മാറ്റത്തിന്റെ കാറ്റ്

പി.വി ഉമര്‍കുട്ടി ഹാജി (റഹി)

2019 ഒക്ടോബര്‍ 26 1441 സഫര്‍ 27

(ഏറനാട്ടിലെ ഓര്‍മകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും: 8)

(തയ്യാറാക്കിയത്: യൂസുഫ് സാഹിബ് നദ്‌വി)

പള്ളി

ആയിരത്തി തൊള്ളായിരത്തിനു മുമ്പ് ചില സ്രാമ്പികളല്ലാതെ ജുമുഅ നടത്താനോ മറ്റോ പറ്റിയ പള്ളികളൊന്നും ഈ നാട്ടില്‍ ഉണ്ടായിരുന്നില്ല.

ഖബര്‍സ്ഥാനിനും ജുമുഅക്കും എടവണ്ണ വലിയപള്ളിയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. വെള്ളിയാഴ്ച പുലര്‍ന്നാല്‍ ഒരു തിരുമ്പിക്കുളി. അതു കഴിഞ്ഞാല്‍ ഒരു ഉച്ചക്കഞ്ഞിയും നേരത്തെ കഴിച്ച് ഒരു തൊപ്പിക്കുടയും ചൂടി ഒരു നടത്തം. ജുമുഅക്ക് വേണ്ടിയാണത്. എടവണ്ണ പള്ളിയില്‍ ജുമുഅ കഴിഞ്ഞ് 4 മണിക്ക് മടങ്ങും. എടവണ്ണ കടവുകടന്നാല്‍ ആരെങ്കിലുമായി ഒരു അടിപിടി സാധാരണമാണ്.

അന്ന് പത്തപ്പിരിയം, കാരക്കുന്ന്, തുവക്കാട്, പെരകമണ്ണ, കുണ്ടുതോട്, പത്തിരിയാല്‍, മുണ്ടേങ്ങര, ഒതായി, ചാത്തല്ലൂര്‍ എല്ലാം കൂടി ഒരു മഹല്ലാണ് എടവണ്ണ മഹല്ല്. എല്ലാ ഭാഗത്തുനിന്നും കൂടിവന്നാല്‍ പഴയ പള്ളിയിലെ ചെറിയ രണ്ട് മുറിയിലേക്ക് തന്നെ ആളുകള്‍ ഉണ്ടാവുകയില്ല. പിന്നീട് രണ്ട് പ്രാവശ്യമായി വലുതാക്കിയ വലിയ പള്ളിയാണ് നമുക്കൊക്കെ പരിചയമുള്ള വലിയ പള്ളി. ഈ സ്ഥലങ്ങളിലെല്ലാം തന്നെയുള്ള മയ്യിത്തുകളും വലിയപള്ളിക്കല്‍ തന്നെയായിരുന്നു മറവുചെയ്തിരുന്നത്.

ബാപ്പ മുഹമ്മദാജി പറഞ്ഞുതന്ന കണക്കനുസരിച്ച് 1904ലാണ് ഒതായി പള്ളി പണിതീര്‍ത്തത്. പി.വി ഉമ്മര്‍ഹാജി എന്നവരാണ് നാട്ടുകാരുടെ സഹായത്തോടുകൂടി പള്ളി പണിയെടുപ്പിച്ചത്. എടവണ്ണ ചെറിയപള്ളിയും പണിയെടുപ്പിച്ചത് അദ്ദേഹം തന്നെയായിരുന്നു. എടവണ്ണ ചെറിയപള്ളിക്ക് പണം മുടക്കിയത് അദ്ദേഹത്തിന്റെ അളിയന്‍ കല്ലുവെട്ടികുഴിയില്‍ ആലിക്കുട്ടി ഹാജി ആയിരുന്നു. രണ്ടു പള്ളിക്കും സാമാന്യം ഒരുരൂപം വരാന്‍ കാരണവും അതുതന്നെയായിരിക്കാം.

അങ്ങനെ വിശാലമായ രണ്ട് മുറിയും മൂന്ന്ഭാഗം താഴ്‌വരയും ഒരു ഹൗള്പുരയും ഉള്ള ഒരു പള്ളിയാണന്ന് ഒതായിയില്‍ നിലവില്‍ വന്നത്.

ആദ്യത്തെ ഖത്വീബ് ആരാണെന്ന് എനിക്കറിയില്ല. ഒരു മോലി മുസ്‌ല്യാരാണെന്ന് കേട്ടിട്ടുണ്ട്. എനിക്കറിയുന്ന കാലത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ ഖത്വീബും പി.കെ. കുഞ്ഞാലന്‍ മൊല്ല മുഅദ്ദിനും ആയിരുന്നു. മുസ്‌ലിയാര്‍ നബാത്തിയ ഖുത്വുബയായിരുന്നു ഓതിയിരുന്നത്.

അക്കാലത്ത് പെരുന്നാള്‍ക്ക് സമയമായാല്‍ കുറെ ആള്‍ക്കാര്‍ മുസ്‌ലിയാരെ വീട്ടിലേക്ക് തേടിപ്പോകും. എന്നിട്ടദ്ദേഹത്തെ നീളക്കുപ്പായവും ഷാളും തലപ്പാവയും അണിയിച്ച് കുട ചൂടിക്കൊടുത്തുകൊണ്ട് കൂട്ടത്തോടെ തക്ബീര്‍ ആലപിച്ചുകൊണ്ട് പള്ളിയിലേക്ക് ആനയിക്കും. മുസ്‌ലിയാര്‍ സലാംചൊല്ലി പള്ളിയില്‍ പ്രവേശിച്ചാല്‍ നേരെ മിഹ്‌റാബില്‍ ചെന്ന് നമസ്‌ക്കാരം നടത്തും. പിന്നെ ഒരു ഖുത്വുബയും. അതായിരുന്നു സമ്പ്രദായം. നാബാത്തിയ ഖുത്വുബ പരിഭാഷയോടുകൂടി തന്നെയായിരുന്നു നടത്തിയിരുന്നത്.

കുഞ്ഞമ്മദ് മുസ്‌ല്യാര്‍ ഒരു കടുത്ത സുന്നിയായിരുന്നു. നല്ല ഒരു ഓത്തുകാരനും ആയിരുന്നു. പി.വി. മുഹമ്മദാജി 'റദ്ദുല്‍വഹാബിയ്യ' എന്ന പുസ്തകമെടുത്ത് പള്ളിയില്‍ വരും. മുസ്‌ലിയാരെ വിളിച്ചിരുത്തി വായിച്ച് അന്യോന്യം തര്‍ക്കിക്കും. അങ്ങനെ ദിവസങ്ങള്‍ നീണ്ട് മുസ്‌ലിയാര്‍ക്കും വാശിയായി. തര്‍ക്കം മൂത്ത് മുസ്‌ലിയാരോട് ഒരു ദിവസം മുഹമ്മദാജി ചോദിച്ചു: ''അതല്ല മുസ്‌ല്യാരേ, മുഹ്‌യിദ്ദീന്‍ മാല മുതലായ മാലപ്പാട്ടുകളും മൗലൂദും ഓതുന്നത് ഫര്‍ളോ സുന്നത്തോ?'' 'അതിനെന്താ സംശയം, ഫര്‍ളാണ്' എന്ന് മുസ്‌ലിയാര്‍ തറപ്പിച്ച് പറഞ്ഞു. 'ക്വുര്‍ആന്‍ ഓതുന്നതോ മുസ്‌ല്യാരേ' എന്ന് ചോദിച്ചതിന് സുന്നത്താണെന്നും മറുപടി പറഞ്ഞു. അതൊന്ന് എഴുതിത്തരാമോ എന്ന് ഹാജി ചോദിച്ചു. തരാമെന്ന് മുസ്‌ലിയാര്‍ മറുപടി പറഞ്ഞു. ഉടനെ കടലാസെടുത്ത് സംഗതി വ്യക്തമാക്കി എഴുതി അതില്‍ ഒപ്പിട്ടുവാങ്ങി.

'ഇനി തര്‍ക്കം ഇവിടെ അവസാനിപ്പിക്കാം. ക്വുര്‍ആനെക്കാള്‍ സ്ഥാനം മാലപ്പാട്ടുകള്‍ക്ക് നല്‍കുന്ന നിങ്ങള്‍ ഇമാമും ഖത്വീബുമായി തുടരാന്‍ പറ്റില്ല' എന്ന് പറഞ്ഞു പിരിഞ്ഞു. പിറ്റേ വെള്ളിയാഴ്ച മുഹമ്മദാജിയുടെ ജ്യേഷ്ഠന്‍ പി.വി. ആലസ്സന്‍ കുട്ടി വഴിയില്‍നിന്ന് 'ഒരാളും ജുമുഅക്ക് പോകരുത്, ഈ മുസ്‌ലിയാര്‍ പോയിട്ട് മതി ഇനി ജുമുഅ' എന്ന് പറഞ്ഞു. അതുപ്രകാരം ഒരാളും ജുമുഅക്ക് പോയില്ല. ജുമുഅ നടന്നതും ഇല്ല. പള്ളി ശൂന്യമായി. പിന്നീട് മുസ്‌ല്യാര്‍ രാജി എഴുതി കൊടുത്തയച്ചു. രാജി സ്വീകരിച്ചു. മറുപടിയും കൊടുത്തു.

'ഇനി ഈ നാട്ടില്‍ ഞാന്‍ താമസിക്കുന്നില്ല' എന്നു പറഞ്ഞ് മുസ്‌ല്യാര്‍ പുര വില്‍ക്കാന്‍ ഏര്‍പ്പാടു ചെയ്തു. മുസ്‌ല്യാര്‍ പറഞ്ഞ വിലക്ക് വീടും പറമ്പും മേല്‍പ്പറഞ്ഞ ആലസ്സന്‍ കുട്ടി എന്നവര്‍ തന്നെ വാങ്ങി പണം കൊടുത്തു. രജിസ്റ്റര്‍ കഴിപ്പിച്ചു. അതില്‍പിന്നെ മുസ്‌ല്യാര്‍ സ്ഥലം വിട്ടു. നേരത്തെ ഞാന്‍ സൂചിപ്പിച്ചിരുന്നത് ഓര്‍ക്കുമല്ലോ; ആ വീടാണ് ഇന്ന് സി.എച്ച്. ഉണ്ണിമമ്മദ് കുട്ടി താമസിക്കുന്ന വീടും പറമ്പും. പിന്നീട് കലന്തന്‍ മുസ്‌ല്യാര്‍ എന്നൊരാളെ മുഹമ്മദാജി ഖത്വീബായി കൊണ്ടുവന്നു. അദ്ദേഹം പള്ളിയും മദ്‌റസയും രാത്രിയില്‍ പള്ളിയില്‍ ഹിസ്ബ് ക്ലാസ്സും നടത്തിയിരുന്നു. ഞങ്ങളൊക്കെ അദ്ദേഹത്തിന്റെ കീഴില്‍ ഓതാന്‍ പഠിച്ചവരാണ്. കുഞ്ഞാലന്‍ മൊല്ല തന്നെയായിരുന്നു ആദ്യകാല മുഅദ്ദിന്‍. കലന്തന്‍ മുസ്‌ല്യാര്‍ കുറെകാലം ഖത്വീബും ഇമാമുമായി തുടര്‍ന്നുപോന്നു.

ആയിടക്കാണ് സി.എച്ച്. അഹമ്മദ് കുട്ടി സാഹിബിന്റെ ഭാര്യയും പി.വി. ഉസ്സന്‍ കുട്ടി സാഹിബിന്റെ മകളും ആയിരുന്ന ആമിനക്കുട്ടി മരിച്ചത്. ആമിനക്കുട്ടിയുടെ മയ്യിത്ത് മറവ് ചെയ്തതിനു ശേഷം പി.വി. ഉസ്സന്‍ കുട്ടി(47) കലന്തന്‍ മുസ്‌ല്യാരോട് 'തല്‍ക്വീന്‍' ചൊല്ലിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം മടിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ 'മുഹമ്മദാജി പറയട്ടെ' എന്ന് പറഞ്ഞുവിട്ടു. അത് ഉസ്സന്‍ കുട്ടി എന്നവര്‍ക്ക് രസിച്ചില്ല. അനുജന്‍ ജ്യേഷ്ഠനെക്കാള്‍ വലുതായിപ്പോയോ എന്നായി. ആ കാരണത്താല്‍ ബഹളമായി. കലന്തന്‍ മുസ്‌ലിയാരും പിരിഞ്ഞുപോയി.

പിന്നെയാണ് പൂവഞ്ചേരി മോയിന്‍കുട്ടി മുസ്‌ല്യാരെ ഖത്വീബായി മുഹമ്മദാജി എടവണ്ണ പത്തപ്പിരിയത്തുനിന്ന് കൊണ്ടുവന്നത്. വി.പി. മുഹമ്മദ് മൊല്ല മുഅദ്ദിനും മോയിന്‍കുട്ടി മുസ്‌ല്യാര്‍ ഖത്വീബും ആയിരുന്നു. ഇവര്‍ തന്നെയായിരുന്നു മദ്‌റസയും നടത്തിയത്. കുറെകാലം കഴിഞ്ഞതിന് ശേഷം മുഹമ്മദ് മൊല്ല മരിച്ചു. 1964 കാലത്ത് പി. മോയിന്‍കുട്ടി മുസ്‌ല്യാരും മുഅദ്ദിന്‍ വി.പി. വീരാന്‍ കുട്ടിയും കാരണവശാല്‍ രാജി സമര്‍പ്പിച്ചു.

വീരാന്‍ കുട്ടി പിന്നീട് രാജി പിന്‍വലിച്ചു. നാലുകൊല്ലം കഴിഞ്ഞശേഷം മോയിന്‍ കുട്ടി മുസ്‌ല്യാര്‍ വീണ്ടും ഖത്വീബായി വന്നു. അദ്ദേഹം പിരിഞ്ഞുപോയ ശേഷം മൂന്നുനാല് കൊല്ലം റൗളത്തുല്‍ ഉലൂമില്‍നിന്നും മറ്റും മൗലവിമാര്‍ വന്നായിരുന്നു ഖുത്വുബ നടത്തിയിരുന്നത്. ആ കൂട്ടത്തിലാണ് എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവി ഇവിടെ ആദ്യമായി വന്നത്. അദ്ദേഹം കുറെകാലം ഇവിടെ ഖത്വീബും മദ്‌റസാധ്യാപകനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1962ലാണ് പള്ളി ആദ്യമായി വലുതാക്കിയത്. പള്ളി പ്രവര്‍ത്തനത്തില്‍ നേതൃത്വം വഹിച്ചത് കമ്മറ്റി പ്രസിഡന്റ് ഉമ്മര്‍ കുട്ടി ഹാജിയായിരുന്നു.

തെക്കുഭാഗത്തേക്ക് ഒരു വലിയ ഹാളും അതിന് തെക്കുഭാഗത്ത് ഒരു താഴ്‌വരയും. പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന താഴ്‌വര വലിയ പള്ളിയിലേക്ക് ചേര്‍ത്തു. അതില്‍ മിഹ്‌റാബും മിമ്പറും സ്ഥാപിച്ചു.

1974-75ല്‍ വടക്കുഭാഗം സ്ത്രീകള്‍ക്ക് സ്ഥലം പോരാത്തതുകൊണ്ട് വീതി കൂട്ടി വലുതാക്കി. 1982ല്‍ പടിഞ്ഞാറു ഭാഗത്ത് ഒരു താഴ്‌വരക്കു വേണ്ട തറകെട്ടി ഓടുമേഞ്ഞു സാമാനങ്ങള്‍ ഒരുക്കിവെച്ചെങ്കിലും പണിപൂര്‍ത്തിയായത് 1988ലാണ്.

മുഖ്‌ലിസീന്‍ സംഘം സ്ഥാപക മെമ്പറായിരുന്ന പി.വി.ഉമ്മര്‍ കുട്ടി ഹാജി പിന്നീട് സെക്രട്ടറിയും വൈസ്പ്രസിഡന്റും 1953മുതല്‍ 1987വരെ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. 1987ല്‍ വേണ്ടതുപോലെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ സാധിക്കുന്നില്ല എന്ന് തോന്നിയപ്പോള്‍ സ്വമേധയാ സംഘത്തില്‍നിന്നും ഒഴിഞ്ഞുപോന്നു. ഖുറാഫികള്‍ പ്രചരിപ്പിക്കും പോലെ എന്നെ ആരും ഒഴിവാക്കിയതല്ല. പുതിയ കമ്മിറ്റി തെരഞ്ഞെടുത്തപ്പോള്‍ വീണ്ടും വീണ്ടും എന്റെ വീട്ടില്‍ വന്നു പ്രസിഡന്റ്പദം ഏറ്റെടുക്കണമെന്ന് നിര്‍ബന്ധിച്ചിട്ടും ഞാന്‍ സാധിക്കുകയില്ല എന്നുപറഞ്ഞ് ഒഴിവായതാണ്.

ഞാന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ആരെ പ്രസിഡന്റാക്കണം എന്ന് എന്നോട് അഭിപ്രായം ചോദിച്ചപ്പോള്‍, മുഹമ്മദലി ഹാജിയെ പ്രസിഡന്റാക്കാമെന്ന് ഞാന്‍ അഭിപ്രായം പറഞ്ഞു. അങ്ങനെ മുഹമ്മദലി ഹാജിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇപ്പോഴും മുഹമ്മദലി ഹാജി പ്രസിഡന്റായിക്കൊണ്ടുള്ള കമ്മിറ്റിയാണ് നിലവിലുള്ളത്.

ഇസ്വ്‌ലാഹി പ്രസ്ഥാനം

1920കാലങ്ങളിലും അതിന്റെ മുമ്പും ഇസ്‌ലാമിന്റെ നില ഈ പ്രദേശങ്ങളില്‍ അത്യന്തം ശോചനീയവും അപകടകരവുമായിരുന്നു.

ഇസ്‌ലാമാകുന്ന സുന്ദരവൃക്ഷം ആകമാനം ബിദ്അത്തുകളാകുന്ന വള്ളികളും മുള്‍ച്ചെടികളും പടര്‍ന്ന് വൃക്ഷത്തിന്റെ സുന്ദരമായ രൂപം പുറത്തുകാണാന്‍ പറ്റാത്ത ഒരു അവസ്ഥയായിരുന്നുണ്ടായിരുന്നത്. മാത്രമല്ല ആ വള്ളികളാണ് സാക്ഷാല്‍ ദീനുല്‍ഇസ്‌ലാമെന്ന് പാവങ്ങളായ പാമരജനങ്ങള്‍ ധരിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു.

മുഹമ്മദ് മുസ്തഫാ തിരുമേനി ﷺ ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ഇറക്കപ്പെട്ട മതത്തില്‍ അദ്ദേഹം പഠിപ്പിച്ചു തന്നതല്ലാത്ത പല നൂലാമാലകളും പടര്‍ന്നു പന്തലിച്ചിരുന്നു. ആ പടര്‍ന്നു പിടിച്ച നൂലാമാലകളും പാട്ടും ബയ്ത്തും മൗലൂദും റാത്തീബും ഹദ്ദാദും ആണ് ദീനുല്‍ ഇസ്‌ലാമെന്ന് സാധാരണക്കാര്‍ മനസ്സിലാക്കുകയും പണ്ഡിതന്മാര്‍ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ മേല്‍ കെട്ടിപ്പിണഞ്ഞു കിടക്കുന്ന നൂലാമാലകളായ വള്ളികള്‍ വെട്ടിമാറ്റി സുന്ദരമായ രൂപം പുറത്തുകൊണ്ടുവരാന്‍ പണ്ഡിതന്മാരും അനുയായികളും ഒരിക്കലും സമ്മതിച്ചിരുന്നില്ല. ക്വുര്‍ആന്‍ കുടിയോത്തിനും ഖബറിന്മേല്‍ പുരകെട്ടി ഓതാനും ബറകത്തിന് വീട്ടില്‍ ശീലയില്‍ പൊതിഞ്ഞു സൂക്ഷിക്കാനും മാത്രമായി. പോരെങ്കില്‍ പിഞ്ഞാണത്തില്‍ പേനകൊണ്ട് ക്വുര്‍ആന്‍ തലതിരിച്ചെഴുതി സുഖക്കേടുകള്‍ക്കും സുഖപ്രസവത്തിനും കലക്കിക്കൊടുക്കാനുമായി മാറ്റിവെച്ചു.

1922ല്‍ ഖിലാഫത്ത് പ്രസ്ഥാനം കെട്ടടങ്ങിയപ്പോള്‍ ദീനി കാര്യങ്ങളില്‍ തല്‍പരരായ ചിലര്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങി. എടവണ്ണയില്‍ അറക്കല്‍ മുഹമ്മദ് എന്ന ഒരു മതപണ്ഡിതനുണ്ടായിരുന്നു. കെ.എം. മൗലവി, എം.സി.സി. മൗലവിമാര്‍ പോലെയുള്ള ഉന്നത പണ്ഡിതന്മാര്‍ പോലും അദ്ദേഹത്തിങ്കല്‍ ഉപദേശം തേടി എത്തിക്കൊണ്ടിരുന്നു. അദ്ദേഹത്തില്‍നിന്ന് ലഭിച്ച പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് അദ്ദേഹത്തിന്റെ അനുജന്‍ അറക്കല്‍ ഉണ്ണിക്കോമു സാഹിബ്, പി.വി.മുഹമ്മദാജി സാഹിബ്, മുസ്‌ല്യാരകത്ത് അലിഹസ്സന്‍ മൗലവി എന്നിവര്‍ രംഗത്ത് വന്നത്. എന്തുവന്നാലും ശരി ഇസ്‌ലാമിന്റെ മേല്‍ മൂടിക്കിടക്കുന്ന വള്ളിക്കുടിലുകള്‍ വെട്ടിമാറ്റി ഇസ്‌ലാമിന്റെ സുന്ദരരൂപം ഒന്ന് വെളിക്ക് കൊണ്ടുവരണമെന്ന് തീരുമാനിച്ച് അരയും തലയും മുറുക്കി അവര്‍ രംഗത്തുവന്നു.

ജനങ്ങള്‍ കൂടിനില്‍ക്കുന്ന മിക്കവാറും എല്ലാ കവലകളിലും ഇവര്‍ മൂന്നുപേരും ഒരുമിച്ചുപോയി. മുരിക്കിന്‍ പെട്ടിമേല്‍ മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ചു മത പ്രചരണ പ്രസംഗങ്ങള്‍ നടത്തുവാന്‍ തുടങ്ങി. ഓത്തുപള്ളിയില്‍ നിന്നും ദാഇമ ഓത്തില്‍ നിന്നും കുഴിക്കപുരയില്‍ ഓതുന്നതും മാത്രം കേട്ടുശീലിച്ച നാട്ടുകാര്‍ അലിഹസ്സന്‍ മൗലവിയുടെ സുന്ദരമായ ഓത്തും ഭയഭക്തി നിറഞ്ഞ, കണ്ണീരൊലിപ്പിച്ചുകൊണ്ടുള്ള പ്രസംഗങ്ങളും ക്വുര്‍ആനിനെ ഹദീസുകൊണ്ട് വിശദീകരിക്കുന്നതും കേട്ടപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങി.

ഉണ്ണിക്കോമു സാഹിബും നല്ല വാഗ്മിയും പണ്ഡിതനും ആയിരുന്നു. ധൈര്യം കൂട്ടാനും സഹായത്തിനും മുഹമ്മദാജി ഒന്നിച്ചുതന്നെ ഉണ്ടായിരുന്നു. ഉണ്ണിക്കോമു സാഹിബ് ഒരു നിമിഷകവി കൂടി ആയിരുന്നു. ഉണ്ണിക്കോമു സാഹിബിനെപ്പറ്റി പുലിക്കോട്ടില്‍ ഹൈദര്‍ സാഹിബ് പാടി:

'താടി പറ്റെ വടിച്ചും തലയില്‍ കുടുമ വെച്ചും

മൂത്ത പരിഷ്‌ക്കാര പോത്തായി നടക്കുന്ന

കള്ള കഠിന മൂധേവി, കഥകെട്ട വഹാബി...'

എന്നും മറ്റും...!

കോമുസാഹിബ് അങ്ങോട്ടും തിരിച്ചടിച്ചു. നല്ലളത്ത് വീരാന്‍ സാഹിബ് എന്ന ആളും നല്ല കവി ആയിരുന്നു. അദ്ദേഹവും ഇവരുടെ കൂട്ടത്തില്‍ കൂടി. അന്യോന്യം ശകാരവര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുറെ പാട്ടുകള്‍ അക്കാലത്ത് കൈമാറി. കോമു സാഹിബ് നല്ല പണ്ഡിതനും വാഗ്മിയും ധൈര്യശാലിയുമായിരുന്നു. മൂന്നുപേരും ധൈര്യത്തില്‍ കുറവുള്ളവരായിരുന്നില്ല. പലസ്ഥലങ്ങളിലും വഅളും പ്രസംഗങ്ങളും നടത്തിക്കൊണ്ടിരുന്നു.

കൂട്ടത്തില്‍ കാരക്കുന്നില്‍ ഒരു പരിപാടി നടത്തി മടങ്ങുമ്പോള്‍ ഒരു കൊലക്കേസുവരെ അഭിമുഖീകരിക്കേണ്ടി വന്നു. പെരൂല്‍ വി.പി. അലവിക്കുട്ടി സാഹിബായിരുന്നു കൂടെ ഉണ്ടായിരുന്നത്. വഅളു കഴിഞ്ഞ് വരുമ്പോഴാണ് സംഭവം. അലവിക്കുട്ടി സാഹിബ് മാത്രമാണ് കേസ്സില്‍ പ്രതിയായത്. കേസ്സ് സെഷന്‍സില്‍നിന്ന് വിട്ടു. ആ കാലത്താണ് 'കേരള മുസ്‌ലിം ഐക്യസംഘ'ത്തിന് ജന്മം നല്‍കിയത്. കൊടുങ്ങല്ലൂര്‍ മണപ്പാട്ട് കുഞ്ഞിമുഹമ്മദാജി, കൊച്ചുമൊയ്തീന്‍ ഹാജി, കെ.എം. മൗലവി മുതലായവരാണ് ആ സംഘടനക്ക് നേതൃത്വം നല്‍കിയത്. ഐക്യസംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയും നേതൃകമ്മിറ്റിയില്‍ ഒരംഗവുമായിരുന്നു മുഹമ്മദാജി.

ഐക്യസംഘത്തിന്റെ, ആലുവാ മണല്‍പ്പുറത്തുവെച്ചു നടന്ന പ്രഥമ യോഗത്തില്‍ ഏറനാട്ടില്‍ നിന്ന് പി.വി. മുഹമ്മദാജിയും അറക്കല്‍ വലിയമുഹമ്മദ് സാഹിബും പങ്കെടുക്കുകയുണ്ടായി. ഏറനാട് താലൂക്കില്‍ നിന്ന് അവര്‍ രണ്ടുപേരും മാത്രമാണ് പങ്കെടുത്തത്. കേരള ജംഇയ്യത്തുല്‍ മുജാഹിദീന്റെയും ഏറനാട് അഹ്‌ലുസ്സുന്നത്ത് വല്‍ജമാഅത്തിന്റെയും ഒരു സംയുക്ത സമ്മേളനം എടവണ്ണ മണല്‍പ്പുറത്ത് വെച്ച് നടക്കുകയുണ്ടായി. ആ യോഗത്തിന്റെ അവസാനത്തില്‍ കൂടിയ നേതൃസമ്മേളനമാണ്, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, കേരള ജംഇയ്യത്തുല്‍ ഉലമ എന്നീ സംഘടനകള്‍ രണ്ടായി വേര്‍ത്തിരിച്ചത്.

ഉലമാക്കള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ജംഇയ്യത്തുല്‍ ഉലമായും ഉലമാക്കളും ഉമറാക്കളും ഉള്‍ക്കൊള്ളുന്ന നദ്‌വത്തുല്‍ മുജാഹിദീനും പ്രവര്‍ത്തിച്ചു തുടങ്ങി. അന്നത്തെ ആ യോഗത്തിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ പി.വി. മുഹമ്മദാജിയും, ഖജാന്‍ജി അത്തിക്കല്‍ അഹമ്മദ് കുട്ടി സാഹിബുമായിരുന്നു. യോഗം നടന്നത് 1927ലാണ് എന്നാണ് എന്റെ ഓര്‍മ.

 

റഫറന്‍സ്:

47. മുഹമ്മദാജിയുടെ വലിയ ജേഷ്ഠന്‍