മഹല്ല് പ്രവര്‍ത്തനം

പി.വി ഉമര്‍കുട്ടി ഹാജി (റഹി)

2019 നവംബര്‍ 02 1441 റബിഉല്‍ അവ്വല്‍ 03

(ഏറനാട്ടിലെ ഓര്‍മകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും: 8)

(തയ്യാറാക്കിയത്: യൂസുഫ് സാഹിബ് നദ്‌വി)

1932-33 കാലത്ത് പി.വി. മുഹമ്മദാജി പ്രസിഡന്റായി. ഒതായി പള്ളി പരിപാലന സംഘം എന്ന പേരില്‍ സ്ഥാപിതമായ ഒരു കമ്മറ്റിയാണ് ഈ മഹല്ലിന്റെ ദീനീകാര്യങ്ങളുടെ ചുമതല വഹിച്ചിരുന്നത്. മുസ്‌ലിയാര്‍ക്കും മൊല്ലക്കും ശമ്പളം കൊടുക്കാന്‍ വരിസംഖ്യയും തൂക്കരിയും ഹാജിയാര്‍ പള്ളിയാളിയില്‍നിന്ന് കിട്ടിയിരുന്ന 25 പറ നെല്ലുമായിരുന്നു അവലംബം. എന്നാല്‍ ഈ 25 പറ നെല്ലുതന്നെ പലപ്പോഴും കിട്ടാറുണ്ടായിരുന്നില്ല. വരിസംഖ്യ തരാത്തതിന് എല്ലാ വെള്ളിയാഴ്ചയും പള്ളിയില്‍ ചോദ്യോത്തരവും ബഹളവും നടക്കുക പതിവായിരുന്നു. 1937ല്‍ ഞാന്‍ സ്‌കൂള്‍ വിട്ട് വന്നശേഷം പള്ളി പരിപാലന സംഘത്തില്‍ എന്നെയും ഒരംഗമായി തെരഞ്ഞെടുത്തു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നാട്ടിനെയും സമുദായത്തെയും എങ്ങനെ സേവിക്കാമെന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. കഴിവിന്റെ പരമാവധി സമുദായ സേവനം നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. ഈ രംഗത്ത് കാര്യമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പിതാവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് എളുപ്പത്തില്‍ സാധിച്ചു. അങ്ങനെ നാട്ടില്‍ വന്ന് ഒന്നുരണ്ട് കൊല്ലം പ്രവര്‍ത്തിച്ചപ്പോള്‍ വെള്ളിയാഴ്ച തോറും പള്ളിയില്‍ വെച്ച് വരിസംഖ്യ തരാത്തതിന്റെ പേരില്‍ ഉണ്ടാകുന്ന ബഹളത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാകുന്നത് എങ്ങനെ എന്നായി എന്റെ ചിന്ത.

അന്ന് നാട്ടില്‍ ധാരാളം കുറിക്കല്യാണങ്ങള്‍ നടന്നിരുന്നു. ഏതു ചില്ലറക്കാരനും അഞ്ഞൂറും ആയിരവും ഉറുപ്പിക കിട്ടുമായിരുന്നു. ഒരു ദിവസം അസ്വ്ര്‍ നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നു വരുമ്പോള്‍ ഞാനും മറ്റു ചില സുഹൃത്തുക്കളും വാപ്പ മുഹമ്മദാജിയുടെ പിന്നാലെ വട്ടിക്കുന്നുമ്മല്‍ എത്തി. സംഘത്തിലേക്ക് ഒരു സ്വത്ത് വാങ്ങുന്നതിനെ സംബന്ധിച്ച് ആലോചിച്ചു. അതിലേക്ക് ആദ്യമായി ഒരു 'സഹായ കല്യാണം' കഴിച്ച് കുറച്ചു പണം ഉണ്ടാക്കാമെന്നുള്ള അഭിപ്രായം മുഹമ്മദാജിയുടെ മുമ്പില്‍ വെച്ചു. സംഗതി വളരെ നല്ലതാണെന്നും ഞാന്‍ വളരെ മുമ്പുതന്നെ ആലോചിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണിതെന്നും മുഹമ്മദാജി പറഞ്ഞു. സഹായ കല്യാണത്തിന് കത്ത് നടത്തുവാന്‍ കാര്യപ്പെട്ടവര്‍ തന്നെ ഇറങ്ങി നടക്കണമെന്നും അഭിപ്രായപ്പെട്ടു.

കത്തടിപ്പിച്ച് ഞാനടക്കമുള്ള കുറെ ചെറുപ്പക്കാര്‍ വീടുവീടാന്തരം നടന്ന് കത്ത് നടത്തി. ലളിതമായ രൂപത്തില്‍ കല്യാണം നടന്നു. അന്ന് 900 ഉറുപ്പിക പിരിഞ്ഞു കിട്ടി. അതോടു കൂടി ഞങ്ങള്‍ക്കാവേശം കൂടി. കെ.കെ.എം. ജമാലുദ്ദീന്‍ മൗലവി മുതലായവരെ കൊണ്ടുവന്നു തുടര്‍ച്ചയായി വഅളു പരമ്പര നടത്തി. കുട്ടികളും സ്ത്രീകളും അന്യനാട്ടുകാരും അടക്കം ഒരു വലിയ ജനാവലി നിത്യവും വഅളു പരിപാടിയില്‍ പങ്കെടുക്കാറുണ്ടായിരുന്നു. പല സാധനങ്ങളും, ചിറ്റും കാതിലയും വെള്ളിയും കിട്ടിക്കൊണ്ടിരുന്നു. അവ ലേലംചെയ്ത് വിറ്റ വകയില്‍ 800 ഉറുപ്പികയിലധികം കിട്ടി.

നാട്ടില്‍ ചെറുപ്പക്കാര്‍ വീടുവീടാന്തിരം കയറിയിറങ്ങി ഒരു സംഖ്യ പിരിച്ചുണ്ടാക്കി. പി.വി. മുഹമ്മദാജി, പുറത്ത് കല്ലടി ഉണ്ണിക്കമ്മു സാഹിബ്, എന്‍.സി. കോയക്കുട്ടി ഹാജി, അത്തിക്കല്‍ അഹമ്മദ് കുട്ടി ഹാജി സാഹിബ് മുതലായവരില്‍ നിന്നും മറ്റും ഒരു സംഖ്യയും പിരിച്ചുണ്ടാക്കി. അന്നും ഈ സംരംഭങ്ങള്‍ക്ക് ഈ നാട്ടില്‍ എതിരുണ്ടായിരുന്നു. 'ഇതു തട്ടിപ്പാണ്, പിരിവ് കൊടുക്കരുത്'എന്ന് പറഞ്ഞ് മേല്‍പറഞ്ഞ ആളുകള്‍ക്ക് തന്നെ കത്തുകള്‍ കിട്ടിക്കൊണ്ടിരുന്നു.

ഈ കാരണത്താല്‍ ആധാരം രജിസ്റ്റര്‍ കഴിഞ്ഞാല്‍ ആധാരത്തിന്റെ കോപ്പി അയച്ചുകൊടുക്കണമെന്ന് കാണിച്ച് ഉണ്ണിക്കമ്മു സാഹിബ് മുഹമ്മദാജിക്ക് കത്തയക്കുകയും അതനുസരിച്ച് ആധാരത്തിന്റെ ഒരു കോപ്പി അദ്ദേഹത്തിന് അയച്ചു കൊടുക്കുകയുമുണ്ടായി.

അങ്ങനെ സ്വരൂപിച്ചു കിട്ടിയ 3000 രൂപ കൊണ്ട് 300 പറ നെല്ല് പാട്ടം കിട്ടുന്ന നരിമൂളി നിലം കാരക്കുന്നില്‍ പുലത്ത് രജിസ്റ്റര്‍ ചെയ്ത് വാങ്ങുവാന്‍ സാധിച്ചു. പുലത്ത് കാരക്കുന്നില്‍ തന്നെ ഐദറു എന്നൊരാള്‍ക്ക് മേപ്പടിനിലം 300 പറ നെല്ല് പാട്ടത്തിന് രജിസ്റ്റര്‍ പാട്ടശീട്ട് പ്രകാരം ഏല്‍പിച്ചു കൊടുത്തു.

ഒതായി പടിക്കല്‍ പള്ളിയാളിയില്‍ വേനല്‍ക്കാലം മുഴുവന്‍ പ്രസംഗ പരമ്പര നടത്തിക്കൊണ്ടിരുന്നു. അങ്ങനെയാണ് പടിക്കല്‍ പള്ളിയാളിക്ക് 'തൗഹീദ് നഗര്‍' എന്ന പേര് കിട്ടിയത്.

1944ല്‍ സംഘത്തിന്റെ പേര്‍ 'ജംഇയ്യത്തുല്‍ മുഖ്‌ലിസീന്‍' എന്നാക്കി. 1948ല്‍ ആ പേരില്‍ സംഘം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്‍.വി.അബ്ദുസ്സലാം മൗലവിയുടെ അധ്യക്ഷതയില്‍ 1944ല്‍ സംഘത്തിന്റെ ഒരു വാര്‍ഷിക യോഗം കൊണ്ടാടുകയുണ്ടായി. അന്ന് എ. അലവി മൗലവി സാഹിബാണ് സംഘത്തിന് 'മുഖ്‌ലിസീന്‍ സംഘം' എന്ന പേര് നിര്‍ദേശിച്ചത്.

ഹാജിയാര്‍ പള്ളിയാളി പി.വി. ഉമ്മര്‍ ഹാജിയാണ് വക്വ്ഫ് ചെയ്തത്. മുഹമ്മദാജിയുടെ മൂത്ത ജ്യേഷ്ടന്‍ ഉസ്സന്‍ കുട്ടി എന്നവരായിരുന്നു അത് കൈകാര്യം നടത്തിയിരുന്നത്. ജ്യേഷ്ടനോട് മേപ്പടി സ്വത്ത് വീണ്ടെടുത്ത് കമ്മറ്റിക്കേല്‍പിച്ചത് മുഹമ്മദാജി ആയിരുന്നു.

മേല്‍ നിലത്തിന്മേല്‍ മഞ്ചേരി മൊയ്തീന്‍ കുട്ടി കുരിക്കളുടെ ഒരു ജപ്തി വന്നു. ആ ജപ്തി നേരിടാന്‍ വേണ്ടി ഹാജിയാര്‍ പള്ളിയാളി വേറെ വഹകളോടുകൂടി ചെറാതൊടിക അഹമ്മദിനെക്കൊണ്ട് ഒരു പാട്ടശീട്ട് എഴുതിച്ചു. ആ പാട്ടശീട്ട് വകവെക്കാതെ മഞ്ചേരി മുന്‍സിഫ് കോടതി ജപ്തി ചെയ്തു. ലേലത്തില്‍ വിറ്റപ്പോള്‍ മുഹമ്മദാജി ലേലത്തില്‍ കൊണ്ട് സന്നദ് വാങ്ങി വീണ്ടും കമ്മറ്റിക്ക് ഏല്‍പിച്ചു കൊടുത്തു. ചെറാതൊടിക അഹമ്മദ് തന്നെയായിരുന്നു ഭൂമി നടത്തിയിരുന്നത്. പിന്നീട് അഹമ്മദിന് 3000 രൂപ പ്രതിഫലം കൊടുത്താണ് ഭൂമി ഒഴിപ്പിച്ചു വാങ്ങിയത്.

ഇന്ന് സ്‌കൂള്‍ നടക്കുന്ന മദ്‌റസാകെട്ടിടവും വളപ്പും പി.വി. മുഹമ്മദാജി തന്റെയും ഭാര്യ കെ.വി. ആമിനക്കുട്ടി ഉമ്മയുടെയും പരലോക മോക്ഷത്തിനുവേണ്ടി വക്വ്ഫ് ചെയ്തു കമ്മറ്റിക്ക് ഏല്‍പിച്ചു തന്നതാണ്.

1962ലാണ് പാറമല മുതലായ 52 ഏക്ര സ്ഥലം കമ്മറ്റിക്ക് മുഹമ്മദാജി തന്നെ വക്വ്ഫ് ചെയ്ത് ഏല്‍പിച്ചു തന്നത്. പാറമലയില്‍ അന്നുണ്ടായിരുന്ന വിറകും മരവും വിറ്റ പണം കൊണ്ടാണ് പുള്ളിയില്‍ തോട്ടം വിലക്കു വാങ്ങിയത്.

ആര്യന്തൊടികയില്‍ പുന്നോത്ത് പാടം അമ്പത് പാട്ടത്തിന്റെ ഭൂമി മുഹമ്മദാജിയുടെ മകള്‍ പി.വി. നഫീസക്കുട്ടി വക്വ്ഫ് ചെയ്ത് കമ്മറ്റിക്ക് ഏല്‍പിച്ചു കിട്ടിയതാണ്. ചില്ലറ സ്വത്തുക്കള്‍ വേറെയും സംഘത്തിലേക്ക് വക്വ്ഫ് ചെയ്ത് കിട്ടിയിട്ടുണ്ട്. ഒതായി ചാലില്‍ ഏക്ര സ്ഥലം പി.വി.മുഹമ്മദലി ഹാജി വക്വ്ഫ് ചെയ്തിട്ടുണ്ട്. ദീര്‍ഘം ഭയന്ന് ചുരുക്കുന്നു.

ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങള്‍

ഒതായി ജംഇയ്യത്തുല്‍ മുഖ്‌ലിസീന്‍ സ്ഥാപക മെംബര്‍, ആദ്യം അസിസ്റ്റന്റ് സെക്രട്ടറി, അതില്‍ പിന്നെ സെക്രട്ടറി. പിന്നെ വൈസ് പ്രസിഡന്റ്, 1953 മുതല്‍ 87 കൂടി 34 കൊല്ലം മുഖ്‌ലിസീന്‍ സംഘം പ്രസിഡന്റ്എന്നീ സ്ഥാനങ്ങള്‍ ഈയുള്ളവന്‍ വഹിച്ചു.

1980 ആകുമ്പോഴേക്കും സംഘം നടത്തിപ്പില്‍ കൂട്ടുകാരുടെ അലസത, സ്വന്തം ആരോഗ്യക്കുറവ് ഇതുകള്‍ കാരണം കമ്മറ്റിയില്‍ നിന്ന് ഒഴിഞ്ഞുനിന്നാല്‍ കൊള്ളാമെന്ന് ആഗ്രഹം തുടങ്ങി. ഒരുത്തരവാദിത്തമുള്ള പിന്‍തലമുറക്ക് ചുമതല ഏല്‍പിക്കണമെന്ന് സ്വമനസ്സാല്‍ തീരുമാനിച്ചു. പലസന്ദര്‍ഭങ്ങളിലും അതിനുവേണ്ടി ശ്രമിച്ചുവെങ്കിലും സാധ്യമാവാതെ 1987വരെ നീണ്ടുപോന്നു. 1984,85,86ല്‍ സംഘം സാമ്പത്തികമായി സ്വയം പര്യാപ്തത നേടിയിരുന്നുവെങ്കിലും കാര്യക്ഷമമായി നടത്തിപ്പിന് സഹകരിക്കാന്‍ ആളില്ലാതെ വിഷമിച്ചാണ് മുമ്പോട്ട് പോയിരുന്നത്. സ്വയം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറി പോവുക എന്നുള്ള കുറ്റത്തില്‍നിന്ന് രക്ഷപ്പെടാനും ഏറ്റെടുത്ത ചുമതല പൂര്‍ണമായും നിറവേറ്റാന്‍ സാധിക്കാത്ത അവസ്ഥ വന്നതുകൊണ്ടാണ് ഞാന്‍ 1987ല്‍ പൂര്‍ണമായും കമ്മറ്റിയില്‍നിന്നും ഒഴിവായി നിന്നത്.

തെരഞ്ഞെടുപ്പ് നടത്താന്‍ പോകുന്ന സന്ദര്‍ഭത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ഞാനുള്‍ക്കൊള്ളുന്ന ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ അപേക്ഷ തള്ളിക്കൊണ്ടാണ് ഞാന്‍ തെരഞ്ഞെടുപ്പ് നടത്തിയത്. ആ രാഷ്ട്രീയ പാര്‍ട്ടി പൂര്‍ണമായും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാല്‍ ഏകപക്ഷീയമായ തെരഞ്ഞെടുപ്പാണ് നടന്നത്. ഭാരവാഹികളെ തെരഞ്ഞെടുക്കുവാന്‍ വേണ്ടി ചേര്‍ന്ന യോഗത്തില്‍ ഞാന്‍ പങ്കെടുത്തില്ല. അത് കാരണമായി കമ്മറ്റി അംഗങ്ങള്‍ എന്റെ വീട്ടില്‍വന്ന് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കണമെന്നും പ്രസിഡന്റ് സ്ഥാനം വഹിക്കണമെന്നും എന്നോടാവശ്യപ്പെട്ടുവെന്നത് അന്യത്ര സൂചിപ്പിച്ചുവല്ലോ.

സംഘത്തിന്റെ സുഗമമായ നടത്തിപ്പിന് സാമ്പത്തികമായി ഭദ്രതനേടിയ ഈ അവസരത്തില്‍ ഇനി ഞാന്‍ തുടരേണ്ടതില്ല എന്നും, ഉള്ളത് നന്നാക്കിക്കൊണ്ടു പോയാല്‍ മതി ഇനി ഞാന്‍ തുടരുന്നതില്‍ അര്‍ഥമില്ല എന്നും ഞാന്‍ തീര്‍ത്തു പറയുകയുണ്ടായി. അടുത്ത പ്രസിഡന്റ് ആരായിരിക്കണമെന്ന് എന്റെ അഭിപ്രായം ചോദിച്ചപ്പോള്‍ മുഹമ്മദലി ഹാജിയെ പ്രസിഡന്റാക്കാന്‍ ഞാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

പ്രസിഡന്റായി തുടരണമെന്നാവശ്യപ്പെട്ടു വന്നവരില്‍ ഷൗക്കത്തലി ഹാജിയും മുഹമ്മദലി ഹാജിയും ഉണ്ടായിരുന്നു. ഷൗക്കത്തലി ഹാജിയുടെ പേര് നിര്‍ദേശിക്കാതെ മുഹമ്മദലി ഹാജിയുടെ പേര് നിര്‍ദേശിച്ചതുകൊണ്ടായിരിക്കാം അദ്ദേഹം പിന്നീട് പലകുഴപ്പങ്ങളും ഉണ്ടാക്കി.

1987വരെയുള്ള കാലത്തെ കമ്മറ്റിയുടെ നേട്ടങ്ങള്‍:

1. നരിമൂളി നിലം (300 പാട്ടം കിട്ടുന്ന ഭൂമി വിലക്കുവാങ്ങി).

2. കരിമ്പുമല വനസംരക്ഷണ സംഘത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി വാങ്ങുകയും കശുവണ്ടി വെച്ചുപിടിപ്പിച്ച് തോട്ടമാക്കുകയും ചെയ്തു. തോട്ടത്തില്‍നിന്ന് ഒരുലക്ഷത്തിലധികം ഉറുപ്പിക വരുമാനം ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു.

3. പുള്ളിയില്‍ തോട്ടം വിലക്കുവാങ്ങി.

4. ഭൂനിയമം നടപ്പില്‍ വരുന്ന കാലത്ത് രജിസ്റ്റര്‍ പാട്ടശീട്ട് പ്രകാരം കൈവശക്കാരനായിരുന്ന ഐദറു എന്ന ആളില്‍നിന്ന് തന്ത്രപൂര്‍വം നരിമൂളി നിലം ഒഴിഞ്ഞു വാങ്ങി. വേറെ പാട്ടത്തിന് ഏല്‍പിക്കുകയും പിന്നീട് വിറ്റ് തീറെഴുതി കൊടുക്കുകയും ചെയ്തു.

5. പ്രതിഫല സംഖ്യകൊണ്ട് ഈ മഹല്ലില്‍ തന്നെ പാലക്കല്‍ നമ്പൂതിരിയോട് നാനൂറുപറ പാട്ടം കിട്ടുന്ന ഭൂമി തീരെഴുതി വാങ്ങി. സംഘം നേരിട്ട് കൃഷി നടത്തുവാന്‍ തുടങ്ങി. രജിസ്‌ട്രേഡ് പാട്ടശീട്ട് പ്രകാരം കുടിയാന്മാരുടെ കൈവശത്തിലായിരുന്ന മേപ്പടി ഭൂമി മുഴുവനും സംഘത്തിലേക്ക് ഒഴിഞ്ഞുവാങ്ങി സംഘം നേരിട്ട് കൃഷി നടത്തുവാന്‍ തുടങ്ങി. ഇതില്‍ നെല്‍കൃഷി ആദായകരമല്ല എന്ന് കണ്ട സ്ഥലങ്ങളില്‍ തെങ്ങിന്‍തൈ വെച്ചതില്‍ നിന്ന് മാത്രം പതിനയ്യായിരം രൂപയില്‍ കൂടുതല്‍ സംഖ്യ കൊല്ലത്തില്‍ ആദായം ലഭിച്ചുകൊണ്ടിരിക്കുന്നു. ബാക്കി സ്ഥലങ്ങളില്‍നിന്ന് നെല്ലും കിട്ടുന്നുണ്ട്.

6. 1957ല്‍ സ്‌കൂള്‍ വലുതാക്കി, വടക്കു ഭാഗത്തേക്ക് ഒരു വലിയ ഹാളുണ്ടാക്കി.

7. സ്‌കൂള്‍ യു.പി.യാക്കി അംഗീകരിപ്പിച്ചു.

8. സ്‌കൂള്‍ സ്ഥലം പോരാതെ വന്നപ്പോള്‍ പടിഞ്ഞാറു ഭാഗത്ത് താഴ്‌വര വിസ്താരം കൂട്ടി ക്ലാസ്സ് നടത്തത്തക്ക രൂപത്തിലാക്കി.

9. സ്‌കൂളിന് പിന്നെയും സ്ഥലം പോരാതെ വന്നപ്പോള്‍ പുറത്ത് ഒരു ഷെഡ്ഡ് പണി ചെയ്തു.

10. പള്ളി സ്ഥലം പോരാതെ വന്നപ്പോള്‍ പള്ളി മാളികയാക്കി ഉയര്‍ത്തി. തെക്കു ഭാഗത്തേക്ക് ഒരു ഹാളും തെക്കുപടിഞ്ഞാറ് ഭാഗത്ത് ഒരു താഴ്‌വരയും ഉണ്ടാക്കി.

11. പള്ളിയുടെ വടക്ക് ഭാഗത്ത് സ്ത്രീകള്‍ക്കു വേണ്ടി ഒരു ഹാളുണ്ടാക്കി. ഈ പണികള്‍ക്കൊന്നും നാട്ടുകാരെ വിഷമിപ്പിച്ചിട്ടില്ല.

12. സ്‌ക്കൂളില്‍ മദ്‌റസ നടത്തുന്നതുകൊണ്ട് അതിനെതിരില്‍ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്ന കാലത്ത് സ്‌കൂള്‍ മദ്‌റസക്ക് വേണ്ടി ഒഴിവാക്കി തരണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു സന്ദര്‍ഭം ഉണ്ടായിരുന്നു. അതുകൊണ്ടാണ് സ്‌കൂളിന്റെ വാടക വര്‍ധനവിനുവേണ്ടി സമ്മര്‍ദം ചെലുത്താതിരുന്നത്. 1968ലും 1974ലും വാടക വര്‍ധിപ്പിച്ചുകിട്ടാന്‍വേണ്ടി കാര്യമായ ശ്രമങ്ങള്‍ നടത്തിപ്പോന്നിട്ടുണ്ട്. ഗവണ്‍മെന്റിലേക്ക് ഹരജികളും കൊടുത്തുപോന്നിട്ടുണ്ട്. പല സാങ്കേതിക തടസ്സങ്ങളും പറഞ്ഞ് ഗവര്‍മെന്റ് നീട്ടിപ്പോന്നതാണ്. ഇന്നു പ്രാപ്തരായ ആള്‍ക്കാര്‍ മുമ്പ് ഞങ്ങള്‍ കൊടുത്ത ഹരജിയുടെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് നാലഞ്ചുകൊല്ലം കഴിഞ്ഞു. ഒന്നും ആയിട്ടില്ല. ഗവണ്‍മെന്റ് കാര്യങ്ങള്‍ പെട്ടെന്ന് ചുട്ടടുക്കാന്‍ സാധിക്കുകയില്ലന്ന് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാവും.

13. ഹാജിയാര്‍ പള്ളിയാളി റബ്ബര്‍ വെക്കാന്‍ തീരുമാനിക്കുകയും അതിന്റെ ചെലവിലേക്ക് 10,000 ഉറുപ്പിക നാലകത്ത് വീരാന്‍ ഹാജിയോട് തരാന്‍ ആവശ്യപ്പെടുകയും 5000 ഉറുപ്പിക വീരാന്‍ ഹാജിയോട് ഞാന്‍ വാങ്ങി പുതിയ കമ്മറ്റിക്ക് ഏല്‍പിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

കമ്മറ്റിക്ക് നിലവിലുള്ള വക്വ്ഫ് സ്വത്തുക്കളെല്ലാം 1987ന് മുമ്പ് (മുന്‍ കമ്മറ്റിക്ക്) കിട്ടിയതാണ്.

ഇത്രയൊക്കെ ആറ്റുനോറ്റ് വളര്‍ത്തിയുണ്ടാക്കിയ ഒരു സംഘടന ഇന്ന് സ്വയം പര്യാപ്തത നേടിയ അവസരത്തില്‍ ഞാന്‍ തന്നെ മുന്‍കൈ എടുത്ത്, ഞാനുള്‍ക്കൊള്ളുന്ന ഒരു സംഘടന ബഹിഷ്‌ക്കരിച്ചിട്ടും തെരഞ്ഞെടുപ്പു നടത്തിയാണ് പുതിയ കമ്മറ്റി നിലവില്‍ വന്നത്. ആ കമ്മറ്റിയിലും ഞാന്‍ അംഗമാണ്. അതിനു ശേഷം ആദ്യമായി നടന്ന പൊതുയോഗത്തിലും മറ്റുപൊതുയോഗങ്ങളിലും ഉത്തരവാദിത്തമുള്ളവര്‍ പറഞ്ഞു കൂട്ടിയ കളവുകള്‍ നാട്ടുകാര്‍ ഓര്‍ക്കുന്നുണ്ടാവും. ഇത്രയും കാലം കൊണ്ടുനടന്ന ഒരു സ്ഥാപനത്തിന്റെ കാരണവര്‍ എന്നനിലക്ക് പ്രധാന കാര്യങ്ങള്‍ കൂടിയാലോചിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. അങ്ങനെ ആലോചിക്കാതെ ചെയ്ത പടുവങ്കത്തം എത്രയാണെന്ന് ഞാന്‍ പറയുന്നില്ല. നാട്ടുകാര്‍ക്കറിയാം. ഇത്തരം ഒരു നടപടി പിന്‍ഗാമികളില്‍നിന്ന് പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.

1949ന് ശേഷം ഞാന്‍ വൈസ്പ്രസിഡന്റും വാപ്പ പ്രസിഡന്റുമായിരുന്നു. എന്നാല്‍ എല്ലാകാര്യങ്ങളും ഞാനായിരുന്നു നടത്തിവന്നത്. 1953മുതല്‍ ഞാന്‍ പ്രസിഡന്റായി. അക്കാലത്തും പ്രധാന കാര്യങ്ങള്‍ വാപ്പയുമായി കൂടിയാലോചിക്കാതെ ചെയ്തിരുന്നില്ല.

1955ല്‍ വാപ്പ എടവണ്ണക്ക് താമസം മാറ്റി. എന്നിട്ടും കൂടിയാലോചിക്കാതെ പ്രധാന കാര്യങ്ങളൊന്നും ഞാന്‍ കൈകാര്യം ചെയ്തിരുന്നില്ല. കാരണം വാപ്പ എന്ന നിലക്ക് മാത്രമല്ല, പരിചയ സമ്പന്നനായ ഒരു കാരണവര്‍, സ്ഥാപക നേതാവ് എന്നീ നിലകളില്‍ പാടേ അവഗണിച്ചുകൊണ്ടുള്ള ഒരു പോക്ക് അപ്രായോഗികമാണ് എന്ന് തോന്നിയതുകൊണ്ടാണ്. അതുകൊണ്ടാണ് ഇത്രയും സ്വത്തുക്കളൊക്കെ വക്വ്ഫ് ചെയ്തു കിട്ടിയത്.

രാഷ്ട്രീയത്തിനു വേണ്ടിയായാലും ഇത്രയൊക്കെ ആവശ്യമുണ്ടോ? ആ പറഞ്ഞു കൂട്ടിയ കള്ളവാക്കുകളും പ്രസംഗങ്ങളും നന്നായോ? സ്വയം ഒന്നു ചോദിച്ചു നോക്കുന്നത് നന്നായിരിക്കും. എല്ലാം ശ്രദ്ധിച്ച് കാണുന്ന കേള്‍ക്കുന്ന ഒരു റബ്ബുണ്ട് എന്ന കാര്യം വിസ്മരിക്കുന്നത് ശരിയാണോ?. എനിക്കിതൊക്കെ പറയാനും ചെയ്യാനുമുള്ള അടിസ്ഥാനം എവിടെനിന്നുണ്ടായി?

എന്നെ സംബന്ധിച്ചിടത്തോളം ഒരു കാര്യം ഏറ്റെടുത്താല്‍ അത് നിഷ്‌കളങ്കമായും നിസ്വാര്‍ഥമായും അല്ലാഹുവിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നുള്ളത് മാത്രമാണ് ലക്ഷ്യം. അതിന് സാധിക്കാതെ വരുന്ന സന്ദര്‍ഭത്തില്‍ ഉത്തരവാദിത്തം ഒഴിഞ്ഞുകൊടുത്ത് സ്വയം ഒഴിവാകുക എന്നതാണ് അഭികാമ്യമായി ഞാന്‍ കരുതുന്നത്. ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടിപ്പോകുന്നത് ശരിയല്ല എന്നതുകൊണ്ടും അത് അല്ലാഹു ഇഷ്ടപ്പെടാത്ത കാര്യമായതുകൊണ്ടും എടുത്തപണി ഒരു അത്താണിയില്‍ എത്തട്ടെ എന്ന് കരുതിയും അല്‍പം താസിച്ചു എന്നേയുള്ളൂ.