ഏറനാട്ടിലെ ഓര്‍മകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും

പി.വി ഉമര്‍കുട്ടി ഹാജി (റഹി)

2019 സെപ്തംബര്‍ 07 1441 മുഹര്‍റം 08

കാലമെത്ര കഴിഞ്ഞുകടന്നാലും മധുരിക്കുന്ന ഓര്‍മകളുമായി എന്നും നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്ന അപൂര്‍വം ചില വ്യക്തിത്വങ്ങളുണ്ടാകും.

കേരള മുസ്‌ലിം ഐക്യസംഘത്തിലൂടെ സമുദായ സേവന രംഗത്തേക്ക് കടന്നുവന്ന മഹദ് വ്യക്തിയാണ് മലപ്പുറം ജില്ലയിലെ ഒതായിയിലെ പി.വി.ഉമര്‍കുട്ടി ഹാജി(റഹി). അദ്ദേഹത്തിന്റെ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണ്. കൃത്യമായനിലയില്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച ഒരു മഹാ മനീഷി, തന്റെ ജനനം മുതല്‍ ജീവിതത്തിന്റെ അവസാന കാലംവരെയുള്ള സംഭവങ്ങളെ ലഘുവായ നിലയില്‍ രേഖപ്പെടുത്തിവെച്ച ചരിത്രകാരന്‍, ബ്രിട്ടീഷ് ഇന്ത്യയിലെ അംശാധികാരി, വില്ലേജ് മുന്‍സിഫ്, വില്ലേജ് മജിസ്‌ട്രേട്ട്, ജനന മരണ രജിസ്റ്റാര്‍ തുടങ്ങിയ നിരവധി നിലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്ത ബഹുമുഖ പ്രതിഭ; പി.വി.ഉമര്‍കുട്ടി ഹാജി. മലബാര്‍ പോലീസ്, കളക്ടര്‍ തുടങ്ങിയവരില്‍നിന്നും അദ്ദേഹം ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ തുടക്കം അതിന്റെ വളര്‍ച്ച, മലബാറിലെ മതസ്ഥാപനങ്ങളുടെ പ്രാരംഭം തുടങ്ങിയ വിഷയങ്ങളില്‍ ഏറ്റവും ആധികാരികമായ റഫറന്‍സ് കൂടിയായിരുന്നു അദ്ദേഹം.

ഇസ്വ്‌ലാഹി കേരളത്തിലെ പ്രമുഖന്മാരായ പണ്ഡിതന്മാര്‍, നേതാക്കള്‍ എന്നിവരോടൊന്നിച്ച് പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയം അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളില്‍ പ്രത്യേകം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. 'ഞാനും എന്റെ നാടും,' 'ഒരു മറുപടി; അല്‍പം വിശദീകരണത്തോടെ' എന്നീ പേരുകളില്‍ അദ്ദേഹം സ്വന്തം ജീവിതത്തിന്റെ അവസാനകാലത്ത് രേഖപ്പെടുത്തിയ ഏതാനും പേജുകളിലെ രണ്ട് ഓര്‍മക്കുറിപ്പുകളുടെ സമാഹരണമാണ് 'ഏറനാട്ടിലെ ഓര്‍മകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും' എന്ന ലേബലില്‍ വായനക്കാര്‍ക്ക് വേണ്ടി പുനഃപ്രസിദ്ധീകരിക്കുന്നത്. 1991കാലത്ത് ഇതിന്റെ ഒന്നാമത്തെ പതിപ്പ് അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയിരുന്നു. ചരിത്രാന്വേഷികളായ വായനക്കാര്‍ക്ക് വേണ്ടി ഈ പുസ്തകങ്ങള്‍ കണ്ടെത്തി ആവശ്യമായ വിശദീകരണവും ഭംഗിയും നല്‍കി പുനഃപ്രസിദ്ധീകരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത് ഇ.യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ ആണ്. അല്ലാഹു സ്വീകരിച്ച് അനുഗ്രഹിക്കുമാറാകട്ടെ (ആമീന്‍).

 

മാന്യ സുഹൃത്തുക്കളേ, അസ്സലാമു അലൈക്കും.

ആദ്യമായി ഈ ചെറുപുസ്തകം എഴുതാന്‍ എന്നെ പ്രേരിപ്പിച്ച വസ്തുത എന്താണെന്ന് ഞാന്‍ പറയട്ടെ. കോഴിക്കോട് മുജാഹിദ് സെന്ററില്‍ നിന്നും എന്റെ ജീവചരിത്രം സംക്ഷിപ്തമായി ഒന്ന് എഴുതി അയച്ചുകൊടുക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്ത് 1989 ജനുവരി 24ന് അയച്ചത് എനിക്ക് കിട്ടുകയുണ്ടായി. ഇതുപോലെ തന്നെ ഒതായിയുടെ ചരിത്രവും എഴുതി അയക്കാന്‍ മറ്റൊരു കത്തും എനിക്ക് കിട്ടി. സമയപരിധി നിശ്ചയിച്ചിരുന്നതുകൊണ്ട് ഞാന്‍ പെട്ടെന്ന് ഒന്ന് എഴുതി തയ്യാറാക്കി അയച്ചു കൊടുത്തു. അതിന്റെ കോപ്പിയാണിത്.

ഞാന്‍ അന്ന് എഴുതി അയച്ച കടലാസിന്റെ കോപ്പി എന്റെ മറ്റു റിക്കാര്‍ഡുകളുടെ കൂട്ടത്തില്‍ ഇടക്കിടക്ക് കാണുമ്പോള്‍ ആയത് നശിച്ചുപോകാതിരുന്നാല്‍ പിന്‍തലമുറക്ക് ഉപകാരപ്പെട്ടെങ്കിലോ എന്ന തോന്നലാണ് അല്‍പം വിശദീകരിച്ച് എഴുതി പ്രസ്സില്‍ കൊടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.

അസത്യമായോ അതിശയോക്തിയായോ ഒന്നും എഴുതിച്ചേര്‍ത്തിട്ടില്ല. മറ്റുവല്ല പാകപ്പിഴവുകളും ഉണ്ടെങ്കില്‍ ക്ഷമിക്കുവാനപേക്ഷ.

എന്ന്

പി.വി.ഉമര്‍കുട്ടി ഹാജി(ഒപ്പ്)

 

ജനനം, ബാല്യം:

ഞാന്‍ ജനിച്ചത് 1917 നവംബര്‍ മാസത്തില്‍(1) ആണ്. മഞ്ചേരിക്കടുത്ത ആനക്കയത്ത് കൂരിമണ്ണില്‍ വലിയമണ്ണില്‍(അങ്ങീല്‍) എന്ന വീട്ടിലാണ് പിറന്നത്.

പി.വി. മുഹമ്മദാജിയുടെയും കെ.വി. ആമിക്കുട്ടി ഉമ്മയുടെയും സന്താനമായി ജനിച്ചു. എന്നെ ആദ്യമായി മതപഠനത്തിന് ഏല്‍പിച്ചത് എടവണ്ണ ചെറുപള്ളിക്കല്‍ ഐദറു മുല്ലാക്കയുടെ അടുക്കലായിരുന്നു.

ആനക്കയം ബോര്‍ഡ് മാപ്പിള എലിമെന്ററി, എടവണ്ണ ബോര്‍ഡ് മാപ്പിള എലിമെന്ററി എന്നിവിടങ്ങളിലും 1927ല്‍ ഒതായിയില്‍ വാപ്പ മുഹമ്മദാജി ആരംഭിച്ച മാനേജ്മന്റ് സ്‌കൂളിലും 1928ല്‍ മേപ്പടി സ്‌കൂള്‍ ബോര്‍ഡ് എലിമെന്ററി സ്‌കൂള്‍ ആയി അംഗീകരിച്ചപ്പോള്‍ അതേ സ്‌കൂളിലെ പ്രഥമവിദ്യാര്‍ഥിയായും ചേര്‍ന്നു. 1929ല്‍ മഞ്ചേരി ബോര്‍ഡ് മാപ്പിള സ്‌കൂളില്‍ ചേര്‍ന്നു. 1930ല്‍ മഞ്ചേരി ബോര്‍ഡ് ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ ചേര്‍ന്നു. 1937ല്‍ എസ്.എസ്.എല്‍.സി(2) പരീക്ഷ കഴിഞ്ഞു. സ്‌കൂള്‍ ജീവിതം നിര്‍ത്തി. 1939ല്‍ വിവാഹിതനായി. 1940ല്‍ സ്വന്തമായി കളത്തിങ്ങല്‍ വീട്ടില്‍ താമസമാക്കി.

1938മുതല്‍ തന്നെ മുണ്ടേന്തോട്, ഖുറാന്‍ പുഴ, ചെക്കുന്നന്‍ കട്ടാടന്‍, പാറമല, ആലങ്ങാടി മുതലായ മലകളിലെ ഒരങ്കോല്‍, കൊടക്കാല്‍, മുള, നെല്ലിക്ക ഇതുകളുടെയും, 1945മുതല്‍ അതുകളിലെ മരം, വിറക് മുതലായവകളുടെയും കച്ചവടം നടത്തി. അരീക്കോട് ഭാഗത്ത് ഓടക്കയം, ആനക്കയം മുതലായ സ്ഥലങ്ങളില്‍ നിന്നും മരങ്ങള്‍ മുറിച്ചിറക്കി കൊണ്ടുപോകുന്ന കച്ചവടവും ഉണ്ടായിരുന്നു. എടവണ്ണ ഓഫീസായി നിലമ്പൂര്‍, വണ്ടൂര്‍, മമ്പാട് മുതലായ സ്ഥലങ്ങളില്‍ നിന്നും വരുന്ന മരങ്ങള്‍ വാങ്ങിയും കച്ചവടം നടത്തിയിരുന്നു. കോഴിക്കോട് പഴയ ദര്‍ബാര്‍ ഹോട്ടലും റങ്കൂണ്‍ ഹോട്ടലുമായിരുന്നു എന്റെ താവളം. ഒതായിയില്‍ പലചരക്കും തുണിക്കച്ചവടവും സ്റ്റേഷനറിയും ഉണ്ടായിരുന്നു.

ഈ കച്ചവടങ്ങളും ഏതാനും കൃഷികളും നടത്തുന്നതിനോടൊപ്പം എന്റെ പരിമിതമായ കഴിവനുസരിച്ച് മതപരവും സാമൂഹ്യവും സാംസ്‌ക്കാരികവുമായ രംഗങ്ങളിലും പ്രവര്‍ത്തിച്ചു പോന്നു.

സര്‍വശക്തനായ റബ്ബ് ഇന്നേവരെ ഒരു കാര്യത്തിലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല. അവന്റെ അപാരമായ കാരുണ്യത്തില്‍ ഞാന്‍ ജീവിക്കുന്നു. അവന്റെ തിരുമുമ്പില്‍ ആയിരമായിരം സ്‌തോത്രങ്ങള്‍ അര്‍പ്പിക്കുന്നു. അല്‍ഹംദുലില്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്‍ഹംദുലില്ലാഹ്...!

എടവണ്ണ, ഒതായി പ്രദേശങ്ങളില്‍ ഖിലാഫത്ത് പ്രസ്ഥാനത്തോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ 1921 മുതല്‍ വാപ്പ(3) സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മൗലാനാ ഷൗക്കത്തലി, മൗലാനാ മുഹമ്മദലി, ഗാന്ധിജി എന്നിവരുടെ ആഹ്വാനപ്രകാരം വിദേശ വസ്തുക്കള്‍ വര്‍ജിക്കുകയും സ്വദേശത്തോടും സ്വദേശി സാമാനങ്ങളോടും സ്‌നേഹവും അടുപ്പവും വര്‍ധിപ്പിക്കുകയുമായിരുന്നു ആദ്യനടപടി. ഖിലാഫത്ത് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നൂല്‍നൂല്‍പ്പിലും ഹിന്ദുസ്ഥാനി പഠനത്തിലും അദ്ദേഹം പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നു. തിരുവിതാംകൂറില്‍നിന്നും വന്ന ഒരു മുസ്‌ല്യാരായിരുന്നു ഞങ്ങളെ ഹിന്ദുസ്ഥാനി പഠിപ്പിച്ചിരുന്നത്.

കെ.എം. മൗലവി, മണപ്പാട് കുഞ്ഞിമുഹമ്മദാജി സാഹിബ്, ഇ.കെ. മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി മുതലായവര്‍ 1922ല്‍ 'ഐക്യ സംഘം' രൂപീകരിച്ചപ്പോള്‍ വാപ്പ അതില്‍ ഒരു സജീവ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തോടൊപ്പം രണ്ടു വാര്‍ഷിക സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് രാഷ്ട്രീയ നേതൃത്വം കിട്ടിയിരുന്നത് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിലൂടെ ആയിരുന്നു. കോഴിക്കോട് ചെന്നാല്‍ അമീന്‍ ലോഡ്ജില്‍ പോയി അദ്ദേഹത്തെ കാണണം; അത് നിര്‍ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ മതഭക്തിയും ഇസ്‌ലാമിക ആവേശവുമായിരുന്നു ഞങ്ങളെ അദ്ദേഹത്തിങ്കലേക്കടുപ്പിച്ചത്. മൊയ്തു മൗലവിയും പൊന്മുണ്ടത്തെ മൊയ്തീന്‍കോയ ഹാജിയും അബുക്കയും സദാ അമീന്‍ ലോഡ്ജില്‍ ഉണ്ടാകാറുണ്ടായിരുന്നു. മൊയ്തു മൗലവിയും അബ്ദുറഹ്മാന്‍ സാഹിബും ഒന്നിച്ച് അമീന്‍ ലോഡ്ജിലായിരുന്നു താമസം. അബ്ദുറഹ്മാന്‍ സാഹിബിനെപ്പറ്റി പറയുമ്പോള്‍ ഞാന്‍ വികാരഭരിതനാവുകയാണ്. ആയിരമായിരം കഥകള്‍ അദ്ദേഹത്തെകുറിച്ച് എഴുതുവാനുണ്ട്. അതിലേക്ക് ഞാന്‍ കടക്കുന്നില്ല.

ഞാനും അനുജന്‍ ഷൗക്കത്തലിയും മഞ്ചേരി ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അബ്ദുറഹ്മാന്‍ സാഹിബ് മഞ്ചേരി വഴിക്കു പോകുമ്പോള്‍ പലപ്പോഴും ഞങ്ങളുടെ ലോഡ്ജില്‍ വരികയും ഉപദേശ നിര്‍ദേശങ്ങള്‍ തരികയും ചെയ്തിരുന്നു. കേറിവന്നാല്‍ സലാം പറഞ്ഞ് ആദ്യത്തെ ചോദ്യം മിക്കവാറും നിങ്ങള്‍ നമസ്‌കരിച്ചോ എന്നായിരിക്കും.

നാട്ടിനെയും സമുദായത്തെയും സേവിക്കാനുള്ള ഒരു വാഞ്ച(4) അദ്ദേഹത്തില്‍ നിന്നാണ് കിട്ടിയത്. ആ രംഗത്ത് പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന വാപ്പയുടെ പ്രവര്‍ത്തനം എന്റെ ആഗ്രഹങ്ങള്‍ക്ക് ചെറുതായിട്ടാണെങ്കിലും വഴികാണിച്ചു.

പഠനം നിര്‍ത്തുന്നതില്‍ വാപ്പാക്ക് അഭിപ്രായം ഉണ്ടായിരുന്നില്ല. ആരെയും ആശ്രയിക്കാതെ സ്വന്തമായി ജീവിക്കണം. അതിനൊരു തൊഴില്‍ സ്വന്തമായി തന്നെ വേണമെന്ന നിലക്കാണ് ഞാന്‍ പഠനം നിര്‍ത്തിയത്. അങ്ങനെ ഞാന്‍ ഏതാനും ചില കച്ചവടങ്ങളില്‍ ഏര്‍പ്പെട്ടു. അതോടൊപ്പം സമുദായ രംഗത്ത് ആകുന്നതൊക്കെ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. പഠിക്കുന്ന കാലത്ത് അത്തരം കാര്യങ്ങള്‍ പലതും ചിന്തിക്കുകയും മനസ്സില്‍ ആകാശക്കോട്ടകള്‍ കെട്ടുകയും ചെയ്തിരുന്നു.

ഈ പ്രദേശത്ത് ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ദീപനാളമുയര്‍ന്നത് ഏടവണ്ണ അറക്കല്‍ വലിയമുഹമ്മദ് സാഹിബില്‍ നിന്നായിരുന്നു. ആ ദീപശിഖ ഏറ്റുവാങ്ങി പ്രകാശം പരത്തിയത് മുസ്‌ല്യാരകത്ത് അലിഹസ്സന്‍ മൗലവി, പി.വി.മുഹമ്മദാജി, അറക്കല്‍ ഉണ്ണിക്കോമു സാഹിബ് എന്നിവരായിരുന്നു. ചെറുപ്പക്കാരായിരുന്ന ഇവര്‍ മൂന്നുപേരും ഏടവണ്ണ, ഒതായി, പത്തപ്പിരിയം, മുണ്ടേങ്ങര മുതലായ സ്ഥലങ്ങളില്‍ നിരന്തരം പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും നടത്തി ഒരു കോളിളക്കംതന്നെ സൃഷ്ടിച്ചു.

വാപ്പയുടെ മൂത്ത ജ്യേഷ്ഠന്‍ ഉസ്സന്‍കുട്ടി സാഹിബും ഏളാപ്പ കോയമാമു സാഹിബും യാഥാസ്ഥിതികന്മാരും പാരമ്പര്യ ദീനിനെ പിന്‍പറ്റിയവരുമായിരുന്നു. 1930ല്‍ മലയില്‍ വീരാന്‍കുട്ടി മുസ്‌ല്യാര്‍ എന്ന സുന്നി പണ്ഡിതനെ ഒതായിയില്‍ കൊണ്ടുവന്നു വയളു നടത്തി. കോയമാമു സാഹിബിനോട് കത്തുവാങ്ങി ചെറാതൊടി മമ്മതാജി, ചെറാതൊടി കുഞ്ഞിപ്പെരി, കൊടാക്കോടന്‍ ഐത്രുമാന്‍ കുട്ടി, ഇല്ലിയന്‍ ഉണ്ണി മൊയ്തീന്‍ ഇവര്‍ നാലാളുകളും കൂടി പോയിട്ടായിരുന്നു മുസ്‌ല്യാരെ കൊണ്ടുവന്നത്. പടിക്കല്‍ പള്ളിയാളിയില്‍ പന്തലിട്ടു. മലയില്‍ വീരാന്‍കുട്ടി മുസ്‌ല്യാര്‍ വയളു തുടങ്ങി. 1932ലാണത്. ഒരു പടി ഇട്ടു, അതിന്മേല്‍ ചമ്മണം പടിഞ്ഞിരുന്നു. മുന്നില്‍ രണ്ടു തലയണ വെച്ചു. കുറെ കിതാബുകളും അടുക്കിവെച്ചിട്ടായിരുന്നു വയള്. മുസ്‌ലിയാര്‍ കണ്ണു രണ്ടും മുറുക്കിച്ചിമ്മി 'ഹെ...! ജാഹിലീങ്ങളെ കൂട്ടരേ..' എന്ന് അഭിസംബോധനം ചെയ്ത് നടത്തുന്ന പ്രസംഗങ്ങള്‍ ആദ്യവസാനം അശ്ലീലങ്ങള്‍ നിറഞ്ഞതായിരുന്നു. ആണും പെണ്ണും കൂടിയ സ്ഥലത്ത് മാത്രമല്ല, സ്വന്തം ഭാര്യാ ഭര്‍ത്താക്കന്മാര്‍ കൂടിയിരിക്കുമ്പോള്‍ തന്നെയും പറയാന്‍ കൊള്ളാത്ത അശ്ലീലങ്ങളായിരുന്നു പറഞ്ഞിരുന്നത്.

രണ്ടാമത്തെ ദിവസം പ്രസംഗം അവസാനിച്ച് ഉടന്‍ അറക്കല്‍ ഉണ്ണിക്കോമു സാഹിബ് എഴുന്നേറ്റുനിന്ന് 'ഇന്നും ഇന്നലെയും വയളില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ അടിസ്ഥാനരഹിതമാണ്. അക്ഷരം പ്രതി നാളെ അതിനെ ഖണ്ഡിക്കുന്നതാണ്. സത്യം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാവരും നേരത്തെ സ്ഥലത്തെത്തണം' എന്ന് വിളിച്ചു പറഞ്ഞു. അതോടുകൂടി ബഹളമായി. മൂത്താപ്പ ഉസ്സന്‍കുട്ടി ഒരു കുണ്ടംവടി വരമ്പില്‍ കൂടി വലിച്ചുകൊണ്ട് മുമ്പോട്ട് വന്നു. 'ആരെടാ ആ പറഞ്ഞത്, ആ കൊമ്പന്‍ മീശക്കാരെവിടെ' എന്ന് ചോദിച്ചു. കോയമാമു സാഹിബും പിന്നാലെ എത്തി. ആളുകള്‍ നാലുഭാഗത്തേക്കും വിരണ്ടോടി. പലര്‍ക്കും പരിക്കുപറ്റി. പിറ്റേ ദിവസം വാപ്പയുടെ ഉമ്മ(5) മകന്‍ ഉസ്സന്‍കുട്ടിയെ വിളിപ്പിച്ച് 'മനുഷ്യനെ ചീത്ത പറയുന്ന ആ മുസ്‌ല്യാരെ കൊണ്ടുപോകണം, അല്ലെങ്കില്‍ പന്തലിന് ഞാന്‍ തീ കൊടുക്കും' എന്ന് പറഞ്ഞു. അന്ന് പള്ളിയാളിയിലെ വയളു നിര്‍ത്തി. മൂന്നാം ദിവസം മുതല്‍ അതേ സ്ഥലത്തുവെച്ച് വടക്കേ മലബാര്‍കാരനായ വലിയ അഹമ്മദ് മുസ്‌ല്യാര്‍ എന്ന ഒരു മുജാഹിദ് പണ്ഡിതനെ വാപ്പ മുഹമ്മദാജി കൊണ്ടുവന്നു, പ്രസംഗം തുടങ്ങി.

അദ്ദേഹം മലയില്‍കാരന്റെ ഓരോ വാദങ്ങള്‍ക്കും അക്കമിട്ടു മറുപടി പറഞ്ഞു. മലയില്‍കാരന്റെ പ്രസംഗം ഒരു മേശക്കിരുന്ന്, പി.മോയീന്‍ കുട്ടി മൗലവിയും അറക്കല്‍ ഉണ്ണിക്കോമു സാഹിബും സദസ്സില്‍ വെച്ചുതന്നെ എഴുതി വെച്ചിരുന്നു. പിന്നെ കുറച്ചു ദിവസം ഉസ്സന്‍ കുട്ടി മൂത്താപ്പയുടെ കളത്തിങ്ങല്‍ വീട്ടിന്‍ മുറ്റത്തുവെച്ചാണ് മലയില്‍കാരന്റെ പ്രസംഗം നടത്തിയത്. ഏടവണ്ണ മേത്തല്‍ ഉപ്പാപ്പ കോയമാമു സാഹിബിന്റെ വീട്ടുമുറ്റത്തുവെച്ചും മലയില്‍കാരന്റെ വയളു നടക്കുകയുണ്ടായി.

മുസ്‌ല്യാര്‍ വയളു പറയുമ്പോള്‍ ഇടക്കിടക്ക് ഇബ്‌നുതീമിയ 'ലഅ്‌നത്തുല്ലാഹി അലൈഹി' എന്നു പറയാറുണ്ടായിരുന്നു. ഏടവണ്ണ മേത്തല്‍ വെച്ചു പറയുമ്പോള്‍ ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഏതാനും ചെറുപ്പക്കാര്‍ക്ക് പൈസകൊടുത്ത് വയളിന്റെ സദസ്സിനു മുമ്പില്‍തന്നെ ഇരിക്കാനും ഇബ്‌നുതീമിയ എന്ന് മുസ്‌ല്യാര്‍ പറഞ്ഞാല്‍ ഉറക്കെ 'റളിയല്ലാഹു അന്‍ഹു' എന്ന് പറയാനും കോയമാമു സാഹിബിന്റെ മകന്‍ അബ്ദുല്ലക്കുട്ടി ഏര്‍പ്പാടു ചെയ്തു. അത് പ്രകാരം മുസ്‌ല്യാര്‍ 'ഇബ്‌നു' എന്നു പറയുമ്പോഴേക്കും ആള്‍ക്കാര്‍ ഉച്ചത്തില്‍ 'റളിയല്ലാഹു' വിളിക്കാന്‍ തുടങ്ങി. അത് കാരണം വഴക്കായി. അവിടെയും വയള് അധിക ദിവസം മുമ്പോട്ടുപോയില്ല.

പിന്നെ ഒതായിയിലും എടവണ്ണയിലും മുജാഹിദ് പണ്ഡിതന്മാരുടെ ഒരു പ്രസംഗ പരമ്പര തന്നെ നടന്നു. അതോടെ വാപ്പ മുഹമ്മദാജിയും എളാപ്പ കോയമാമു സാഹിബും ജ്യേഷ്ഠന്‍ ഉസ്സന്‍കുട്ടി സാഹിബും വളരെ വിരോധത്തിലായി. നിരവധി ക്രിമിനല്‍ കേസ്സുകളും സിവില്‍ കേസ്സുകളും നടന്നു. 1932ല്‍ തുടങ്ങിയ കേസ്സുകള്‍ നിരവധിയാണ്. അവസാനിച്ചത് 1962ലായിരുന്നു. കൂട്ടത്തില്‍ ഒന്നുരണ്ട് കൊലക്കേസുകള്‍ വരെ ഉണ്ടായി.

എന്റെ ഭാര്യ:

ഞാന്‍ ശാരദാ ആക്റ്റ്(6) വന്നപ്പോള്‍ മേല്‍പ്പറഞ്ഞ കോയമാമു സാഹിബിന്റെ മകള്‍ ഖദീജക്കുട്ടിയെ 1929ല്‍ നിക്കാഹ് ചെയ്തിരുന്നു. ആ ബന്ധം വിടുത്തിക്കിട്ടണമെന്ന നിലവരെ വഴക്ക് മൂത്തു.

അവസാനം ഞാന്‍ ഭാര്യക്ക് കത്തെഴുതി: ''ഞാനും നീയും തമ്മില്‍ എനിക്ക് പതിനൊന്നും നിനക്ക് അഞ്ചും വയസ്സുള്ളപ്പോള്‍ വാപ്പമാര്‍ തമ്മില്‍ വിവാഹകര്‍മം നടത്തി. ഇന്ന് എനിക്ക് 17ഉം, നിനക്ക് 11ഉം വയസ്സായി. ഇപ്പോള്‍ നിന്റെ രക്ഷിതാക്കള്‍ നാം തമ്മിലുള്ള ബന്ധം വിടുത്തിത്തരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അത്‌കൊണ്ട് ബന്ധം ഒഴിവാക്കുന്നത് നിനക്ക് സമ്മതമാണെങ്കില്‍ നമ്മള്‍ തമ്മിലുള്ള വിവാഹബന്ധം വിടുത്തുവാനുള്ള പൂര്‍ണ അനുവാദം ഇതിനാല്‍ നിനക്ക് വിട്ടുതന്നിരിക്കുന്നു.''

അങ്ങനെ ഭാര്യ ഭര്‍ത്താവിനെ ബന്ധം വിടുത്തിയ ഒരു സംഭവത്തോടേ ആ കര്‍മം അവസാനിച്ചു. 1939മാര്‍ച്ചില്‍ ഉപ്പാപ്പ കോയമാമു സാഹിബ് മരിച്ചു. ആ മരണത്തോട് കൂടി ഞങ്ങള്‍ തമ്മില്‍ വീണ്ടും വിവാഹബന്ധം നടത്തണമെന്ന് നാട്ടുകാരും കുടുംബങ്ങളും മുഴുവന്‍ ആവശ്യക്കാരായി. ഈ കാര്യത്തില്‍ അതീവ താല്‍പര്യം കാണിച്ചത് മുമ്പ് എതിരഭിപ്രായം പറഞ്ഞിരുന്ന ഉസ്സന്‍കുട്ടി മൂത്താപ്പയായിരുന്നു. അപ്രകാരം ഞങ്ങള്‍ തമ്മില്‍ 1939ജൂണ്‍ മാസത്തില്‍ വീണ്ടും വിവാഹിതരായി. ഇന്നും ആ ഖദീജക്കുട്ടി തന്നെയാണ് എന്റെ ഭാര്യ. ഞങ്ങള്‍ക്ക് ഏഴ് മക്കള്‍ ഉണ്ട്.

1937ല്‍ ഞാന്‍ പരീക്ഷ കഴിഞ്ഞു നാട്ടില്‍ വന്നപ്പോള്‍ എനിക്കുണ്ടായിരുന്ന ആഗ്രഹങ്ങള്‍ മുമ്പ് സൂചിപ്പിച്ചുവല്ലോ. വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ മലപ്പുറത്തും മറ്റുമായി രണ്ടു സ്ഥലങ്ങളില്‍ നടന്ന കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ യോഗത്തില്‍ വാപ്പയുടെ കൂടെ ഞാന്‍ പങ്കെടുക്കുകയുണ്ടായിട്ടുണ്ട്.

1937ല്‍ ഞാന്‍ പഠനം നിര്‍ത്തി ഒതായിയില്‍ വരുന്ന കാലത്ത്, ഒതായി മഹല്ലു ഭരണം നടത്തിയിരുന്നത് 'പള്ളിപരിപാലന സംഘ'മായിരുന്നു. അതിന്റെ പ്രസിഡന്റ് വാപ്പ മുഹമ്മദാജിയായിരുന്നു. ഞാന്‍ പഠനം നിര്‍ത്തി വന്നപ്പോള്‍ കമ്മിറ്റിയില്‍ ഒരംഗമായി എന്നെയും ചേര്‍ത്തു.

തൂക്കരിയും വരിസംഖ്യയും മാത്രമായിരുന്നു പ്രധാന വരുമാനം. 1940ല്‍ ഇടതടവില്ലാതെ മതപ്രസംഗ പരമ്പരകള്‍ നടത്തിക്കൊണ്ടിരുന്നു. ഒതായിയില്‍ മതപ്രഭാഷണത്തിന് ഒരു സ്ഥിരം പന്തല്‍തന്നെയുണ്ടാക്കി. അന്ന് ഞാന്‍ ഒതായി കളത്തിങ്ങലായിരുന്നു താമസം. ഒന്നും രണ്ടും മൗലവിമാര്‍ എന്റെ കൂടെ സ്ഥിരമായി താമസം ഉണ്ടായിരുന്നു. വാണിയമ്പലം കമ്മു മൗലവി, പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവി, പി.ഉണ്ണിമോയിന്‍ മൗലവി, കെ.സി. അബൂബക്കര്‍ മൗലവി, എ. അലവി മൗലവി, വി.ടി. അബ്ദുല്ല ഹാജി, ശൈഖ് മുഹമ്മദ് മൗലവി, സി.പി.കുഞ്ഞിമൊയ്തീന്‍ മൗലവി തൃപ്പനച്ചി, കെ.കെ.എം.ജമാലുദ്ദീന്‍ മൗലവി തുടങ്ങിയ അന്നത്തെ പറയത്തക്ക മുജാഹിദ് പണ്ഡിതന്മാര്‍ മിക്കവാറും ഒതായിയിലെ സ്ഥിരം പ്രസംഗകരായിരുന്നു.

ഇവിടുത്തെ മുതിര്‍ന്ന തലമുറക്ക് മതപരമായി സാമാന്യം എല്ലാ അറിവുകളും നേടാന്‍ കഴിഞ്ഞത് ഇത്തരം പ്രസംഗങ്ങളില്‍ കൂടി ആയിരുന്നു. ഇന്ന്

മദ്‌റസകളില്‍നിന്നു കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ അറിവ് അന്നുള്ളവര്‍ക്ക് പ്രസംഗങ്ങളില്‍കൂടി കിട്ടിക്കൊണ്ടിരുന്നു.

റഫറന്‍സ്:

1. 24.11.1917, റബീഉല്‍അവ്വല്‍ 24ന്

2. സിക്‌സ്ത് ഫോം

3. ഒതായി മുഹമ്മദാജി

4. താല്‍പര്യം, ആഗ്രഹം

5. ഉമ്മാമ

6. Child Marriage Restraint Act 1929. Har Bilas Sarda (1867-1955) was an Indian academic, judge and politician. He is best known for having introduced the Child Marriage Restraint Act ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ഇര്‍വിന്‍ പ്രഭു(1926-1931)വിന്റെ കാലത്ത് 1929ല്‍ ശാദാ ആക്ട് നിലവില്‍ വന്നു. ഇതനുസരിച്ച് പെണ്‍കുട്ടികളുടെ വിവാഹപ്രായം 14ഉം, ആണ്‍കുട്ടികളുടെത് 18ഉം ആക്കി ഉയര്‍ത്തി.

(അവസാനിച്ചില്ല)