയായിരുന്നു അദ്ദേഹത്തിന്റെ വാഗ്‌ധോരണികള്‍. അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്താനെത്തിയ പലരും അദ്ദേഹത്തിന്റെ അനുയായിയായി മനഃപരിവര്‍ത്തനം വന്ന ഒട്ടനവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടിസ്ഥാനപരമായി കര്‍ഷകവൃത്തിയായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഇസ്‌ലാമിക പ്രചാരണം വ്യക്തിഗത ബാധ്യതായി അദ്ദേഹം മനസ്സിലാക്കി. ആരില്‍നിന്നും പ്രതിഫലം ആഗ്രഹിക്കാതെ സ്വന്തം ചെലവില്‍ അദ്ദേഹം നടത്തിവന്ന പ്രബോധന ശൈലി ഏറെ ആകര്‍ഷിക്കപ്പെട്ടു.

ഏറനാടിന്റെ വിവിധ കോണുകളില്‍ അദ്ദേഹം നടത്തിയ വഅളുപരമ്പരകള്‍ ആ നാട്ടിലെല്ലാം തൗഹീദിന്റെ അനുയായികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായി. ഇന്നത് വളര്‍ന്ന് പന്തലിച്ചു. ശിര്‍ക്കും കുഫ്‌റും അസത്യങ്ങളും കുത്തിനിറച്ച മുഹ്‌യദ്ദീന്‍ മാല സത്യസമ്പൂര്‍ണമാണെന്ന ബറെലവി സുന്നികളുടെ വാദത്തെ ഖണ്ഡിക്കാന്‍ നെടിയിരുപ്പില്‍ അദ്ദേഹം സംഘടിപ്പിച്ച വാദപ്രതിവാദം പ്രസിദ്ധമായിരുന്നു. എടവണ്ണ അലവി മൗലവി, എം.സി.സി.അബ്ദുറഹ്മാന്‍ മൗലവി, കണ്ണൂര്‍ പി.അബ്ദുല്‍ ഖാദര്‍ മൗലവി, കുറ്റ്യാടി എം.അബ്ദുല്ല കുട്ടി മൗലവി തുടര്‍ങ്ങിയവര്‍ക്കൊപ്പം അബ്ദുല്ല ഹാജിയും സംവാദത്തില്‍ സജീവമായിരുന്നു. 1987 ഡിസംബര്‍ 4ന് അബ്ദുല്ലഹാജി മരണപ്പെട്ടു.

9. അത്തന്‍ മോയിന്‍ അധികാരി

10. മമ്പാട് MES കോളെജിന്റെ സ്ഥാപകന്‍

11. കാട്ടുപോത്ത്

12. അരക്ക് താഴെയുള്ള ഭാഗം

13. പിതാവിനോട്

14. മലക്കുല്‍ മൗത്ത് എന്നത് ശരിയായ രൂപം

(അവസാനിച്ചില്ല)