ഇന്ധനമില്ലാത്ത വാഹനം

ഹർഷ പി.

(ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യ ലേഡീസ് ക്യാമ്പസ്)

2026 ജനുവരി 24, 1447 ശഅ്ബാൻ 05

അയാൾ പ്രതീക്ഷയോടുകൂടി ഇന്റർവ്യൂവിൽ പങ്കെടുക്കുവാനായി പുറപ്പെട്ടു. പെട്രോൾ കമ്പനിയിലെ ഡ്രൈവർ ജോലിക്കാണെങ്കിലും ഒരുപാട് തൊഴിലന്വേഷകർ എത്തുമെന്ന് ഉറപ്പാണ്. ഉന്നത ബിരുദധാരികൾ പോലും ജോലിയൊന്നും കിട്ടാതെ വലയുന്ന കാലമാണല്ലോ. ഹെവി വെഹിക്കിൾ ലൈസൻസ് മുമ്പേതന്നെ എടുത്തുവച്ചത് നന്നായി.

ഉദ്ദേശിച്ചതുപോലെ തന്നെ ഒരുപാടുപേർ ഹാജറായിട്ടുണ്ട്. ഓരോരുത്തരെയായി അകത്തേക്കു വിളിച്ചു. ഒടുവിൽ അയാളുടെ ഊഴമെത്തി. അനുവാദം ചോദിച്ചതിന് ശേഷം അകത്തേക്ക് പ്രവേശിച്ചു. മൂന്നു പേർ മാറി മാറി ചോദ്യങ്ങൾ ചോദിച്ചു. എല്ലാറ്റിനും കൃത്യമായി ഉത്തരം പറയാൻ അയാൾക്ക് സാധിച്ചു.

ഏതാനും ദിവസത്തിനകം ജോലിക്ക് തിരഞ്ഞെടുത്ത വിവരം ലഭിച്ചു. ഒരാഴ്ചക്കകം ജോലിയിൽ പ്രവേശിക്കാനും ആവശ്യപ്പെട്ടു.

ജോലിയിൽ ചേരുന്ന ദിവസം അതിരാവിലെ അയാൾ പുറപ്പെട്ടു. ഇന്ധനം നിറച്ച ടാങ്കർ ലോറി ഓടിച്ച് ഏതാനും കിലോമീറ്റർ ഓടിയപ്പോഴേക്കും വഴിയിൽ വെച്ച് വാഹനം നിന്നുപോയി. അയാൾ ഇറങ്ങി വാഹനത്തിന് എന്തുപറ്റിയെന്ന് പരിശോധിക്കവെ കുറച്ചപ്പുറത്തുള്ള കടയിൽനിന്നും ഒരാൾ ഇറങ്ങിവന്ന് ചോദിച്ചു:

“എന്തുപറ്റി? പെട്രോൾ തീർന്നതാണോ?’’

അയാൾ അൽപം പരിഹാസത്തോടെ പറഞ്ഞു: “ഈ ടാങ്കർ ലോറി മുഴുവൻ ഇന്ധനമാണ്.’’

ആഗതൻ പറഞ്ഞു: “സുഹൃത്തേ, മുകളിലത്തെ ടാങ്കിൽ എത്ര ലിറ്റർ ഇന്ധനമുണ്ടായിട്ടും കാര്യമില്ല. അതിനടിയിലെ ടാങ്കിൽ ഇന്ധനമുണ്ടെങ്കിലേ വാഹനം ഓടുകയുള്ളൂ.’’

ഇത് പറഞ്ഞപ്പോഴാണ് അയാൾ ചിന്തിക്കുന്നത്; തിരക്കു പിടിച്ച് പോരുന്നതിനിടയിൽ പെട്രോൾ എത്രയുണ്ടെന്ന് നോക്കാൻ മറന്നത്. ഇന്ധനം കൊണ്ടുപോകുന്ന വലിയ ടാങ്കറിൽ അത് ഓടാനുള്ള ഇന്ധനം അടിക്കാത്തതു പോലെയാണ് പല വിശ്വാസികളും, വിശിഷ്യാ പല പ്രബോധകരും. അറിവാകുന്ന ഇന്ധനുണ്ട്. എല്ലാവരെയും ഉപദേശിക്കും. എന്നാൽ ഉപദേശിക്കുന്ന കാര്യം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കില്ല. കാരണം തക്വ്‌വയാകുന്ന ഇന്ധനമില്ല. അതുകൊണ്ട് തന്നെ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കി മുന്നോട്ടു പോകാൻ കഴിയില്ല. അല്ലാഹു പറയുന്നു:

“...എന്നാൽ യാത്രയ്ക്കു വേണ്ട വിഭവങ്ങളിൽ ഏറ്റവും ഉത്തമമായത് സൂക്ഷ്മത(തക്വ്‌വ)യാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക’’ (ക്വുർആൻ 2:197).

ജീവിത യാത്രയിൽ തക്വ്‌വയാകുന്ന ഇന്ധനം കൂടെയില്ലെങ്കിൽ പരലോകത്ത് പരാജപ്പെടുമെന്നതിൽ സംശയമില്ല. അതില്ലെങ്കിൽ ഭൗതികമായ എന്തൊക്കെ നേട്ടമുണ്ടായിട്ടും കാര്യമില്ല.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങൾ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്’’(3:102)