ശൈഖ് അബ്ദുർറഹ്‌മാൻ അസ്സ്വമീത്ത് (റഹ്); വിശ്രമിക്കാൻ മറന്നുപോയ സന്നദ്ധപ്രവർത്തകൻ
ഇ. യൂസുഫ് സാഹിബ് നദുവി ഓച്ചിറ
2024 ആഗസ്റ്റ് 24, 1446 സ്വഫർ 20

4 സർവകലാശാലകൾ.
860 സ്‌കൂളുകൾ.
124 ആതുര ശുശ്രൂഷാ കേന്ദ്രങ്ങൾ.
204 ഇസ്‌ലാമിക് സെന്ററുകൾ.
840 ക്വുർആൻ പഠനകേന്ദ്രങ്ങൾ.
5700 മസ്ജിദുകൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15000 അനാഥകളുടെ സംരക്ഷകൻ.
95000 വിദ്യാർഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സ്‌പോൺസർ.
600000 ക്വുർആൻ പ്രതികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്ത അത്യപൂർവ വ്യക്തിത്വം...
അങ്ങനെ സമാനതകളില്ലാത്ത നന്മകളുടെ കൂമ്പാരമായിരുന്നു ഏതാനും വർഷങ്ങൾക്ക് മുമ്പ് വിടപറഞ്ഞ, കുവൈത്തിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ശൈഖ് അബ്ദുർറഹ്‌മാൻ ഹമൂദ് അസ്സ്വമീത്ത്(റഹ്).
തന്റെ സ്വന്തം സമ്പത്തിൽനിന്നും ഒരോഹരി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചുകൊണ്ടായിരുന്നു ശൈഖിന്റെ പ്രവർത്തനങ്ങൾ.
ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിലെ വരണ്ട കാലാവസ്ഥയും ഭൂപ്രകൃതിയും വകവെക്കാതെ ഏകനായി നന്മയുടെ മാർഗത്തിൽ മുന്നേറ്റത്തിന് തുടക്കമിട്ട ശൈഖിനെ പിന്തുണക്കാൻ പൂട്ടും താക്കോലുമില്ലാത്ത ഉടയോന്റെ ഖജനാവ് അങ്ങോട്ട് തേടിച്ചെല്ലുകയായിരുന്നുവെന്ന് വിശേഷിപ്പിക്കാം. ‘എന്റെ ദാസൻ എന്നിലേക്ക് നടന്നടുക്കുമ്പോൾ ഞാൻ അവനിലേക്ക് ഓടിയടുക്കും’ എന്ന തിരുവചനത്തിന്റെ പ്രകടമായ ഉദാഹരണം എന്നു പറയുന്നതിൽ തെറ്റില്ല.
1974ൽ ലിവർപൂർ സർവകലാശാലയിൽനിന്നും മെഡിസിനിലെ ഉന്നത ബിരുദാനന്തര ബിരുദവുമായി കുവൈത്തിലെ പ്രശസ്തമായ അസ്സ്വബാഹ് ഹോസ്പിറ്റലിൽ ഡോക്ടറായി ജീവിതം ആരംഭിച്ചുവെങ്കിലും, യഥാർഥ രോഗവും രോഗബാധിത സമൂഹവും തന്റെ മതിൽക്കെട്ടുകൾക്കും അപ്പുറമാണെന്ന് അദ്ദേഹം വ്യക്തമായി തിരിച്ചറിഞ്ഞു.
സുഡാൻ, മോറിത്താനിയ, ജിബൂത്തി, കെനിയ തുടങ്ങിയ രാഷ്ട്രങ്ങളെ വരിഞ്ഞുമുറുക്കിയ 1984ലെ കൊടിയ പട്ടണിയിൽനിന്നും ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങളെയാണ് അദ്ദേഹം കൈപിടിച്ചുയർത്തിയത്.
ആഫ്രിക്കൻ അനുഭവങ്ങളെ വിശദികരിക്കുന്ന ‘അൽകൗസർ’ മാസിക ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ സമർപ്പിത ജീവിതത്തിന്നിടയിൽ, മൊസാംബിക്കിലും കെനിയയിലും മലാവിയിലും ഹിംസ്രജന്തുക്കളുടെ ആക്രമണത്തിന് ഇരയാവുകയും ആയുധ ധാരികളായ ആഫ്രിക്കൻ കാട്ടുകൊള്ളക്കാരുടെ പിടിയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
നിരായുധനായ ശൈഖിന് ഇത്തരം സന്ദർഭങ്ങളിൽ പ്രതിരോധം തീർത്തത് തന്റെ ജന്മസിദ്ധവും സഹയാത്രികനുമായ, ഒരിക്കലും അടിയറവെക്കാത്ത വിശ്വാസമെന്ന വജ്രായുധമായിരുന്നു. ഇസ്‌ലാമിന്റെ ദിവ്യപ്രകാശം ഇരുണ്ട ഭൂഖണ്ഡത്തിൽ എത്തിക്കാനുള്ള പരിശ്രമങ്ങൾക്കിടയിൽ ജന്മദേശമായ കുവൈത്ത് അദ്ദേഹത്തിന് കേവലം ഒരു സന്ദർശന ഭൂമിക മാത്രമായിരുന്നു. ആയുസ്സിലധികവും അദ്ദേഹം ജീവിച്ചുതീർത്തത് ആഫ്രിക്കയിലായിരുന്നു.

നിരന്തരമായ യാത്രകളും വിശ്രമമില്ലാത്ത പരിശ്രമങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. കാലുകൾ നീരുകൊണ്ടു വീർത്തു. ഷുഗറും പ്രഷറും കൊളസ്‌ട്രോളും അദ്ദേഹത്തെ നിരന്തരമായി അലട്ടിക്കൊണ്ടിരുന്നു. കിഡ്‌നിയും പരീക്ഷണ വിധേയമായി. എങ്കിലും തന്റെ ബാധ്യതകൾക്ക് അവധി നൽകാൻ അദ്ദേഹം തയ്യാറായില്ല.
വായനക്കാരെ ഏറെ ആകർഷിക്കുന്നതും സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുന്നതുമായ ഏതാനും രചനകളും എണ്ണമറ്റ ലേഖനങ്ങളും ബാക്കിയാക്കി 2013 ആഗസ്റ്റ് 15 ന് വ്യാഴാഴ്ച കുവൈത്തിലെ പ്രശസ്തമായ അൽമുബാറക്ക് ഹോസ്പിറ്റലിലെ പ്രത്യേക യൂണിറ്റിൽ ശൈഖവർകൾ തന്റെ സന്നദ്ധ സേവനങ്ങളുടെ കണക്കെടുപ്പുകൾക്ക് വിധേയമാകാൻ ഈ ലോകത്തോട് വിടപറഞ്ഞു.
ഏകദേശം ഒരുകോടി പത്തുലക്ഷത്തിലധികം ജനങ്ങളെ ഇരുളിന്റെ ലോകത്തുനിന്നും പ്രകാശത്തിന്റെ ഭൂമികയിലേക്ക് കൈപിടിച്ചുയർത്താൻ ശൈഖിന്റെ പ്രബോധനം കാരണമായിട്ടുണ്ട്.
1996ൽ സൗദി അറേബ്യയിലെ കിങ്ങ് ഫൈസൽ അക്കാഡമിയുടെ ഫൈസൽ അവാർഡിന് അദ്ദേഹത്തെ തെരഞ്ഞെടുത്തു. മരണശേഷം പ്രശസ്തമായ ജിദ്ദ പട്ടണത്തിലെ ഒരു റോഡിന് അദ്ദേഹത്തിന്റെ നാമം നൽകി ആദരിച്ചു.

