ജീവിത പരീക്ഷണങ്ങളും തലമുറകളുടെ സംരക്ഷണവും

ഹാരിസ് ബിൻ സലീം

2026 ജൂലൈ 18, 1448 സ്വഫർ 04

മനുഷ്യജീവിതം നിരന്തരമായ പരീക്ഷണങ്ങളുടെ വേദിയാണ്. നമ്മുടെ വിശ്വാസത്തിൽനിന്നും ആദർശത്തിൽനിന്നും നമ്മെ വ്യതിചലിപ്പിക്കുന്ന ഏതൊരു സാഹചര്യവും വലിയ പരീക്ഷണമാണ് (ഫിത്‌ന). ഇത്തരം പ്രതിസന്ധികളിൽ പതറാതെ, അല്ലാഹുവിന്റെ കൽപനകൾ പാലിച്ച് ജീവിക്കാൻ സാധിക്കുക എന്നതാണ് ഒരു സത്യവിശ്വാസിയുടെ ഏറ്റവും വലിയ വിജയം. വിശുദ്ധ ക്വുർആനിലെ ‘സൂറത്തുൽ കഹ്ഫ്’ പ്രധാനമായും മനുഷ്യജീവിതത്തിലെ നാല് സുപ്രധാന പരീക്ഷണങ്ങളെക്കുറിച്ചാണ് നമ്മെ ഓർമപ്പെടുത്തുന്നത്.

ഏകദൈവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ സ്വന്തം നാട്ടിലെ ഭരണാധികാരികളിൽ നിന്ന് വധഭീ ഷണി നേരിട്ടിട്ടും വിശ്വാസത്തിൽനിന്ന് പിന്നോട്ട് പോകാത്ത ഗുഹാവാസികളായ (അസ്ഹാബുൽ കഹ്ഫ്) യുവാക്കളുടെ ചരിത്രം വിശ്വാസരംഗത്തെ പരീക്ഷണങ്ങളെ എങ്ങനെ നേരിടണം എന്ന് പഠിപ്പിക്കുന്നു. അല്ലാഹുവിൽ പൂർണമായി ഭരമേൽപിച്ച അവർക്ക്, മൂന്ന് നൂറ്റാണ്ടുകാലം ഗുഹയിൽ സുരക്ഷിതമായ ഉറക്കം നൽകി അല്ലാഹു കാത്തുരക്ഷിച്ചു. സമ്പത്തിലുള്ള പരീക്ഷണമാണ് ക്വുർആൻ വ്യക്തമാക്കുന്ന മറ്റൊരു കാര്യം. സമ്പത്തും സൗകര്യങ്ങളും വർധിക്കുമ്പോൾ മനുഷ്യൻ അഹങ്കാരിയാവുകയും സ്രഷ്ടാവിനെ മറക്കുകയും ചെയ്യാറുണ്ട്. വിശാലമായ കൃഷിയിടങ്ങളും സമ്പത്തും ലഭിച്ചപ്പോൾ പരലോകത്തെ നിഷേധിച്ച തോട്ടം ഉടമയുടെ കഥയിലൂടെ, അഹങ്കാരം കാരണം അയാളുടെ സമ്പത്ത് മുഴുവൻ നശിച്ചുപോവുകയും ആ പരീക്ഷണത്തിൽ അയാൾ പരാജയപ്പെടുകയും ചെയ്തത് ക്വുർആൻ വരച്ചുകാട്ടുന്നു. മൂസാ നബി(അ)യും അല്ലാഹു പ്രത്യേകമായ ജ്ഞാനം നൽകിയ ഖിള്‌റും(അ) തമ്മിലുള്ള അറിവിലുള്ള പരീക്ഷണമാണ് ക്വുർആൻ ഓർമിപ്പിക്കുന്ന മറ്റൊരു കാര്യം. കാണുന്ന കാര്യങ്ങളുടെ ബാഹ്യമായ അർഥങ്ങൾക്കപ്പുറം അല്ലാഹുവിന്റെ വലിയ ചില തീരുമാനങ്ങൾ അതിലുണ്ടെന്നും അറിവ് ലഭിക്കുമ്പോൾ വിനയാന്വിതരാകുകയും ക്ഷമ കാണിക്കുകയും ചെയ്യണമെന്നുമുള്ള പാഠമാണ് ഇത് നൽകുന്നത്.

അധികാരം ലഭിക്കുന്നത് മനുഷ്യന്റെ സ്വഭാവത്തെ മാറ്റുകയും അവനെ ധിക്കാരിയാക്കുകയും ചെയ്യാറുണ്ട് എന്നതാണല്ലോ അധികാരത്തിലുള്ള പരീക്ഷണം. എന്നാൽ ലോകം മുഴുവൻ അടക്കിഭരിച്ച നീതിമാനായ ഭരണാധികാരിയായിരുന്നു ദുൽഖർനൈൻ രാജാവ്, തനിക്ക് ലഭിച്ച അധികാരവും സൗകര്യങ്ങളും അല്ലാഹു നൽകിയതാണെന്ന് അദ്ദേഹം വിശ്വസിച്ചു. ജനങ്ങളെ ദ്രോഹിക്കുന്ന ‘യഅ്ജൂജ്-മഅ്ജൂജ്’ എന്ന അക്രമകാരികളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ പ്രതിഫലേച്ഛയില്ലാതെ അദ്ദേഹം വലിയൊരു ഇരുമ്പ് മതിൽകെട്ടി സംരക്ഷണം ഒരുക്കി. അധികാരം ലഭിക്കുമ്പോൾ അത് ജനങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കണം എന്നാണ് ഈ ചരിത്രം നൽകുന്ന സന്ദേശം.

അധികാരവും സമ്പത്തും സ്ഥാനമാനങ്ങളുമൊക്കെ അല്ലാഹു നൽകുന്നതാണ്. അത് സ്വന്തം കഴിവ് കൊണ്ടാണെന്ന് വിശ്വസിച്ച ഖാറൂനെ അല്ലാഹു മണ്ണിൽ ആഴ്ത്തിക്കളഞ്ഞു. എന്നാൽ സുലൈമാൻ നബി(അ)യുംദുൽഖർനൈൻ രാജാവും തങ്ങളുടെ നേട്ടങ്ങളെ അല്ലാഹുവിന്റെ കാരുണ്യമായി കണ്ടു. അധികാ രമുള്ളവർ അത് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിക്കണം. അധികാരം ജനങ്ങളെ ദ്രോഹിക്കാൻ ഉപയോഗിക്കുന്നവർക്ക് അല്ലാഹുവിന്റെ കടുത്ത ശിക്ഷയുണ്ടാകുമെന്ന് പ്രവാചകൻﷺ താക്കീത് ചെയ്തിട്ടുണ്ട്. ഈ ചരിത്രപാഠങ്ങൾ ഉൾക്കൊള്ളുന്നതിനൊപ്പം നാം ഏറ്റവും കൂടുതൽ ചിന്തിക്കേണ്ടത് നമ്മുടെ പുതിയ തലമുറയെക്കുറിച്ചാണ്. ഇന്ന് നമ്മുടെ ചുറ്റുപാടുകൾ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലഹരിയുടെയും മറ്റ് തിന്മകളുടെയും ഭയാനകമായ വലയത്തിലേക്ക് നമ്മുടെ യുവത്വം വഴുതിവീഴുന്നു. സ്വന്തം വീടുകളിൽ, സ്വന്തം സഹോദരങ്ങളിൽനിന്ന് പോലും പെൺകുട്ടികൾക്ക് സുരക്ഷിതത്വമില്ലാത്ത വിധം ലഹരി മനുഷ്യന്റെ സമനില തെറ്റിക്കുന്ന വാർത്തകൾ നാം കേൾക്കുന്നു.

ഈ പ്രതിസന്ധിയെ മറികടക്കാൻ ഒരേയൊരു മാർഗമേയുള്ളൂ; നമ്മുടെ മക്കൾക്ക് ശരിയായ ധാർമിക ബോധം നൽകുക. നന്മ ചെയ്താൽ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചും തിന്മ ചെയ്താൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അവരെ നിരന്തരം ഉത്‌ബോധിപ്പിക്കണം. മദ്റസാ പഠനത്തിന് ശേഷം അവരുടെ ജീവിതത്തിൽ നന്മകൾ പഠിക്കാനുള്ള സാഹചര്യങ്ങൾ നാം സൃഷ്ടിക്കേണ്ടതുണ്ട്.