ജുമുഅ ഖുത്വുബ മാതൃഭാഷയിലോ?

പി.വി ഉമര്‍കുട്ടി ഹാജി (റഹി)

2019 സെപ്തംബര്‍ 28 1441 മുഹര്‍റം 28

(ഏറനാട്ടിലെ ഓര്‍മകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും: 4)

(തയ്യാറാക്കിയത്: യൂസഫ്‌ സാഹിബ് നദ്‌വി )

തൃപ്പനച്ചിയില്‍ മറ്റൊരു കേസ്സ്

മുജാഹിദുകള്‍ക്ക് സ്വസ്ഥമായി ആരാധന നടത്തുവാന്‍ ഒരുപള്ളി വേണമെന്ന ആഗ്രഹം നീണ്ട പരിശ്രമത്തിലൂടെയും പലരുടെയും സഹായത്തോടു കൂടിയും 1973ല്‍ സഫലമായി. ജുമുഅ ആരംഭിച്ചു. തദ്ദേശീയരും മുന്‍പറഞ്ഞ മമ്മാറാന്‍ സാഹിബിന്റെ പെങ്ങളുടെ മകനുമായ അബ്ദുല്ലക്കുട്ടി മൗലവിതന്നെ ഖത്വീബായി. വെള്ളം മുക്കാനും ബാങ്ക് വിളിക്കാനും ഏല്‍പിച്ചത് ഒരു സുന്നിയെ ആയിരുന്നു. കാലക്രമത്തില്‍ അത് സുന്നികള്‍ക്ക് കയ്യേറ്റത്തിന് വഴിതെളിച്ചു.

ഖുത്വുബയിലെ പരാമര്‍ശങ്ങളെ ചോദ്യം ചെയ്ത് ഒരു വെള്ളിയാഴ്ച ജുമുഅക്ക് ശേഷം അടിപിടിയായി. ഒരു സുന്നിയുടെ ചെവി എതിര്‍ കക്ഷിയില്‍പെട്ട ആരോ കടിച്ചുമുറിച്ചു. ബഹളമായി. പോലീസ് കേസെടുത്തു. പള്ളിപൂട്ടി. തൃപ്പനച്ചിക്കാര്‍ വീണ്ടും എന്റെ അടുക്കല്‍ വന്നു. ഞാന്‍ കേസിനു വേണ്ടതു ചെയ്തശേഷം ഒരു നൂറ്റിഅമ്പത് കത്തുകള്‍ കേരളത്തില്‍ പ്രബലരായ മുജാഹിദു നേതാക്കള്‍ക്കയച്ചു. ഏടവണ്ണ മേത്തല്‍ എന്റെ വീട്ടില്‍ ഒരുയോഗം വിളിച്ചുകൂട്ടി. നൂറില്‍ അധികംപേര്‍ പങ്കെടുത്തു. തൃപ്പനച്ചിയിലെ എല്ലാ സ്ഥിതിഗതികളും വിവരിച്ചു കൊടുത്തു. കേരളാടിസ്ഥാനത്തില്‍ തന്നെ ശക്തമായി ശത്രുക്കളെ നേരിടേണ്ടതിന്റെ ആവശ്യകത ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ പലരും സഹായധനം നല്‍കാന്‍ ഏറ്റു. കേസ്സ് നടത്താന്‍ എന്നെതന്നെ ചുമതലപ്പെടുത്തി. എണ്ണൂറോളം ഉറുപ്പിക ആ യോഗത്തില്‍ വെച്ചുതന്നെ പിരിഞ്ഞു കിട്ടി.

അടുത്ത ദിവസം തൃപ്പനച്ചിയില്‍ ഒരു വിശദീകരണ യോഗം ചേര്‍ന്നു. കെ.പി.മുഹമ്മദ് മൗലവിയും ഡോ. ഉസ്മാന്‍ സാഹിബും ഞാനുമായിരുന്നു പങ്കെടുത്തവര്‍. ഞാന്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ച് ഒരു പ്രസംഗം എഴുതി വായിച്ചു. മൊല്ലാക്കയുടെ മയ്യിത്ത് മറമാടുന്ന പ്രശ്‌നത്തില്‍ അവര്‍ക്കുണ്ടായ പരാജയവും മറ്റും എന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഞാനവരെ ഓര്‍മപ്പെടുത്തി. തൃപ്പനച്ചിക്കാരല്ല നിങ്ങളെ നേരിടുന്നത്. കേരളത്തിലെ മുജാഹിദുകളാണ്. നിങ്ങള്‍ക്കുവേണ്ട എല്ലാ സഹായികളെയും ദൈവങ്ങളെയും നിങ്ങള്‍ സംഘടിപ്പിച്ചുകൊള്ളുക. ഞങ്ങള്‍ക്ക് അല്ലാഹു മതി. അല്ലാഹു മാത്രം മതി എന്ന് മൂന്നുവട്ടം ഉറക്കെ പറഞ്ഞുകൊണ്ട് ഞാന്‍ നിര്‍ത്തി.

ഒരുദിവസം അവര്‍ മസ്വ്‌ലഹത്തിനു വന്നു. കേസുകള്‍ എല്ലാം പിന്‍വലിച്ചുകൊള്ളാമെന്നേറ്റു. അതുപ്രകാരം കോടതിയില്‍ എഴുതിക്കൊടുത്തു. പള്ളി നമുക്ക് തുറന്നുതന്നു. അങ്ങനെ പെട്ടെന്ന് ആ പ്രകോപനരംഗം അല്ലാഹു അവസാനിപ്പിച്ചുതന്നു. കേസുകള്‍ തീര്‍ന്നതുകൊണ്ട് ഫണ്ട് പിരിവ് വേണ്ടെന്നുവെച്ചതായി മുമ്പ് മേത്തല്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം കത്തയക്കുകയും തന്ന പണം മടക്കി അയച്ചുകൊടുക്കുകയും ചെയ്തു.(24) അങ്ങനെ ആ രംഗം വിജയകരമായി കലാശിച്ചു (അല്‍ഹംദുലില്ലാഹ്).

കാരക്കുന്ന് കേസ്

കാരക്കുന്ന് പള്ളിയില്‍ ഖുത്വുബ മലയാളത്തില്‍ വേണമെന്നും അതല്ല അറബിയില്‍ തന്നെ വേണമെന്നുമുള്ള കാര്യത്തില്‍ തര്‍ക്കമായി. എന്നോട് ഒരു ദിവസം തഹസില്‍ദാര്‍, മഞ്ചേരി താലൂക്കാപ്പീസില്‍ ചെല്ലാന്‍ അറിയിച്ചു. അതനുസരിച്ച് ഞാനാദിവസം പത്തരമണി സമയത്ത് താലൂക്കാപ്പീസില്‍ കയറിച്ചെന്നപ്പോള്‍ സബ്കലക്ടര്‍ ഭരതാചാരിയും തഹസില്‍ദാര്‍ വാസുദേവ മേനോനും മറ്റുചിലരും അവിടെ തിരക്കിട്ട എന്തോ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നതാണ് കണ്ടത്. സബ്കലക്ടര്‍ കണ്ടയുടനെ അടുത്തേക്ക് വിളിച്ചു. എന്താണ്, എവിടെ പോകുന്നു എന്ന് അന്വേഷിച്ചു. പ്രത്യേകിച്ച് ഒന്നും ഇല്ല എന്ന് ഞാനും പറഞ്ഞു. എന്നാല്‍ സ്ഥലം വിട്ടുപോകരുത്, നിങ്ങള്‍ ഇവിടെ വേണം, കാരക്കുന്ന് പള്ളിയില്‍ എന്തോ സംഘട്ടനം നടക്കാന്‍ പോകുന്നുണ്ട് അവിടേക്ക് പോകണമെന്ന് പറയുകയും ചെയ്തു.

അല്‍പം കഴിഞ്ഞശേഷം എന്നോടും തഹസില്‍ദാരോടും സ്ഥലത്ത്‌പോയി നോക്കാന്‍ അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും എന്റെ കാറില്‍ സ്ഥലത്തു ചെന്നപ്പോള്‍ പള്ളിവളപ്പില്‍ ഗേറ്റുവരെ ആള്‍ക്കാര്‍ കൂടിനില്‍ക്കുന്നതു കണ്ടു. ഏതാണ്ട് അതുപോലെയുള്ള ഒരു ജനക്കൂട്ടം വടക്കുനിന്ന് തെക്കോട്ട് പള്ളിയിലേക്ക് വരുന്നതായും കണ്ടു. അവര്‍ ഒരു അമ്പതടി അടുത്തെത്തുമ്പോഴാണ് ഞങ്ങള്‍ അവിടെ എത്തിയത്. ഞാനുടനെ കാര്‍ മുമ്പോട്ട് അവരുടെ രണ്ട് കൂട്ടരുടെയും ഇടയില്‍ നിര്‍ത്തി. കാറില്‍നിന്ന് ഇറങ്ങി. വടക്കുനിന്ന് വരുന്നത് മുജാഹിദുകളായതുകൊണ്ട് അവരോട് അവിടെത്തന്നെ നില്‍ക്കണം, ഒരടി മുന്നോട്ട് വെക്കരുത് എന്ന് ധൈര്യത്തോടെ ഞാന്‍ പറഞ്ഞു. അവരെ അവിടെതന്നെ നിര്‍ത്തി തിരിച്ചു വന്നു. മറ്റുള്ളവരോടു അവിടെ നിന്നിറങ്ങി കുഴപ്പമുണ്ടാക്കരുതെന്നു പറഞ്ഞ് അവരെയും തടഞ്ഞുനിര്‍ത്തി.

അത്കഴിഞ്ഞ് അല്‍പം കഴിഞ്ഞപ്പോഴെക്കും സബ്കലക്ടറും ഒരു വാന്‍ പോലീസും എസ്.ഐയും സി.ഐ.യും എല്ലാം സ്ഥലത്തെത്തി. പോലീസ് രണ്ടുകൂട്ടരോടും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും പള്ളിപൂട്ടി സീല്‍വെക്കുകയും ചെയ്തു. ശേഷം രണ്ടു ഭാഗത്തുനിന്നും മുമ്മൂന്ന് പേരോട് അടുത്തുവരാന്‍ സബ്കലക്ടര്‍ പറഞ്ഞു. ഈ തര്‍ക്കം പാണക്കാട്ടെ തങ്ങളുടെ മുമ്പില്‍ വെച്ച് പറഞ്ഞു പരിഹരിക്കുന്നത് രണ്ടുകൂട്ടര്‍ക്കും സമ്മതമാണോ എന്ന് സബ്കലക്ടര്‍ അവരോട് ചോദിച്ചു. അങ്ങനെ മുജാഹിദു പക്ഷത്തുനിന്നും ഉമ്മര്‍കുട്ടി ഹാജി അധികാരിയുടെ നേതൃത്വത്തില്‍ മൂന്നാളും, സുന്നി പക്ഷത്ത്‌നിന്ന് അത്തന്‍മോയിന്‍ അധികാരിയുടെ നേതൃത്വത്തില്‍ മൂന്നാളുംകൂടി തങ്ങള്‍ മുഖേന കാര്യംപറഞ്ഞ് അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചു.

അങ്ങനെ അടുത്ത ഒരുദിവസം പാണക്കാട് രണ്ടുവിഭാഗക്കാരും കൂടി. രണ്ടു ഭാഗത്തുനിന്നും മൂന്നു പേരെ വീതം വിളിച്ചു. തങ്ങള്‍ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുജാഹിദ് പക്ഷത്തുനിന്ന് ഞാനും എം.ടി. അബ്ദുറഹ്മാന്‍ മൗലവി, അലി അക്ബര്‍ മൗലവി, സി. അഹ്മദുമായിരുന്നു. മറുപക്ഷത്ത്‌നിന്ന് അത്തന്‍ മോയീന്‍ അധികാരി കൂടാതെ മറ്റു രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. സംസാരം തുടങ്ങി ആദ്യമായിതന്നെ തങ്ങളോട്, രണ്ടുകൂട്ടരും തങ്ങളുടെ തീരുമാനം സമ്മതിക്കുമെന്ന് എഗ്രിമെന്റ് എഴുതി ഒപ്പിട്ടു വാങ്ങണം. എന്നിട്ട് മാത്രം തങ്ങള്‍ അതില്‍ ഇടപെട്ടാല്‍ മതിയെന്ന് അത്തന്‍ മോയിന്‍ അധികാരി പറഞ്ഞു. ഇവിടെ പാണക്കാട് തങ്ങളുടെ അടുക്കല്‍ വന്നത് തങ്ങള്‍ പറയുന്നത് കേള്‍ക്കുവാന്‍ വേണ്ടിയാണ്. തങ്ങള്‍ ഒരുതീരുമാനം എഴുതിയാല്‍ അതുവായിച്ച് നോക്കാതെ തന്നെ ഞങ്ങള്‍ ഒപ്പിട്ടു തരും, പിന്നെന്തിനാണ് ഏഗ്രിമന്റ് എന്ന് ഞാന്‍ ചോദിച്ചു. തങ്ങള്‍ അത് സമ്മതിച്ചു. ഏഗ്രിമന്റ് ആവശ്യമില്ലന്ന് പറഞ്ഞ് താഴെയിറങ്ങി ഏതാനും കാര്യങ്ങള്‍ അന്യോന്യം സംസാരിച്ച ശേഷം തങ്ങള്‍ വട്ടമേശക്ക് മുന്നില്‍ കസേരയില്‍ ഇരുന്ന് പ്രാര്‍ഥന നടത്തി. തങ്ങള്‍ അതിനിടക്ക് അഹമ്മദാജിയെ കണ്ടു. എഴുതിച്ച തീരുമാനം വായിച്ചു. അതില്‍ പറഞ്ഞത് വെള്ളിയാഴ്ച സമയമായാല്‍ ഇമാം മിമ്പറയുടെ താഴെ നിന്നുകൊണ്ട് മലയാളത്തില്‍ ഒരു പ്രസംഗം നടത്തുക. പിന്നെ മിമ്പറയില്‍ അറബിയില്‍ രണ്ടു ഖുതുബയും നടത്തുക എന്നതായിരുന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അന്യോന്യം ഒന്നുനോക്കി. ഞാന്‍ കീശയില്‍ നിന്ന് പേന എടുത്ത് തീരുമാനത്തിന്റെ താഴെ ഒന്നാം നമ്പരായി ഒപ്പിട്ടു. ശേഷം എം.ടി. അബ്ദുറഹ്മാന്‍ മൗലവിയോടും അലി അക്ബര്‍ മൗലവിയോടും ഒപ്പിടാന്‍ ഞാന്‍ പറഞ്ഞു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നെ അവരും ഒപ്പിട്ടു.

പിന്നീട് ഞാന്‍ എഴുനേറ്റ് വിനയത്തോടെ തങ്ങളെ അടുത്തേക്കു വിളിച്ചു. എം.ടിയും അലി അക്ബര്‍ മൗലവിയും കൂടെ ഉണ്ടായിരുന്നു. ഞാന്‍ അകത്തുനിന്ന് തങ്ങളോട് പറഞ്ഞു: 'തങ്ങള്‍ എന്തു തീരുമാനിച്ചാലും തീരുമാനത്തിനു താഴെ ഒപ്പിട്ടു തരാമെന്ന് കരാര്‍ ഉണ്ടായിരുന്നു. ആ കരാര്‍ പാലിച്ചുകൊണ്ടാണ് ഞങ്ങള്‍ ഈ തീരുമാനത്തില്‍ ഒപ്പിട്ടത്. അല്ലാഹുവിന്റെ റസൂല്‍ (മക്കത്തെ തങ്ങള്‍) വെള്ളിയാഴ്ച രണ്ടു ഖുത്വുബയാണ് നിശ്ചയിച്ചത്. പാണക്കാട്ടെ തങ്ങള്‍ മൂന്നാക്കി എന്നായിരിക്കും നാളെ ജനസംസാരം. അതുകൊണ്ട് ആ തീരുമാനം ഞങ്ങള്‍ക്ക് ഒരിക്കലും സ്വീകരിക്കാന്‍ നിവൃത്തിയില്ല എന്ന് കണ്ണീരൊഴുക്കിക്കൊണ്ട് ഞാന്‍ തങ്ങളോട് പറഞ്ഞു.

തങ്ങള്‍, പുറത്തിരുപ്പുണ്ടായിരുന്ന പൊന്മള മൊയ്തീന്‍ മുസ്‌ലിയാരോട് ചോദിക്കാമെന്ന് പറഞ്ഞ് അദ്ദേഹത്തെ അകത്തേക്ക് വിളിച്ചു. മൊയ്തീന്‍ മുസ്‌ലിയാരോട് വിവരം തങ്ങള്‍ പറഞ്ഞു. അദ്ദേഹം ഉടനെ പറഞ്ഞത് 'ഉമ്മര്‍ കുട്ടി ഹാജി പറഞ്ഞത് വളരെ ശരിയാണ്. അതാണ് ശരി. ഖുത്വുബ രണ്ടെണ്ണമേ പാടുള്ളു' എന്നായിരുന്നു. തങ്ങള്‍ പുറത്തിറങ്ങി ആദ്യത്തെ കസേരയില്‍ തന്നെ ഇരുന്നു. ഞങ്ങള്‍ ഞങ്ങളുടെ സീറ്റിലും ഇരുന്നു. തങ്ങള്‍ പ്രഖ്യാപിച്ചു: 'ഇന്നത്തെ തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ട്. അത് പണ്ഡിതന്മാരുടെ അഭിപ്രായം ആരാഞ്ഞ ശേഷമേ നടപ്പാക്കാന്‍ പറ്റുകയുള്ളു. മറ്റെന്നാള്‍ വെള്ളിയാഴ്ച ഖുത്വുബ പരിഭാഷയോടുകൂടിത്തന്നെ നടത്തട്ടെ. ഞാനും മൊയ്തീന്‍ മുസ്‌ലിയാരും പള്ളിയില്‍ വരാം. പരിഭാഷയോടുകൂടി മൊയ്തീന്‍ മുസ്‌ലിയാര്‍ ഖുത്വുബ നടത്തുന്നതാണ്. അതിനുശേഷം പിറ്റെ വെള്ളിയാഴ്ചക്ക് മുമ്പായി വീണ്ടും കൂടി ആലോചിച്ച് തീരുമാനം ഉണ്ടാക്കാം...'

ഞങ്ങള്‍ അന്ന് പിരിഞ്ഞു. പിറ്റെ ദിവസം ഞാനും എം.ടി.യും പാണക്കാട് ചെന്ന് വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് ചോറ്റിന് ദാറുസ്സലാമില്‍ കൂടാമെന്ന് വാപ്പ പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു. കുറെ ആലോചിച്ചശേഷം ഖുത്വുബ പരിഭാഷയോട് കൂടി നടത്തലും നിങ്ങളുടെ കൂടെ ഊണുകഴിക്കലും കൂടിയായാല്‍ എനിക്ക് ഇവിടെ നില്‍ക്കേണ്ടി വരില്ല. മമ്പാട്ട് ചോറു കരുതുമെന്ന് അധികാരി പറഞ്ഞിട്ടുണ്ട്. നമുക്ക് അങ്ങോട്ട് പോകാം. അടുത്ത വരവിന് അവിടെ വരാമെന്ന് വാപ്പയോട് പറയണമെന്നും പറഞ്ഞു.

മൂന്നാം ദിവസം വെള്ളിയാഴ്ച ഞങ്ങള്‍ കാരക്കുന്ന് പള്ളിയില്‍ വന്നു. ആദ്യബാങ്ക് കഴിഞ്ഞശേഷം തങ്ങള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: 'ഇന്ന് ഇവിടെ പള്ളിയില്‍ ഖുത്വുബ പരിഭാഷയോടുകൂടിയാണ് നടത്തുന്നത്. നാം എല്ലാവരും ശാഫിയാക്കളായ സുന്നികള്‍ ആണല്ലോ. ശാഫി ഇമാമിന്റെ മദ്ഹബ് ഖുത്വുബ മാതൃഭാഷയില്‍ ആവണമെന്നാണ്. അതനുസരിച്ച് ഖുത്വുബ പരിഭാഷയോടു കൂടിയാണ് നടത്തുന്നത്. മമ്പാട് ഖത്വീബ് കെ.പി.കെ. തങ്ങളെ ഖുത്വുബ നടത്തുവാന്‍ ഞാന്‍ ക്ഷണിക്കുന്നു.' കെ.പി.കെ. തങ്ങള്‍ മിമ്പറില്‍ കയറി. ബാങ്കു വിളിച്ചു. തങ്ങള്‍ അത്യുജ്ജലമായ രണ്ടു ഖുത്വുബ മലയാളത്തില്‍ നടത്തി. നാലഞ്ചുപേര്‍ വിഘടിച്ചു നിന്നു. നമസ്‌കാരത്തില്‍ പങ്കെടുത്തില്ല. ളുഹ്ര്‍ നമസ്‌കരിക്കുകയാണുണ്ടായത്.

അതില്‍പ്പിന്നെ വീണ്ടും പാണക്കാട് കൂടിയ സന്ധിസംഭാഷണത്തില്‍ തങ്ങള്‍ വിധിപറഞ്ഞത് പഴയ അടിസ്ഥാനത്തില്‍ 'മൂന്നുഖുത്വുബ'യായിരുന്നു. രണ്ടാംബാങ്കിന്റെ മുമ്പ് നടത്തുന്ന ഖുത്വുബ ജുമുഅ ഖുത്വുബയില്‍ പെടുകയില്ല എന്നതാണ് അതിന് തെളിവ് പറഞ്ഞത്. ഞങ്ങള്‍ക്ക് സ്വീകരിക്കാന്‍ സാധ്യമല്ല എന്നുപറഞ്ഞു ഞങ്ങള്‍ ഇറങ്ങിപ്പോന്നു.

തുടര്‍ന്ന് 145-ാം വകുപ്പ് പ്രകാരം പള്ളി പൂട്ടി. കസ്റ്റഡിയില്‍ എടുത്ത കേസ് എസ്.ടി.എം. കോടതിയില്‍ നടന്നു. കോഴിക്കോട് ആര്‍.ടി.ഒ. പള്ളി മുജാഹിദുകളുടെ കൈവശമാണ് ഉള്ളത് എന്നതുകൊണ്ട് അവര്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് വിധിച്ചു. പിന്നെ നീണ്ട 17 കൊല്ലം സിവില്‍കേസ് നടത്തി. അവസാനം പള്ളി മുജാഹിദുകളായ നമുക്കുള്ളതായി വിധികിട്ടി.(അല്‍ഹംദുലില്ലാഹ്).

എടവണ്ണ യതീംഖാന

1961ല്‍ എടവണ്ണയില്‍ ഒരു യതീംഖാന സ്ഥാപിതമായി. യതീംഖാന നിലനില്‍ക്കുന്ന സ്ഥലവും 5000 ഉറുപ്പികയും കൊടുത്തുകൊണ്ട് തച്ചറമ്പന്‍ കമ്മതാജിയാണ് തുടക്കമിട്ടത്. പി.വി. മുഹമ്മദാജി എട്ടര ഏക്ര കവുങ്ങിന്‍ തോട്ടം അതിലേക്ക് വഖഫ് ചെയ്തു. അത്തിക്കല്‍ അഹമ്മദ് കുട്ടി ഹാജി തിരുവാലിയില്‍ ഒന്നര ഏക്ര നിലവും യതീംഖാനക്ക് കൊടുത്തു. വേറെയും ചില്ലറ വഖഫുകളെല്ലാം കിട്ടിയിട്ടുണ്ട്. ജെ.ഡി.റ്റി. ഇസ്‌ലാം അനാഥശാലയുടെ ഒരു ശാഖയായിക്കൊണ്ടാണ് തുടങ്ങിയത്. അന്ന് ജെ.ഡി.റ്റി. സെക്രട്ടറി മുഹമ്മദ് അസ്‌ലം സാഹിബായിരുന്നു.

എടവണ്ണയില്‍ യതീംഖാനക്ക് ജെ.ഡി.റ്റി.യെ സഹായിക്കാന്‍ ഒരു ഉപദേശക സമിതിയായിരുന്നു അന്നുണ്ടായിരുന്നത്. ആ സമിതിയില്‍ അത്തിക്കല്‍ അഹമ്മദ് കുട്ടി ഹാജി, പി.വി. മുഹമ്മദാജി, പി.വി. ഉമ്മര്‍കുട്ടി ഹാജി, പി. സീതിഹാജി, എ. അലവിഹാജി ഇവരായിരുന്നു അംഗങ്ങള്‍.

1970ല്‍ യതീംഖാന നടത്തിപ്പ് നേരിട്ട്തന്നെ ആവണം എന്ന നിലക്ക് എടവണ്ണയില്‍ ഒരു കമ്മറ്റി രൂപംകൊണ്ടു. ആ കമ്മറ്റിയില്‍ അത്തിക്കല്‍ അഹമ്മദ് കുട്ടി ഹാജി പ്രസിഡന്റും പി.വി. മുഹമ്മദാജി സെക്രട്ടറിയും കറസ്‌പോണ്ടറും, വൈസ്പ്രസിഡന്റായി പി.വി. ഉമ്മര്‍കുട്ടി ഹാജിയുമായിരുന്നു. 1972ല്‍ കമ്മറ്റിക്ക് വേണ്ടി ഒരു ബൈലോ ശരിയാക്കി രജിസ്റ്റര്‍ ചെയ്തു. 1972ല്‍ മുഹമ്മദാജി മരിച്ചപ്പോള്‍ എന്നെ ജനറല്‍ സെക്രട്ടറിയും കറസ്‌പോണ്ടറുമായി തെരഞ്ഞെടുത്തു. ഇതുവരെ ആ നിലയില്‍ തന്നെ തുടര്‍ന്ന് പോകുന്നു.

1961ല്‍ ഒരു പഴയ കെട്ടിടത്തില്‍ അമ്പതില്‍ താഴെ വിദ്യാര്‍ഥികളെ ചേര്‍ത്ത് നടത്തിപ്പോന്നു. ഈ സ്ഥാപനത്തില്‍ ഇന്നു 252 അന്തേവാസികള്‍ ഉണ്ട്.(25) വിശാലമായ ഏഴു കെട്ടിടങ്ങളും ആധുനിക സജ്ജീകരണങ്ങളും ഉണ്ട്. വഖഫ് സ്വത്തുക്കള്‍ക്കു പുറമെ ഏതാനും കവുങ്ങിന്‍ തോട്ടങ്ങളും വാങ്ങിയിട്ടുണ്ട്. നാലര ഏക്ര റബര്‍, ടാപ്പിംഗ് തുടങ്ങാറായിട്ടുണ്ട്.

കുട്ടികള്‍ പഠനത്തിലും കായിക വിനോദ രംഗങ്ങളിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. സ്റ്റേറ്റ് ലെവലിലും ജില്ലാ ലെവലിലും ധാരാളം ഷീല്‍ഡുകളും കപ്പുകളും കീര്‍ത്തി മുദ്രകളും വാങ്ങാന്‍ നമ്മുടെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്.

യതീംഖാനയോട് അനുബന്ധിച്ച് ഒരു നഴ്‌സറി സ്‌കൂളും നടത്തുണ്ട്. 1990 മുതല്‍ നടത്തിവരുന്ന നഴ്‌സറി സ്‌കൂള്‍ 1992ല്‍ ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളാക്കി നന്നായി കൊണ്ടുപോകുന്നു. 1992ല്‍ 102 കുട്ടികള്‍ ഉണ്ടായിരുന്നു. അവരില്‍ സ്‌കൂള്‍ പ്രായം എത്തിയ ഏതാനും കുട്ടികള്‍ ഇവിടെനിന്നും വിട്ടുപോയി. ഈ കൊല്ലം എല്‍.കെ.ജി.യില്‍ 35 ഉം യു.കെ.ജി.യില്‍ 50 കുട്ടികളുമാണുള്ളത്.

കുട്ടികളെ കൊണ്ടുവരാനും കൊണ്ടുപോകാനും വേണ്ടി ഒരു വാന്‍ സ്വന്തമായി വിലക്കുവാങ്ങി ഓടിക്കൊണ്ടിരിക്കുന്നു.

റഫറന്‍സ്:

24. മുന്‍ഗാമികളുടെ കണിശതയും സൂക്ഷ്മതയും വെളിവാക്കുന്ന

   നടപടികള്‍

25. 1989 ജനുവരി (അവസാനിച്ചില്ല)