ജാമിഅ: നദ്‌വിയ്യ: പിറക്കുന്നു

പി.വി ഉമര്‍കുട്ടി ഹാജി (റഹി)

2019 ഒക്ടോബര്‍ 05 1441 സഫര്‍ 06

(ഏറനാട്ടിലെ ഓര്‍മകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും: 5)

(തയ്യാറാക്കിയത്: യൂസഫ്‌ സാഹിബ് നദ്‌വി )

ജാമിഅ നദ്‌വിയ്യ

മലയാളത്തില്‍ ഖുത്വുബ നടത്താന്‍ പറ്റുന്ന പണ്ഡിതന്മാരുടെ അഭാവം, നിലവിലുണ്ടായിരുന്ന പണ്ഡിതന്മാരുടെ വിയോഗം; പ്രായാധിക്യം, കെ.എം.മൗലവി, പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവി, കെ.കെ.എം.ജമാലുദ്ദീന്‍ മൗലവി, വാണിയമ്പലം കമ്മു മൗലവി, എം.സി.സി. മൗലവിമാര്‍ പോലെയുള്ള ഉന്നത പണ്ഡിതന്മാരുടെ വേര്‍പാട് ഇതുകള്‍ മുജാഹിദു നേതാക്കന്മാരുടെയും പണ്ഡിതന്മാരുടെയും കണ്ണുകള്‍ തുറപ്പിച്ചു. നിലവിലുള്ള പണ്ഡിതന്മാരുടെ പിറകെ ആ രംഗം നികത്തുവാന്‍ ഒരു പിന്‍തലമുറ കെട്ടിപ്പെടുക്കേണ്ടതിന്റെ ആവശ്യകത നേതാക്കളെ ഇരുത്തി ചിന്തിപ്പിച്ചു. പല കൂടിയാലോചനാ യോഗങ്ങളും നടന്നു.

1964 ജൂണ്‍ മാസത്തില്‍ പട്ടാളപ്പള്ളിയുടെ മുകളില്‍(26) എ.അലവി മൗലവിയും എ.കെ. അബ്ദുല്ലത്തീഫ് മൗലവിയും കൂടി കേരളത്തില്‍ ഉടനീളമുള്ള പ്രധാന പണ്ഡിതന്മാരെയും നേതാക്കളെയും ക്ഷണിച്ചുകൊണ്ടുള്ള ഒരുയോഗം സംഘടിപ്പിച്ചു. ആ യോഗത്തില്‍ വെച്ചാണ് ജാമിഅ നദ്‌വിയ്യ രൂപംകൊണ്ടത്. ആ യോഗത്തില്‍ ഞാന്‍ പങ്കാളിയായിരുന്നു. എവിടെ തുടങ്ങണമെന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളും പൊന്തിവന്നു. വയനാട്ടില്‍ തുടങ്ങുകയാണെങ്കില്‍ ആവശ്യമുള്ള സ്ഥലവും പതിനായിരം ഉറുപ്പികയും തരാമെന്നു പിണങ്ങോട്ടു മമ്മുസാഹിബ് പറഞ്ഞു. എടവണ്ണയില്‍ തന്നെ ആയിരിക്കണമെന്ന് അലവി മൗലവിയും പറഞ്ഞു. എടവണ്ണയില്‍ തുടങ്ങുകയാണെങ്കില്‍ അതിനു വേണ്ടുന്ന സ്ഥലം കണ്ടെത്താന്‍ അലവി മൗലവിയെ തന്നെ ചുമതലപ്പെടുത്തിക്കൊണ്ടാണ് യോഗം പിരിഞ്ഞത്. ഈ യോഗത്തിലും തുടര്‍ന്നുള്ള യോഗത്തിലും ഞാന്‍ ആദ്യന്തം പങ്കെടുക്കാറുണ്ടായിരുന്നു.

ജാമിഅക്ക് വേണ്ട സ്ഥലം കിട്ടാന്‍ അത്തിക്കല്‍ അഹ്മദ്കുട്ടി ഹാജി സാഹിബിനെ ആദ്യമായി സമീപിച്ചതും ഞാന്‍ തന്നെയായിരുന്നു. 1964ല്‍ എടവണ്ണ ചെറിയ പള്ളിക്കല്‍ വെച്ച് ഒ.ടി.കുഞ്ഞിപ്പക്കി സാഹിബ്, ചീഫ് എഞ്ചിനിയര്‍ കുട്ട്യാമു സാഹിബ് ഇവരുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ കോളേജിന്റെ പ്രവര്‍ത്തനം ഉത്ഘാടനം ചെയ്തു.

1964ല്‍ ആരംഭിച്ച ട്രസ്റ്റില്‍ ഞാന്‍ തുടക്കം മുതല്‍ ട്രസ്റ്റംഗമായിരുന്നു. 1968വരെ ട്രസ്റ്റംഗമായും 1968 മുതല്‍ 74 കൂടിയ കാലങ്ങളില്‍ ട്രസ്റ്റിയായും 1974മുതല്‍ 83കൂടിയ കാലം ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1983 മുതല്‍ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചുവരുന്നു.

ലജ്‌നത്തുല്‍ ഇസ്വ്‌ലാഹ്, എടവണ്ണ

അത്തിക്കല്‍ അഹ്മദ് കുട്ടി ഹാജി ലജ്‌നത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. അദ്ദേഹത്തിനു ശേഷം ഒരു കൊല്ലം ഞാന്‍ പ്രസിഡന്റായി. പിന്നെ രാജിവെച്ചു.

ഡോ. ഗഫൂര്‍ മെമ്മോറിയല്‍ എം.ഇ.എസ്. മമ്പാട് കോളേജ്

മമ്പാട് കോളേജ് സ്ഥാപിച്ചത് 1965ലാണ്. സി.എന്‍.അഹ്മദ് മൗലവിയും അത്തന്‍മോയിന്‍ അധികാരിയുമാണ് അതിന്റെ ശില്‍പികള്‍. കോളെജ് പ്രവര്‍ത്തനത്തിന് രൂപീകരിച്ച ഏറനാട് എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ ആദ്യപ്രസിഡന്റ് സി.എന്‍. അഹ്മദ് മൗലവിയും സെക്രട്ടറി അത്തന്‍ മോയിന്‍ അധികാരിയും ആയിരുന്നു.

അംഗങ്ങള്‍: 1. അത്തിക്കല്‍ അഹ്മദ് കുട്ടി ഹാജി, 2. പി.വി.മുഹമ്മദ് ഹാജി, 3. എം.പി.എം. അഹ്മദ് കുരിക്കള്‍, 4. കൊരമ്പയില്‍ അഹ്മദ് ഹാജി, 5. കെ.ടി.കുഞ്ഞാന്‍, 6. എം.കെ.ഹാജി എന്നിവരായിരുന്നു.

കോളെജിനുവേണ്ടി 25 ഏക്ര സ്ഥലം അത്തന്‍മോയിന്‍ അധികാരി സംഭാവന ചെയ്തു. മാത്രമല്ല, കോളെജിന് വേണ്ടുന്ന മറ്റുപല സൗകര്യങ്ങളും അധികാരി ഏര്‍പ്പെടുത്തിക്കൊടുത്തിട്ടുണ്ട്. റബ്ബര്‍ വെച്ച 40 ഏക്ര സ്ഥലവും അത്തന്‍മോയിന്‍ അധികാരി കൈക്ക് കിട്ടിയതാണ്. കോളെജ് ആദ്യം തുടങ്ങിയതും അധികാരിയുടെ മമ്പാട്ടുള്ള യു.പി.സ്‌കൂളില്‍ വെച്ചായിരുന്നു. പിന്നീട് അധികാരി കൊടുത്ത പറമ്പില്‍ അധികാരി ഉണ്ടാക്കിയ ബില്‍ഡിംഗിലേക്ക് മാറ്റി.

ഏറനാട് എഡ്യുക്കേഷണല്‍ ട്രസ്റ്റ് സാമ്പത്തികമായി വളരെ വിഷമിച്ചുകൊണ്ടാണ് പ്രവര്‍ത്തനം മുമ്പോട്ടു കൊണ്ടുപോയിരുന്നത്. ആദ്യം സി.എന്‍.അഹ്മദ് മൗലവിയായിരുന്നു പ്രസിഡന്റ്. പിന്നെ പാണക്കാട് പൂക്കോയ തങ്ങള്‍ പ്രസിഡന്റായി. 1969ല്‍ എം.ഇ.എസ്സിന് ഏല്‍പിച്ചുകൊടുക്കാന്‍ തീരുമാനിച്ചു.

ഏറ്റെടുക്കുന്ന കാര്യത്തില്‍ എം.ഇ.എസ്സില്‍ പൂര്‍ണ യോജിപ്പുണ്ടായിരുന്നില്ല. ഗഫൂര്‍ സാഹിബിന്റെ ധീരമായ നടപടികൊണ്ടാണ് എം.ഇ.എസ്. ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

1,23,000 ഉറുപ്പിക കടത്തോടുകൂടിയാണ് കോളെജ് എം.ഇ.എസ്. ഏറ്റെടുത്തത്. എം.ഇ.എസ്. ഏറ്റെടുത്ത് രൂപീകരിച്ച ആദ്യ കമ്മറ്റി 1969ല്‍ എന്നെ പ്രസിഡന്റായി തെരെഞ്ഞെടുത്തു. ആദ്യയോഗം മഞ്ചേരി ഹൈസ്‌ക്കൂളിലാണ് കൂടിയത്.

ഒരു കൊല്ലം കൊണ്ട് സര്‍വ്വശക്തനായ റബ്ബിന്റെ സഹായത്താല്‍ കടങ്ങളെല്ലാം തീര്‍ന്നു. ഒരു ലൈബ്രറി കെട്ടിടത്തിന്റെ പണിയും തീര്‍ത്തു. അടുത്തകൊല്ലം മൂന്നുലക്ഷം ഉറുപ്പികയുടെ എസ്റ്റിമേറ്റില്‍ ലേബട്രിക്ക് ഒരു കെട്ടിടവും മൂന്നുലക്ഷം ഉറുപ്പികയുടെ എസ്റ്റിമേറ്റില്‍ ഒരു ലേഡീസ് ഹോസ്റ്റലും പണിതീര്‍ത്തു. ആയിടക്ക് ഒരു വിമെന്‍സ് ഹോസ്റ്റല്‍ കെട്ടിടം എന്റെ വാപ്പ മുഹമ്മദാജി മെമ്മോറിയലായും ഞാന്‍ പണികഴിപ്പിച്ചു കൊടുത്തു. കോളെജിലേക്കു ചെല്ലുമ്പോള്‍ ആദ്യമായി കാണുന്ന മെയിന്‍ ബില്‍ഡിംഗ് 1985ല്‍ അഞ്ചു ലക്ഷം ഉറുപ്പിക ചിലവില്‍ നിര്‍മിച്ചതാണ്.

കോളെജിന്റെ അന്തസ്സ് കാണിക്കുന്ന ഒരു ഗൈറ്റ് വി.പി. തൃമ്മതി ഉണ്ടാക്കി തന്നിട്ടുണ്ട്. വിശാലമായ ഒരു പള്ളിയും അത്തന്‍ മോയിന്‍ അധികാരി ഉണ്ടാക്കിത്തന്നതില്‍ പെട്ടതാണ്.

ഒരു സമുദായ സ്‌നേഹി, കെ.പി.ഹസ്സന്‍ ഹാജി മുഖേന നല്‍കിയ പണം കൊണ്ട് പള്ളിയുടെ മുന്‍ഭാഗം ഭംഗിയുള്ള രീതിയില്‍ മോഡിഫിക്കേഷന്‍ വരുത്തിയിട്ടുണ്ട്.

ഇപ്പോള്‍ 12 ക്ലാസ് റൂമുകളുള്ള ഒരു മൂന്നുനില കെട്ടിടം 12 ലക്ഷം ഉറുപ്പിക എസ്റ്റിമേറ്റില്‍ പണിനടക്കുന്നുണ്ട്. മൂന്ന് ലക്ഷം രൂപ എസ്റ്റിമേറ്റില്‍ മറ്റൊരു ലേഡീസ് ഹോസ്റ്റലിന്റെ പണിയും നടക്കുന്നുണ്ട്. 5 ലക്ഷം ഉറുപ്പികയുടെ എസ്റ്റിമേറ്റില്‍ യു.ജി.സി.യുടെ സഹായത്തോടെ ഒരു സ്റ്റേഡിയത്തിന്റെ പണി ആരംഭിക്കുവാന്‍ പോവുകയാണ്.

40 ഏക്ര സ്ഥലത്ത് റബ്ബര്‍ വെച്ചത് ടാപ്പിംഗ് നടക്കുന്നുണ്ട്. ഇതൊക്കെ പറയുമ്പോള്‍ അതുകള്‍ എന്റെ നേട്ടമായി പറയുകയാണെന്ന് ധരിക്കരുത്. എല്ലാം ചെയ്യുന്നത് പ്രിന്‍സിപ്പാളും മാനേജിംഗ് കമ്മറ്റിയുമാണ്. എല്ലാം എം.ഇ.എസ്.ന്റെയും മാനേജിംഗ് കമ്മറ്റിയുടെയും നേട്ടം മാത്രമാണ്.

1969ല്‍ വലിയ കടത്തോടു കൂടി ഏറ്റെടുത്ത ഈ സ്ഥാപനം ഇന്ന് ലക്ഷക്കണക്കിന് ഉറുപ്പികയുടെ ആസ്തിയുള്ള ഒരു വലിയ സ്ഥാപനമായി ഉയര്‍ത്താന്‍ എം.ഇ.എസ്.ന്റെ ഭാരവാഹികളായ ഞങ്ങള്‍ക്ക് കഴിവുനല്‍കിയ സര്‍വ്വശക്തനായ അല്ലാഹുവിനെ സ്തുതിക്കുന്നു. ഇന്ന് 4 പി.ജി. കോഴ്‌സുള്ള ഏറ്റവും ഉന്നതമായ കോളെജുകളില്‍ ഒന്നാണ് മമ്പാട് കോളെജ്.

1969മുതല്‍ 1993ല്‍ ഇതുവരെ പ്രസിഡന്റായി തുടരാന്‍ തൗഫീഖ് നല്‍കിയ അല്ലാഹുവിന് വീണ്ടും സ്തുതി.

ഒതായി പ്രദേശത്തിന്റെ കിടപ്പ്

ഇന്നത്തെ ഒതായി, കിഴക്കെ ചാത്തല്ലൂര്‍, പടിഞ്ഞാറെ ചാത്തല്ലൂര്‍ എല്ലാ കാര്യങ്ങളിലും ഒരു മഹല്ലായി നിന്നിരുന്നു. ആ ഒതായിയാണ് ഇന്നെന്റെ ധാരണയിലുള്ളത്. മൂന്നുഭാഗവും വന്‍മരങ്ങളാല്‍ നിബിഢമായ കറുത്തുപുകയുന്ന മലകളാലും ഒരു ഭാഗം കളകളാരവത്തോടെ പടിഞ്ഞാട്ട് കുതിച്ചോടിക്കൊണ്ടിരിക്കുന്ന ചാലിയാര്‍ പുഴയാലും ചുറ്റപ്പെട്ടുകിടന്നിരുന്ന ഒരു പ്രദേശമാണ് ഒതായി. വര്‍ഷകാലത്ത് നാടിന്റെ ഇതരഭാഗങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുപോകുന്ന ഒരു പ്രദേശമായിരുന്നു ഇത്. 1986ല്‍ അരീക്കോട്, തിരട്ടമ്മല്‍ പാലങ്ങള്‍ വന്നപ്പോഴാണ് ചെറിയതോതിലായാലും ഒരു മാറ്റമുണ്ടായത്.

ജനങ്ങള്‍

പഴയകാലത്ത് ചെട്ടികളും(27) ആര്യസന്തതികളും(28) തിങ്ങിതാമസിച്ചിരുന്നു. മിക്ക പറമ്പുകളിലും വലിയ വെട്ടുകല്‍ പടവുകള്‍ കാണുന്നുണ്ട്. കുറെ അമ്പലങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. പരശുരാമന്‍ കുന്നത്ത് എന്ന പേരില്‍ ഒരു വലിയ കുടുംബംതന്നെ ഈ പ്രദേശത്തുണ്ട്. ചെക്കുന്നന്‍ മലയുടെ മുകളില്‍ ഈ അടുത്തകാലത്ത് വരെ നായ, നരി, സിംഹം, പശു എന്നിവയുടെ ധാരാളം പ്രതിഷ്ഠയുണ്ടായിരുന്നു. നായാട്ടുകാരും ഒരങ്കോല്‍(29), കുടക്കാല്‍ പണിക്കാരും ആ വഴിക്ക് പോകുമ്പോള്‍ ചില പ്രതിമകള്‍ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇതുകൊണ്ട് മനസ്സിലാവുന്നത് മുമ്പ് ജനങ്ങള്‍ തിങ്ങിത്താമസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു ഇത് എന്നാണ്. ഇന്നു പലരും ഇംഗ്ലീഷ് പദങ്ങള്‍ കൂട്ടി മലയാളം സംസാരിക്കുന്നത് പോലെ തമിഴ് കൂട്ടിക്കലര്‍ത്തി സംസാരിക്കുന്ന ശൈലിയായിരുന്നു അന്നുണ്ടായിരുന്നത്. തമിഴുമായി ഇഴുകിച്ചേര്‍ന്ന് ജനങ്ങള്‍ മലയാള ഭാഷക്ക് തന്നെ തമിഴുചുവ നല്‍കിയിരുന്നു. ഏഴ്(ഏള്), എഴുപത്(ഏഗ്ഗത), പഴം(പളം), കഴുത(കളുത), കിഴവന്‍(കിളവന്‍), വെള്ളം(തണ്ണീര്‍) എന്നിങ്ങനെയായിരുന്നു സംസാര ശൈലി.

എന്നാല്‍ 1920ന് ശേഷം മുസ്‌ലിംകള്‍ക്ക് പുറമെ ഒരു നമ്പൂതിരി കുടുംബവും ഒരു എഴുത്തച്ചന്‍ കുടുംബവും കുറെ കുശവന്മാരും മാത്രമെ ഇവിടെ ഉണ്ടായിരുന്നുള്ളൂ. മേനോന്‍ കുടുംബവും എഴുത്തച്ചന്‍ കുടുംബവും ഈ നാട്ടുകാരായിരുന്നില്ല. ഹരിജനങ്ങളും ഈഴവരും ചാത്തല്ലൂരിലും ഒതായിയിലും അന്നും ഇന്നും ഉണ്ട്. പാലക്കല്‍ ഇല്ലത്ത് നമ്പൂതിരിയുടേതാണ് നമ്പൂതിരി കുടുംബം. അവര്‍ക്ക് ഒന്നുരണ്ട് അമ്പലങ്ങള്‍ ചാത്തല്ലൂരില്‍ ഇന്നും നിലവില്‍ ഉണ്ട്. ഈ നമ്പൂതിരി കുടുംബം വിളയില്‍ പറപ്പൂര്‍ ദേശക്കാരാണ്.

ചാത്തല്ലൂരില്‍ ഉള്ള നായന്മാരുടെ സ്വഭാവവും പെരുമാറ്റവും അന്നും ഇന്നും ഏറ്റവും മെച്ചപ്പെട്ടതാണ്. ഒരൊറ്റ കളവുകേസോ, മറ്റു ദുര്‍നടപടികളോ അവരുടെ ഭാഗത്തുനിന്നും അടുത്തകാലത്ത് വരെ ഉണ്ടായിട്ടില്ല എന്നാണ് എന്റെ ഓര്‍മ. ഈ ലേഖകന്‍ ഈ നാട്ടില്‍ 35 കൊല്ലം അധികാരി(30)യായിട്ടുകൂടി പ്രവര്‍ത്തിച്ചതിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നത്. മുന്‍കാലത്ത് മുസ്‌ലിംകളുടെ ഉറ്റ സുഹൃത്തുക്കളും വിശ്വസ്ത സേവകരും നായന്മാരായിരിരുന്നു. എന്റെ ഉപ്പാപ്പ ഉമ്മര്‍ ഹാജി എന്നവരുടെ റിക്കാര്‍ഡുകള്‍ പരിശോധിക്കുമ്പോള്‍ പൂളക്കല്‍ കുടുംബത്തിന്റെയും ചിലപൊതിയന്‍ കുടുംബത്തിന്റെയും പേരിലുള്ള ബിനാമി ആധാരങ്ങള്‍ കാണുന്നുണ്ട്. പൂളക്കല്‍ വലിയ കുഞ്ഞന്‍ നായര്‍, പൂളക്കല്‍ വലിയ അപ്പുനായര്‍, പൊതിയില്‍ കുഞ്ചന്‍നായര്‍ എന്നിവരുടെയും മറ്റും പേരില്‍ പല സ്വത്തുക്കളും ബിനാമി ആയി വെച്ചിരുന്നു.

ഉമര്‍ഹാജിയുടെ കണക്കപ്പിള്ള തൃക്കളങ്ങോട്ടുകാരന്‍ കേശവന്‍നായര്‍ എന്ന ഒരാളായിരുന്നു. അദ്ദേഹത്തിന്റെ കയ്യക്ഷരത്തിലുള്ള പലകണക്ക് പുസ്തകങ്ങളും രേഖകളും ഇന്നും ഈ ലേഖകന്റെ കയ്യിലുണ്ട്.

ഹിന്ദുക്കളും മുസ്‌ലിംകളും ജാതിമത വ്യത്യാസമില്ലാതെ എല്ലാ കല്യാണങ്ങളിലും അടിയന്തരാദികളിലും പങ്കെടുക്കുകയും സുഖക്കേടായാല്‍ അന്യോന്യം സഹായിക്കുകയും ആശുപത്രിയിലേക്കോമറ്റോ എടുത്തുകൊണ്ടുപോകേണ്ടി വന്നാല്‍ ഹിന്ദുവിനെ മുസല്‍മാനും മുസല്‍മാനെ ഹിന്ദുവും വകതിരുവില്ലാതെ ഏറ്റിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ജാതി ചിന്തയില്ലാതെ ഒരൊറ്റ കുടുംബത്തിലെ അംഗങ്ങളെപ്പോലെ സുഖദുഃഖങ്ങള്‍ പങ്കിട്ടുകൊണ്ടാണവര്‍ കഴിഞ്ഞിരുന്നത്. അതുകാരണം പല ഹിന്ദു കുടുംബങ്ങളും ഇസ്‌ലാംമതം സ്വീകരിക്കകൂടി ചെയ്തിട്ടുണ്ട്. അങ്ങിനെ നല്ലൊരു വിഭാഗം ആള്‍ക്കാര്‍ ഇസ്‌ലാമായി. പുതിയ മുസ്‌ലിമെന്നും പഴയ മുസ്‌ലിമെന്നും വ്യത്യാസമില്ലാതെ വിവാഹബന്ധം നടത്തിയും മറ്റ് നിലക്കും സൗഹാര്‍ദത്തില്‍ കൂട്ടുകുടുംബമായി കഴിഞ്ഞുകൂടുന്ന സുന്ദരമായ ഒരന്തരീക്ഷമാണ് ഈ നാട്ടിലുള്ളത്.

റഫറന്‍സ്:

26. കോഴിക്കോട്

27. ഹിന്ദുക്കള്‍

28. നായന്മാര്‍

29. വാഴക്ക് ഊന്നായി നല്‍കുന്ന മുളകളും മറ്റും ഉപയോഗിച്ചുള്ള താങ്ങ്

30. ഇന്നത്തെ വില്ലേജ് ഓഫിസറുടെ പദവിക്ക് തുല്യം

(അവസാനിച്ചില്ല)