പ്രതിസന്ധികളിൽ തളരാതിരിക്കുക

ഹാരിസ് ബിൻ സലീം

2026 ജൂലൈ 11, 1448 മുഹർറം 26

പലപ്പോഴും നാം ഉദ്ദേശിക്കുന്നതിന് വിപരീതമായി നമ്മുടെ പെരുമാറ്റങ്ങളിൽ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഉദാഹരണത്തിന്, മക്കളോട് ഏറ്റവും സ്‌നേഹത്തോടെ പെരുമാറേണ്ട മാതാവ് ചിലപ്പോൾ അവരോട് ദേഷ്യപ്പെട്ടേക്കാം. അധ്യാപകർ വിദ്യാർഥികളോടും മേലുദ്യോഗസ്ഥർ കീഴ്ജീവനക്കാരോടും പരുഷമായി പെരുമാറുന്നതിനും കാരണങ്ങൾ മറ്റൊന്നല്ല. ഇതിനു പിന്നിൽ വ്യക്തികളുടെ സ്വഭാവദൂഷ്യത്തെക്കാളുപരി, അവർ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും സംഘർഷങ്ങളുമാണ് പ്രകടമാകുന്നത്. ആത്മനിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് മറ്റുള്ളവരോട് മാന്യമായി പെരുമാറാൻ നമുക്ക് സാധിക്കാതെ വരുന്നത്.

ഏറ്റവും വലിയ ഏകാധിപതിയും ക്രൂരനുമായ ഫിർഔന്റെ അടുത്തേക്ക് പോകാൻ അല്ലാഹു മൂസാ നബി(അ)യോട് കൽപിക്കുന്നുണ്ട്. ഫിർഔന്റെ ക്രൂരതകളെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്ന മൂസാ നബി(അ) അല്ലാഹുവിനോട് ആദ്യം പ്രാർഥിച്ചത്, ‘എന്റെ നാഥാ, എനിക്ക് നീ ഹൃദയവിശാലത നൽകേണമേ’ എന്നാണ്. മറ്റുള്ളവരിൽനിന്ന് ഉണ്ടാകുന്ന പ്രതികൂലമായ വാക്കുകളെയും പ്രവൃത്തികളെയും സമനില കൈവിടാതെ നേരിടാൻ ഹൃദയവിശാലത അനിവാര്യമാണ്. പ്രതിസന്ധികളെ ഉൾക്കൊള്ളാനും വിട്ടുവീഴ്ച ചെയ്യാനും സാധിക്കുന്നില്ലെങ്കിൽ നമുക്ക് മറ്റുള്ളവരോട് നല്ലനിലയിൽ പെരുമാറാൻ സാധിക്കില്ല. മുഹമ്മദ് നബിﷺയോട് അല്ലാഹു കൽപിച്ചതും സൗമ്യമായി പെരുമാറാനാണ്. ശത്രുക്കളുടെ കടുത്ത പ്രതികരണങ്ങൾക്ക് മുന്നിലും നബിﷺ തന്റെ വിട്ടുവീഴ്ചയോടെയുള്ള പെരുമാറ്റത്തിൽ വീഴ്ച വരുത്തിയിരുന്നില്ല.

മാനസിക സമ്മർദങ്ങൾ ഇല്ലാത്തവരായി ആരുമില്ല. ചിലപ്പോൾ നിസ്സാരമായ പ്രശ്‌നങ്ങളെ പർവതീകരിച്ച് ചിന്തിക്കുമ്പോഴാണ് മനസ്സ് അസ്വസ്ഥമാകുന്നത്. ഇത്തരം ഘട്ടങ്ങളിൽ വിശുദ്ധ ക്വുർആനിലെ വചനങ്ങൾ നമുക്ക് വലിയ ആശ്വാസമാണ് നൽകുക. പ്രയാസങ്ങളെ ഒരു ബാധ്യതയായി കാണുന്നതിന് പകരം, അവയെ ആശ്വാസത്തിലേക്കുള്ള മുന്നോടിയായി കാണാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ‘തീർച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്’ എന്ന് അല്ലാഹു ക്വുർആനിലൂടെ പറഞ്ഞുതരുന്നുണ്ട്. മനുഷ്യർക്ക് താങ്ങാൻ കഴിയുന്ന പരീക്ഷണങ്ങൾ മാത്രമെ അല്ലാഹു നൽകുകയുള്ളൂ.

ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാതെ വരുമ്പോൾ നാം നിരാശപ്പെടാറുണ്ട്. എന്നാൽ, ‘നിങ്ങൾക്ക് അറിയാത്തത് എനിക്കറിയാം’ എന്നാണ് അല്ലാഹു പറയുന്നത്. നാം വെറുക്കുന്ന ഒരു കാര്യം നമുക്ക് ഗുണകരമായേക്കാം; അതുപോലെ നാം അതിയായി ആഗ്രഹിക്കുന്ന കാര്യം നമുക്ക് ദോഷകരമായേക്കാം. അതിനാൽ, ഏത് പ്രതിസന്ധിയിലും അല്ലാഹുവിന്റെ തീരുമാനത്തിൽ തൃപ്തിയടയുക എന്നതാണ് പ്രധാനം. പ്രതിസന്ധികളിൽ മനുഷ്യൻ ഒറ്റയ്ക്കാണെന്ന ചിന്തയാണ് അവനെ നിരാശയിലേക്ക് തള്ളിവിടുന്നത്. എന്നാൽ ‘എന്റെ അടിമകൾ എന്നെക്കുറിച്ച് ചോദിച്ചാൽ, ഞാൻ അവരുടെ അടുത്തുണ്ട് എന്ന് പറയുക’ എന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്. ഏകാന്തതയിലും വിഷമഘട്ടങ്ങളിലും അല്ലാഹു നമ്മുടെ കൂടെയുണ്ട്; നമ്മുടെ സങ്കടങ്ങൾ അവനോട് പറയുക.

വിഷാദവും നിരാശയും ഒരു വിശ്വാസിക്ക് യോജിച്ചതല്ല. പിശാചാണ് മനുഷ്യനെ നിരാശയിലേക്ക് നയിക്കുന്നത്. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് പൂർണ ബോധ്യമുള്ള ഒരാൾക്ക് ഒരിക്കലും ആശ കൈവിടാൻ കഴിയില്ല. പാപങ്ങൾ ചെയ്തുപോയാൽ പോലും അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശപ്പെടരുതെന്ന് ക്വുർആൻ ഓർപ്പെടുത്തുന്നു. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകളിൽ (ദിക്‌റുകളിൽ)നിന്ന് അകലുമ്പോഴാണ് നിസ്സാര പ്രശ്‌നങ്ങൾ പോലും ഭീകരമായി തോന്നുന്നത്. ‘അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെയാണ് ഹൃദയങ്ങൾക്ക് ശാന്തി ലഭിക്കുന്നത്’ എന്നാണ് ക്വുർആൻ നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ നമ്മെ നിരാശപ്പെടുത്തിയേക്കാം. അവരല്ല നമ്മുടെ യഥാർഥ രക്ഷകർ, മറിച്ച് അല്ലാഹുവാണ് എന്ന തിരിച്ചറിവ് ഇത്തരം ഘട്ടങ്ങളിൽ ഉണ്ടാകണം.