ങ്ആ നോക്കാം... ഇന്‍ശാഅല്ലാഹ്!

മുബാറക്ബിന്‍ ഉമര്‍

2019 ഫെബ്രുവരി 23 1440 ജുമാദല്‍ ആഖിര്‍ 18

ഒരു കാര്യം ചെയ്യാം എന്നു പറയുമ്പോള്‍ 'ഇന്‍ശാഅല്ലാഹ്' എന്ന് നാം പറയാറുണ്ട്. ആത്മാവ്, ഗുഹാവാസികള്‍, ദുല്‍ഖര്‍നൈന്‍ എന്നിവരെ സംബന്ധിച്ച് ജൂതന്മാരുടെ പ്രേരണ പ്രകാരം അറബികള്‍ നബിﷺ യോട് ചോദിച്ചു. നാളെ പറഞ്ഞുതരാമെന്ന് അവിടുന്ന് പറഞ്ഞു. ഇന്‍ശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചുവെങ്കില്‍) എന്നു പറഞ്ഞതുമില്ല. പിന്നീട് വഹ്‌യ് വരുവാന്‍ കൂറെ വൈകുകയുണ്ടായി. അങ്ങനെ നബിﷺ  വിഷമിച്ചു. ഈ അവസരത്തിലാണ് 'ഇന്‍ശാഅല്ലാഹ്' എന്ന് പറയണമെന്ന് കല്‍പിക്കുന്ന വചനമിറങ്ങിയത്.

''യാതൊരുകാര്യത്തെപ്പറ്റിയും നാളെ ഞാനത് തീര്‍ച്ചയായും ചെയ്യാം എന്ന് നീ പറഞ്ഞുപോകരുത്. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍ (ചെയ്യാമെന്ന്) അല്ലാതെ. നീ മറന്നുപോകുന്ന പക്ഷം (ഓര്‍മവരുമ്പോള്‍) നിന്റെ രക്ഷിതാവിനെ നീ സ്മരിക്കുക. എന്റെ രക്ഷിതാവ് എന്നെ ഇതിനെക്കാള്‍ സന്മാര്‍ഗത്തോട് അടുത്ത ഒരു ജീവിതത്തിലേക്ക് നയിച്ചേക്കാം എന്ന് പറയുകയും ചെയ്യുക'' (അല്‍കഹ്ഫ്: 23,24).

ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യം പറയുമ്പോഴാണ് 'ഇന്‍ശാഅല്ലാഹ്' എന്ന് പറയേണ്ടത്. എന്നാല്‍ ചെയ്യാന്‍ ഉദ്ദേശിക്കാത്ത കാര്യത്തെപ്പറ്റി പറയുമ്പോള്‍ 'ഇന്‍ശാഅല്ലാഹ് നോക്കാം' എന്നു പറയാറുണ്ട്. നോക്കാം എന്ന് പറഞ്ഞാല്‍ ചെയ്യുമെന്നോ ചെയ്യില്ലെന്നോ? വ്യക്തമല്ല! ചെയ്യാന്‍ പറ്റാത്ത കാര്യമാണെങ്കില്‍ അത് നടക്കില്ല, എനിക്ക് കഴിയില്ല, സൗകര്യപ്പെടില്ല, ബുദ്ധിമുട്ടാണ് എന്നൊക്കെ പറഞ്ഞ് ഒഴിവാകുകയാണ് വേണ്ടത്. ഇല്ല; പറ്റില്ല എന്ന് തുറന്ന് പറയാന്‍ അധികം പേര്‍ക്കും കഴിയില്ല. എങ്ങനെ മുഖത്തുനോക്കി ഇല്ല എന്നു പറയും? ഇതാണവരുടെ ആശങ്ക! ചെയ്യാന്‍ പറ്റാത്ത കാര്യം പറ്റില്ല എന്നു പറയാന്‍ ഒരു വിശ്വാസിക്ക് കഴിയണം. മുസ്‌ലിമിന്റെ വാക്ക് ഒരു കരാറാണ്. ആ വാക്ക് പാലിക്കണം. പാലിക്കാന്‍ പറ്റാത്തവാക്ക് പറയാന്‍ നില്‍ക്കരുത്. തുറന്നു പറയാനുള്ള മടികൊണ്ട് പലരും ഈ കാപട്യം കൊണ്ടുനടക്കുന്നവരാണ്.

പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയാത്ത സംഗതിയെപ്പറ്റി 'നോക്കാം, ഇന്‍ശാഅല്ലാഹ്' എന്ന് പറയരുത്. കഴിയാത്ത കാര്യത്തെപ്പറ്റിയല്ല ഇന്‍ശാഅല്ലാഹ് എന്നു പറയേണ്ടത്. കഴിയുന്ന, നടപ്പാക്കാന്‍ പറ്റുന്ന കാര്യത്തെപ്പറ്റിയാണ് ഇന്‍ശാഅല്ലാഹ് എന്നു പറയേണ്ടത്. വളരെ അര്‍ഥവത്തായൊരു വാക്യമാണത്. ഞാന്‍ സംഗതി നടപ്പാക്കാന്‍ തയ്യാറാണ്, എന്നെക്കൊണ്ട് ആവുന്ന വിധത്തില്‍ ഞാനതിനുവേണ്ടി ശ്രമിക്കും. തടസ്സങ്ങള്‍ നീക്കിത്തരേണ്ടത് അല്ലാഹുവാണ്. അവന്റെ അനുഗ്രഹമുണ്ടെങ്കില്‍ അത് വിജയിക്കും, ഫലം കാണും. ഇതാണ് അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ എന്നു പറയുന്നതിന്റെ പൊരുള്‍. അപ്പോള്‍ ചെയ്യാന്‍ ഉദ്ദേശിക്കാത്ത കാര്യത്തെപ്പറ്റി അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ എന്നുപറയുന്നതില്‍ എന്തര്‍ഥം?

അതുകൊണ്ട് സഹോദരന്മാരേ, സാധിക്കാത്തകാര്യം എത്ര അടുത്തവര്‍ പറഞ്ഞാലും ആവശ്യപ്പെട്ടാലും കല്‍പിച്ചാലും അപേക്ഷിചാലും സാധിക്കുകയില്ല എന്ന് തുറന്നു പറയുക. അതിനുള്ള തന്റേടം നമുക്കുണ്ടാകണം. അവരെ വെറുപ്പിക്കേണ്ട എന്നു കരുതി 'നോക്കാം, ഇന്‍ശാഅല്ലാഹ്' എന്നു പറയരുത്.

 വിശ്വാസി സത്യസന്ധനായിരിക്കണം; സത്യസന്ധന്മാരുടെ കുടെയായിരിക്കണം. നമ്മുടെ ബുദ്ധിയും ചിന്തയും നാക്കും മനസ്സും സൃഷ്ടിച്ച ലോകരക്ഷിതാവ് (റബ്ബുല്‍ ആലമീന്‍) അങ്ങനെയാണ് നമ്മളോടാവശ്യപ്പെടുന്നത്: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 9: 119).