ചുവരുകൾക്കല്ല, മാറ്റം വേണ്ടത് വീടകങ്ങളിലാണ്

റോഷൻ പുനലൂർ

2026 ആഗസ്റ്റ് 29, 1448 റബീഉൽ അവ്വൽ 16

മൂകമായ വീടകങ്ങളാണ് ഇന്നു നമുക്കുള്ളത്. എല്ലാവരും തന്റെതായ സ്വകാര്യതയെ മാത്രം തെരഞ്ഞെടുക്കുന്നു. ഓരോരുത്തരും കൈയിൽ മൊബൈൽ ഫോണും ഒരു ഇരിപ്പിടവും മാത്രമായി ഒതുങ്ങിക്കൂടുന്നു. അവധി ദിനങ്ങളിൽ പോലും തമ്മിൽ കാണാനോ സംസാരിക്കാനോ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ പോലുമോ വീട്ടിലുള്ളവർ സമയം കണ്ടെത്താതെ പോകുന്നു!

വാർധക്യത്തിന്റെ അവശയതയനുഭവിക്കുന്ന, അല്ലെങ്കിൽ രോഗശയ്യയിലായ മാതാപിതാക്കൾക്ക് മക്കളിൽനിന്നു കിട്ടേണ്ട സ്‌നേഹവും പരിചരണവും കിട്ടുന്നില്ല. സാമ്പത്തിക ശേഷിയുള്ളവരാണെങ്കിൽ ആ ഉത്തരവാദിത്തം ഹോം നഴ്‌സിനെ ഏൽപിച്ച് രക്ഷപ്പെടുന്നു.

ഒരു പരിധിവരെ ഇത്തരം പ്രശ്‌നങ്ങളുടെ മൂലകാരണം മാതാപിതാക്കൾ തന്നെയാണ്; മക്കൾ അതിന്റെ ഇരകളും. പിതാവ് തന്റെതായ തിരക്കുകൾക്കൊണ്ട് നിരുത്തരവാദിത്തത്തോടെ കുടുംബത്തെ സമീപിക്കുമ്പോൾ പ്രശ്‌നങ്ങൾ താനേ മുളച്ചുപൊന്തും. ഭാര്യയും മക്കളുമായി സമയം ചെലവഴിക്കാൻ സമയം കണ്ടെത്താതിരിക്കുകയും ചെയ്യുമ്പോൾ സന്തുഷ്ട കുടുംബത്തിന്റെ വാതിലുകൾ അടഞ്ഞുതന്നെ കിടക്കും.

ഉമ്മ അല്ലെങ്കിൽ ഭാര്യ ചെയ്യുന്ന ഭാരിച്ച ജോലിയെ മക്കൾ/ഭർത്താവ് പരിഗണിക്കുകയും വിലവയ്ക്കു കയും ചെയ്യേണ്ടതുണ്ട്. ഭർത്താവും മക്കളും വീട്ടുജോലികളിൽ സഹായിക്കുന്നുവെങ്കിൽ ഒരു സ്ത്രീക്ക് അത് ആശ്വാസം മാത്രമല്ല; വല്ലാത്തൊരു സന്തോഷം നൽകുകയും സ്‌നേഹം വർധിക്കുകയും ചെയ്യും.

മാതാപിതാക്കൾ ഒരു ദിവസത്തിന്റെ പകുതിയിലേറെ ഭാഗവും തങ്ങളുടെ ജോലിയിൽ മുഴുകി, മിച്ചം വരുന്ന സമയത്തു ഫോണിലോ ടിവിയിലോ സമയം ചെലവഴിച്ചാൽ മക്കൾ പൂർണമായും ബന്ധമറ്റവരായിത്തീരും. മാതാപിതാക്കളുടെ കണ്ണിൽ തങ്ങൾ വില കുറഞ്ഞവരാണെന്ന ധാരണ മക്കളിൽ രൂപപ്പെട്ടു തുടങ്ങും. അവരുടെ ജീവിതത്തിൽ മാതാപിതാക്കൾക്കും ഇടമില്ലാതാവും. ഒഴിവുസമയങ്ങൾ നന്മ-തിന്മ വേർതിരിവില്ലാതെ സ്വന്തം ഇഷ്ടവിനോദങ്ങൾക്കായി മക്കൾ ചെലവഴിച്ചുതുടങ്ങും. കുടുംബബന്ധങ്ങൾ മുരടിച്ചു തുടങ്ങിയാൽ സാമൂഹ്യബന്ധങ്ങളുടെ വേരും മുറിഞ്ഞുപോകും. ഇത്തരം പരിസരങ്ങളെ എങ്ങനെ നമുക്ക് സ്‌നേഹത്തിന്റെ ചൂടും പ്രകാശവുമുള്ളതാക്കി മാറ്റാനാവും എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.

പരിപാലനത്തിന്റെ പ്രാധാന്യവും മൂല്യവും മനസ്സിലാക്കുക

മാതാപിതാക്കളെ സംബന്ധിച്ച് നിർബന്ധ ബാധ്യതകളിൽ പെട്ടതാണ് മക്കളെ നന്നായി പരിപാലിക്കലും മതബോധമുള്ളവരായി വളർത്തലും. മതപരമായ ജീവിതം മാതാപിതാക്കൾ നയിക്കണം. എങ്കിലേ തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായും ഫലപ്രദമായും നിർവഹിക്കുവാൻ കഴിയൂ. ഇക്കാലത്ത് ഏറെ പ്രയാസകരമായ ഒന്നാണ് സന്താന പരിപാലനം. പ്രവിശാലമായ സാങ്കേതിക സൗകര്യങ്ങളുടെ കാലത്ത് തിന്മകളിൽനിന്നും രക്ഷപ്പെട്ട, സംസ്‌കാരസമ്പന്നനായ ഒരു വ്യക്തിയെ വാർത്തെടുക്കുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. ഭൗതിക ജീവിതത്തിന്റെ നശ്വരത മക്കളെ ബോധ്യപ്പെടുത്താൻ കഴിയണം. എങ്കിലേ ധാർമികമായ മാറ്റത്തിന് അവർ തയ്യാറാകൂ.

ഉത്തരവാദിത്തം മറക്കരുത്

മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടി സമ്പാദിക്കുന്നു, അതിനായി ജീവിതം തന്നെ മാറ്റിവെക്കു ന്നു; എന്നാൽ മക്കളെ എങ്ങനെ വളർത്തണമെന്നതു മറന്നുപോകുന്നു! അങ്ങനെയുള്ള മാതാപിതാക്ക ളാകരുത്. പഠിക്കുമ്പോഴും അധ്വാനത്തിന്റെ പ്രയാസവും ഉപജീവനമാർഗം തേടേണ്ടതിന്റെ അവശ്യകത യും അവരറിയണം. തങ്ങളുടെ ഭാവി സുരക്ഷിതമാക്കി ശക്തരായി മുന്നോട്ടുപോകാനുള്ള ഊർജവും അറിവുമാണ് മാതാപിതാക്കൾ മക്കൾക്കു പകർന്നു നൽകേണ്ടത്.

സന്താന പരിപാലനത്തിൽ മാതാവിനാണ് വലിയ പങ്കുള്ളത്. കാരണം ദിവസത്തിൽ കൂടുതൽ സമയവും മക്കൾ മാതാവിനൊപ്പമായിരിക്കും. ജീവിതത്തിൽ തങ്ങൾ പഠിച്ച പൊരുളും നന്മയുടെ പാഠങ്ങ ളും ഉമ്മമാർ മക്കൾക്കു പകർന്നു നൽകണം.

കൂടിയിരിക്കലിന്റെ മധുരം അറിയുക

മാതാപിതാക്കൾ കുട്ടികളുടെ ഇഷ്ടങ്ങൾ കണ്ടറിയണം. അവരുമായി ഒന്നിച്ചിരിക്കാൻ പ്രത്യേകം സമയം കണ്ടെത്തണം. വല്ലപ്പോഴുമൊക്കെ എന്തെങ്കിലും നല്ല കാര്യം ചെയ്തതിന്റെ പേരിലോ പഠന മികവിന്റെ പേരിലോ സമ്മാനം നൽകുക. മക്കളുടെ സാന്നിധ്യത്തിൽ മാതാപിതാക്കൾ പരസ്പരം സ്‌നേഹ സംഭാഷണങ്ങൾ നടത്തുക. മക്കൾക്കിടയിൽ വേർതിരിവു കാണിക്കാതിരിക്കുക. കുടുംബത്തിന്റെ സാമ്പ ത്തിക സ്ഥിതി മക്കളും മനസ്സിലാക്കണം. മാതാപിതാക്കൾ മക്കളോട് എന്തു കൽപിക്കുമ്പോഴും അതു സ്വജീവിതത്തിൽ പകർത്താൻ ശ്രദ്ധിക്കുക. അങ്ങനെ അവർക്കു മുന്നിൽ പ്രായോഗിക മാതൃകകളായി മാറുക. അത്യാവശ്യത്തിനും കുറഞ്ഞ സമയത്തുമല്ലാതെ കുട്ടികളുടെ സാന്നിധ്യത്തിൽ ഫോൺ ഉപയോഗിക്കരുത്. കുട്ടികളെ ഒന്നിച്ചിരുത്തി ക്വുർആൻ പാരായണം ചെയ്യിക്കുക.

വീട്ടിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് വല്ലപ്പോഴുമൊക്കെ യാത്ര പോകുന്നതു നല്ലതാണ്. കുട്ടികളെ ഒരുപാട് നന്മകളും മര്യാദകളും പഠിപ്പിച്ചുകൊടുക്കാൻ അതിലൂടെ സാധിക്കും. കായികക്ഷമത വർധിപ്പി ക്കാനുള്ള അവസരങ്ങൾ കുട്ടികൾക്കു നൽകണം. മദ്‌റസാപഠനം കഴിഞ്ഞാലും ക്വുർആനും ഹദീസും കർമശാസ്ത്രവുമെല്ലാം ആർജിക്കാനുള്ള അവസരം കുട്ടികൾക്ക് ഒരുക്കിക്കൊടുക്കണം. സർവോപരി മക്കളോട് സ്‌നേഹത്തോടെയും വാത്സല്യത്തോടെയും പെരുമാറുക. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകുമ്പോഴാണ് കൂടുമ്പോൾ ഇമ്പമുള്ള കുടുംബമുണ്ടാവുക..