മാപ്പിള ലഹള

പി.വി ഉമര്‍കുട്ടി ഹാജി (റഹി)

2019 ഒക്ടോബര്‍ 19 1441 സഫര്‍ 20

(ഏറനാട്ടിലെ ഓര്‍മകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും: 7)

(തയ്യാറാക്കിയത്: യൂസഫ്‌ സാഹിബ് നദ്‌വി )

മര്‍ഹൂം പി.വി. മുഹമ്മദാജി ഉല്‍പതിഷ്ണു ആയിരുന്നു. 1921ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ കോളിളക്കം ഈ പ്രദേശത്തേക്കും വ്യാപിച്ചുതുടങ്ങി. ഗാന്ധിജി, മൗലാനാ മുഹമ്മദലി, മൗലാനാ ഷൗക്കത്തലി- ഇവരുടെ ആഹ്വാനമാണ് ഈ പ്രദേശത്ത് ചലനം സൃഷ്ടിച്ചത്. തുര്‍ക്കികളും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ യുദ്ധത്തില്‍ മുസ്‌ലിംകളോട് ബ്രിട്ടീഷുകാര്‍ ചെയ്ത വാഗ്ദാന ലംഘനത്തില്‍ മുസ്‌ലിം നേതാക്കന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും ഉണ്ടായിരുന്ന അരിശം, കുടിയാന്മാരോട് ജന്മിമാരുടെ പരുഷമായ പെരുമാറ്റം, ഭൂമിക്ക് അമിതമായ പാട്ടം വസൂലാക്കല്‍, ഭൂമി ജപ്തി ചെയ്ത് കുടിയൊഴിപ്പിക്കല്‍, ഭൂമി ചാര്‍ത്തിക്കൊടുത്തിരുന്ന കുടിയാന്മാരുടെ ചാര്‍ത്ത്കാലം കഴിയുന്നതിന് മുമ്പായി തന്നെ ജന്മികള്‍ കൂടുതല്‍ പാട്ടത്തിന് ഭൂമി മേക്കാണം ചാര്‍ത്തിക്കൊടുക്കുന്ന സമ്പ്രദായം, ഭൂമിയില്‍ കുടിയാന്മാര്‍ക്ക് ഒരിക്കലും അവകാശ സ്ഥിരതയില്ലാത്ത പരിതസ്ഥിതി, കഴിച്ചിട്ടുണ്ടാക്കുന്ന കഴിക്കൂറുകള്‍ ജന്മിക്കായി മാറുന്ന അവസ്ഥ... അങ്ങനെ ജന്മിമാരും കുടിയാന്മാരും തമ്മിലുള്ള ബന്ധത്തില്‍ ഒരു സ്‌ഫോടനാവസ്ഥ നിലനില്‍ക്കുകയായിരുന്നു. ഭൂമി മുഴുവന്‍ ദേവസ്വം അല്ലെങ്കില്‍ ബ്രഹ്മസ്വം അല്ലെങ്കില്‍ പല നമ്പൂതിരി തറവാടിന്റെയും കോവിലകങ്ങളുടെയും ഉടമസ്ഥതയിലായിരുന്നു. മലവാരങ്ങളുടെ സ്ഥിതിയും അങ്ങനെ തന്നെ.

ജന്മി-കുടിയാന്മാര്‍ തമ്മിലുണ്ടായ കാര്‍ഷിക വിപ്ലവത്തോട് സഹകരിക്കാനും ബ്രിട്ടീഷ് മേധാവിത്വത്തോട് നിസ്സഹകരിക്കാനും ഖിലാഫത്ത് നേതാക്കളുടെ ആഹ്വാനം ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ വിഭാവനം ചെയ്തിരുന്നത് ഒരു സായുധ വിപ്ലവമായിരുന്നില്ല; നിസ്സഹകരണമായിരുന്നു.

ബ്രിട്ടീഷുകാര്‍ ഈ സമരം ഒരു ഹിന്ദു മുസ്‌ലിം ലഹളയാക്കി മാറ്റാനും ഒരു സായുധ വിപ്ലവമാക്കി തീര്‍ക്കാനും ശ്രമിക്കുകയും അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. അന്നത്തെ മലബാര്‍ കളക്ടര്‍ തോമസ് ഒരു പരുഷ സ്വഭാവി ആയിരുന്നു. അദ്ദേഹത്തിന്റെ നയവൈകല്യങ്ങളാണ് ഈ നാട്ടില്‍ കലാപം ആളിക്കത്താന്‍ ഇടവരുത്തിയത് എന്ന് മലബാര്‍ കലാപത്തെ ആധാരമാക്കിയെഴുതിയ പുസ്തകങ്ങളിലൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടത്തെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവ് പി.വി. മുഹമ്മദാജി ആയിരുന്നു.

അക്കാലത്ത് മൗലാനാ ഷൗക്കത്തലിയും ഗാന്ധിജിയും ഒന്നിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളം പര്യടനം നടത്തി. ഹിന്ദുക്കളും മുസ്‌ലിംകളും ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഖിലാഫത്ത് നേതാക്കളുടെ നിദേശപ്രകാരം മുഹമ്മദാജി എടവണ്ണയില്‍ തന്റെ പീടികമുകളില്‍ ഒരു ചര്‍ക്കാ കേന്ദ്രം തുറന്നു പ്രവര്‍ത്തിച്ചിരുന്നു. 28 ചര്‍ക്കകള്‍ വാങ്ങി സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ച് നൂല് നൂല്‍പ്പുശാല നടത്തി. അതുപോലെ തന്നെ തിരുവിതാംകൂര്‍കാരന്‍ ഒരു മൗലവിയെ വീട്ടില്‍ താമസിപ്പിച്ചു ഹിന്ദുസ്ഥാനി(40) പഠിപ്പിക്കാന്‍ ഒരു സ്‌ക്കൂള്‍ സ്ഥാപിച്ചു നടത്തുകയും ചെയ്തു.

വിദേശ വസ്തുക്കള്‍ ബഹിഷ്‌ക്കരിക്കുക, സ്വദേശി വസ്ത്രങ്ങളോടും സ്വദേശത്തോടും കൂറുപുലര്‍ത്തുക, ബ്രിട്ടീഷുകാരോടും ബ്രിട്ടീഷ് സംസ്‌കാരത്തോടും വെറുപ്പ് പ്രകടിപ്പിക്കുക മുതലായ നയമായിരുന്നു സ്വീകരിച്ചിരുന്നത്. ആ അടിസ്ഥാനത്തിലാണ് മതപണ്ഡിതന്മാര്‍ ഇംഗ്ലീഷ് പഠിക്കാനും പഠിപ്പിക്കാനും പാടില്ലെന്നും, ഇംഗ്ലീഷ് ഭാഷ നരകത്തിലെ ഭാഷയാണെന്നും പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.(41) തിരൂരങ്ങാടി പള്ളിക്ക് ബ്രിട്ടീഷ് പട്ടാളം വെടിവെച്ച വാര്‍ത്ത കേട്ടപാടെ മുസ്‌ലിംകളില്‍ ബ്രിട്ടീഷ് വിരോധം ആളിക്കത്തി.

നിസ്സഹകരണ പ്രസ്ഥാനം സായുധ വിപ്ലവമായി മാറിയപ്പോള്‍ മുഹമ്മദാജിയും ജ്യേഷ്ഠന്മാരും എടവണ്ണക്ക് താമസം മാറ്റി. പി.വി.കോയമാമു എന്നവരുടെ ആവശ്യപ്രകാരമായിരുന്നു അവര്‍ ഏടവണ്ണയിലേക്ക് മാറി താമസിച്ചത്. നാടിന്റെ പലഭാഗങ്ങളിലുള്ള പ്രബലന്മാരെ കൂട്ടുപിടിച്ച് നാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഒരു നയം ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്നു. ഈ അടിസ്ഥാനത്തിലാണ് പി.വി. കോയമാമു സാഹിബിനെ പോലീസിന്റെയും പട്ടാളത്തിന്റെയും കൂട്ടാളിയായി പോലീസ് കണ്ടെത്തിയത്. കോയമാമു സാഹിബ് പട്ടാളത്തിന്റെയും പോലീസിന്റെയും മര്‍ദനത്തില്‍നിന്ന് നാട്ടുകാരെ രക്ഷിക്കുവാന്‍ വേണ്ടി ബ്രിട്ടീഷ് മേധാവികളുമായും പോലീസ്-പട്ടാള മേധാവികളുമായും അടുത്തു പെരുമാറുകയും കൂട്ടുകാരായി പ്രവര്‍ത്തിച്ചു പോരുകയും ചെയ്തിരുന്നു.

അതേവരെ ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് എടവണ്ണ-ഒതായി പ്രദേശങ്ങളിലെ ആളുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുഹമ്മദാജി, എടവണ്ണയിലേക്ക് സ്ഥലം മാറിയതറിഞ്ഞ് ലഹളക്കാര്‍ അമര്‍ഷംപൂണ്ട് നിരാശാകുലരായിരിക്കുമ്പോഴാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയും കൂട്ടരും നിലമ്പൂര്‍ കോവിലകം കൊള്ളയടിച്ച് അവിടെനിന്ന് അരീക്കോട് എത്തിയിട്ടുണ്ട് എന്ന വാര്‍ത്ത ഒതായി അറിയുന്നത്. ഒതായിയിലെ നേതാക്കളായ ചെറാതൊടിക(42) മമ്മദാജി, വലിയപീടിയക്കല്‍ ബീരാന്‍കുട്ടി ഹാജി മുതലായ ഒരുകൂട്ടം ആള്‍ക്കാര്‍ അരീക്കോട്ട് പോയി കുഞ്ഞഹമ്മദാജിയെ കണ്ട് സംസാരിച്ചു. കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും കൊണ്ടോട്ടി തങ്ങളുടെ തക്കിയ വളയാന്‍ ഒരുക്കം കൂട്ടുകയായിരുന്നുവത്രെ. അവിടെവെച്ചാണ് ഈ രണ്ട് ഹാജിമാരെയും ഒതായി ഭാഗത്ത് അമീറന്മാരായി കുഞ്ഞഹമ്മദാജി നിശ്ചയിച്ചത്.

അമീറന്മാരായ വീരാന്‍കുട്ടി ഹാജിയും മമ്മദാജിയും കൂട്ടുകാരും മടങ്ങിവരുമ്പോള്‍ നിലമ്പൂര്‍ കോവിലകം വക വേക്കോട് കളം കൊള്ളയടിക്കുകയും അവിടെയുണ്ടായിരുന്ന നെല്ലും മറ്റും നാട്ടുകാര്‍ക്ക് വിതരണം ചെയ്യുകയും കൊണ്ടുവരാന്‍ പറ്റുന്നിടത്തോളം കൊണ്ടു പോരുകയും ചെയ്തു. പിന്നെ അവര്‍ ഒതായിയില്‍ വന്നു. പി.വി. മുഹമ്മദാജിയുടെയും ജ്യേഷ്ഠന്‍ ആലസ്സന്‍ കുട്ടിയുടെയും രണ്ട് വലിയ പീടികയും വീടും കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു.

ഒതായിയിലെ ഭീകരാവസ്ഥ അമര്‍ച്ച ചെയ്യാന്‍ പട്ടാളം ഒതായിലേക്ക് മാര്‍ച്ച് ചെയ്യാന്‍ തീരുമാനിച്ചു. കോയമാമു സാഹിബ് ഉടനെ ഒതായിയിലേക്ക് ആളെ അയച്ചു. നാലോ അതില്‍ കൂടുതല്‍ ആളുകളോ എവിടെയും കൂടി നില്‍ക്കരുത്, പട്ടാളം അങ്ങോട്ട് വരികയാണ്, വെടിപൊട്ടും എന്നുകണ്ടാല്‍ ഉടന്‍ നിലത്ത് പതിഞ്ഞു കിടക്കണം, കഴിയുന്നതും വീട്ടില്‍നിന്നും പുറത്തിറങ്ങാതെ അകത്തുതന്നെ ഒതുങ്ങിക്കൂടണം... എന്നും മറ്റും അറിയിച്ചു.

വിവരം കിട്ടിയ ഉടനെ അമീറന്മാരായ മമ്മദാജിയും വീരാന്‍ കുട്ടി ഹാജിയും നാട്ടുകാരോട് എല്ലാവരോടൂം പള്ളിയില്‍ കൂടുവാന്‍ ആഹ്വാനം ചെയ്തു. ഒരു മൂരിയെ പള്ളിക്കല്‍ വെച്ച് അറുത്ത് ഇറച്ചിയും ചോറും ഉണ്ടാക്കി. അമീറന്മാര്‍ എത്തിയിരുന്നില്ല. പള്ളിയില്‍നിന്ന് കൂട്ടബാങ്ക് മുഴങ്ങി. ഒരു മുപ്പത്തിനാലോ മുപ്പത്തി അഞ്ചോ ആള്‍ക്കാര്‍ പള്ളിയില്‍ ഒത്തുകൂടി.

ചോറുതിന്നുന്നതിന്റെ മുമ്പുതന്നെ പട്ടാളം പറക്കുന്നിന്റെ തടത്തില്‍ എത്തി. അനുവാദത്തോടേ കോയമാമു സാഹിബ് അവിടെ നിന്ന് ഇറങ്ങിവന്ന് പള്ളിയില്‍നിന്ന് സമാധാനമായി പിരിഞ്ഞുപോകണം. പട്ടാളം വന്നത് അക്രമം തടയാനും നാട്ടില്‍ സമാധാനം പാലിക്കാനും വേണ്ടിയാണ്. ആരെയും ഉപദ്രവിക്കാനല്ല എന്നാവശ്യപ്പെട്ടു. തിരൂരങ്ങാടി പള്ളിക്ക് വെടിവെച്ച പട്ടാളത്തെ ഒതായി പള്ളി അക്രമിക്കാന്‍ സമ്മതിക്കയില്ല എന്നായിരുന്നു അവരുടെ പ്രധാന നിശ്ചയം.

പള്ളിയില്‍ കൂടിയവര്‍ കൂട്ടത്തോടെ തക്ബീര്‍ മുഴക്കി. വാതിലുകള്‍ കൊട്ടിയടച്ചു. അപ്പോഴേക്കും പട്ടാളം അവിടെയെത്തി. കോയമാമു സാഹിബ് പിന്‍വാങ്ങി. പട്ടാളം പള്ളിയുടെ മുറ്റത്തെത്തി. എല്ലാവരോടൂം പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. ആരും പിരിഞ്ഞുപോയില്ല. കൂടുതല്‍ ശബ്ദത്തോടെ തക്ബീര്‍ മുഴക്കുവാന്‍ തുടങ്ങി. മാത്രമല്ല പള്ളിയുടെ മുകളില്‍നിന്നും ഒരു വെടി പൊട്ടി. പട്ടാളത്തലവന്‍ വീണുമരിച്ചു.

പട്ടാളം പള്ളി വളഞ്ഞു. പള്ളിയുടെ അകത്തേക്ക് വെടികളുതിര്‍ത്തു. പിന്നീട് പള്ളിയുടെ അകത്തേക്ക് ചാടിക്കയറി മുകളില്‍ കയറി തട്ടുപലക അടര്‍ത്തി അകത്തേക്ക് ബോംബിട്ട ശേഷം പട്ടാളം താഴെയിറങ്ങി. മരിക്കാത്തവരെ ബയണറ്റ് കൊണ്ട് കുത്തിയും ബൂട്ടിട്ട് ചവിട്ടിയും കൊന്നു. അങ്ങിനെ പള്ളിയില്‍ 32 പേര്‍ മരിച്ചു.

അടങ്ങാത്ത ബ്രിട്ടീഷ് വിരോധത്തിന്റെയും സ്വാതന്ത്ര്യ ദാഹത്തിന്റെയും പേരില്‍ മാത്രമല്ല, തങ്ങളുടെ സര്‍വസ്വവുമായ പള്ളിസംരക്ഷിക്കുക എന്ന ചുമതല നിര്‍വഹിക്കാനുള്ള സമരത്തില്‍ ആ പുണ്യാത്മാക്കള്‍ ജീവനൊടുക്കി.

പള്ളിയില്‍ വെച്ച് മരിച്ചു എന്ന് കരുതി പട്ടാളം ഉപേക്ഷിച്ച കൂട്ടത്തില്‍ മരിക്കാതെ ബാക്കിയായ പരശുരാമന്‍ കുന്നത്ത് ഉണ്ണ്യേന്‍ കുട്ടി(43), അധികാരത്ത് ആലിമമ്മദ് എന്നിവര്‍ പിന്നെയും വളരെകാലം ജീവിച്ചു. പള്ളിയുടെ വാതില്‍പൊളികളിലും ജനല്‍ അഴികളിലും ബ്രിട്ടീഷ് വെടിയുണ്ടകള്‍ കൊണ്ട പാടുകള്‍ ഇന്നും കാണാന്‍ സാധിക്കും. 1921ലെ കലാപം കാണിക്കുന്ന '1921'എന്ന ചലച്ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഇവിടെവന്ന് പാടുകള്‍ ഒപ്പിയെടുക്കാന്‍ ശ്രമം നടത്തിയത് ഒട്ടും നന്നായില്ല എന്നാണ് എന്റെ മനോഭാവം.

ലഹളക്കാര്‍ ഒതായിയിലെ പീടികയും പുരയും ചുട്ടുകൊള്ളയടിച്ച ശേഷം പാലപ്പറ്റ നടുവത്തേടത്ത് നമ്പൂതിരിപ്പാടിന്റെ കളവും കൊള്ളയടിക്കുകയുണ്ടായി. ഏലിയക്കോട് പാറക്കല്‍ പി.വി. മുഹമ്മദാജിയുടെ വീട് കൊള്ളയടിക്കാന്‍ ചെന്ന ലഹളക്കാര്‍ അവിടെ കാവല്‍ നിന്നിരുന്ന ചാലിയത്തറക്കല്‍ ഉണ്ണ്യാലവി എന്ന പാറാവുകാരെനെയും അവിടെയുണ്ടായിരുന്ന കുതിരയെയും കളത്തില്‍ കടവത്ത് കഴുത്തറ്റം വെള്ളത്തില്‍ ഇറക്കിനിറുത്തി. ഉണ്ണ്യാലവിയുടെ തലവെട്ടാന്‍ വാളോങ്ങി.

''നിങ്ങളെന്നെ കൊല്ലരുതേ! എന്തുവേണമെങ്കിലും തരാം. ഞാന്‍ നിങ്ങളുടെ കൂടെ വരാം. യുദ്ധത്തില്‍ പങ്കുങ്കുചേരാം. ഒരു തോക്കും കുറെ തിരകളും അവിടെയുണ്ട്. അതെടുത്ത് തരാം...'' എന്നൊക്കെ പറഞ്ഞു കരഞ്ഞു. തോക്ക് എന്ന് കേട്ടപ്പോള്‍ ലഹളക്കാര്‍ക്ക് കൊതി തോന്നി. ഉണ്ണ്യലവിയെയും കുതിരയെയും കരക്ക് കയറ്റി വീട്ടില്‍ കൊണ്ടുവന്നു. ഉണ്ണ്യലവി എടുത്തുകൊടുത്ത തോക്കും തിരകളും വാങ്ങി കുതിരയേയുംകൊണ്ട് ലഹളക്കാര്‍ പോയി.

തിരൂരങ്ങാടി പള്ളിയും മമ്പുറം പള്ളിയും ആക്രമിക്കുകയും മമ്പുറം സെയ്തലവി തങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്ത ബ്രിട്ടീഷ് പട്ടാളം, ഒതായി പള്ളി ആക്രമിക്കാന്‍ വന്നപ്പോള്‍ അവരോട് എതിര്‍ത്തു മരിക്കുകയല്ലാതെ പേടിച്ചു കീഴടങ്ങാന്‍ പാടില്ല എന്ന വിശ്വാസമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ആ വിശ്വാസത്തോടെ ധീരമായി പൊരുതി വീരമൃതു വരിച്ച യോദ്ധാക്കളുടെ പേരുവിവരം താഴെ ചേര്‍ക്കുന്നു.

ഈ ലഹള ഹിന്ദു-മുസ്‌ലിം ലഹളയാക്കി ബ്രിട്ടീഷുകാര്‍ ചിത്രീകരിച്ചു എന്നല്ലാതെ ഒരിക്കലും ഒരു വര്‍ഗീയ ലഹളയായിരുന്നില്ല. ജന്മി കുടിയാന്‍ വിരോധവും ബ്രിട്ടീഷുകാരോടുള്ള വിരോധവും ബ്രിട്ടീഷുകാരെ സഹായിക്കുന്നവരോടൂം പ്രകടിപ്പിച്ചു എന്നാണ് ശരി. വെള്ളപ്പട്ടാളം അവരുടെ മരിച്ച തലവനെയും എടുത്ത് എടവണ്ണയിലേക്ക് പോയി.

എടവണ്ണ ചോലക്കല്‍ വി.പി. ഉസ്സന്‍ കുട്ടി ഹാജിയുടെ വീട്ടുവളപ്പിന്റെ താഴ്ഭാഗത്ത് റൈറ്റ് സൈഡില്‍ ഒരു ശവകുടീരം ഉണ്ടാക്കി അവിടെ അടക്കം ചെയ്തു.(44)

ഒരു മുപ്പതുകൊല്ലം മുമ്പുവരെ പട്ടാള ബഹുമതിയോടുകൂടി തന്നെ അത് അവിടെ നിലകൊള്ളുകയുണ്ടായി. പിന്നീട് അത് പൊളിച്ചു. വള്ളുവമ്പുറത്തുണ്ടായിരുന്ന ഹിച്ച്‌കോക്കിന്റെ(45) ശവകുടീരത്തോടൊപ്പം ബ്രിട്ടനിലേക്ക് കൊണ്ടുപോയി എന്നാണ് അറിയുന്നത്.(46)

പട്ടാളം തിരിച്ചുപോയതിന് ശേഷം നാട്ടുകാര്‍ പള്ളിയില്‍ വന്ന് മരിച്ചവരെ ആ ശഹീദിന്റെ പദവിയില്‍തന്നെ കുളിപ്പിക്കാതെ മുറ്റത്ത് ഒരു കിടങ്ങ് കീറി, ഈ 32 പേരെയും നിരത്തിക്കിടത്തി കുറെ പായ മേലെയിട്ട് ഒന്നായി മറവുചെയ്യുകയാണുണ്ടായത്. ഒതായി പള്ളിയിലെ ശുഹദാക്കള്‍ക്ക് പല നേര്‍ച്ചകളും വളരെകാലം നടത്തിക്കൊണ്ടിരുന്നു.

അന്ന് ഒതായി പള്ളിയില്‍ മരിച്ചവരുടെ കണക്ക്:

1). പരശുരാമന്‍കുന്നത്ത് അത്താണിക്കല്‍ അത്തന്‍. 2). ടി. മകന്‍ ഉണ്ണിപ്പ. 3). പുത്തന്‍ പീടിക വാല്‍ക്കണ്ടത്തില്‍ പോക്കര്‍. 4). ടി. മകന്‍ കാസിം. 5). പയ്യിനി (പുള്ളിച്ചി പാത്തുമ്മ മകന്‍) അഹമ്മദ് കുട്ടി മുണ്ടേങ്ങര. 6). വലിയപറമ്പന്‍ വീരാന്‍കുട്ടി (ഉണ്ണിക്കമ്മദ് മൊല്ല മകന്‍). 7). വടക്കേതൊടിക അത്തന്‍. 8). നാലകത്ത് കരീം (വീരാന്‍ ഹാജിയുടെ വാപ്പ). 9). നാലകത്ത് മൊയ്തീന്‍. 10). നാലകത്ത് ചെറിയ മൊയ്തീന്‍. 11). നാലകത്ത് അഹമ്മദ് കുട്ടി. 12). അയ്ദറു എന്ന ഹൈദര്‍സ്. 13). താഴത്ത് പീടിയക്കല്‍ മൊയ്തീന്‍. 14). അയ്യന്‍ കുയ്യന്‍ രായിന്‍. 15). പനക്കല്‍ മമ്മോട്ടി. 16). പരശുരാമന്‍കുന്നത്ത് കോമു (കോമുകുട്ടി ഹാജിയുടെ വാപ്പ). 17). പരശുരാമന്‍ കുന്നത്ത് കോമുകുട്ടി. 18). ചൂണ്ടിയന്‍ മമ്മദ്. 19). ചൂണ്ടിയന്‍ കുഞ്ഞുമൊയ്തീന്‍ 20). മാരിയോടന്‍ അഹമ്മദ്കുട്ടി 21). പൊട്ടന്‍ചാലി ലവക്കുട്ടി. 22). വലിയപറമ്പന്‍ ഉണ്യേന്‍കുട്ടി. 23). കുപ്പച്ചാലി മോയിന്‍കുട്ടി (വേക്കോട്). 24). പാലോളി അലവി. 25). കപ്പച്ചാലി അലവി. 26). കടൂരന്‍ അലവി (മമ്മോട്ടിയുടെ സഹോദരന്‍). 27)കളത്തില്‍ ഐത്തുട്ടി. 28). കീശീരി വലിയ മോയിന്‍കുട്ടി. 29). പള്ളിപ്പറമ്പന്‍ ആലി (അഹമ്മതുട്ടിയുടെ വാപ്പ).

പള്ളിയില്‍ പട്ടാളത്തിന്റെ മര്‍ദനമേറ്റിട്ടും മരിക്കാതെ ബാക്കിയായവര്‍: 1. കറുത്ത കുഞ്ഞാലന്‍ 2. പി.കെ. ഉണ്ണ്യോന്‍കുട്ടി 3. അധികാരത്ത് ആലി മമ്മദ്.

റഫറന്‍സ്:

40. ഉര്‍ദുഭാഷ

41. ലഭ്യമായയും പ്രബലമായതുമായ തെളിവുകളോട് താരതമ്യം ചെയ്യുമ്പോള്‍ ഗ്രന്ഥകാരന്റെ ഈ അഭിപ്രായം തികച്ചും ശരിയല്ല.

42. ഒതായിലെ കബീര്‍ സലഫിയുടെ കുടുംബം

43. ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങള്‍ തകര്‍ന്നു പോയിരുന്നു. വിവാഹിതായിരുന്നുവെങ്കിലും കുട്ടികള്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഭൂമിയും താമസിച്ചിരുന്ന വീടും ഒതായി പള്ളിക്ക് വഖഫ് ചെയ്തു.

44. മലപ്പുറം ജില്ലയിലെ വള്ളുവമ്പുറത്തുണ്ടായിരുന്ന ഹിച്ച്‌കോക്ക് സായിപ്പിന്റെ പ്രതിമ സ്വാതന്ത്യസമര സേനാനികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായിരുന്നു. നാട്ടുകാരെ വേണ്ടുവോളം ദ്രോഹിച്ചിട്ടുള്ള ഹിച്ച്‌കോക്ക് എന്ന ബ്രിട്ടീഷ് സായിപ്പിന്റെ പ്രതിമ നീക്കംചെയ്യല്‍ രാജ്യസ്‌നേഹികളുടെ അഭിമാനത്തിന്റെ പ്രശ്‌നം കൂടി ആയിരുന്നു.

''ഹിച്ച് കോക്ക് സ്മാരം... പൊളിക്കണം, നീക്കണം...''

തുടങ്ങിയ ഈരടികള്‍ അക്കാലത്ത് വ്യാപകമായിരുന്നു. 1939ല്‍ മോങ്ങത്ത് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ സ്വദേശാഭിമാനികള്‍ യോഗംചേര്‍ന്ന് വള്ളുവമ്പുറത്തേക്ക് പ്രകടനമായി നീങ്ങി. എന്നാല്‍ പോലീസ് പ്രകടനക്കാരെ ലാത്തിവീശി തുരത്തി.

45. കോഴിക്കോട് ഡി.എസ്.പി

46. എടവണ്ണയും ഒതായിയും തമ്മില്‍ ബന്ധിക്കുന്ന സീതിഹാജി പാലത്തിന്റെ എതിര്‍വശം മഞ്ചേരി-നിലമ്പൂര്‍ റോഡിന്റെ സൈഡിലായിരുന്നു ഈ ആദ്യകാലത്ത് ഈ ശവകുടീരം നിലനിന്നിരുന്നത്. ഇന്ന് ആ ഭാഗത്തായി കാണുന്ന ബിസിനസ്സ് കോംപ്ലക്‌സിന്റെ പിന്‍ ഭാഗത്തായിരുന്നു ഇത്.