മലക്ക് = മാലാഖ?

മുബാറക്ബിന്‍ ഉമര്‍

2019 ഫെബ്രുവരി 16 1440 ജുമാദല്‍ ആഖിര്‍ 11

മലക്കുകളിലുള്ള വിശ്വാസം ഈമാന്‍ കാര്യങ്ങളില്‍ പെട്ടതാണ്. പ്രകാശം കൊണ്ടാണ് മലക്കുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യന്‍ മണ്ണ് കൊണ്ടും ജിന്ന് തീകൊണ്ടും സൃഷ്ടിക്കപ്പെട്ടതായി ക്വുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു. ദൈവകല്‍പനകള്‍ സര്‍വാത്മനാ അനുസരിച്ചു ജീവിക്കുന്നവരാണ് മലക്കുകള്‍.

മലക്ക് എന്നതിന് 'മാലാഖ' എന്ന് വ്യാപകമായി അര്‍ഥം നല്‍കപ്പെട്ട് കാണുന്നുണ്ട്. ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും അങ്ങനെയാണ് പലരും പറയാറ്. കൃത്യമായ മലയാളപദം ഇല്ലാത്തത്‌കൊണ്ടു തന്നെയായിരിക്കണമത്. പല അറബി സാങ്കേതിക പദങ്ങള്‍ക്കും കൃത്യമായ ഭാഷാന്തരീകരണം സാധ്യമല്ല. അനുയോജ്യമായ പദം മലയാളത്തില്‍ ഇല്ലാത്തത് തന്നെ കാരണം. അതുകൊണ്ട് അതേ അറബി പദം തന്നെ പ്രയോഗിക്കാറുമുണ്ട്; സകാത്ത്, ഹജ്ജ് പോലെ.

മാലാഖയെ സ്ത്രീയായിട്ടാണ് കരുതിപ്പോരുന്നത്. ക്രിസ്ത്യന്‍ ചര്‍ച്ചുകളിലും മറ്റും മാലാഖമാരുടെ ചിത്രം സ്ത്രീരൂപങ്ങളിലായിട്ടാണ് വരച്ചുകണ്ടിട്ടുള്ളത്. 'മാലാഖ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അത് സ്ത്രീയുടെ രൂപത്തിലാണ് മനസ്സില്‍ വരിക.

അറബികളായ ബഹുദൈവാരാധകര്‍ മലക്കുകള്‍ അല്ലാഹുവിന്റെ പുത്രിമാരാണെന്ന് പറഞ്ഞിരുന്നു. അവര്‍ക്ക് ആണ്‍കുട്ടികളോടായിരുന്നു പ്രിയം. തങ്ങള്‍ക്കുവേണ്ടി പോരാടുന്നതും വംശം നിലനിര്‍ത്തുന്നതും ആണ്‍മക്കളാണെന്നാണ് അവര്‍ പറഞ്ഞിരുന്നത്. പെണ്‍മക്കളെ ജീവനോടുകൂടെ കുഴിച്ചു മൂടിയിരുന്നതായി ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അവര്‍ക്ക് ആണ്‍കുട്ടികള്‍ തന്നെ വേണം. പെണ്‍കുട്ടികളെ അവര്‍ക്ക് ഇഷ്ടമില്ല. 'എന്നാല്‍ അല്ലാഹുവിന് മലക്കുകള്‍ പെണ്‍കുട്ടികളായുണ്ട്' എന്നവര്‍ വാദിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമച്ചു പറയുന്നതിനെ ക്വുര്‍ആന്‍ രൂക്ഷമായി ആക്ഷേപിക്കുന്നുണ്ട്: ''എന്നാല്‍ നിങ്ങളുടെ റബ്ബ് ആണ്‍കുട്ടികളെ നിങ്ങള്‍ക്ക് പ്രത്യേകമായി നല്‍കുകയും, അവന്‍ മലക്കുകളില്‍ നിന്ന് പെണ്‍മക്കളെ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു വാക്ക് തന്നെയാകുന്നു നിങ്ങള്‍ പറയുന്നത്'' (അല്‍ഇസ്‌റാഅ്: 40).

രണ്ട് ആരോപണങ്ങളാണിവിടെയുള്ളത്. മലക്കുകള്‍ സ്ത്രീകളാണ് എന്നത് ഒന്ന്. അവര്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നത് രണ്ട്. ഇത് രണ്ടും തീര്‍ത്തും തെറ്റാണ്. എന്ന് മാത്രമല്ല; സര്‍വോല്‍കൃഷ്ടനും മഹാപരിശുദ്ധനുമായ ലോകരക്ഷിതാവിന്റെ മഹത്ത്വത്തെയും പരിശുദ്ധിയെയും ഇടിച്ചുതാഴ്ത്തുന്നതുമാണ്. അല്ലാഹുവിന് സന്താനങ്ങളില്ല.

അല്ലാഹു ചോദിക്കുന്നത് കാണുക: ''അതല്ല; നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നോ?'' (അസ്സ്വാഫ്ഫാത്ത്: 150). ഈ കാര്യം തന്നെ സുഖ്‌റുഫ് 19ല്‍ പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്: ''പരമകാരുണികന്റെ ദാസന്മാരായ മലക്കുകളെ അവര്‍ പെണ്ണുങ്ങളാക്കിയിരിക്കുന്നു. അവരെ (മലക്കുകളെ) സൃഷ്ടിച്ചതിന് അവര്‍ സാക്ഷ്യം വഹിച്ചിരുന്നോ? അവരുടെ സാക്ഷ്യം രേഖപ്പെടുത്തുന്നതും അവര്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.''

അല്ലാഹുവിന്റെ പ്രത്യേക സൃഷ്ടികളും ദാസന്മാരും ഉല്‍കൃഷ്ടരുമായ മലക്കുകള്‍ സ്ത്രീകളല്ല. അവരെ സ്ത്രീകളാക്കുന്നതിനെ ക്വുര്‍ആന്‍ കഠിനമായി എതിര്‍ക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. അറിഞ്ഞോ അറിയാതെയോ ശ്രദ്ധിക്കാതെയോ മലക്കുകളെ പെണ്ണുങ്ങളാക്കരുത്. ക്വുര്‍ആന്‍ പറയുന്നത് കാണുക: ''നിശ്ചയമായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സത്രീ നാമങ്ങളാകുന്നു.'' (അന്നജ്മ്: 27).

അത് കൊണ്ട് നാം 'മാലാഖ' എന്ന് അര്‍ഥം പറയരുത്, എഴുതരുത്. മലക്ക്, മലക്കുകള്‍ എന്ന് തന്നെ പറഞ്ഞും എഴുതിയും ശീലിക്കുക.

(അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു)