ഗ്രാമത്തിന്റെ ഗതകാലം

പി.വി ഉമര്‍കുട്ടി ഹാജി (റഹി)

2019 ഒക്ടോബര്‍ 12 1441 സഫര്‍ 13

(ഏറനാട്ടിലെ ഓര്‍മകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും: 6)

(തയ്യാറാക്കിയത്: യൂസഫ്‌ സാഹിബ് നദ്‌വി )

ഏറനാട്ടിലെ ഓര്‍മകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും: 6

ഗ്രാമത്തിന്റെ ഗതകാലം

പി.വി ഉമര്‍കുട്ടി ഹാജി (റഹി)

തയ്യാറാക്കിയത്: യൂസുഫ് സാഹിബ് നദ്‌വി

ചാത്തല്ലൂര്‍ പടിക്കല്ല് ഭാഗത്ത് ഒരു വലിയ നരി(32) മലയില്‍നിന്നും ഇറങ്ങിവന്ന് കാലികളെ കൊന്നുതിന്നുകൊണ്ട് ഭീകരാവസ്ഥ സൃഷ്ടിച്ചു. ജനങ്ങള്‍ പേടിച്ചരണ്ടു. ഒരുദിവസം നരി ഒരു മൂരിയെ കടിച്ചുകൊന്ന വിവരം എന്നെ അറിയിച്ചു. ഞാന്‍ സ്ഥലത്ത് പോയി. മൂരി ചത്തുകിടക്കുന്ന സ്ഥലത്തിനടുത്ത് ഒരു നെല്ലിമരം മാത്രമെ ഉണ്ടായിരുന്നുള്ളു. ആ മരത്തില്‍ ഒരു ചെറിയ മറ ഉണ്ടാക്കി ഞാന്‍ നരിയെ വെടിവെക്കാന്‍ ആ മറയില്‍ കയറി ഇരുന്നു. എനിക്ക് വിശ്വസ്തനായ ഒരു കൂട്ടാളി വേണം. അതിനു ഞാന്‍ തിരഞ്ഞെടുത്തത് പൂളക്കല്‍ കുഞ്ഞുണ്ണി നായരെയായിരുന്നു.

വൈകുന്നേരം 5 മണിക്കാണ് ഞങ്ങള്‍ മറക്കകത്ത് കയറി ഇരുന്നത്. പത്തടി മാത്രം ഉയരമുണ്ടായിരുന്ന മറയിലേക്ക് ചാടാന്‍ നരിക്ക് വളരെ ഏളുപ്പമായിരുന്നു. ആറുമണിക്ക് മുമ്പായി നരി എത്തി. നരി ഒന്നു ചുറ്റിനടന്നു. പെട്ടെന്ന് ചത്ത മൂരിയുടെ അടുക്കല്‍ പ്രത്യക്ഷപ്പെട്ടു. നരി ഒന്നു നീണ്ടുനിവര്‍ന്നു നിന്നു. മറയിലേക്ക് തുറിച്ചുനോക്കി. ഞാന്‍ കാഞ്ചി വലിച്ചു. വെടി പൊട്ടി! നരി വീണു പിടച്ചു. തുടര്‍ച്ചയായി അഞ്ചുവെടി വെച്ചശേഷം ഞങ്ങള്‍ നിലത്തിറങ്ങി. ഭീമാകാരനായ ആ നരി നീണ്ടു നിവര്‍ന്നു കിടന്നു. നാട്ടുകാര്‍ ഓടിക്കൂടി. നരിയെ ഏറ്റി വീടുകളിലും അങ്ങാടിയിലും പ്രദര്‍ശിപ്പിച്ചു പൈസ നേടി.

മുണ്ടേങ്ങര കടവ് മുതല്‍ തിരട്ടമ്മല്‍ ചെറുപുഴവരെയും അവിടെനിന്ന് പടിഞ്ഞാറു ഭാഗത്തേക്കും തുടര്‍ന്നുപോകുന്ന ടിപ്പുസുല്‍ത്താന്‍ റോഡിന്റെ ഇരുവശത്തും ധാരാളം കൂറ്റന്‍ ആല്‍മരങ്ങളും മറ്റുമരങ്ങളും ഇടതിങ്ങി നിന്നിരുന്നു. ഒതായി മുണ്ടേങ്ങര ഭാഗത്തുള്ള മരങ്ങള്‍ 1954-1955ലാണ് ലേലം ചെയ്ത് വിറ്റത്. ഈ റോഡുകള്‍ വിസ്താരമുണ്ടായിന്നെങ്കിലും കൂലംകുത്തിയൊഴുകുന്ന മലവെള്ളം ഈ റോഡില്‍കൂടി വളരെക്കാലം ഒഴുകിയതുകൊണ്ട് റോഡുകളൊക്കെ തോടുകളായി മാറിയിരുന്നു. 1958 കാലത്താണ് വേരുപാലം തൊട്ട് മുണ്ടേങ്ങര വരെയുള്ള റോഡ് വീതികൂട്ടി അരിച്ചാല്‍വെട്ടി(33) നിരപ്പാക്കി ഗതാഗത യോഗ്യമാക്കിയതും വേരുപാലം ഒരു നടപ്പാലമാക്കി വാര്‍ത്തതും. ഈ പണി നടത്തിയ കോണ്‍ട്രാക്ടര്‍ പി.വി ഷൗക്കത്തലി(34) ആയിരുനു. ഏടവണ്ണ കടവില്‍ ഒരു ചങ്ങാടം ഇടാന്‍ തക്കവണ്ണം റോഡു ശരിപ്പെടുത്തുന്ന ജോലിയും ഷൗക്കത്തലി തന്നെയാണ് എടുത്തിരുന്നത്.

മുണ്ടേങ്ങര മൂര്‍ക്കനാട് റോഡ് മെറ്റലിട്ട് ടാര്‍ചെയ്യുകയും അരീക്കോട് ചെറുപുഴക്ക് പാലംകെട്ടുകയും ചെയ്തു. ഗതാഗതത്തിന് വിട്ടുകിട്ടിയത് 1986ലാണ്. ചാലിയാര്‍ പുഴക്ക് അരീക്കോട് ഒരു പാലം 25 കൊല്ലം മുമ്പ് പണി ആരംഭിച്ചിരുന്നുവെങ്കിലും പൂര്‍ത്തിയായത് 1986ലാണ്. ഈ റോഡും പാലങ്ങളും വന്നതോടുകൂടി നാട്ടില്‍ ഒരു പുതിയ ഉന്മേഷവും ഉണര്‍വും കൈവന്നിട്ടുണ്ട്. 1982ലാണ് ഇവിടെ വൈദ്യുതി എത്തിയത്. എങ്കിലും 1964-65ല്‍ തന്നെ ടെലിഫോണ്‍ കണക്ഷന്‍ കിട്ടിയിട്ടുണ്ട്. മലവെള്ളം കൂലംകുത്തി ഒഴുകിക്കൊണ്ടിരുന്ന റോഡില്‍കൂടി ഇന്ന് വാഹനങ്ങള്‍ ഇരമ്പിപ്പായുന്നു.

വിനോദം

ഈ നാട്ടില്‍ പഴയകാലത്ത് ആള്‍ക്കാരുടെ പ്രധാനഹോബി പന്തുകളി, കാരക്കളി, അടിക്കുട്ടിവടി, ഗോട്ടികളി, പടക്കളി തുടങ്ങിയവയായിരുന്നു. താലപ്പൊലി അവസരങ്ങളില്‍ ഹരിജനങ്ങള്‍ പടക്കളിക്ക് വളരെ പ്രധാന്യം നല്‍കിയിരുന്നു.

തൊഴില്‍

പ്രധാന ജോലികള്‍ മരം, മുട്ടി, മുള, ഒരങ്കോല്‍, കുടക്കാല്‍ തുടങ്ങിയവ മലയില്‍നിന്നും വെട്ടിയിറക്കി കൊണ്ടുവരികയായിരുന്നു. ധാരാളം പോത്തുവണ്ടിയും കൂറ്റന്‍ പോത്തുകളും അതുപോലെയുള്ള ആള്‍ക്കാരുമുണ്ടായിരുന്നു. അവയെ അടിച്ച് പണിയെടുപ്പിച്ച് മനുഷ്യന്റെ സ്വഭാവം തന്നെ പരുക്കനായിപ്പോയോ എന്ന് സംശയിക്കാനിടവന്നിട്ടുണ്ട്. 'ഞാന്‍ അറുത്താലും കൂട്ടും എടാ പോത്തേ...' എന്ന്പറഞ്ഞ് വീണ്ടിയെടുത്ത്(35) പോത്തിന്റെ മൂര്‍ദ്ധാവില്‍ അടിക്കുകയും അങ്ങനെ ഒരു പോത്ത് ചത്തുപോകുകയും ചെയ്ത സംഭവംവരെ ഈ നാട്ടില്‍ ഉണ്ടായിട്ടുണ്ട്.

മലവാരങ്ങളില്‍ ധാരാളം മരങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പ്രബല കുടുംബങ്ങള്‍ മരക്കച്ചവടമാണ് പ്രധാന തൊഴിലായി സ്വീകരിച്ചിരുന്നത്. എന്നാല്‍ പൊതുവെ തൊഴില്‍ കൃഷിയും തൊഴിലാളികള്‍ കര്‍ഷക തൊഴിലാളികളുമായിരുന്നു. പ്രധാന കൃഷി നെല്‍കൃഷി തന്നെ. വാഴ, പൂള തുടങ്ങിയവയൊന്നും കാര്യമായ കൃഷിയായി അക്കാലത്ത് കരുതിയിരുന്നില്ല. പൂള ഒരുകൊല്ലം പൂര്‍ത്തിയായിട്ടേ പറിക്കൂ. അതുതന്നെ 'കട്ട്' കളയാതെ തിന്നാന്‍ പറ്റുമായിരുന്നില്ല. വാഴക്കൃഷി അക്കാലത്ത് വളരെ അപൂര്‍വമായിരുന്നു. നെല്ല് ഒരു രൂപക്ക് മൂന്നുമുതല്‍ നാലുപറ വരെ സാധാരണ കിട്ടുമായിരുന്നു. മുന്‍കൂട്ടി പണം കൊടുത്താല്‍ അഞ്ചുപറയും കിട്ടുമായിരുന്നു. കോഴിക്കോട്ട് നിന്നുകൊണ്ട് വരുന്ന അരിക്ക് ഒരു ചാക്കിന് ഏഴു ഉറുപ്പികയും മണ്ണെണ്ണ തപ്പിന്(36) ഒരുറുപ്പിക മുതല്‍ ഒന്നര ഉറുപ്പികയുമായിരുന്നു വില. അന്നത്തെ പണത്തിന്റെ വില അതുകൊണ്ട് മനസ്സിലാക്കാമല്ലോ.

മരം-ഇരുള്‍, മരുത് ഒരു കണ്ടിക്ക്(37) 3ക മുതല്‍ അഞ്ചുറുപ്പിക വരെയും മാവ് രണ്ടര മുതല്‍ മൂന്നുറുപ്പിക വരെയും മലവിറക് ഒരു ടണ്ണി(അട്ടി)ന് മൂന്നര ഉറുപ്പികയും നാടന്‍ വിറക് മൂന്നുറുപ്പികയും രണ്ടാം തരം പടുവിറകിന് രണ്ടുറുപ്പികയും ആയിരുന്നു അന്നത്തെ വില. 1950വരെ ഈ നില തുടര്‍ന്നുപോന്നു.

16ഉം 18ഉം 20ഉം പ്രായമുള്ള ചെറുപ്പക്കാര്‍ അതിരാവിലെ ഏഴുന്നേറ്റ് മലക്ക് പോയാല്‍ 12മണി ആകുമ്പോഴേക്ക് ഒരു കൂറ്റന്‍ കെട്ട് കുടക്കാലുമായി ഇറങ്ങിവരും. എട്ടണ, പത്തണ കൂലികിട്ടും. വലിയ ജോറായി. എന്നാല്‍ കൃഷിപ്പണിക്കാര്‍ക്ക് രണ്ടണയും മൂന്നണയുമായിരുന്നു കൂലി. മരം വെട്ടുപണിക്കാര്‍ക്ക് നാലണ മുതല്‍ അഞ്ചണവരെയും കൂലി ഉണ്ടായിരുന്നു. ആശാരിമാര്‍ക്കും മണ്ണാന്മാര്‍ക്കും ഇതേപ്രകാരം നാലണയും അഞ്ചണയും മൂത്താശാരിക്ക് ആറണയും കൂലി കിട്ടുമായിരുന്നു. അതുപോലെ തന്നെ ചെറുപ്പക്കാരുടെ ഒരു കുലത്തൊഴിലായിരുന്നു ഒരങ്കോല്‍ പണി. അതും ഉച്ചവരെയുള്ള പണിക്ക് എട്ടോ പത്തോ അണ കൂലി കിട്ടുമായിരുന്നു.

ഈങ്ങാത്തോല്‍ എടുക്കുന്ന പണി സ്ത്രീകളും കുട്ടികളും ചെയ്തിരുന്നു. ചിങ്ങം, കന്നി, തുലാം, വൃശ്ചികം കാലത്താണ് അധികവും എടുത്തിരുന്നത്. പിന്നെ നെല്ലിക്ക പറിച്ചുണക്കി കേറ്റിഅയക്കുന്ന ജോലിയും തുലാം, വൃശ്ചികം, ധനു കാലത്ത് ഒരുത്സവംപോലെ നാണയം കൊഴിയുന്ന ഒരു തൊഴിലായിരുന്നു ഇത്.

അങ്ങനെ എല്ലാം കൊണ്ടും മലവാരത്തെ ആശ്രയിച്ച് കഴിഞ്ഞു കൂടിയവരായിരുന്നു ഈ നാട്ടുകാര്‍. എന്നാല്‍ വന ദേശസാല്‍ക്കരണം വന്നതോടെ ഇത്തരം ഒരുപണിയും നടക്കാതെയായി. മരം മുഴുവന്‍ കട്ടുമുറിച്ചുപോയി! ഒരങ്കോല്‍, കുടക്കാല്‍, മുള ഇവകളൊക്കെ അപ്രത്യക്ഷമായി! മലപോലെ കൂമ്പാരമായി കൂട്ടിയിട്ടിരുന്ന നെല്ലിക്ക കഷായത്തിനുപോലും കിട്ടാതായി. മലവെട്ടി ചുട്ട് വിതക്കുന്നത് ചെറുകിടക്കാര്‍ക്ക് നല്ല ആദായമുള്ള കൃഷിയായിരുന്നു. അത്തരം കൃഷികള്‍ ഒന്നും നടക്കാതെയായി. മലവാരങ്ങളില്‍നിന്ന് കത്തിക്കാന്‍ പോലും ഒരു ചുള്ളി വിറക് കിട്ടാത്ത കാലം വന്നു. മാത്രമോ, കാലികളെ വളര്‍ത്താനും കൂടി സൗകര്യമില്ലാത്ത അവസ്ഥയുണ്ടായി. വനദേശസാല്‍ക്കരണം കൊണ്ട് വനങ്ങള്‍ തന്നെ അപ്രത്യക്ഷമായി എന്നുപറഞ്ഞാല്‍ അതായിരിക്കും ശരി.

വിദ്യാഭ്യാസം

1924ന് മുമ്പ് ഒരൊറ്റ എഴുത്തുപള്ളിയും ഇവിടെയുണ്ടായിരുന്നില്ല. ചില ഓത്തുപള്ളികള്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടത് ഒതായിലെ അന്നത്തെ ഖത്വീബ് മുസ്‌ല്യാരകത്ത് കുഞ്ഞമ്മദ് മുസ്‌ല്യാരും ഭാര്യയുംകൂടി നടത്തിയിരുന്ന ഓത്തുപള്ളിയായിരുന്നു. മലയാളം എഴുതാനും വായിക്കാനും അറിയുന്നവര്‍ വളരെ ചുരുക്കം മാത്രം. മരുന്നുകള്‍ക്ക് വൈദ്യന്മാര്‍ എഴുതിക്കൊടുത്തിരുന്ന ശീട്ട് കരിമ്പന ഓലയിലായിരുന്നു. അതാണ് ഇന്നും മരുന്നിന്റെ ഓല എന്ന് പറഞ്ഞുവരുന്നത്. ഭൂമികള്‍ക്കുള്ള ആധാരങ്ങളും ഓലകളില്‍ എഴുതി ഓടക്കുഴലില്‍ സൂക്ഷിച്ചിരുന്ന പതിവ് ഉണ്ടായിരുന്നു. ഈ ലേഖകന്റെ പക്കല്‍ ഓലയില്‍ എഴുതിയ കുറെ ആധാരങ്ങള്‍ ഇപ്പോഴും ഉണ്ട്.

ഖത്വീബ് കുഞ്ഞമ്മദ് മുസ്‌ല്യാര്‍ ഒരു നല്ല ഖാരി ഓത്തുകാരനായിരുന്നു. അന്നത്തെ ആള്‍ക്കാരെ ഖാഇദ അനുസരിച്ച് ഹിസ്ബ് നടത്തി ഉച്ചാരണ ശുദ്ധിയോടെ സുന്ദരമായി ഓതാന്‍ അദ്ദേഹം പഠിപ്പിച്ചിരുന്നു. മലയാളം ഏഴുതാന്‍ പഠിക്കുന്നത്-പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് - ഹറാമാണെന്ന അന്നത്തെ വാദത്തെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ അനുസരിച്ചിരുന്നു. അറബിമലയാളം എഴുതുവാനും വായിക്കുവാനും പൊതുവേ അറിയുമായിരുന്നു. പല ദീനീ പുസ്തകങ്ങളും പാട്ട്, ബൈത്ത് മുതലായ മാലപ്പാട്ടുകളും അറബിമലയാള ഭാഷയില്‍ ധാരാളം പ്രചാരത്തിലുണ്ടായിരുന്നു. ആ കുഞ്ഞമ്മദ് മുസ്‌ല്യാരുടേതായിരുന്നു ഇന്ന് സി.എച്ച്. ഉണ്ണി മുഹമ്മദ്കുട്ടി താമസിക്കുന്ന വീടും പറമ്പും. അവിടെത്തന്നെയായിരുന്നു ഓത്തുപള്ളിയും.

അന്ന് കളത്തിങ്ങല്‍ വീട്ടില്‍ ആരും താമസമുണ്ടായിരുന്നില്ല. 1924ല്‍ മുഹമ്മദാജി കളത്തിങ്ങള്‍ വെച്ച് ഒരു സ്‌കൂള്‍ നടത്തിപ്പോന്നു. മഞ്ചേരിക്കാരന്‍ അഹമ്മദ് കോയയെ ആയിരുന്നു അധ്യാപകനായി വെച്ചിരുന്നത്. മറ്റൊരു ഓത്തുപള്ളി നടത്തിയിരുന്നത് മൊല്ലാച്ചി പാത്വോംകുട്ടി എന്നവരായിരുന്നു. ചുണ്ടേപറമ്പിലായിരുന്നു ആ ഓത്തുപള്ളി.

1926ല്‍ ഇപ്പോള്‍ സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് വടക്കോട്ട് ഒരു വലിയ ഷെഡ് കെട്ടി കളത്തിങ്ങല്‍ വെച്ച് നടത്തിയിരുന്ന സ്‌കൂള്‍ അതിലേക്ക് മാറ്റി. മൂസ മൗലവി എന്ന ഒരു അധ്യാപകനെ കൂടി വാഴക്കാട്ട് നിന്ന് കൊണ്ടുവന്നു. ഇവര്‍ക്കു പുറമെ കാഞ്ഞിരാല അഹമ്മദ്കുട്ടി ഹാജി, പി.വി. ഉസ്സന്‍കുട്ടി എന്നിവരും അധ്യാപകന്മാരായിരുന്നു. ചാത്തല്ലൂരില്‍ പി.വി.ആലിക്കുട്ടി സാഹിബും കുറച്ചവിടെ ഒരു സ്‌കൂള്‍ നടത്തുകയുണ്ടായി.

പടിഞ്ഞാറെ ചാത്തല്ലൂരില്‍ ഇപ്പോഴുള്ള മാനേജുമെന്റ് സ്‌കൂള്‍ നിലവില്‍ വന്നത് 1950നു മുമ്പാണെന്ന് പറയാം. പൊന്മള കുഞ്ഞയമ്മു മുസ്‌ല്യാരാണ് തുടക്കം കുറിച്ചത്. അദ്ദേഹം കുറേക്കാലം നടത്തിയ ശേഷം അവിടെ അധ്യാപകനായിരുന്ന കെ.പി. പോക്കരുട്ടി മാസ്റ്റര്‍ക്ക് ഏല്‍പിച്ചുകൊടുത്ത് രാജ്യംവിട്ടു സ്വന്തം നാട്ടിലേക്കു പോവുകയാണുണ്ടായത്. പോക്കരുട്ടി മാസ്റ്ററോടു ഏറ്റുവാങ്ങിയാണ് ഇപ്പോഴത്തെ മാനേജര്‍ വേലായുധന്‍ നായര്‍ സ്‌കൂള്‍ നടത്തുന്നത്.

പടിഞ്ഞാറെ ചാത്തല്ലൂരിലെ സ്‌കൂളിനുവേണ്ടി വലിയ വടംവലി നടന്നു. അത് ഒരു ഹിന്ദു ധര്‍മസ്ഥാപനത്തിന്റെ ഉടമയില്‍ കൊണ്ടുവരാന്‍ ഈ നാട്ടിലെ ഒരു വിഭാഗം ദേശീയ മുസ്‌ലിംകള്‍ കിണഞ്ഞു പരിശ്രമിച്ചു. ഒടുവില്‍ ലീഗ് നേതൃത്വത്തിന്റെ കഴിവുകൊണ്ട് ഒതായി മുഖ്‌ലിസീന്‍ സംഘത്തിനു കിട്ടി. അന്നുമുതല്‍ നിരന്തരമായ എതിര്‍പ്പും കുപ്രചരണവും രാഷ്ട്രീയമായി ഒരു ഭാഗത്തുനിന്നുണ്ടായി. മുസ്‌ലിം ലീഗിലെ തന്നെ ഒരു വിഭാഗം മറുചേരിയില്‍ ചേര്‍ന്നു. അവസാനം ആ തലവേദന അവസാനിപ്പിക്കുവാന്‍ മുഖ്‌ലിസീന്‍ സംഘം തീരുമാനിക്കുകയും സ്‌കൂള്‍ ചാത്തല്ലൂര്‍ പള്ളിക്കമ്മറ്റിക്ക് ഏല്‍പിച്ചു കൊടുക്കുകയും ചെയ്തു.

സ്‌കൂള്‍ ഏറ്റെടുക്കുന്ന കാലത്ത് തന്നെ മുഖ്‌ലിസീന്‍ സംഘത്തിന്റെ തീരുമാനം, കഴിവുണ്ടായി വന്നാല്‍ ചാത്തല്ലൂര്‍ മുസ്‌ലിഹീന്‍ കമ്മറ്റിക്ക് ഏല്‍പിച്ചു കൊടുക്കാമെന്നായിരുന്നു. അതുപ്രകാരം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ചാത്തല്ലൂര്‍ പള്ളിക്കമ്മറ്റിയാണു നടത്തുന്നതെങ്കിലും മാനേജുമെന്റ് ഇന്നും ഔദ്യോഗികമായി മാറിയിട്ടില്ല.

1927ല്‍ താലൂക്ക് ബോര്‍ഡ് ഇലക്ഷന്‍ വന്നപ്പോള്‍ കാരക്കുന്ന് ഫര്‍ഖയില്‍(38) പി.വി. മുഹമ്മദാജി മത്സരിച്ചിരുന്നു. മുഹമ്മദാജി ബഹുഭൂരിപക്ഷത്തോടെ വിജയിച്ചു. താലൂക്ക് ബോര്‍ഡിന്റെ പ്രസിഡന്റായി വല്ലാഞ്ചിറ കുഞ്ഞുമോയിന്‍ ഹാജി തിരഞ്ഞെടുക്കപ്പെട്ടു. താമസംവിനാ ഒതായി സ്‌കൂളിന്നു് അംഗീകാരം കിട്ടി. മലപ്പുറത്തുകാരായ ഒന്നുരണ്ട് പേരെ അധ്യാപകരായി നിയമിച്ചു. അവര്‍ അധികകാലം ഇവിടെ നിന്നില്ല. ഒതുക്കുങ്ങല്‍കാരന്‍ കെ.പി. കുഞ്ഞഹമ്മദ് എന്ന ആളായിരുന്നു അടുത്ത അധ്യാപകന്‍. അദ്ദേഹം ഇവിടെ നിന്ന് ചുങ്കത്തറക്ക് മാറി. അദ്ദേഹം അവിടെ പ്രശസ്തനായി. അടുത്തകാലത്താണ് മരിച്ചത്.

1928ല്‍ സ്ഥാപിതമായ ഈ സ്‌കൂളിലെ പ്രഥമ വിദ്യാര്‍ഥി ഈ ലേഖകനാണ്. സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി വന്നത് സി.എച്ച്. അഹമ്മദ് കുട്ടി മാസ്റ്ററാണ്. ആ കൊല്ലം തന്നെ കുണ്ടുതോട് കുഞ്ഞറമു മാസ്റ്ററെ ഇവിടെ നിയമിച്ചു. കുഞ്ഞറമു മാസ്റ്റര്‍ വരുവാന്‍ ആദ്യംതന്നെ മടിച്ചു. പ്രസിഡന്റ് കുഞ്ഞിമോയി ഹാജിയോട് ആവലാതിപ്പെട്ടു. പ്രധാന കാരണം ഒതായിക്കാര്‍ 'വഹാബി'കളാണ് എന്നതായിരുന്നു. പിന്നീട് മുഹമ്മദാജിയുടെ നിര്‍ബന്ധപ്രകാരം ആറുമാസം ഒതായിയില്‍ നില്‍ക്കണമെന്ന് കുഞ്ഞുമോയി ഹാജി കല്‍പിച്ചു. ആറുമാസം കഴിഞ്ഞ് കുഞ്ഞറമു മാസ്റ്ററെ കണ്ടപ്പോള്‍ ഇനിമാറ്റം വേണോ എന്ന് കുഞ്ഞുമോയി ഹാജി ചോദിച്ചത്രെ. വേണ്ട എന്നായിരുന്നു കുഞ്ഞറമു മാസ്റ്ററുടെ മറുപടി. അങ്ങനെ അദ്ദേഹം സ്‌കൂള്‍ മാസ്റ്ററും ഇവിടുത്തെ പോസ്റ്റുമാസ്റ്ററുമായി. 31 കൊല്ലത്തെ സേവനത്തിനു ശേഷം ഈ സ്‌കൂളില്‍നിന്നുതന്നെ പെന്‍ഷന്‍ പറ്റി പിരിഞ്ഞു.

മതപഠനത്തിനും സ്‌കൂള്‍ നടത്തിപ്പിനും വേണ്ടി കെ.വി. ആമിക്കുട്ടി മെമ്മോറിയല്‍ എന്നപേരില്‍ ഒരു കെട്ടിടം 1937ല്‍ പണിതീര്‍ത്ത് മുഹമ്മദാജി മുഖ്‌ലിസീന്‍ സംഘത്തിലേക്ക് വഖഫ് ചെയ്ത് ഏല്‍പിച്ചുകൊടുത്തു. 1957ലാണ് വടക്കുഭാഗത്തുള്ള വലിയഹാള്‍ പി.വി. ഉമര്‍കുട്ടി ഹാജി സംഘം പ്രസിഡന്റ് എന്ന നിലക്ക് പണി ചെയ്ത് പൂര്‍ത്തിയാക്കിയത്. ആ കൊല്ലം തന്നെ ഭാസ്‌ക്കരപ്പണിക്കര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ അദ്ദേഹത്തെ ഒതായിയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന് ഒരു ഗംഭീര സ്വീകരണം നല്‍കി. ആ യോഗത്തില്‍ വെച്ചാണ് സ്‌കൂള്‍ യു.പി. ആക്കി ഉയര്‍ത്താമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. അന്ന് ഏടവണ്ണ പോലും യു.പി. ഉണ്ടായിരുന്നില്ല. 1958ലാണ് ഏടവണ്ണ യു.പി. ആക്കാന്‍ അംഗീകാരം കിട്ടിയത്. സ്‌കൂളിന് സ്ഥലം പോരാതെ വന്നപ്പോള്‍ പടിഞ്ഞാറ് ഭാഗത്തേക്ക് താഴ്‌വര വീതികൂട്ടി ക്ലാസ്സ് നടത്താന്‍ തക്കവണ്ണം സൗകര്യപ്പെടുത്തി. പിന്നീട് പുറത്ത് ഒരു ഷെഡും ഉണ്ടാക്കി ക്ലാസ്സുകള്‍ നടത്തിവരുന്നു. സ്‌കൂളിന് കെട്ടിടം പണിയാന്‍ വേണ്ടി ഉമര്‍കുട്ടി ഹാജിയും സഹോദരന്മാരും കൂടി ഗവണ്‍മെന്റിലേക്ക് 1973ല്‍ ഒന്നര ഏക്ര സ്ഥലം രജിസ്റ്റര്‍ ചെയ്ത് ഏല്‍പിച്ചു കൊടുത്തത് ഗവണ്‍മെന്റ് ഇന്നും ഉപയോഗപ്പെടുത്താതെ കിടക്കുകയാണ്.(39)

എന്നാലും ഇന്ന് ഈ നാട്ടില്‍ ബി.എ.ക്കാരുണ്ട്. എം.എ.ക്കാരുണ്ട്. എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരുമുണ്ട്. ധാരാളം അഫ്‌സല്‍ ഉലമക്കാരും, അധ്യാപകരും വാഗ്മികളും ഉണ്ട്.

റഫറന്‍സ്:

32. പുലി

33. ഓട-കനാല്‍ നിര്‍മ്മാണം

34. ഏറനാട്ടിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും എ.ഐ.സി.സി.അംഗവും ആയിരുന്നു. മഞ്ചേരിയില്‍ മുസ്‌ലിം ലീഗ് നേതാവ് ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബിനെതിരില്‍ മത്സരിച്ചു. നിലമ്പൂര്‍ എം.എല്‍.എ, പി.വി. അന്‍വര്‍ മകനാണ്.

35. ഇരുമ്പിന്റെ ചാട്ടവാര്‍

36. അളവ് പാത്രം

37. 16-ക്യുബിക്

38. ഒതായി ഉള്‍പ്പെടെയുള്ള സ്ഥലം

39. നിലവില്‍ ഇത് ഹൈസ്‌ക്കൂളായി ഉയര്‍ത്തിയിട്ടുണ്ട്.