കൗമാരക്കാരുടെ മനസ്സറിയുക

ആഷിഖ എ. വി, നടുവട്ടം

2026 സെപ്തംബർ 26, 1448 റബീഉൽ ആഖിർ 15

പുതിയ ചിന്തകളും സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ കൗമാര കാലം മനോഹരമാണ്. പൂവിടാൻ തുടങ്ങുന്ന കൊമ്പുപോലെ മനസ്സും ശരീരവും പുതുമയിലേക്ക് വിരിയുന്നു. ബാല്യത്തിന്റെ നിറങ്ങളും യൗവനത്തിന്റെ സ്വപ്നങ്ങളും കൈകോർക്കുന്ന കൗമാരത്തിൽ ജീവിതം വർണങ്ങളണിയുന്നു. വസന്തകാലത്ത് ചിലപ്പോൾ കാറ്റും മഴയും ഉണ്ടാകാറില്ലേ, അതുപോലെ വെല്ലുവിളികളുമുണ്ടാകും.

ഇന്ന് സമൂഹത്തിൽ കൗമാരക്കാരെ കുറിച്ച് മുറവിളി കൂട്ടുന്നവർ കൂടുതലാണ്. അവരുടെ പെരുമാറ്റം, വേഷധാരണം, സംസാരശൈലി, സുഹൃദ്ബന്ധം, ന്യൂജൻ ആശയങ്ങൾ എന്നിവയെ കുറിച്ച് മുതിർന്നവർ പരാതിപ്പെടുന്നു. കൗമാരക്കാരെ കുറ്റപ്പെടുത്താൻ എളുപ്പമാണ്; എന്നാൽ അവരെ മനസ്സിലാക്കാനാണ് പ്രയാസം.

ഈ പ്രായക്കാരുടെ ജീവിതത്തിൽ മാതാപിതാക്കൾക്കു വളരെ വലിയ പങ്കുണ്ട്. കുട്ടികൾക്ക് സ്‌നേഹവും സുരക്ഷയും പരിഗണനയും ആവശ്യമാണ്. എന്നാൽ പലപ്പോഴും മാതാപിതാക്കൾ നിയന്ത്രിക്കാൻ മാത്രം ശ്രമിക്കുന്നു. കുട്ടികളുടെ തെറ്റുകൾക്ക് എടുത്തുചാടി ശകാരിക്കുന്നതിനു പകരം തെറ്റുകൾ വരാനുള്ള കാരണങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം. അവരുമായി സംസാരിക്കാൻ സമയം കണ്ടെത്തണം. ഞങ്ങൾ നിന്റെ കൂടെയുണ്ട് എന്നൊരു ബോധം കുട്ടിക്ക് നൽകാൻ കഴിയുമ്പോഴാണ് മാതാപിതാക്കൾ വിജയിക്കുന്നത്.

അധ്യാപകർക്കും കൗമാരക്കാരെ നേരെ നയിക്കുന്നതിൽ വലിയ പങ്കു വഹിക്കാനാകും. മുമ്പിലി രിക്കുന്ന കൗമാരക്കാരായ വിദ്യാർഥികളെ അപമാനിക്കാതെ, പഠനത്തിലോ സ്വഭാവത്തിലോ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യാതെ, ആവശ്യമായ പ്രോത്സാഹനവും പരിഗണനയും നൽകണം. മാതൃ-പിതൃ നിർഭരമായ സ്‌നേഹം അവർക്കു നൽകാൻ അധ്യാപകർക്കായാൽ അവർ അനുസരണയും അച്ചടക്കവുമുള്ളവരായി മാറും.

സോഷ്യൽ മീഡിയകൾ പുതിയ അറിവുകളും സൗഹൃദങ്ങളും വളർത്തുന്നതോടൊപ്പം പ്രശ്‌നങ്ങളിലേക്ക് എടുത്തുചാടിക്കുന്നുമുണ്ട്. ലൈക്കുകളെയും ഫോളോവേഴ്‌സിനെയും എണ്ണി, അതിലെ കുറവിനെ തന്റെ കുറവായിക്കണ്ടു നിരാശപ്പെടുന്ന കുട്ടികളുണ്ട്. മറ്റുള്ളവരുടെ മിന്നുന്ന പ്രകടനം കാണുമ്പോൾ താനൊരു പരാജയമാണെന്നു വിലയിരുത്തുന്നവരുണ്ട്. അത് അവരിലെ ആത്മവിശ്വാസത്തെ തകർക്കുന്നു. സോഷ്യൽ മീഡിയയല്ല ജീവിതമെന്നും ഉത്തരവാദിത്തത്തോടെ, നല്ലതിനുവേണ്ടി മാത്രം അവയെ ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം വലിയ പ്രയാസങ്ങളെ നേരിടേണ്ടിവരുമെന്നും അവരെ ബോധ്യപ്പെ ടുത്തണം.

കൂട്ടുകാർ അവരുടെ ജീവിതത്തിന്റെ നിറങ്ങളാണ്. നല്ല കൂട്ടുകാർ ജീവിതത്തെ പ്രകാശിപ്പിക്കുമ്പോൾ തെറ്റായ കൂട്ടുകാർ വെളിച്ചം കെടുത്തിയേക്കാം. ചീത്ത കൂട്ടുകെട്ടിൽ പെടാതിരിക്കാൻ പ്രത്യേകം ഉപദേ ശിക്കണം. അതിന്റെ ദൂഷ്യം മനസ്സിലാക്കിക്കൊടുക്കാൻ പറ്റിയ എത്രയോ ഉദാഹരണങ്ങൾ ദിനേന പത്രമാധ്യമങ്ങളിലൂടെ വരുന്നുണ്ട്. എതിർലിംഗത്തിൽ പെട്ടവരുടെ പ്രത്യേകമായ കരുതലും ശ്രദ്ധയും പ്രണയമെന്ന വികാരങ്ങളിലേക്ക് അവരെ എത്തിച്ചേക്കും. ലിബറൽ വാദികളുടെ ദുഷിച്ച ആശയങ്ങളിൽ അവർ അകപ്പെട്ടു പോകരുത്. ശരിയായ മാർഗനിർദേശങ്ങളും മതപരമായ അറിവും കരുതലും ലഭിക്കുമ്പോൾ അവർ നല്ല മക്കളും മികച്ച പൗരന്മാരുമായി മാറും.