വ്യക്തമായ തെളിവ്

അബൂ ഹുദ

2026 ആഗസ്റ്റ് 01, 1448 സ്വഫർ 18

മനുഷ്യൻ ഒരു പ്രത്യേക മതവിശ്വാസിയായി ജീവിക്കുന്നത് അവൻ ആ കുടുംബത്തിൽ ജനിച്ചതുകൊണ്ട് മാത്രമാണെന്ന ഒരു പൊതുധാരണ സമൂഹത്തിലുണ്ട്. എന്നാൽ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അത് കേവലം ഒരു പാരമ്പര്യമല്ല, മറിച്ച് വ്യക്തമായ തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാന ത്തിലുള്ള ജീവിതരീതിയാണ്. മുഹമ്മദ് നബിﷺ ജനിച്ചതും വളർന്നതും ബഹുദൈവ വിശ്വാസികളായ ഒരു സമൂഹത്തിലായിരുന്നു. തന്റെ നാൽപതാമത്തെ വയസ്സിൽ ദിവ്യസന്ദേശം ലഭിച്ചതുമുതലാണ് പ്രവാചകൻ ഇസ്‌ലാം പ്രബോധനം ചെയ്യാൻ തുടങ്ങിയത്. അദ്ദേഹം ഇഹലോകവാസം വെടിയുന്ന സമയത്ത് ലക്ഷത്തിലധികം അനുയായികൾ ഉണ്ടായിരുന്നു. അവരൊന്നും മുസ്‌ലിം മാതാപിതാക്കൾക്ക് ജനിച്ചതുകൊണ്ട് ഇസ്‌ലാം സ്വീകരിച്ചവരല്ല, മറിച്ച് വ്യക്തമായ തെളിവുകൾ കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മതം ഉൾക്കൊണ്ടവരാണ്. ഇന്നും ലോകത്തിന്റെ വിവിധ കോണുകളിൽ വലിയ ചിന്തകരും നേതാക്കളും ഇസ്‌ലാമിലേക്ക് കടന്നുവരുന്നത് ഇതിന്റെ ആധികാരികമായ പ്രമാണങ്ങൾ കണ്ടിട്ടാണ്.

വിശുദ്ധ ക്വുർആനിലെ തൊണ്ണൂറ്റിയെട്ടാമത്തെ അധ്യായമായ ‘അൽബയ്യിന’ ചർച്ച ചെയ്യുന്നത് ഈ വ്യക്തമായ തെളിവുകളെക്കുറിച്ചാണ്. ‘അൽബയ്യിന’ എന്ന വാക്കിന്റെ അർഥം ‘വ്യക്തമായ തെളിവ്’ എന്നാണ്. വേദക്കാരായ ജൂത-ക്രൈസ്തവരിലെ അവിശ്വാസികളും ബഹുദൈവ വിശ്വാസികളും തങ്ങൾക്ക് വ്യക്തമായ തെളിവ് ലഭിച്ചതിന് ശേഷമാണ് സത്യത്തിൽനിന്ന് വേറിട്ടുപോയതെന്ന് ക്വുർആൻ വ്യക്തമാ ക്കുന്നു. ഇവിടെ അല്ലാഹു നൽകിയ ഏറ്റവും വലിയ തെളിവ് മുഹമ്മദ് നബിﷺ തന്നെയാണ്. ജനങ്ങ ളോട് കളവ് പറയാത്ത പ്രവാചകൻ അല്ലാഹുവിന്റെ പേരിൽ കളവ് പറയില്ലെന്ന് ചിന്തിക്കുന്ന ഏതൊരാ ൾക്കും ബോധ്യമാകും. ഒരക്ഷരം പോലും എഴുതാനോ വായിക്കാനോ അറിയാത്ത ഒരു മനുഷ്യൻ ലോക ത്തെ അത്ഭുതപ്പെടുന്ന വിജ്ഞാനം ജനങ്ങൾക്ക് പകർന്നു നൽകിയതും ഭൗതികമായ യാതൊരു നേട്ടങ്ങളും ആഗ്രഹിക്കാതെ ദാരിദ്ര്യത്തിലും പ്രയാസത്തിലും തന്റെ അവസാനനാളുകൾ കഴിച്ചുകൂട്ടി എന്നതും അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണെന്നതിനുള്ള വ്യക്തമായ തെളിവാണ്.

പ്രവാചകനോടൊപ്പം അല്ലാഹു നൽകിയ രണ്ടാമത്തെ വലിയ തെളിവ് പരിശുദ്ധ ക്വുർആനാണ്. യാതൊരു വക്രതയുമില്ലാത്ത, എല്ലാ കാലഘട്ടങ്ങളെയും അതിജീവിക്കാൻ കഴിയുന്ന ദൈവിക ദൃഷ്ടാന്തമാണ് ക്വുർആൻ. നിഷ്പക്ഷമായി ക്വുർആൻ വായിക്കുന്ന ഒരാൾക്ക് ഇത് ഒരു മനുഷ്യന്റെ ചിന്തയിൽ നിന്ന് ഉണ്ടായതല്ല എന്ന് മനസ്സിലാക്കാൻ സാധിക്കും. നാളെ പരലോകത്തു വെച്ച്, ‘ഞങ്ങൾക്ക് സത്യം പറഞ്ഞുതരാൻ ആരും വന്നിട്ടില്ല’ എന്ന് മനുഷ്യർക്ക് അല്ലാഹുവോട് പരാതി പറയാൻ ഇടയില്ലാത്ത വണ്ണം വ്യക്തമായ തെളിവുകൾ ഭൂമിയിൽ നൽകപ്പെട്ടിട്ടുണ്ട്. സത്യം വ്യക്തമായി തെളിയിക്കപ്പെട്ടാൽ പിന്നെ അവിടെ സംശയങ്ങൾക്ക് സ്ഥാനമില്ല. ഒരു രോഗത്തിന്റെ കാരണം സ്‌കാനിംഗിലൂടെ കൃത്യമായി കണ്ടെത്തിയാൽ പിന്നെ രോഗിക്ക് സംശയങ്ങൾ മാറുന്നതുപോലെ, പ്രമാണങ്ങൾ വ്യക്തമായാൽ പിന്നെ വിശ്വാസിക്ക് വക്രതകളുണ്ടാകില്ല.

ഈ വ്യക്തമായ തെളിവുകളിലൂടെ ഇസ്‌ലാം പഠിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം തൗഹീദ് അഥവാ ഏകദൈവ വിശ്വാസമാണ്. നിഷ്‌കളങ്കമായി അല്ലാഹുവെ മാത്രം ആരാധിക്കുകയും അല്ലാഹു അല്ലാത്ത ഒന്നിനെയും ആരാധിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് മതത്തിന്റെ അടിത്തറ. ഇതിനൊപ്പം നമസ്‌കാരവും സകാത്തും കൃത്യമായി നിർവഹിക്കാൻ കൽപിക്കുന്നു. ഈ മൂന്ന് കാര്യങ്ങളും ചേരുമ്പോഴാണ് ഒരാൾ വക്രതയില്ലാത്ത മാർഗം ഉൾക്കൊണ്ടവനായി മാറുന്നത്.

തെളിവുകൾ വന്നിട്ടും ഭൗതിക ലാഭങ്ങൾക്കും പൗരോഹിത്യത്തിന്റെ സമ്മർദങ്ങൾക്കും വഴങ്ങി സത്യത്തെ നിഷേധിക്കുന്നവർ സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവരാണ്. അവർ പരലോകത്ത് നരകത്തിൽ ശാശ്വതരായിരിക്കും. എന്നാൽ വ്യക്തമായ തെളിവുകൾ ഉൾക്കൊണ്ട് വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർ സൃഷ്ടികളിൽ ഏറ്റവും ഉത്തമന്മാരാണ്. അല്ലാഹുവിന്റെ തൃപ്തിയും സ്ഥിരവാസത്തിന്റെ സ്വർഗത്തോപ്പുകളാണ് അവർക്ക് പ്രതിഫലമായി ലഭിക്കുക.