ഹൃദയപൂർവം ചിന്തിക്കുക!

നശ്മിയ ബിൻത് നസീർ

2026 ഏപ്രിൽ 11, 1447 ശവ്വാൽ 23

മനുഷ്യൻ തന്റെ ശരീരത്തെ പരിപാലിക്കുന്നതിലും പോഷിപ്പിക്കുന്നതിലും ഏറെ ശ്രദ്ധാലുവാണ്. രോഗങ്ങളിൽനിന്നും വിപത്തുകളിൽനിന്നും ശരീരത്തെ പ്രതിരോധിക്കുന്നതിൽ ജാഗ്രത കാണിക്കുന്നവനുമാണ്. എന്നാൽ ശരീരത്തെക്കാളേറെ പരിഗണിക്കേണ്ട ഹൃദയത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് അവൻ അശ്രദ്ധനാണ്.

അതെ, അവയവങ്ങളുടെ രാജാവായ ഹൃദയം! ഹൃദയത്തിന്റെ ആരോഗ്യവും സമാധാനവും അല്ലാഹുവിന്റെ വിധിവിലക്കുകൾക്കനുസൃതമായ ജീവിതം മുന്നോട്ടു നയിക്കുന്നതിലൂടെയാണ് ലഭിക്കുന്നത്. ‘അല്ലാഹുവെപ്പറ്റിയുള്ള ഓർമകൊണ്ടാണ് മനസ്സുകൾ ശാന്തമായിത്തീരുന്നത്’ എന്ന ക്വുർആൻ വചനം ഏറെ ശ്രദ്ധേയമാണ്.

ഹൃദയം പല അവസ്ഥകളിലൂടെ കടന്നുപോകുന്നു.

ചിലപ്പോൾ ആരോഗ്യമുള്ളത്; ചിലപ്പോൾ രോഗവും.

ചിലപ്പോൾ വെളുത്തത്; ചിലപ്പോൾ കറുത്തിരുണ്ടതും.

ചിലപ്പോൾ ദൃഢം; ചിലപ്പോൾ ചാഞ്ചാടുന്നതും.

ചിലപ്പോൾ മൃദുവായത്; ചിലപ്പോൾ പാറപോലെ കടുത്തതും.

ചിലപ്പോൾ ജീവനുള്ളത്; ചിലപ്പോൾ മരിച്ചതും.

ഒരു യഥാർഥ വിശ്വാസിയുടെ ഹൃദയം ‘സലീം’ ആയിരിക്കണം. അഥവാ, അല്ലാഹുവിൽനിന്ന് തന്നെ വിദൂരമാക്കുന്ന കാര്യങ്ങളായ ശിർക്ക്, ബിദ്അത്ത്, ദേഹേച്ഛ, അശ്രദ്ധ മുതലായവയിൽനിന്ന് വിട്ടുനിൽക്കണം. ഊഹത്തെ പിന്തുടരാതെയും സംശയങ്ങളെ ഒഴിവാക്കിയും ദേഹേച്ഛകളെ നിയന്ത്രിച്ചും നബിﷺയുടെ സുന്നത്തുകളെ പൂർണമനസ്സോടെ പിൻപറ്റിയും ജീവിക്കുന്നവനാണ് സലീമായ ഹൃദയത്തിന്റെ ഉടമ. മാത്രമല്ല, അവൻ തന്റെ രക്ഷിതാവിന് അനുസരണയാലും വിനയത്താലും കീഴടങ്ങിയവനും അല്ലാഹുവിന്റെ കോപത്തിനിടയാക്കുന്ന കാര്യങ്ങളിൽനിന്ന് അകന്നു നിൽക്കുന്നവനും അവന്റെ തൃപ്തി ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ അതീവ തൽപരനുമായിരിക്കും.

‘ഒരുവന്റെ ഹൃദയം നന്നായാൽ അവന്റെ ശരീരം മൊത്തം നന്നായിരിക്കും; അത് ചീത്തയായാൽ ശരീരം മൊത്തം ചീത്തതായിരിക്കും’ എന്നാണല്ലോ നബി ﷺ പഠിപ്പിച്ചത്. അപ്പോൾ അത് ചീത്തയാകാതിരിക്കാൻ ശ്രദ്ധിക്കൽ അനിവാര്യമാണ്.

ഇത് മനസ്സിലാക്കിയവൻ ശിർക്ക്, ബിദ്അത്ത്, അസൂയ, വിദ്വേഷം, ദേഹേച്ഛ എന്നിവയിൽനിന്ന് തന്റെ ഹൃദയത്തെ മുക്തമാക്കും. കാരണം ഹൃദയത്തിലേക്ക് റബ്ബിന്റെ സന്ദേശങ്ങൾ കേറുന്നതിന് ഇവ തടസ്സം സൃഷ്ടിക്കും, റബ്ബിന്റെ വിധിവിലക്കുകളിൽനിന്ന് അകന്നുപോകും. രോഗിയായ ഒരാൾക്ക് ഭക്ഷണത്തിന്റെ രുചിയാസ്വദിക്കാൻ കഴിയാത്തതുപോലെ, ഹൃദയത്തിന് കേടുപാടുകൾ സംഭവിച്ച ഒരാൾക്കും വിശ്വാസത്തിന്റെ മാധുര്യം അനുഭവിക്കാൻ സാധിക്കുകയില്ല. അമിതമായ സംസാരവും പൊട്ടിച്ചിരിയും അമിതമായ ഭക്ഷണവും തിന്മയുടെ വർധനവിനും ഹൃദയകാഠിന്യത്തിനും കാരണമാണ്.

മതകാര്യങ്ങളിലുള്ള അജ്ഞ ത ഹൃദയത്തെ കാഠിന്യമുള്ളതാക്കും. ക്വുർആനും സുന്നത്തും പഠിക്ക ലും അറിവുള്ളവരോടൊപ്പം സഹവസിക്കലും ഒരു പരിഹാര മാർഗമാണ്.