പ്രളയം ഒരു ഓര്‍മപ്പെടുത്തല്‍

സലാം സുറുമ എടത്തനാട്ടുകര

2019 ഒക്ടോബര്‍ 05 1441 സഫര്‍ 06

'വൈദ്യുതി കാലിന്റെ മുകളിലുള്ള കമ്പികളില്‍ പിടിച്ചാണ് ഞങ്ങള്‍ നീന്തിയിരുന്നത്. ഇടയ്ക്ക് വലിയ കമുകിന്റെയും തെങ്ങിന്റെയും തലപ്പുകള്‍ ഞങ്ങളുടെ കാലുകളില്‍ തട്ടിയിരുന്നു.''

ചാലിയാര്‍ പുഴ ഗതിമാറി ഒഴുകി നിലമ്പൂരിനെയാകെ വെള്ളത്തിലാഴ്ത്തിയ പ്രളയരാത്രിയില്‍ ചാരംകുളം പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പ്രദേശവാസിയായ ഒരു യുവാവിന്റെ ഈ വിവരണങ്ങള്‍ പ്രളയത്തിന്റെ മുഴുവന്‍ ഭീകരതയും ഞങ്ങളുടെ മനസ്സില്‍ നിറച്ചു.

എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്സ് സംഘവുമൊത്ത്തങ്ങളാലാവുന്ന ആശ്വാസമെത്തിക്കാനായി നിലമ്പൂരിലെ ദുരിതങ്ങള്‍ പെയ്തിറങ്ങിയ രണ്ട് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അന്വേഷിച്ചറിയുമ്പോഴാണ് യുവാവ് പ്രളയരാത്രിയെ മേല്‍വാചകങ്ങളിലൂടെ ഞങ്ങള്‍ക്ക് വിവരിച്ചു തന്നത്.

ചാലിയാര്‍ പുഴ ഒരു കിലോമീറ്ററോളം ഗതിമാറി ഒഴുകിയതിന്റെ ഫലമായി പട്ടികയും കഴുക്കോല്‍ കഷ്ണങ്ങളും മാത്രം ബാക്കിയാക്കി തകര്‍ന്നടിഞ്ഞുപോയ ചാരംകുളം ഭാഗത്തെ അസംഖ്യം മണ്‍വീടുകള്‍ വേദനിപ്പിക്കു കാഴ്ചയായിരുന്നു. വെള്ളത്തില്‍ ഒലിച്ചുവന്ന കുഴമ്പുരൂപത്തിലുള്ള ചെളിയില്‍ മുങ്ങി ഉപയോഗശൂന്യമായിപ്പോയവസ്ത്രങ്ങളും വീട്ടുപകരണങ്ങളും കിടക്കകളും സോഫകള്‍ അടക്കമുള്ള ഫര്‍ണിച്ചറുകളും മുറ്റത്തും പാതയോരങ്ങളിലും കൂട്ടിയിട്ടിരിക്കുന്നത് ഏതൊരാളുടെ മനസ്സിനെയും പിടിച്ചു കുലുക്കും.

നിരാശ ബാധിച്ച, മുഖത്ത് രക്തയോട്ടം നിലച്ച രൂപത്തിലുള്ള അനേകം മനുഷ്യരെ എല്ലായിടത്തും കണ്ടു. സംഭവിച്ചത് എന്താണെന്ന് അവരില്‍ ചിലര്‍ക്ക് വിശദീകരിക്കാന്‍ പോലും കഴിയുന്നില്ല. 'എല്ലാം ഒന്നില്‍ നിന്നും വീണ്ടും തുടങ്ങണ്ടേ''എന്ന ഒരു വൃദ്ധയുടെ ചോദ്യം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനായിശേഖരിച്ച വസ്തുക്കളുമായി അന്യജില്ലകളില്‍ നിന്നും വന്ന നിരവധി വാഹനങ്ങള്‍ കാണാനായി. പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും വിദ്യാര്‍ഥികള്‍ കൂട്ടമായെത്തി വീടുകളിലെ വൈദ്യുതിത്തകരാറുകള്‍ പരിഹരിച്ചു കൊടുക്കുന്നു. വീടുവീടാന്തരം കയറി ആരോഗ്യ പരിശോധനകള്‍ നടത്തി മരുന്നുകള്‍ വിതരണം ചെയ്യുന്ന സ്വകാര്യ ആശുപത്രി മെഡിക്കല്‍ ടീം, ആരോഗ്യ വകുപ്പിനുനുകീഴില്‍ ബ്ലീച്ചിംഗ് പൗഡര്‍ അടക്കമുള്ള അണുനാശിനികള്‍ വിതരണം ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, വീട്ടുകാര്‍ക്കൊപ്പം വീടുകള്‍ കഴുകി വൃത്തിയാക്കുന്ന യൂണിഫോം ഉള്ളതും ഇല്ലാത്തതുമായ അനേകം ചെറുപ്പക്കാര്‍, മണ്ണെണ്ണയൊഴിച്ച പമ്പുകളുമായെത്തി കിണറുകളിലെ വെള്ളം അടിച്ചുകളഞ്ഞ് വൃത്തിയാക്കിക്കൊടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, പിക്കപ്പ് വാനിലെത്തി വീടുകളിലേക്ക് ആവശ്യമായ കൊട്ടയും മുറവും അടക്കമുള്ള പ്ലാസ്റ്റിക്, അടുക്കള സാമഗ്രികള്‍ വിതരണം ചെയ്യുന്ന മറ്റൊരുരുസംഘം, പ്രളയത്തില്‍ നശിച്ചുപോയ ഇലക്ട്രോണിക് സാധനങ്ങള്‍ സൗജന്യമായി റിപ്പയര്‍ ചെയ്ത് കൊടുക്കുന്ന ടെക്‌നീഷ്യന്‍മാര്‍... പ്രളയ ദുരിതമകറ്റാന്‍ സര്‍വരും കൈകോര്‍ക്കുന്ന മനസ്സു നിറയുന്ന കാഴ്ചകള്‍ എല്ലായിടത്തുമുണ്ട്!

അരി, പഞ്ചസാര, മസാലപ്പൊടികള്‍, തേയില, ബ്രഡ്, അവില്‍, കുളിക്കാനും അലക്കാനുമുള്ള സോപ്പ്, സോപ്പു പൊടി, ടൂത്ത് ബ്രഷ്, പേസ്റ്റ്, പഠനോപകരണങ്ങള്‍ തുടങ്ങിയ അവശ്യസാധങ്ങള്‍ അടങ്ങിയ കിറ്റുകള്‍ നിലമ്പൂരിലെ ചാരംകുളം, കരിമ്പുഴ പ്രദേശങ്ങളില്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്തു മടങ്ങുമ്പോള്‍ എല്ലാം നഷ്ടപ്പെട്ട അവര്‍ക്ക് ഇത് കൊണ്ട് ഒന്നുമാകില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യമായിരുന്നു.

പ്രളയക്കാഴ്ചകള്‍ നമുക്ക് വലിയൊരുരു ഓര്‍മപ്പെടുത്തലാണ്. അനിയന്ത്രിതമായി ഭുമിയെ ചൂഷണം ചെയ്താല്‍ തിരിച്ചടി ശക്തമാകുമെന്ന ഓര്‍മപ്പെടുത്തല്‍. ദുരിതം പെയ്തിറങ്ങിയവര്‍ക്ക് ആശ്വാസം കോരിച്ചൊരിയണമെന്നും നമ്മളാരും സുരക്ഷിതരല്ലെന്നുമുള്ള ഓര്‍മപ്പെടുത്തല്‍.

വീട്ടുപകരണങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ ഏറെക്കുറെ എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ടാകും. എന്നാല്‍ ഭാഗികമായോ പൂര്‍ണമായോ വീട് തകര്‍ന്നവര്‍ ഏറെയുണ്ട്. സര്‍ക്കാരും മത, സാമൂഹിക, സന്നദ്ധ സംഘടനകളും ഒത്തൊരുമിച്ച് അവര്‍ക്കെല്ലാം സുരക്ഷിതമായി താമസിക്കാന്‍ സൗകര്യമൊരുക്കേണ്ടതുണ്ട്.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ബൃഹത്തായ ഒരു പദ്ധതി തന്നെ അതിനായി ആവിഷ്‌കരിച്ചിട്ടുണ്ട്. ദാനമായി സുമനസ്സുകള്‍ നല്‍കുന്ന വിലമതിക്കാനാകാത്ത സഹായം അല്‍പം പോലും പാഴാക്കാതെ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം എത്തിച്ചുകൊടുക്കുന്ന, സംഘടന നേരില്‍ തന്നെ ചുക്കാന്‍ പിടിക്കുന്ന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ താങ്കളും പങ്കാളിയാവുക.