റമദാനിലൂടെ നേടിയെടുത്ത ആത്മചൈതന്യം നിലനിർത്തുക

സ്വലാഹുദ്ദീൻ ഹികമി

2024 ഏപ്രിൽ 13, 1445 ശവ്വാൽ 04

പരിശുദ്ധ റമദാനിന്റെ ആരാധനാനിരതമായ രാപകലുകൾ നമ്മിൽനിന്ന് വിടപറഞ്ഞിരിക്കുകയാണ്. വിശപ്പും ദാഹവും സഹിച്ച് പകൽ മുഴുവൻ നോമ്പുനോറ്റു. ദിനരാത്രങ്ങളെ നമസ്‌കാരങ്ങൾകൊണ്ടും ക്വുർആൻ പാരായണംകൊണ്ടും ദിക്‌റുകൾകൊണ്ടും സജീവമാക്കി. സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ച് നാം ചെയ്തുകൂട്ടിയ പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിച്ചുവോ എന്ന് നമുക്കാർക്കും അറിയില്ല. സ്വീകാര്യയോഗ്യമായ നിലയിൽ നാം അതെല്ലാം ചെയ്തിരുന്നോ എന്ന് വിചിന്തനം നടത്തേണ്ട വേളയാണിത്. കാരണം ജീവിതയാത്രയ്ക്കിടയിൽ ചെയ്ത പാപങ്ങൾ റമദാൻകൊണ്ട് പൊറുക്കപ്പെട്ടില്ലെങ്കിൽ, ചെയ്ത സൽകർമങ്ങൾ സ്വീകരിക്കപ്പട്ടിട്ടില്ലെങ്കിൽ നാം തീരാനഷ്ടത്തിലാണ് പതിക്കുക. അല്ലാഹുവിന്റെ റസൂൽﷺ ഒരിക്കൽ മദീന പള്ളിയിലെ മിമ്പറിൽവെച്ച് നൽകിയ താക്കീത് കാണുക: “റമദാൻ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടും പാപം പൊറുക്കപ്പെടാത്തവൻ മൂക്ക് കുത്തി വീഴട്ടെ...’’(തിർമിദി). (അവന് നാശമെന്നർഥം).

പരിശുദ്ധ റമദാനിൽ ചെയ്ത പ്രവർത്തനങ്ങൾ മുൻനിർത്തി ഒരു ആത്മ വിചാരണ ചെയ്യുന്നത് നമ്മുടെ കർമങ്ങളുടെ അവസ്ഥ വ്യക്തമാവാൻ സഹായകമാണ്. എങ്കിലേ വന്നുപോയ സ്ഖലിതങ്ങൾ തിരുത്തി നന്മയുടെ പാതയിൽ മുന്നേറാൻ നമുക്ക് സാധിക്കുകയുള്ളൂ. പ്രയാസവും ക്ഷീണവും സഹിച്ച് നാം നേടിയെടുത്ത ചൈതന്യം നിലനിർത്തേണ്ടതുണ്ട്. പതിനൊന്ന് മാസത്തേക്കുള്ള, ഒരു മാസം നീളുന്ന പരിശീലനക്കളരിയാണ് യഥാർഥത്തിൽ റമദാൻ. ജീവിതയാത്രയിലെ വ്യത്യസ്ത സന്ദർഭങ്ങളിൽ ഇസ്‌ലാമിക അധ്യാപനങ്ങൾ എങ്ങനെയാണ് നിലനിർത്തേണ്ടത് എന്ന് റമദാൻ പഠിപ്പിക്കുന്നുണ്ട്. അതിനാൽതന്നെ പുതിയ ജീവിതത്തിന് തുടക്കമിടുകയാണ് പെരുന്നാൾ സുദിനത്തിലൂടെ നാം ചെയ്യുന്നത്.

എന്നാൽ ഇന്ന് നമ്മുടെ സമൂഹത്തിലെ പെരുന്നാൾ ആഘോഷങ്ങളുടെ അവസ്ഥ പരിതാപകരമാണ്. മുപ്പത് ദിനങ്ങൾകൊണ്ട് നേടിയെടുത്ത ആത്മീയചൈതന്യം മണിക്കൂറുകൾകൊണ്ട് തകർന്നുതരിപ്പണമാകുന്ന തരത്തിലാണ് ന്യൂജൻ പെരുന്നാൾ ആഘോഷം. പെരുന്നാളിന് റിലീസ് ചെയ്യുന്ന ചലച്ചിത്രങ്ങൾ കാണാൻ തീയേറ്ററുകൾക്ക് മുന്നിൽ ക്യൂനിൽക്കുന്ന മുസ്‌ലിം ചെറുപ്പക്കാരിൽനിന്ന് തുടങ്ങി ആഘോഷത്തിമർപ്പിനിടയിൽ നമസ്‌കാരങ്ങൾ നഷ്ടപ്പെടുത്തുന്ന ദമ്പതികൾവരെ ഇന്നത്തെ കാഴ്ചയാണ്.

അല്ലാഹു പറയുന്നത് കാണുക:

“ഉറപ്പോടെ നൂൽ നൂറ്റശേഷം തന്റെ നൂൽ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പോലെ നിങ്ങളാകരുത്...’’ (ക്വുർആൻ 16:92).

ഇസ്‌ലാമിക ജീവിതം പ്രത്യേക സീസണിൽ മാത്രമുള്ളതല്ല, മറിച്ച് എല്ലാകാലവും നിലനിർത്തേണ്ടതാണ്. വിശുദ്ധ റമദാനിൽ നാം എത്രയെത്ര പുണ്യകർമങ്ങൾ ചെയ്തു! അതെല്ലാം തുടർന്നുള്ള ജീവിതത്തിലും നിലനിർത്തേണ്ടതുണ്ട്. പ്രവാചകൻ ﷺ പഠിപ്പിക്കുന്നത് കാണുക: ആഇശ(റ)യിൽനിന്ന് നിവേദനം; റസൂൽ ﷺപറഞ്ഞു: “അല്ലാഹുവിന് പ്രവർത്തനങ്ങളിൽവെച്ച് ഏറ്റവും ഇഷ്ടമായത് പതിവാക്കുന്നവയാണ്. അതെത്ര കുറഞ്ഞാലും ശരി’’ (ബുഖാരി).

അതിനാൽ റമദാനിൽ നാം ചെയ്ത പ്രവർത്തനങ്ങൾ സാധിക്കുന്നത്ര പതിവാക്കണം. അവയൊന്നും ശവ്വാൽ പിറവിയോടെ വിരാമമിടേണ്ടതല്ല. ഐച്ഛിക കർമങ്ങളെ നിസ്സാരമാക്കി അവഗണിക്കരുത്. ജീവിതാന്ത്യംവരെ ആരാധനാകർമങ്ങളിൽ വീഴ്ചവരുത്താതിരിക്കാൻ നമുക്ക് കഴിയണം. അല്ലാഹു പറയുന്നു: “ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നതുവരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക’’ (ക്വുർആൻ 15/99).