വേദന എനിക്കുമാത്രമോ?

ബിസ്മിത.എം

(സൽസബീൽ അറബിക് കോളേജ്, വെങ്കിടങ്ങ്)

2026 മെയ് 23, 1447 ദുൽഹിജ്ജ 07

പലവിധ വേദനകളെക്കുറിച്ചാണ് മനുഷ്യർക്കെല്ലാം പരാതി. ഞാനാണ് ഏറ്റവും കൂടുതൽ വേദന യനുഭവിക്കുന്നതെന്ന് ഓരോരുത്തരും കരുതുന്നു. യഥാർഥത്തിൽ ഈ ലോകത്ത് വേദനയനുഭവിക്കാത്തവരായി ആരാണുള്ളത്? വേദനകളും ദുഃഖങ്ങളും സങ്കടങ്ങളും വേവലാതികളുമെല്ലാം മനുഷ്യസഹജം തന്നെ.

ജീവിതത്തിലേക്ക് കടന്നുവരുന്ന കഷ്ടപ്പാടുകളെ ഏതു രീതിയിലാണ് മനുഷ്യൻ തിരിച്ചറിയുന്നത് എന്നതിലാണ് പലരും വ്യത്യസ്തമാകുന്നത്. എന്റെ നഷ്ടങ്ങളും വേദനകളുമെല്ലാം പടച്ചവന്റെ പരീക്ഷണ മാണെന്നും എന്നോടുള്ള അവന്റെ പ്രത്യേക സ്‌നേഹമാണെന്നും തിരിച്ചറിയുന്നവനാണ് വിശ്വാസി. കാരണം, സഹനത്തിനും ക്ഷമക്കും അത്രമാത്രം പ്രതിഫലമാണ് റബ്ബിന്റെ വാഗ്ദാനം. എന്നാൽ നിരന്തര മായി കടന്നുവരുന്ന കഷ്ടപ്പാടുകളും വേദനകളും നഷ്ടങ്ങളും താങ്ങാൻ കഴിയാതെ ചിലർ തകർന്നു പോകുന്നു. അവർ മഹാന്മാരായ പ്രവാചകന്മാരുടെ ചരിത്രത്തിൽനിന്നും സച്ചരിതരായ മുൻഗാമികളിൽ നിന്നും പാഠം പഠിക്കേണ്ടതുണ്ട്. അതിതീവ്രമായ പരീക്ഷണങ്ങൾ നേരിട്ട സന്ദർഭങ്ങളിൽ ഉദാത്തമായ സഹനം കാണിച്ച് മാതൃകയായവരാണവർ.

നാം മനസ്സിലാക്കുക; ഇന്നുള്ള വേദനകൾ ശാശ്വതമല്ല. ഇന്നിന്റെ സുഖങ്ങളോ സന്തോഷങ്ങളോ ശാശ്വതമല്ല. എല്ലാം പൊടുന്നനെ അസ്തമിക്കും. നഷ്ടങ്ങൾ പേറി ജീവിക്കുമ്പോഴാണ് പലതിന്റെയും വില നാം തിരിച്ചറിയുക. അങ്ങനെയാണ് ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേക്ക് നാം കടന്നുചെല്ലുക.

പരീക്ഷണങ്ങൾ മനുഷ്യനെ തളർത്തവാനുള്ളതല്ല; ഇനിയുള്ള ജീവിതത്തിൽ മുന്നേറുവാനും സ്വർഗത്തിനുവേണ്ടി പരിശ്രമിക്കുവാനുള്ള താക്കോലാണ്. അത് മനസ്സിലാക്കാതെ പോകുന്നിടത്താണ് മനുഷ്യൻ തകർന്നുപോകുന്നത്. ലോകത്തുള്ള മനുഷ്യരെല്ലാം പലരീതിയിൽ പല പ്രശ്‌നങ്ങളാൽ വേദനിക്കു ന്നവരാണ്. അതിനെയെല്ലാം ക്ഷമയോടെ നേരിടാനും പോസിറ്റീവായി കാണുവാനും സാധിക്കുമ്പോഴാണ് നിരാശയില്ലാതെ ജീവിക്കാനാവുക. അപ്പോഴാണ് ചുണ്ടിൽ പുഞ്ചിരി വിരിയുക.

പരീക്ഷണങ്ങൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്; അത് പലർക്കും പലവിധത്തിലാകാം എന്നു മാത്രം. അല്ലാഹു ക്വുർആനിൽ ഇക്കാര്യം നമ്മെ അറിയിക്കുന്നുണ്ട്: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. (അത്തരം സന്ദർ ഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക’’ (2:155).

ക്ഷമാശീലരായ വിശ്വാസികൾ പരീക്ഷണഘട്ടങ്ങളിൽ എടുക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് ശേഷം അല്ലാഹു വ്യക്തമാക്കുന്നു: “തങ്ങൾക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാശീലർ) പറയുന്നത്; ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്കു തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും’’ (2:156).

ക്ഷമ കൈക്കൊണ്ട് ജീവിക്കുന്നവർ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്ന ഭാഗ്യവാന്മാരാണ് എന്ന സന്തോഷവാർത്ത അല്ലാഹു അറിയിക്കുന്നു: “അവർക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സൻമാർഗം പ്രാപിച്ചവർ’’ (2:157).