വന്ദേമാതരം; സുപ്രീം കോടതിയുടെ ഇടപെടൽ ആശാവഹം

ടി.കെ അശ്‌റഫ്

2026 ഒക്ടോബർ 03, 1448 റബീഉൽ ആഖിർ 22

വന്ദേമാതരം നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായ പോസിറ്റീവായ ഇടപെടലിനെയും നിരീക്ഷണങ്ങളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. പൗരാവകാശങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും മേൽ കടന്നുകയറാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ പരമോന്നത കോടതിയിൽനിന്നുണ്ടാകുന്ന ഇത്തരമൊരു ഇടപെടൽ ഏറെ പ്രതീക്ഷ നൽകുന്നതാണ്.

എന്നാൽ, വാക്കാലുള്ള ഇത്തരം നിരീക്ഷണങ്ങൾക്കപ്പുറം ഈ വിഷയത്തിൽ സുപ്രീം കോടതി സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് നിർണായകമായ ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ‘കേസെടുക്കില്ല എന്നു പ്രതീക്ഷിക്കാം’ എന്ന തരത്തിലുള്ള ഉപദേശ ശൈലിയോ ലളിതമായ പരാമർശങ്ങളോ അല്ല ഭരണഘടനാ സ്ഥാപനങ്ങളിൽനിന്ന് രാജ്യം ആഗ്രഹിക്കുന്നത്. മറിച്ച്, സർക്കാരുകളുടെ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങൾക്കെതിരെ സുപ്രീം കോടതിയുടെ അധികാരവും ശക്തിയും കൃത്യമായ ‘ഉത്തരവ്’ (Directive Order) ആയിത്തന്നെ പുറത്തുവരേണ്ടതുണ്ട്. ‘മൗലികാവകാശത്തിനു ചേരാത്ത കാര്യങ്ങളുടെ പേരിൽ പൗരന്മാർക്കെതിരെ കേസെടുക്കാൻ പാടില്ല എന്ന വ്യക്തവും ശക്തവുമായ വിധിതന്നെയാണ് ഉണ്ടാകേണ്ടത്.

അതോടൊപ്പം, ഭരണകൂടങ്ങൾ തങ്ങളുടെ അധികാരം ഉപയോഗിച്ച് പൗരന്മാരുടെ മേൽ അവരവരുടെ വിശ്വാസങ്ങൾക്കും സംസ്‌കാരത്തിനും യോജിക്കാത്ത കാര്യങ്ങൾ നിർബന്ധപൂർവം അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന എല്ലാ നിയമങ്ങളും നിയമനിർമാണങ്ങളും അടിയന്തരമായി പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്.

തങ്ങൾക്ക് അധികാരമുള്ള മേഖലകളിൽ പ്രോട്ടോക്കോളിന്റെ പേരുപറഞ്ഞ് ഇതു നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചതും, കേരളത്തിൽ ഗവർണറുടെ നിലപാടിനു മുമ്പിൽ സംസ്ഥാന സർക്കാരിന് പോലും നിന്നുകൊടുക്കേണ്ടി വന്നതും ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. അധികാരമുള്ളവർക്ക് ജനങ്ങളെ സമ്മർദത്തിലാക്കാൻ ഇത്തരം നിയമങ്ങൾ പഴുതുകളുണ്ടാക്കുന്നു എന്നത് ഗുരുതരമായ വിഷ യമാണ്.

1986ലെ ബിജോയ് ഇമ്മാനുവൽ കേസ് മുൻനിർത്തി, മതവിശ്വാസത്തിന്റെ പേരിൽ വിട്ടുനിന്നാൽ കേസെടുക്കാനാവില്ലെന്ന കോടതി നിരീക്ഷണവും, ഹർജിക്കാരനെ ‘നക്‌സലൈറ്റ്’ എന്നു വിശേഷിപ്പിച്ച കേന്ദ്ര നിലപാടിനെതിരായ വിമർശനവും ആശ്വാസകരമാണ്. സ്‌കൂളിൽ ദേശീയഗാനം പാടാത്തതിന്റെ പേരിൽ വിദ്യാർഥികളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ചരിത്രപ്രസിദ്ധമായ ‘ബിജോയ് ഇമ്മാനുവൽ’ കേസ് വിധി ഇപ്പോഴും പ്രസക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ആദരവോടെ നിൽക്കുകയും എന്നാൽ പാടാതിരിക്കുകയും ചെയ്യുന്നത് കുറ്റകരമല്ല എന്ന തത്ത്വം ഇവിടെയും ബാധകമാണ്. ദേശീയ ഗീതത്തെയും ദേശീയ ചിഹ്നങ്ങളെയും ബഹുമാനിക്കേണ്ടത് പ്രധാനമാണെങ്കിലും, മതപരമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ വന്ദേമാതരം ആലപിക്കാത്തവർക്കു മേൽ ക്രിമിനൽ കുറ്റം ചുമത്തി ശിക്ഷിക്കാൻ കഴിയില്ല എന്നതാണ് സുപ്രീം കോടതിയുടെ സുപ്രധാന നിലപാട്.

കേസ് കൂടുതൽ പരിഗണിക്കുമ്പോൾ ഭരണഘടനയുടെ മതേതരമൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കുന്ന അന്തിമവും ശക്തവുമായ ഉത്തരവുതന്നെ ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. അതിനായി ജനാധിപത്യസമൂഹത്തിന്റെ ജാഗ്രത തുടരേണ്ടതുണ്ട്.