സഹായത്തിൻ്റെ കരങ്ങൾ നീട്ടുക
വിസ്ഡം ടീചേയ്സ് കെയെർ
2024 ആഗസ്റ്റ് 03, 1446 മുഹർറം 28

മഴ തിമർത്തു പെയ്യുമ്പോൾ പിഞ്ചു പൈതലുകളെ മാറോടു ചേർത്തുവച്ച്, ചോർന്നൊലിക്കുന്ന കുടിലുകളിൽ കഴിയുന്ന കുടുംബത്തെപ്പറ്റി നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?
പുറത്ത് പുഞ്ചിരിക്കുമ്പോഴും അകം നോവുകൊണ്ട് പിടയുന്ന, വിശപ്പടക്കാൻ ഭക്ഷണം ലഭിക്കാതെ പ്രയാസപ്പെടുന്ന സഹോദരന്റെ ദയനീയമായ അവസ്ഥയെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
മാന്യമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിൽ മാറാരോഗങ്ങൾക്ക് അടിമപ്പെട്ട് ചികിത്സിക്കാൻ പണമില്ലാതെ, അന്യനോട് തന്റെ ദുഃഖം പങ്കുവയ്ക്കാൻ ഇഷ്ടപ്പെടാത്ത മാന്യവ്യക്തികളെപ്പറ്റി നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ?
ഇത്തരം ആലോചനകൾ നമ്മുടെ ചിന്തയിലില്ലെങ്കിൽ വിഷയം ഗൗരവമുള്ളതാണ്. കാരണം, മതനിഷേധി അല്ലാഹുവിനെയും പ്രവാചകനെയും പരലോകത്തെയും നിഷേധിക്കുന്നവൻ മാത്രമല്ല, അനാഥകളെ തള്ളിക്കളയുന്നവനും പാവപ്പെട്ടവന്റെ ഭക്ഷണക്കാര്യത്തിൽ പ്രേരണ നൽകാത്തവനും കൂടിയാണെന്നാണ് അല്ലാഹു പറയുന്നത്.
നാമുമായി അടുത്ത് ഇടപഴകുന്ന വ്യക്തികളിൽ പോലും അത്തരക്കാർ ഉണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. നമ്മുടെ മക്കൾക്ക് മതവിദ്യ പകർന്നു കൊടുക്കുന്ന അധ്യാപക വൃന്ദത്തിലെ ചിലർ അങ്ങനെയുള്ളവരാണ്. വർഷങ്ങളായി അധ്യാപനവൃത്തിയിൽ നിരതരായിട്ടും അടിസ്ഥാന ആവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ പ്രയാസപ്പെടുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും പ്രയാസങ്ങൾ ദുരീകരിക്കേണ്ടതും നമ്മുടെ ബാധ്യതയായി നാം മനസ്സിലാക്കണം. നമുക്ക് ലഭിച്ചിട്ടുള്ള സമ്പത്തിന്റെ ചെറിയ ഒരു വിഹിതം അവരുടെ കണ്ണീരൊപ്പുന്നതിന് വേണ്ടി നാം മാറ്റിവയ്ക്കണം.

ദാനധർമത്തിലൂടെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് മാത്രമല്ല, നമ്മുടെ പാപങ്ങൾ മായ്ക്കപ്പെടുകയും ചെയ്യും. നമ്മുടെ സമ്പത്ത് അല്ലാഹു ഇരട്ടിപ്പിച്ചുതരും. പരലോകത്ത് അതിന്റെ ഗുണഫലം അനുഭവിക്കാൻ നമുക്ക് കഴിയുകയും ചെയ്യും. അല്ലാഹുവിന്റെ വാഗ്ദാനമാണത്.
അല്ലാഹു പറയുന്നത് നോക്കൂ:‘അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ ചെലവ് ചെയ്യുക. നിങ്ങളുടെ കൈകളെ നിങ്ങൾ തന്നെ നാശത്തിൽ തള്ളിക്കളയരുത്. നിങ്ങൾ നല്ലത് പ്രവർത്തിക്കുക. നൻമ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും’ (ക്വുർആൻ: 2/195).
‘രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കൾ ചെലവഴിച്ചുകൊണ്ടിരിക്കുന്നവർക്ക് അവരുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലുണ്ടായിരിക്കുന്നതാണ്. അവർ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല’(ക്വുർആൻ: 2/274).
‘അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകൾ ഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി നൽകുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും എല്ലാം അറിയുന്ന വനുമാണ്.’ (ക്വുർആൻ: 2/261).
‘അല്ലാഹുവിന് ഉത്തമമായ കടം നൽകുവാനാരുണ്ട്? എങ്കിൽ അല്ലാഹു അതവന് അനേകം ഇരട്ടികളായി വർധിപ്പിച്ചു കൊടുക്കുന്നതാണ്. (ധനം) പിടിച്ചു വയ്ക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്കു തന്നെയാകുന്നു നിങ്ങൾ മടക്കപ്പെടുന്നതും’ (ക്വുർആൻ 2/245).
‘നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിന് പകരം നൽകുന്നതാണ്. അവൻ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമന ത്രെ.’ (ക്വുർആൻ: 34/39).
നബിﷺ പറഞ്ഞു: ‘ധർമം ഒരാളുടെ സമ്പത്തിനെ തെല്ലും കുറയ്ക്കില്ല. ധർമം ചെയ്യുന്നവർക്ക് വേണ്ടി അല്ലാഹുവിന്റെ മലക്കുകൾ പ്രാർഥിച്ചുകൊണ്ടിരിക്കും. അവർ പറയും: ‘അല്ലാഹുവേ, ധർമം ചെയ്യുന്നവന് നീ പകരം നൽകേണമേ, അല്ലാഹുവേ, ധർമം ചെയ്യാതെ സ്വത്ത് പിടിച്ചുവയ്ക്കുന്നവന് അവന്റെ സമ്പത്തിൽ നാശം വരുത്തേണമേ.’
നബിﷺ പറഞ്ഞു: ‘മുകളിലുള്ള കൈയാണ് താഴെയുള്ള കൈയിനെക്കാളും ഉത്തമം (അഥവാ കൊടുക്കുന്ന കൈയാണ് വാങ്ങുന്ന കൈയിനെക്കാൾ ഉത്തമം)...’ (ബുഖാരി).
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ എജ്യൂക്കേഷൻ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന മദ്റസകളിലെ അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി 2023ൽ രൂപം നൽകിയിട്ടുള്ള ഒരു പദ്ധതിയാണ് ‘വിസ്ഡം ടീച്ചേഴ്സ് കെയർ’
ഭവന നിർമാണം, ചികിൽസ സഹായം, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സ്‌കോളർഷിപ്പ്, പെൻഷൻ എന്നീ ഇനങ്ങളിലാണ് മുഖ്യമായും നാം ഫണ്ട് വിനിയോഗിക്കുന്നത്. കഴിഞ്ഞ വർഷം ലഭിച്ചിട്ടുള്ള അപേക്ഷകൾ മിക്കതും ഭവന നിർമാണവുമായി ബന്ധപ്പെട്ടതാണ്.
ഭർത്താവ് മരിച്ചു പോയവരും, ഭർത്താക്കന്മാർ മാനസിക രോഗത്തിന് അടിമപ്പെട്ടവരും, ഇരുപതോളം അംഗങ്ങളുള്ള കൂട്ടുകുടുംബത്തിൽ താമസിക്കുന്നവരും, മദ്റസയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരുമെല്ലാം അപേക്ഷകരിൽ ഉണ്ട്.
ലഭിച്ചിട്ടുള്ള അപേക്ഷകൾ നാം പഠന വിധേയമാക്കുകയും അർഹത ഉറപ്പുവരുത്തുകയും ചിലർക്ക് ആദ്യഘട്ട സഹായം എത്തിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. തുടർ സഹായം നൽകിയാൽ മാത്രമെ അവർക്ക് തങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കുകയുള്ളൂ. മറ്റുള്ള അപേക്ഷകളിലും തുടർനടപടി സ്വീകരിക്കണം.
അപേക്ഷ അയക്കാനുള്ള സമയം ചോദിക്കുന്ന ഒട്ടധികം വ്യക്തികളുണ്ട്. അവരെ കൂടി കേൾക്കാനും ഉൾക്കൊള്ളാനും സാധ്യമാവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാനും നമുക്ക് സാധിക്കണം. 2024 ഓഗസ്റ്റ് 9 വെള്ളിയാഴ്ച അതിനു വേണ്ടിയുള്ള ഫണ്ട് സമാഹരണം നടക്കുകയാണ്. താങ്കൾ സംതൃപ്ത മനസ്സോടെ സാധ്യമാവുന്ന സഹായം നൽകി ഈ സംരംഭം വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.
ഓരോരുത്തരും സാധ്യമായത് നൽകുക എന്നതാണ് നാം ലക്ഷ്യം വെക്കുന്നത്. ഒരു വീട് മൊത്തത്തിൽ സ്പോൺസർ ചെയ്യാൻ കഴിയുന്നവരും അതിലേക്ക് സാധ്യമായ വിഹിതം നൽകാൻ സാധിക്കുന്നവരും ഉണ്ടാകാം. അവർ അങ്ങനെത്തന്നെ ചെയ്യുക. സാധാരണക്കാരായ സ ഹോദര-സഹോദരികൾ ഏറ്റവും ചുരുങ്ങിയത് 500 രൂപ വീതമെങ്കിലും അയച്ചാൽ നമുക്ക് ലക്ഷ്യം നേടാം.
അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

