തിരഞ്ഞെടുപ്പ് പ്രചാരണരീതി; കാലികമായ മാറ്റം അനിവാര്യം

സിഎൻ ഷുഹൈബ്, മാതാംകുളം

2026 ഫെബ്രുവരി 07, 1447 ശഅ്ബാൻ 19

ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ. എന്നാൽ, കാലം മാറിയിട്ടും മാറ്റമില്ലാതെ തുടരുന്ന ചില പ്രചാരണ രീതികൾ വോട്ടർമാരെ എത്രത്തോളം സ്വാധീനി ക്കുന്നുണ്ടെന്നത് ഗൗരവകരമായി ആലോചിക്കേണ്ട കാര്യമാണ്. പാതയോരങ്ങളിൽ നിരനിരയായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സുകളും നാടിന്റെ മുക്കുമൂലകളിൽ ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്ന അനൗൺസ്മെന്റുകളും കണ്ടും കേട്ടും വോട്ടർമാർ മാറിച്ചിന്തിക്കുമെന്ന് കരുതുന്നത് വിവരമില്ലായ്മയാണ്. ഇതര പാർട്ടിക്കാരനായ സ്ഥാനാർഥിയുടെ പേര് ആയിരം തവണ കേട്ടതുകൊണ്ടോ ചിഹ്നം അനേകം തവണ കണ്ടതുകൊണ്ടോ മാത്രം ഒരാൾ തന്റെ പാർട്ടിയുടെ സ്ഥാനാർഥിക്ക് വോട്ടു ചെയ്യാതെ അയാൾക്ക് ചെയ്യുമോ? ഒരിക്കലുമില്ല! ഈ വക കോപ്രായങ്ങൾകൊണ്ട് ഒരാൾക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണത്തിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാം. രാഷ്ട്രീയ പാർട്ടിയിലോ, സ്ഥാനാർഥിയിലോ ഉള്ള വിശ്വാസം ജനങ്ങളുടെ മനസ്സിൽ നേരത്തെ തന്നെ രൂപപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, ജനങ്ങളെ ശല്യം ചെയ്തുകൊണ്ടുള്ള ഇത്തരം ‘പ്രകടനങ്ങൾ’ പലപ്പോഴും വോട്ടർമാരിൽ വിരക്തിയും അതൃപ്തിയുമാണ് ഉളവാക്കുന്നത്.

വാഹനങ്ങളിൽ ഉച്ചഭാഷിണികൾ ഘടിപ്പിച്ചുകൊണ്ടുള്ള പ്രചാരണം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും വീടുകളിൽ കഴിയുന്ന രോഗികൾക്കും പിഞ്ചുകുഞ്ഞുങ്ങൾക്കും പ്രായമായവർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക.

പ്രചാരണത്തിനായി ആധുനിക മാധ്യമങ്ങൾ ധാരാളം നിലവിലുണ്ടായിരിക്കെ എന്തിനാണ് ജനങ്ങളുടെ സ്വൈ‌ര്യജീവിതം തകർത്തുകൊണ്ട് ഈ പഴയ രീതികൾ പിന്തുടരുന്നത്? ലക്ഷക്കണക്കിന് രൂപ ചെലവാക്കി അടിക്കുന്ന പോസ്റ്ററുകളും ഫ്‌ളക്‌സുകളും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാലിന്യക്കൂമ്പാരമായി നമ്മുടെ പൊതു ഇടങ്ങളിൽ കൂട്ടിവെക്കാം എന്നതല്ലാതെ മറ്റെന്ത് നേട്ടമാണ് ഈ പ്രചാരണ രീതികൊണ്ട് ലഭിക്കുന്നത്?

ഓരോ സ്ഥാനാർഥിയും പ്രചാരണത്തിനായി ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്. അപ്പോൾ എത്ര കോടി രുപയായിരിക്കും സംസ്ഥാനത്തൊട്ടാകെ ചെലവഴിക്കപ്പെടുന്നത്! തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വാഹനങ്ങളിലെ അനൗൺസ്മെന്റുകൾ, പോസ്റ്ററുകൾ, ഫ്‌ളക്‌സുകൾ എന്നിവയുടെ ഉപയോഗം പരമാവാധി ഒഴിവാക്കാൻ ശ്രമിക്കണം.

വോട്ടർമാരിലേക്ക് ഇറങ്ങിച്ചെല്ലാൻ നവമാധ്യമങ്ങളെ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കാം. ഡിജിറ്റൽ ക്യാമ്പയ്‌നുകൾ നടത്താം, ആശയസംവാദങ്ങൾ നടത്താം, ഓഡിയോ വീഡിയോ ക്ലിപ്പുകളുടെ രൂപത്തിൽ പ്രചാരണം പൊലിപ്പിക്കാം. അതുപോലെ പഴയകാല ജനസമ്പർക്ക പരിപാടികൾ നടത്താം. വോട്ടർമാരുടെ വീട്ടിലെത്തിയും അല്ലാതെയും സംവദിക്കാം.

ദിവസങ്ങൾക്കപ്പുറം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലെങ്കിലും പരിസ്ഥിതി സൗഹൃദവും ശാന്തവുമായ ഒരു തിരഞ്ഞെടുപ്പ് രീതി നടപ്പിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. ജനവിധി തേടേണ്ടത് ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടല്ല, മറിച്ച് അവരുടെ ഹൃദയം അറിഞ്ഞായിരിക്കണം.