കൊള്ളയടിക്കപ്പടുന്ന പിഎസ്സി നിയമനങ്ങൾ
നബീൽ പയ്യോളി
2026 സെപ്തംബർ 26, 1448 റബീഉൽ ആഖിർ 15

വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഒരു സർക്കാർ ജോലി. താൻ സ്വപ്നം കണ്ട സർക്കാർ ജോലിയും ജീവിതസാഹചര്യവും നേടിയെടുക്കാൻ പരിശീലന കേന്ദ്രങ്ങളിലും മറ്റുമായി മണിക്കൂറുകൾ ദിനേന ചെലവഴിച്ചാണ് ഓരോ ഉദ്യോഗാർഥിയും പരീക്ഷയെഴുതുന്നത്; സാമ്പത്തിക ചെലവുകൾ വേറെയും. ഏതെങ്കിലും പാർട്ട് ടൈം ജോലി ചെയ്താണ് പല വിദ്യാർഥികളും ഇതിനുള്ള പണം കണ്ടെത്താറുള്ളത്. ആയിരക്കണക്കിന് ഉദ്യോഗാർഥികളോടു മത്സരിച്ച് ലിസ്റ്റിൽ കയറിപ്പറ്റിയാൽതന്നെ നിയമനം ലഭിക്കുന്നത് ഏതാനും പേർക്കായിരിക്കും. പിന്നെയും എഴുതണം അടുത്ത പരീക്ഷ. അങ്ങനെ നിരവധി പരീക്ഷണ ഘട്ടങ്ങൾ താണ്ടിയാണ് റാങ്ക് ലിസ്റ്റിൽ വരുന്നതും നിയമനം ലഭിക്കുന്ന ഭാഗ്യവാന്മാരിൽ ഉൾപ്പെടുന്നതും. ആയുസ്സിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിൽ കൂടുതൽ സമയവും ഭാവി സുരക്ഷിതമാക്കാൻ കഠിനാധ്വാനം ചെയ്യുന്ന യുവതലമുറയെ വെല്ലുവിളിക്കുകയാണ് പിഎസ്സി തട്ടിപ്പുകാർ ചെയ്യുന്നത്. ഭരണത്തിന്റെ തണലിൽ നീതി കാറ്റിൽ പറത്തി, കെട്ടിയിറക്കപ്പെട്ട റാങ്കുകാർ കൈയടക്കുന്ന സർക്കാർ ഉദ്യോഗങ്ങൾ നാടിനെത്തന്നെ കൊള്ളയടിക്കുന്നത്തിലേക്കുള്ള വഴിയായി മാറിയിരിക്കുകയാണ്.
പൗരന്മാരെ ഒന്നായിക്കാണുകയും അവരോട് നീതിപൂർവകമായി വർത്തിക്കുകയും ചെയ്യേണ്ട സർക്കാർ സംവിധാനങ്ങളിൽ കൊള്ളയും തട്ടിപ്പും നടക്കുന്നതിനെ ഗൗരവത്തോടെ കാണാൻ സർക്കാർ തയ്യാറാവണം. ആൾമാറാട്ടവും ചോദ്യപ്പേപ്പർ ചോർച്ചയും പിഎസ്സിയിലെ കറുത്ത അധ്യായങ്ങളായി കഴിഞ്ഞുപോയതാണ്. അതിലും ഗൗരവമുള്ള കാര്യമാണ് ആസൂത്രണ ബോർഡിലേക്കുള്ള നിയമനത്തിൽ നടന്നത്. 2023ലെ നിയമനത്തിനായി നടത്തിയ പരീക്ഷയിലെ 28 ചോദ്യങ്ങളിൽ 18 എണ്ണത്തിനു മാത്രമാണ് മാർക്കു നൽകിയിരുന്നത്. ബാക്കിയുള്ള 10 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മൂല്യനിർണയം നടത്തുകയോ മാർക്ക് നൽകുകയോ ചെയ്തിട്ടില്ല. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസങ്ങൾക്കകം ഉദ്യോഗാർഥികൾ ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷ നൽകിയെങ്കിലും വർഷം ഒന്നു കഴിഞ്ഞു അവർക്കത് ലഭിക്കാൻ. കിട്ടിയ പകർപ്പു കണ്ട് അവർ അമ്പരന്നു. എഴുതിയ ഉത്തരങ്ങളിൽ 10 എണ്ണം പരിശോധിച്ചിട്ടില്ല; മാർക്ക് നൽകിയിട്ടുമില്ല. ലക്ഷത്തിലധികം രൂപ ശമ്പളം ലഭിക്കുന്ന തസ്തികയിലേക്കുള്ള നിയമനത്തിലാണ് ഈ ഗുരുതരമായ ക്രമക്കേടു നടന്നിട്ടുള്ളത്.
കേരളത്തിലെ യുവാക്കളുടെ പ്രതീക്ഷയും ആശ്രയവുമായിരുന്ന പിഎസ്സിയുടെ വിശ്വാസ്യത തകർക്കുന്ന നീക്കങ്ങളാണ് അടുത്തകാലത്തായി കണ്ടുവരുന്നത്. വിദ്യാർഥികൾ കേരളം വിട്ടു മറ്റിടങ്ങളിലേക്ക് ചേക്കേറുന്നതിന്റെ കാരണങ്ങളിൽ ഒന്ന് സുരക്ഷിതമായ തൊഴിൽ ലഭിക്കുന്നില്ല എന്നതാണ്. മാന്യമായ ജീവിതം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിന് സാമാന്യം ഭേദപ്പെട്ട ശമ്പളം ലഭിക്കുന്ന ജോലി അനിവാര്യമാണ്. ഇതിനായാണ് സർക്കാർ സർവീസിൽ കയറിപ്പറ്റുക എന്ന ആഗ്രഹത്തോടെ വർഷങ്ങളുടെ കഠിനാധ്വാനം നടത്തി അവർ വിവിധ പരീക്ഷകൾ എഴുതുന്നത്. ഇങ്ങനെയുള്ള യുവാക്കൾക്ക് നിരാശയോടെ മടങ്ങേണ്ടിവരുന്നത് ക്രൂരതയാണ്. പ്രതീക്ഷകൾ അസ്തമിച്ച് അവർ മറ്റിടങ്ങളിലേക്കു ചേക്കേറുന്നത് സ്വാഭാവികം.
സർക്കാർ വകുപ്പുകളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളി ലേക്കുമായി 30,000 ആളുകൾ ഓരോ വർഷവും സർക്കാർ സർവീസിന്റെ ഭാഗമാകുന്നു എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. പിൻവാതിൽ നിയമനങ്ങളും കരാർ നിയമനങ്ങളുമടക്കം സർക്കാർ സർവീസിലെത്താൻ കുറുക്കുവഴികൾ ഒരുക്കുന്നത് ഭരണകൂടങ്ങൾ കുതന്ത്രങ്ങൾ പ്രയോഗിക്കാറുണ്ട്. അത് അവസാനിപ്പിച്ചാലേ പുതുതലമുറയെ നമ്മുടെ നാട്ടിൽ തന്നെ പിടിച്ചു നിറുത്താൻ സാധിക്കുകയുള്ളൂ.
കഴിഞ്ഞ കുറെ വർഷങ്ങളിലെ മുഴുവൻ പിഎസ്സി നിയമനങ്ങളും അന്വേഷിക്കാനും ക്രമവിരുദ്ധമായവ റദ്ദാക്കി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും സർക്കാർ തയ്യാറാവണം. കരാർ നിയമനങ്ങളും താൽക്കാലിക നിയമങ്ങളും വഴി സർക്കാർ സവിധാനങ്ങളിലേക്ക് പിൻവാതിലിൽ കയറിയ വർക്കും ഈ നിലയിലുള്ള പരിശോധനകളും കർശന നടപടികളും ഉണ്ടാകേണ്ടതുണ്ട്. പിഎസ്സി എന്നത് രാഷ്ട്രീയ റിക്രൂട്ട്മെന്റ് ഏജൻസിയായി മാറിക്കൂടാ. സുതാര്യവും നീതിയുക്തവുമായ നിയമങ്ങൾ മാത്രമെ ഉണ്ടാകൂ എന്ന് ഉറപ്പു വരുത്താൻ കർശന നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടാവണം.
കഴിഞ്ഞ സർക്കാർ കാലയളവിൽ അപ്രഖ്യാപിത നിയമന നിരോധനങ്ങൾമൂലം അവസരങ്ങൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസം നൽകുന്നതായിരുന്നു കാലാവധി അവസാനിക്കുന്ന പിഎസ്സി റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള തീരുമാനം. അതിൽനിന്നും നിയമനങ്ങൾ നടത്തിയ ഉത്തരവുകൾ കണ്ടുതുട ങ്ങിയത് ആശാവഹമാണ്. സർക്കാർ ജീവനക്കാരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വിവിധ വകുപ്പുകൾക്ക് കർശന നിർദേശം നൽകിയുട്ടുണ്ട് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ പഴികേട്ട വകുപ്പ് ആരോഗ്യവകുപ്പായിരുന്നു. അതിനു പല കാരണങ്ങളുണ്ടെങ്കിലും അമിത ജോലിഭാരവും ജീവനക്കാരുടെ ഒഴിവുകൾ യഥാസമയം നികത്താത്തതുമായിരുന്നു പ്രധാനപ്പെട്ടത്. സർക്കാർ സംവിധാനങ്ങളിൽ ഉണ്ടാകുന്ന ഒഴിവുകൾ സമയ ബന്ധിതമായി റിപ്പോർട്ട് ചെയ്തു നിയമനം ഉറപ്പാക്കേണ്ടത് ഉദ്യോഗാർഥികൾക്കു ജോലി ലഭിക്കാൻ വേണ്ടി മാത്രമല്ല; സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുന്ന ആയിരക്കണക്കിനു സാധാരണക്കാർക്ക് സേവനങ്ങൾ ഫലപ്രദമായും സമയബന്ധിതമായും ലഭ്യമാക്കാൻ കൂടിയാണ്.
ഒരാൾക്ക് താങ്ങാൻ കഴിയുന്നതിലുമധികം ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യത്തിൽ ആ ജോലിയുടെ ക്വാളിറ്റി കുറയുകയും അബദ്ധങ്ങളും പോരായ്മാകളും സംഭവിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും. ജീവനക്കാരുടെ കുറവുകളും അമിത ജോലിഭാരവും പൗരന്റെ ജീവനെത്തന്നെ ഹനിക്കുന്ന സാഹചര്യം ഉണ്ടാകും എന്ന തിരിച്ചറിവിൽ സർക്കാരും ഭരണസംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.
താൽക്കാലിക നിയമനങ്ങൾ പലപ്പോഴും സ്ഥിരപ്പെടുത്തുന്ന കോടതി വ്യവഹാരങ്ങളിലേക്ക് കടക്കുന്ന സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി നടത്തുന്ന താൽക്കാലിക നിയമനങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടാവാറില്ല. താൽക്കാലിലെ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി മാത്രമെ നടത്തുകയുള്ളൂ എന്ന നിഷ്കർഷത സർക്കാർ കാണിക്കേണ്ടതുണ്ട്. അനർഹമായി ആർക്കും ഒന്നും ലഭിക്കുവാനോ നഷ്ടപ്പെടുവാനോ പാടില്ല. അനീതിയും സ്വജനപക്ഷ പാതവും സംവിധാനങ്ങളെ തകർക്കുകയും ജനങ്ങൾക്ക് സംവിധാനങ്ങളിലുള്ള വിശ്വാസ്യത ഇല്ലാതാവുകയും ചെയ്യും.

