പുതുതലമുറയെപ്പറ്റി വേവലാതിപ്പെടുന്ന മാതാപിതാക്കളോട്
റോഷൻ പുനലൂർ
2026 മെയ് 09, 1447 ദുൽഖഅദ് 21

വേനലവധിക്കാലം വന്നതോടെ മക്കൾക്കു വേണ്ടിയുള്ള ക്യാമ്പുകളാണ് നാട്ടിലെങ്ങും. എന്നാൽ കുട്ടികൾക്ക് മാത്രമല്ല, രക്ഷിതാക്കൾക്കും നല്ല രക്ഷാകർതൃത്വത്തെക്കുറിച്ച് പഠന ക്യാമ്പുകൾ അനിവാര്യമാണ്. ഈയിടെ ഉണ്ടായ ഒരു അനുഭവമാണ് ഇങ്ങനെ പറയാനുള്ള കാരണം. മതപണ്ഡിതനും കൗൺസി ലറുമായ ഒരു വ്യക്തിയുമായി സംസാരിക്കുന്നതിനിടയിൽ അദ്ദേഹം പങ്കുവെച്ച ഒരു അനുഭവം ഇങ്ങനെയായിരുന്നു: ‘ഒരു കുട്ടിയുടെ മാതാപിതാക്കൾ പ്രശ്‌നവുമായി വന്നു. മകനെ കുറിച്ചുള്ള പരാതികളുടെ കെട്ടഴിച്ചു അവർ. ഏറെ സമയം അവരെ കേട്ടു. പ്രശ്‌നം പഠിച്ചു. മകന്റെ ഭാഗത്ത് ചില്ലറ പ്രശ്‌നങ്ങൾ സ്വാഭാവികമാണ്. പക്ഷേ, അവർക്കിടയിലെ പ്രശ്‌നങ്ങളുടെ മർമം ആ മാതാപിതാക്കളുടെ നിലപാടുകളും സമീപനങ്ങളും ചില വാശിയേറിയ തീരുമാനങ്ങളുമായിരുന്നു. അത് അവരെ ബോധ്യപ്പെടുത്താൻ ഏറെ പണിപ്പെടേണ്ടി വന്നു.’
കുട്ടികളുടെ പഠനം, സ്വഭാവ രീതികൾ, ആരാധനാ കർമങ്ങൾ, വിവാഹം തുടങ്ങിയവയിലൊക്കെ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നതിൽ രക്ഷിതാക്കളുടെ സമീപന രീതികൾക്ക് വലിയ പങ്കുണ്ട്. അപവാദങ്ങളെ സാമാന്യവൽക്കരിക്കുന്നില്ലെങ്കിൽ, നമ്മുടെ കുട്ടികളിൽ ഭൂരിപക്ഷവും കഴിവുറ്റവരാണ്, പലതരം ശേഷികളാൽ സമ്പന്നരും. അറിവും നിലപാടുകളും ചിന്താശേഷിയുമൊക്കെ ഉള്ളവരാണ് പുതിയകാലത്തെ കുട്ടികളിൽ വലിയ ശതമാനവും. ശരാശരി നിലവാരം പുലർത്തുന്നവരാണ് മറ്റു ചിലർ. പ്രശ്‌നങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നവർ താരതമ്യേന കുറവാണ്. മില്ലേനിയം ജനറേഷൻ, ആൽഫ ജനറേഷൻ എന്നൊക്കെ വിളിക്കപ്പെടുന്ന പുതിയ കാലത്തെ കുട്ടികൾ തികച്ചും വ്യത്യസ്തമായ ഒരു തലമുറയാണ്. രക്ഷിതാക്കൾ തങ്ങളുടെ ലോകത്തിരുന്ന് അവരെ നയിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നതാണ് പല പ്പോഴും അപകടം വരുത്തുന്നത്.
കുട്ടികളെ മനസ്സിലാക്കുന്നതിലും അതിനനുസരിച്ച് പെരുമാറുന്നതിലും അംഗീകരിക്കുന്നതിലും രക്ഷിതാക്കൾ വലിയതോതിൽ പരാജയപ്പെടുന്നു എന്നത് വസ്തുതയാണ്. തങ്ങളെക്കാൾ ഉയർന്നു ചിന്തിക്കുന്നവരാണ്, കഴിവുകൾ ഉള്ളവരാണ് തങ്ങളുടെ മക്കൾ എന്ന് മനസ്സിലാക്കാൻ രക്ഷിതാക്കൾക്ക് സാധിക്കേണ്ടതുണ്ട്. അതിന് കഴിയണമെങ്കിൽ പുതിയ തലമുറയെ പഠിക്കുക തന്നെ വേണം.
കുട്ടികളുടെ മനഃശാസ്ത്രം, സമീപന രീതികൾ, കഴിവുകൾ തുടങ്ങിയവയൊക്കെ രക്ഷിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ആധുനിക കാലത്തെ ശാസ്ത്രത്തിന്റെയും ടെക്‌നോളജിയുടെയും വളർച്ച, അതിലേക്ക് ജനിച്ചുവീഴുന്ന കുട്ടികളുടെ കഴിവുകളും കാഴ്ചപ്പാടുകളും, അതിൽ അവർ വികസിപ്പിച്ചെടുത്തിട്ടുള്ള സ്വപ്നങ്ങളുമൊക്കെ സാധാരണ രക്ഷിതാക്കൾ ആലോചിക്കുന്നതിനും അപ്പുറത്താണ്! ഇതേക്കുറിച്ചൊക്കെ രക്ഷിതാക്കൾ ആഴത്തിൽ അറിവും ബോധവുമുള്ളവരായിരിക്കണം. ഐ.ടിയിൽ വലിയ സ്വപ്നം കാണുന്ന മകനെ, തന്റെ വലിയ ഷോപ്പ് നോക്കി നടത്താൻ നിർബന്ധിക്കുന്ന രക്ഷിതാവ്, തന്റെ സ്വപ്നങ്ങൾക്കനുസരിച്ചല്ല മകന്റെ പോക്കെന്ന് വേവലാതിപ്പെടുന്നതിൽ എന്തർഥം? ചരിത്ര ഗവേഷകനായി അക്കാദമിക് ജീവിതം തെരഞ്ഞെടുക്കാനാഗ്രഹിക്കുന്ന മകനോട്, തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ മേൽനോട്ടക്കാരനാകാൻ ആവശ്യപ്പെടുന്നത് ശരിയാണോ?
പാരമ്പര്യ രക്ഷാകർതൃത്വത്തിന്റെ ശാസനാ രീതികൾക്കും അധികാരപ്രയോഗങ്ങൾക്കും അപ്പുറത്താണ് പുതിയ തലമുറയുടെ ജീവിതം എന്നുകൂടി നാം മനസ്സിലാക്കണം. ഇന്ന് വീടകങ്ങൾ സംഘർഷഭരി തമാകുന്നതിന്റെ കാരണങ്ങളിലൊന്ന്, കുട്ടികളെ മനസ്സിലാക്കുന്നതിലും അതിനനുസരിച്ച് അവരോട് പെരുമാറുന്നതിലും രക്ഷിതാക്കൾക്ക് സംഭവിക്കുന്ന ചില പിഴവുകളാണ്. കുട്ടികളുടെ പിന്നാലെ കൽപനകളും ഉപദേശങ്ങളും മാത്രമായി മുഴുസമയം നടക്കുന്ന രക്ഷിതാക്കളെ സ്വൈരക്കേടുകളായിട്ടായിരിക്കും മക്കൾ കാണുന്നത്. ഇത് രക്ഷാകർതൃത്വത്തിന്റെ പരാജയമാണ്. പാരമ്പര്യത്തിന്റെ തുടർച്ചയായാണ് പലരും രക്ഷാകർതൃത്വത്തെ പ്രയോഗത്തിൽ വരുത്തുന്നത്. തങ്ങൾക്ക് രക്ഷിതാക്കളിൽനിന്ന് കിട്ടിയത്, തങ്ങളുടെ മക്കളിൽ പ്രയോഗിക്കുകയാണ് പലരും. കാലത്തെയും തലമുറകളെയും പഠിച്ച് വികസിപ്പിക്കേണ്ടതാണ് പുതിയ രക്ഷാകർതൃ സമീപനങ്ങൾ. ക്രിയാത്മകതക്കാണ് അതിൽ ഊന്നൽ നൽകേണ്ടത്.
കുട്ടികൾക്ക് പ്രശ്‌നമില്ല എന്നല്ല പറഞ്ഞുവരുന്നത്. തീർച്ചയായും പുതിയ തലമുറക്ക് അവരുടെതായ പ്രശ്‌നങ്ങളുണ്ട്. ഏതു കാലത്താണ് കുട്ടികളിൽ പ്രശ്‌നങ്ങൾ ഇല്ലാതിരുന്നത്? പുതിയ തലമുറയുടെ പ്രശ്‌നങ്ങളെ കുറിച്ച് ആധികൊള്ളുന്ന രക്ഷിതാക്കൾ തങ്ങളുടെ തന്നെ സ്വന്തം കുട്ടിക്കാലത്തെക്കുറിച്ചും കൗമാര ജീവിതത്തെക്കുറിച്ചും ആലോചിച്ചാൽ ഇതിനു മറുപടി ലഭിക്കും. സ്‌ക്രീൻ ടൈം കൂടിയത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഒരു ഭാഗത്തുണ്ട് എന്നത് ശരിയാണ്. പക്ഷേ, ആ പ്രശ്‌നങ്ങളെക്കാൾ എത്രയോ അപ്പുറത്താണ് പുതിയ തലമുറയുടെ താൽപര്യങ്ങളും കഴിവുകളും കാഴ്ചപ്പാടുകളും. അവയെ തിരിച്ചറിയണം, അംഗീകരിക്കണം, വളർത്താൻ കൂടെ നിൽക്കണം. കുട്ടികളെ അവരുടെ തന്നെ നല്ല സ്വപ്നങ്ങളിലേക്ക് വളർത്തണം, രക്ഷിതാക്കളുടെ സ്വപ്നങ്ങളിലേക്കല്ല!
അധികാരിയായ രക്ഷിതാക്കളുടെ കണ്ണിലൂടെ കുട്ടികളുടെ പ്രശ്‌നങ്ങൾ മാത്രം കാണുകയും നിഷേധാത്മക രീതിയിൽ അവയെ സമീപിക്കുകയും ചെയ്യുന്നത് ഏറെ അപകടകരമാണ്. അതിനപ്പുറമുള്ള ഒട്ടേറെ വഴികളുണ്ട് പുതിയ തലമുറയോട് ഇടപെടാനും സംവദിക്കാനും. അത് രക്ഷിതാക്കൾ പഠിച്ചെടുക്കുകതന്നെ വേണം. അതിന് നല്ല പരിശീലനം നേടണം. ആയതിനാൽ രക്ഷിതാക്കൾക്കും അവധിക്കാ ലപഠന ക്യാമ്പുകൾ അനിവാര്യമാണ്.
കുട്ടികളുടെ ക്യാമ്പിന്റെ തുടക്കത്തിലോ ഒടുക്കത്തിലോ പേരിന് നടത്തിയെന്നു വരുത്തേണ്ട ചടങ്ങ് പരിപാടിയെക്കുറിച്ചല്ല പറയുന്നത്. നല്ലൊരു പഠന ക്യാമ്പിനെ കുറിച്ചാണ്. ആസ്വാദനങ്ങളോടെയുളള അനുഭവമായിരിക്കണം അത്. 10 ദിവസത്തെ ക്യാമ്പ് കുട്ടികൾക്ക് നടത്തുന്നുണ്ടെങ്കിൽ അതിൽ മൂന്ന് ദിവസമെങ്കിലും മക്കൾക്ക് വേണ്ടി മാറ്റിവെക്കാൻ രക്ഷിതാക്കൾ തയാറാവേണ്ടതുണ്ട്. നവതലമുറയും രക്ഷിതാക്കളും തമ്മിലുള്ള അകലം വർധിക്കുകയും തലമുറകളുടെ വിജയത്തിൽ നാം തോറ്റ് പോവുകയും ചെയ്യാതിരിക്കാൻ ഇത്തരം പരിപാടികൾ ആവശ്യമാണ്.
കുട്ടികളുടെ കൂട്ടുകാരാവുക
മക്കൾ വലുതാകുന്ന (പ്രായപൂർത്തിയോടടുക്കുന്ന) സന്ദർഭത്തിൽ കൂടുതലായി രക്ഷിതാക്കളുടെ സാമീപ്യം ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും മാതാവിന്റെ സാന്ത്വനവും പരിഗണനയും ഉപ്പയുടെ ചങ്ങാത്തവും അവർ ആഗ്രഹിക്കുന്നുണ്ട്. അവരുടെ വിഷമങ്ങളും ആവലാതികളും കേൾക്കാനും പരിഹരിക്കാനും പറ്റിയ ഒരാൾ അവർക്ക് ആവശ്യമാണ്. മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തിലെ വളരെ പ്രധാനപ്പെട്ട ഘട്ടമാണിത്. മാത്രമല്ല ഈ ഘട്ടത്തിൽ ഭയം, അസ്വസ്ഥത, സംഘർഷം തുടങ്ങിയ പല മാനസിക മാറ്റങ്ങളും സന്താനങ്ങളിൽ പ്രകടമാവുകും ചെയ്യും. സ്‌കൂളികളിൽനിന്നും മടങ്ങിവരുന്ന മക്കളെ പുഞ്ചിരി യോടെ സ്വീകരിക്കാൻ മാതാക്കൾ വീട്ടിലുണ്ടാവണമെന്നാണ് ആധുനിക പഠനങ്ങൾ വെളിപ്പെടുത്തുന്നത്. അതുപോലെ തന്നെയാണ് ഭക്ഷണത്തിന്റെയും ഉറക്കത്തിന്റെയും സന്ദർഭങ്ങളിലും. കാരണം മാതാവിനും സന്താനങ്ങൾക്കുമിടയിലെ ചങ്ങാത്തം അവരുടെ വിജയത്തിന്റെ അടിസ്ഥാന ഘടകമായാണ് പുതിയ പഠനങ്ങൾ പറയുന്നത്.
ശത്രുതാ വികാരം
ജോലിത്തിരക്കോ മറ്റോ കാരണം ദിവസത്തിൽ പ്രത്യേക സമയമോ സന്ദർഭമോ മക്കൾക്കു വേണ്ടി നീക്കിവെക്കാൻ സാധിക്കാതെവരുന്ന മാതാപിതാക്കളിൽനിന്നും അവർ അകലുകയും അവരോട് ശത്രുത വെച്ച് പുലർത്തുകയും ചെയ്യുമെന്ന് ഇതു സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നു. അവരെ നിരീക്ഷിക്കാനും പിന്തുടരാനും വിവിധങ്ങളായ മാർഗങ്ങളും സംവിധാനങ്ങളും സ്വീകരിക്കേണ്ടതുണ്ടെന്നും അവർ സൂചിപ്പിക്കുന്നു. മാതാക്കൾ പ്രത്യേകിച്ചും ദിവസം മുഴുവൻ തന്നെയും അവരുടെ കൂടെ കൂടുന്നുവെങ്കിൽ അതാണ് കൂടുതൽ ഉത്തമമായിട്ടുള്ളത്. രക്ഷിതാക്കൾക്കും സന്താനങ്ങൾക്കുമിടയിലെ ചങ്ങാത്തം അവരുടെ വളർച്ചക്കനിവാര്യമായ കാര്യമാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജീവിതത്തെ നേരിടുന്ന തിൽ അതവർക്ക് സ്ഥൈര്യവും പ്രതീക്ഷയും നൽകുന്നു. മാതാപിതാക്കളും സന്താനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ മാറ്റ് കൂട്ടുന്ന മുഖ്യഘടകമാണ് അവർക്കിടയിലെ ചങ്ങാത്തം. സ്നേഹം, വിശ്വാസം, ബഹുമാനം തുടങ്ങിയ മൂന്ന് അടിസ്ഥാനങ്ങളിൻമേലാണ് അവർക്കിടയിലെ ചങ്ങാത്തം നിലനിൽക്കുന്നത്. സ്നേഹത്തോടും കാരുണ്യത്തോടും കൂടി അവരെ വളർത്തുക, അവരുടെ ആവലാതികൾക്ക് ചെവികൊ ടുത്ത് വിശാസം നേടിയെടുക്കുക, ആവശ്യമായ നിർദേശം നൽകുന്നതിലൂടെ അവരാൽ ആദരിക്കപ്പെടുക. അങ്ങനെ മക്കളുടെ കൂട്ടുകാരാവുക.
